Friday, April 20, 2007

കറുത്ത സമുദ്രങ്ങള്‍...വെളുത്ത തിരകള്‍..

മനസ്സൊരു ശൂന്യ ജലാശയമല്ലൊ..
മുങ്ങി തപ്പാം കദനങ്ങള്‍..
കനല്‍കല്ലുകളിനി ചേര്‍ത്തു കൊരുത്തും..
പണിയാമറിയാ ശില്‍പ്പങ്ങള്‍..

തുള്ളിയുറഞ്ഞൊരു കോമരമായി..
താണ്ടിപോന്നതു പിന്‍ വഴികള്‍..
അസ്പഷ്ടം..ഈ താളത്തിന്നുടല്‍..
താഴേക്കുള്ള ചുഴിക്കുത്ത്‌..

ഒരു കരിയിലയുടെ ദുഖം പിന്നൊരു..
കാടിന്‍ നടുവില്‍ സങ്ങേതം..
ചീവീടിന്‍
ദുഖാര്‍തമീരോദന-
മിനിയും കാണാന്‍ സ്വപ്നങ്ങള്‍..

നഗ്നയവള്‍, അവഹേളിതയിനിയും..
രക്തവിഭൂഷിത...സഖിയല്ലൊ
..ഉണര്‍ന്നിരുന്നാലില്ലാ ശബ്ദം..
ഇല്ലാ മുഖവും, ഭ്രാന്താവാം..

ഓര്‍മ്മകളില്‍ നിന്നോടിയൊളിക്കാന്‍..
ഇനിയും ഭീരുത കനിയില്ല..
വികാരനൗകകള്‍, വേളിപുടവകള്‍..
പിന്‍ വിളിയാവും മൗനങ്ങള്‍...

പൗര്‍ണമി വീണുകിടക്കും പാരി-
ജാതമലരിന്‍ വൃതശുദ്ധി..
മറവിയാമീ..മണ്‍കൂനകളില്‍..
മൂടിവെക്കാനെളുതല്ല.

കറുകറുത്ത..സമുദ്രങ്ങളിലിനി..
വെളുത്തടിക്കാമോളങ്ങള്‍..
മാറാലകളില്‍ മൂടിയ ചിന്തകള്‍.
.മായ്ക്കാമിനിയീ തീരത്ത്‌..

പാതികണ്ടൊരു, സ്വപ്നങ്ങളുമായ്‌..
ഞെട്ടിപിടയാനാവില്ല..
കടന്നല്‍കൂടുകള്‍..കാതിന്‍ പിന്നില്‍..
മുരളേണ്ടിനിയൊരു നാളുകളും..

മയങ്ങി വീഴും മനസ്സില്‍ വീണ്ടും..
നിര്‍വൃതി പൂണ്ടു കിതച്ചീടാം..
എന്നെന്നോ കൈമോശം വന്നൊരു-
സ്വര്‍ഗ്ഗം തേടിയുയര്‍ന്നീടാം..

വിയര്‍പ്പുനദികള്‍ പുഴയായൊഴുകാം..
വരമ്പുകെട്ടി നിറുത്തീടാം..
അഗാധദുഖ പടുകിണറുകളില്‍-
അലിയതെന്നെ പുണരൂ നീ...

1 comment:

റോമി said...

മനസ്സൊരു ശൂന്യ ജലാശയമല്ലൊ..
മുങ്ങി തപ്പാം കദനങ്ങള്‍..
കനല്‍കല്ലുകളിനി ചേര്‍ത്തു കൊരുത്തും..
പണിയാമറിയാ ശില്‍പ്പങ്ങള്‍..

തുള്ളിയുറഞ്ഞൊരു കോമരമായി..
താണ്ടിപോന്നതു പിന്‍ വഴികള്‍..
അസ്പഷ്ടം..ഈ താളത്തിന്നുടല്‍..
താഴേക്കുള്ള ചുഴിക്കുത്ത്‌..