ജിന്‍സി എന്ന സുഹ്റ്ത്തിന്റെ വീട്ടില്‍ പോയി. റബ്ബര്‍ മരങ്ങള്‍ക്കും പേരറിയാത്ത കുറേ വള്ളികള്ക്കുമിടയിലെ അവളുടെ സ്വര്‍ഗം. ജപമാലയില്‍ ജീവിതം മറിച്ചു തീര്‍ക്കുന്ന ഒരു വല്യമ്മയുണ്ട് അവിടെ.മഴക്കാലത്ത് വെള്ളം കുത്തിയൊലിക്കാറുള്ള ചാലുകള്‍ക്കിടയിലൂടെ ഞങ്ങള്‍ കുറെ നടന്നു. ഒരു ചെരിവിലേക്ക് ചാഞ്ഞ് ഭൂമിയില്‍ വേരിറക്കി നില്ക്കുന്ന കരിമ്പാറകളിലൊന്നില് ഇരുന്നു. വെറ്റില വള്ളികളില്‍ തട്ടി ചുകന്ന കാറ്റ് ഞങ്ങളെ തൊട്ടു പോയി.അവള് സ്കൂളിലെ ജോലിയെക്കുറിച്ചും അതിലെ കൌതുകങ്ങളെക്കുറിച്ചും ആരാഞ്ഞു. ഞാന്‍ വെറുതെ കുറെ കള്ളം പറഞ്ഞു. അരുതാത്തതെന്തോ അവള്‍ക്കെന്നോട് പറയാനോ ചോദിക്കാനോ മുട്ടുന്നുണ്ടെന്ന് തോന്നി. എന്തെന്ന് ചോദിച്ചില്ല.അവരുടെ കിണറ്റിലെ വെള്ളത്തിനു കൂജയുടെ ചുവയാണ്. ടൌണില്‍ നിന്നു വാങ്ങിയ മിനറല്‍ വാട്ടറിന്റെ ബോട്ടിലിലെ വെള്ളം കളഞ്ഞ് അതില്‍ കിണറ്റുവെള്ളം നിറച്ചു. ഉച്ചയാറിത്തുടങ്ങിയപ്പോള് ഞാന്‍ പോകാനിറങ്ങി.റോഡുവക്കു വരെ ജിന്‍സി കൂടെ വന്നു.'ബാബുവുമായി നിനക്കെന്താ പ്രശ്നം?' അവള് പെട്ടെന്ന് ചോദിച്ചു.'എന്തേ?' എന്റെ വേവലാതി അവള് ശ്രദ്ധിച്ചോ?അവള് ഒരു കടലാസ് നീട്ടി. ബാബുവിന്റെ വ്റ്ത്തിയില്ലത്ത കൈപ്പട.'....ഞാന്‍ ഒരു ഒളിച്ചോട്ടത്തിനുള്ള ശ്രമങ്ങളിലായിരുന്നു. ശരിയാകില്ലെന്നു ബോധ്യമായി... എന്തു കൊണ്ടാണ്` സ്വപ്നങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക്, അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഉള്ളതിലുമധികം സൌന്ദര്യവും ക്രൂരതയും?'ഞാന്‍ കത്ത് മടക്കി ജിന്‍സിക്ക് തന്നെ കൊടുത്തു. അവള് വാങ്ങാന്‍ മടിച്ചു.'ഒളിച്ചോടുന്നവരെ സൂക്ഷിക്കണം. അവരുടെ മടക്കങ്ങളെയും പരാജയങ്ങളെയും വിശ്വസിക്കാന്‍ പറ്റില്ല.' ഞാന്‍ പറഞ്ഞത് അവള്‍ക്ക് മനസ്സിലായോ ആവോ; എനിക്ക് മനസ്സിലായോ?വീട്ടിലെത്തുമ്പോള്‍ ഇരുട്ടിയിരുന്നു. അച്ഛനെ മുഖം കാണിച്ച്, ഒന്നു കുളിച്ച്, മെയില്‍ നോക്കി അദ്നാന് സാമിയെ ശബ്ദം കുറച്ച് വെച്ച് ഒന്നും കഴിക്കാതെ ഉറങ്ങാന്‍ കിടന്നു.എന്തു കൊണ്ടാണ്` സ്വപ്നത്തിലെ ആണുങ്ങള്‍ക്ക്, യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ഉള്ളതിലുമധികം ശാന്തതയും സ്നേഹവും?
Wednesday, April 4, 2007
Subscribe to:
Post Comments (Atom)
4 comments:
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ തന്നെ...
ചോദ്യം നന്നായി.....ഉത്തരം പക്ഷേ അറിയില്ല.
നടക്കാത്ത ആഗ്രഹങ്ങളാണത്രെ സ്വപ്നങ്ങളായി വരുന്നത്...
:)
I have the answer....
Wait.. I will tell you...
Your pen can create Miracles....
Post a Comment