Friday, June 29, 2007

ക്ഷേമനിധി

നാട്ടില്‍‌ തയ്യല്‍ത്തൊഴിലാളികളുടെ സമ്മേളനം നടക്കുകയാണ്. ക്ഷേമനിധി നടപ്പിലാക്കണമെന്നാണ് ആവശ്യം. നേതാവ് കത്തിക്കയറുകയാണ്:

നിങ്ങളൊന്നോര്‍ക്കണം... തെങ്ങില്‍ക്കയറുന്ന വെറും ചെത്തുതൊഴിലാളികള്‍ക്കിവിടെ ക്ഷേമനിധിയുണ്ട്; നോക്കുകൂലി വാങ്ങുന്ന അട്ടിമറിക്കാര്‍ക്ക് ക്ഷേമനിധിയുണ്ട്; വെറുതെ കത്തിയെടുത്ത് വീശുന്ന ബാര്‍ബര്‍മാര്‍ക്കിവിടെ ക്ഷേമനിധിയുണ്ട്...

എന്നാല്‍‌, അമ്മ പെങ്ങന്മാരെ, സഹോദരങ്ങളെ, ഞാന്‍ ചോദിക്കുകയാണ്, സൂചിയില്‍‌ നൂല്‍ കോര്‍ക്കുമ്പോള്‍‌ നൂല്‍‌ പൊട്ടി കൈവന്ന് നെഞ്ചിലിടിച്ച് നെഞ്ച് കലങ്ങുന്ന നമ്മുടെ തയ്യല്‍ത്തൊഴിലാളികള്‍ക്കിവിടെ ക്ഷേമനിധി ഏര്‍പ്പെടുത്തിയിട്ടുണ്ടോ?

Tuesday, June 26, 2007

പമ്പാനദി നേരിടുന്ന ജല ദൗര്‍ലഭ്യ പ്രശ്നങ്ങള്‍

ഗംഗയാറു പിറക്കുന്നു ഹിമവന്‍മലയില്‍, പമ്പയാറു പിറക്കുന്നു ശഭരിമലയില്‍, പൊന്‍മല നമ്മുടെ പുണ്യമല പമ്പാ നമ്മുടെ പുണ്യനദി.അതെ പംബ-പാപനാശിനി, കേരളത്തിലെ നദികളില്‍ നീളം കൊണ്ട്‌ മൂന്നാം സ്ഥാനം. ശഭരിമല ഭക്തര്‍ക്കു പുണ്യ തീര്‍ത്തം. പ്രധാന പോഷക നദികളായ മണിമല തിരുവല്ലയ്ക്കടുത്ത്‌ വളഞ്ഞവട്ടത്തും , അച്ചന്‍കോവിലാര്‍ വീയപുരത്തും പമ്പയില്‍ ലയിക്കുന്നു. പമ്പയും അച്ചന്‍കോവിലും മണിമലയും മദ്ധ്യതിരുവിതാംകൂറിനെ ചൈതന്യ ധന്യമാക്കുന്നു. ഹരിതാഭമാക്കുന്നു. പംബയും പോഷകനദികളും കുട്ടനാടിന്‍ ജീവജലം പകര്‍ന്നുകൊണ്ട്‌ ജീവധമനികള്‍ പോലെ ഒഴുകിയാണു വേംബനാട്ടുകായലില്‍ പതിക്കുന്നത്‌. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്‌ എന്ന ഫലഭൂയിഷ്ടമായ ഭൂപ്രദേശം രൂപംകൊണ്ടതാണു പംബാനദിയെ കൊണ്ടുണ്ടായ ഏറ്റവും വലിയ നേട്ടം.

ദക്സിണഗംഗ എന്നു വിശേഷിക്കപ്പെടുന്ന പമ്പയും അതിന്റെ പ്രധാന പോഷക നദിയായ മണിമലയും അച്ചന്‍കോവിലും മദ്ധ്യതിരുവിതാംകൂറിന്റെ സാംബത്തിക സാമൂഹിക സാംസ്കാരിക ആദ്ധ്യാത്മിക മണ്ഡലങ്ങളില്‍ ചെലുത്തുന്ന സ്വാദീനം നിസ്സീമമാണ്‍. നീലക്കൊടുവേലിയില്‍ തട്ടി ഒഴുകുന്ന വെള്ളമായതിനാല്‍ പംബയില്‍ കുളിച്ചാല്‍ രോഗങ്ങളെല്ലാം പംബ കടക്കും എന്ന വിശ്വാസം പോലും ഒരുകാലത്ത്‌ ഉണ്ടായിരുന്നു.വര്‍ഷം മുഴുവനും ജലസമൃദ്ധമായിരുന്ന നമ്മുടെ നദികള്‍ മഴക്കാലം അവസാനിക്കുന്നതോടെ കടുത്ത ജലക്ഷാമം നേരിറ്റുകയാണ്‍. ശരാശരി 3000 മില്ലീമീറ്റര്‍ മഴ ലഭിക്കുന്ന കേരളത്തില്‍ വേനല്‍കാലം ആരംഭിക്കുംബോഴേക്കു ജലക്ഷാമംരൂക്ഷമാകുന്നത്‌ നദികള്‍ക്കുണ്ടായ പരിസ്ഥിതിക തകര്‍ച്ചമൂലമാണു.

നദി ഒരു ജൈവ വ്യവസ്ഥയാണ്‍. ഒഴുകുന്ന ജലവും അടിത്തട്ടിലെ മണലും ജലജീവികളും എല്ലാം ആവാസവ്യവസ്ഥയുടെ അവിഭാജ്യ ഘടകങ്ങളാണു. നമ്മുടെ എല്ലാം പോറ്റമ്മയായ ഭൂമീദേവിയുടെ സിരകളാണു നദികള്‍.ഒരു നദിയുടെ ആരോഗ്യം നാം നഷ്ടപ്പെടുത്തുംബോള്‍ ആ അമ്മയുടെ ഒരു സിരയുടെ പ്രവര്‍ത്തനം ഇല്ലാതാക്കുകയാണു വിശേഷ ബുദ്ധിയുണ്ടെന്നഭിമാനിക്കുന്ന മനുഷ്യര്‍ ചെയ്യുന്നത്‌.കഴിഞ്ഞ രണ്ടു മൂന്നു ദശകങ്ങളായി നടന്ന അമിത ചൂഷണം കേരളത്തിലെ മറ്റുനദികളോടൊപ്പം പംബയും പോഷകനദികളായ അച്ചന്‍കോവിലാറിനേയും മണിമലയേയും പാടേ തകര്‍ത്തുകഴിഞ്ഞിരിക്കുന്നു. 2003 ഇല്‍ ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള, പംബയില്‍ ആവശ്യത്തിനു വെള്ളമില്ലാത്തതിനാല്‍ മത്സര വള്ളംകളി ഒഴിവാക്കി ഇടക്കു വെച്ചു നിര്‍ത്തേണ്ടിവന്നു. വിവിധ പ്രദേശങ്ങളില്‍ നിന്നു ആറന്മുളയിലെത്തിയ ലക്ഷക്കണക്കിനാളുകളാണു നിരാശരായി മടങ്ങേണ്ടി വന്നത്‌. പംബാ നദി കേരളത്തിനു നല്‍കിയ അനശ്വര സംഭാവനകളാണു ചുണ്ടന്‍ വള്ളങ്ങള്‍. ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജലോത്സാങ്ങള്‍ പംബാനദിയില്‍ മാത്രമാണു നടക്കുന്നത്‌. കേരളത്തിന്റെ ടൂറിസ്റ്റ്‌ വാരാഘോഷത്തിന്റെ അന്ത്യനാളുകളില്‍ നടക്കുന്ന ആറന്മുള ജലോത്സവം കാണുവാന്‍ വിദേശികളടക്കം ലക്ഷക്കണക്കിനാളുകള്‍ വരാറുണ്ട്‌. ആഹ്ലാദത്തിന്റേയും ആവേശത്തിന്റേയും വേദിയായ ഉത്രട്ടാതി ജലമേള തുടര്‍ച്ചയായി അലങ്കോലപ്പെടുവാനും നടത്തിക്കൊണ്ടുപോകുവാന്‍ പ്രയാസപ്പെടുന്നതും സത്രക്കടവില്‍ പമ്പാനദിക്കുണ്ടായ പാരിസ്ഥിതിക തകര്‍ച്ചമൂലമാണു.പമ്പയില്‍ നടന്നുവരുന്ന മാരാമണ്‍ കണ്‍വന്‍ഷനുകളും ചെറുകോള്‍പ്പുഴ ഹിന്ദുമത പരിഷിത്തും ഇനിയും എത്രകാലം നടത്തുവാന്‍ പറ്റുമെന്നു അന്നാട്ടുകാര്‍ ആശങ്കാകുലരാണു. മണിമലയാറില്‍ നടന്നു വന്നിരുന്ന കുളത്തൂര്‍മുഴി ഹിന്ദുമത പരിഷഥും മല്ലപ്പള്ളി ക്രിസ്തീയ കണ്‍വന്‍ഷനും നദികളില്‍ നിന്നും മാറ്റി കരയ്ക്കാണു ഇപ്പോള്‍ നടന്നുവരുന്നത്‌.

മണല്‍ഖനനം

വനനശീകരണം പതിറ്റാണ്ടുകള്‍ കൊണ്ടു പുഴകളെ തകര്‍ത്തപ്പോള്‍ ചുരുങ്ങിയ കാലംകൊണ്ടു തന്നെ പുഴകളെ കൊല്ലുന്ന തരത്തിലായിരുന്നു അനിയന്ത്രിതവും അശാസ്ത്രീയവുമായ മണല്‍ഖനനം. നൂറ്റാണ്ടുകളായി നടക്കുന്ന ഭൗമപ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണു നദികളില്‍ ശരാശരി 10-12 അടി ഘനത്തില്‍ മണല്‍ വന്നടിഞ്ഞിരുന്നത്‌. നീരൊഴുക്കു ക്രമപ്പെടുത്തുന്നതിനും ജലത്തെ സംഭരിക്കുവാനും ചുറ്റുപാടുകളിലേക്കു വ്യാപിപ്പിക്കുവാനും ഉള്ള കഴിവുകള്‍ നദിക്കു നല്‍കിയിരുന്നത്‌ ഈ മനല്‍ ശേഖരങ്ങളായിരുന്നു. മണല്‍ ഒരു നദിയെ സംബന്ദ്ധിച്ച്‌ അതിന്റെ " മജ്ജയും മാംസവുമാണു ". മണല്‍ നീക്കം ചെയ്യപ്പെട്ടതോടെ മദ്ധ്യതിരുവിതാംകൂറിനു ജീവജലം പകര്‍ന്നുകൊണ്ടിരുന്ന മണിമല പമ്പ അച്ചന്‍കോവില്‍ നദികള്‍ വെറും തോടുകളായി.

ഓരോ പുഴയുടേയും തീരങ്ങളും വൃഷ്ടി പ്രദേശങ്ങളുള്‍പ്പെടെയുള്ള സ്ഥലത്തെ ജലവിതാനം ആ നദിയിലെ ഉപരിതല ജലവിതാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. അനിയന്ത്രിതമായ മണല്‍വാരല്‍ മൂലം ഈ നദികളിലെ അടിത്തട്ട്‌ കഴിഞ്ഞ രണ്ടുദശകങ്ങള്‍ക്കിടയില്‍ ശരാശരി 3-4 മീറ്റര്‍ താഴ്‌ന്നിട്ടുണ്ട്‌. ആറുമീറ്ററിലധികം അടിത്തട്ട്‌ താഴ്‌ന്ന സ്ഥലങ്ങളുമുണ്ട്‌. അടിത്തട്ട്‌ താഴുന്നതിനനുസരിച്ച്‌ വൃഷ്ടിപ്രദേശങ്ങളിലെ ജലവിതാനം താണുകൊണ്ടിരിക്കും. ഭൂഗര്‍ഭജലത്തിന്റെ ചരിവുമാനം കൂടുന്നതുകൊണ്ട്‌ പ്രവേഗം വളരെ കൂടുകയും ചെയ്യും. ഭൂഗര്‍ഭ ജലം വേഗത്തില്‍ നദിയിലേക്കെത്തുകയും ഒഴുകി കായലിലെത്തുകയും ചെയ്യും. ഭൂഗര്‍ഭനീരൊഴുക്കിന്റെ ചരിവുമാനം കിണറുകള്‍ക്കും കുളങ്ങള്‍ക്കും ചാലുകള്‍ക്കും താഴെയാകുന്നതോടുകൂടി അവയും വറ്റുന്നു. അങ്ങനെ വേനല്‍ക്കലങ്ങളില്‍ നദിയിലേക്കു നീരൊഴുക്കിന്റെ പുന:ചക്രമണത്തിനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്തു. മഴക്കാലം അവസാനിക്കുനതോടെ പുഴകളില്‍ നീരൊഴുക്കു കുറയുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണു.

ശഭരിമല പമ്പ

ശഭരിമല തീര്‍ഥാടനകാലത്തു പമ്പയില്‍ നീരൊഴുക്കു വളരെ കുറയുന്നത്‌ തീര്‍ഥാടകരെ അക്ഷരാര്‍ഥത്തില്‍ വലയ്ക്കുകയാണു. പമ്പയിലെ ജലം പുണ്യതീര്‍ത്തമായിട്ടാണു സ്വാമി ഭക്തര്‍ കരുതുന്നത്‌. പമ്പയിലെ സ്നാനം പുണ്യസ്നാനമായി വിശ്വസിക്കുന്നു. പമ്പവിളക്കും പമ്പാസദ്യയും എല്ലാം തീര്‍ത്താടകരുടെ ആചാരനുഷ്ടാനങ്ങളുടെ അവിഭക്ത ഭാഗങ്ങളാണു. പാപനാശിനിയായ പമ്പയുടെ പ്രകൃതിദത്തമായ സ്വാഭാവികത നഷ്ടപ്പെടുത്തി ഇരു കൈകളും കെട്ടി ഒരു തോടാക്കി സംരക്ഷിക്കുകയാണു ബഹുമാനപ്പെട്ട ദേവസ്വം ബോര്‍ഡും ഗവണ്‍മെന്റുമെല്ലാം ചേര്‍ന്നു. തീര്‍ത്താടകര്‍ക്കു വിരിവെയ്ക്കുന്നതിനും ആചാരനുഷ്ടാനങ്ങള്‍ നിര്‍വഹിക്കുവാനും പണ്ടു കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന പമ്പാ മണപ്പുറം ഇന്നു ശൗചാലയങ്ങളും വിപണനകേന്ദ്രങ്ങളുമാക്കി മാറ്റി സമ്പത്തു വര്‍ദ്ധിപ്പിക്കുകയാണു അധികാരികള്‍ ചെയ്യുന്നത്‌.

പുണ്യതീര്‍ത്തമായി അയ്യപ്പഭക്തന്‍മാര്‍ കരുതിയിരുന്ന പമ്പാനദി തീര്‍ത്താടനകാലത്ത്‌ മാലിന്യ തോടായി മാറിക്കഴിഞ്ഞിരിക്കുന്നു. തീര്‍ത്താടനകാലത്ത്‌ പമ്പാ ജലത്തിലെ കോളിഫോം ബാക്ടീരിയായുടെ അളവ്‌ 96-97 ല്‍ നൂറുമില്ലിലിറ്ററില്‍ 95000 എം പി എന്‍ ആയിരുന്നെങ്കില്‍ 99-2000 ല്‍ 2,50,000 ലക്ഷമായിട്ടുണ്ട്‌. 2002-03 ല്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച്‌ 3.2 ലക്ഷമായിട്ടുണ്ട്‌. പരമാവധി അനുവദനീയമായത്‌ 100 മില്ലി ലിറ്റര്‍ വെള്ളത്തില്‍ 500 എം പി എല്‍ എന്നതാണു കണക്ക്‌. സാധാരണ ഗതിയില്‍ ജനുവരി മദ്ധ്യത്തോടു കൂടി പമ്പ സ്നാന ഘട്ടത്തിലെ നീരൊഴുക്ക്‌ സെക്കന്‍ഡില്‍ ഒരു ഘനമീറ്ററില്‍ താഴെ മാത്രമായി കുറയുന്നു. പമ്പയിലെ മലിനീകരണം വര്‍ദ്ധിക്കുകയും ചെയ്യും. ഈ കാലയളവില്‍ പമ്പാസരസ്സില്‍ വന്നെത്തുന്ന മാലിന്യപ്രവാഹത്തെ ലഘൂകരിക്കുന്നതിനു ചുരുങ്ങിയത്‌ സെക്കന്‍ഡില്‍ 5.2 ഘനമീറ്ററെങ്കിലും നീരൊഴുക്ക്‌ ഉണ്ടായിരിക്കണം എന്നു കണക്കാക്കുന്നു. തീര്‍ഥാടന കാലത്തിന്റെ അവസാന ദിവസങ്ങളില്‍ പമ്പാഡാമില്‍ സെക്കന്‍ഡില്‍ 1.3 ഘനമീറ്റര്‍ വീതം വെള്ളം കെ എസ്‌ ഇ ബി തുറന്നുവിടുന്നുണ്ട്‌. പമ്പയിലെ ഓടകളെല്ലാം തന്നെ നദിയിലേക്കാണു എത്തിച്ചേരുന്നത്‌. ഹോട്ടലുകളിലെ മലിന ജലവും നദിയിലേക്കു വന്നെത്തുന്നു. പമ്പാ സരസ്സിലെ മാലിന്യ പ്രവാഹം ശഭരിമല തീര്‍ത്താടനത്തിനെത്തുന്ന 150 ലക്ഷത്തോളം ഭക്തജനങ്ങളോടൊപ്പം പമ്പാതീരത്തും കുട്ടനാട്ടിലുമായി നിത്യോപയോഗത്തിനു പമ്പാജലം ഉപയോഗിക്കുന്നു. 30 ലക്ഷത്തോളം ആളുകളുടെ ആരോഗ്യത്തേയും വളരെ പ്രതികൂലമായി ബാധിക്കുന്നു.

വനനശീകരണം

പമ്പയിലെ ജലദൗര്‍ബല്യത്തിനു ഒട്ടേറെ കാരണങ്ങളുണ്ട്‌. വൃഷ്ടി പ്രദേശങ്ങളില്‍ ലഭിക്കുന്ന മഴയുടെ 60 ശതമാനത്തോളം ജൂണ്‍ ജൂലൈ ആഗസ്ത്‌ എന്നീ മൂന്നുമാസങ്ങളിലായിട്ടാണു ലഭിക്കുന്നത്‌. സെപ്തംബര്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ 25-30% മഴ ലഭിക്കുന്നു. ബാക്കി ആറുമാസങ്ങളിലായി 10-15 % മഴ മാത്രമാണു ലഭിക്കുന്നത്‌. വര്‍ഷകാലത്തു പശ്ചിമഘട്ട മലനിരകളില്‍ ലഭിച്ചിരുന്ന മഴവെള്ളത്തെ തടഞ്ഞു നിര്‍ത്തി സംഭരിച്ചു നിര്‍ത്തിയിരുന്നതില്‍ സ്വാഭാവിക വനമേഖലയ്ക്കു നിര്‍ണ്ണായക പങ്കുണ്ടായിരുന്നു. കാടുള്ളിടത്തു മഴ പെയ്താല്‍ വെള്ളത്തിന്റെ 40-50 % വനമേഖലയിലെ മണ്ണില്‍ തങ്ങി നില്‍ക്കും. കാട്ടിലെ മണ്ണു ജൈവാംശം കലര്‍ന്നതും സസ്യങ്ങളുടെ വേരുപടലം അള്ളിപിടിച്ചിരിക്കുന്നതുമാണു. ഈ മണ്ണു സ്പോഞ്ചു പോലെ പ്രവര്‍ത്തിക്കും മഴവെള്ളം ഒപ്പിയെടുക്കുകയും ക്രമേണ ചോര്‍ത്തിക്കൊടുത്ത്‌ നേരിയ വെള്ളച്ചാലുകളായി അരുവിയായി പുഴയിലെത്തിക്കുകയും ചെയ്യും. സസ്യാവരണം വൃഷ്ടിപ്രദേശങ്ങളില്‍ വളരെ കുറഞ്ഞതിനാല്‍ മലകളില്‍ പെയ്യുന്ന മഴവെള്ളം ഒറ്റയടിക്കു ഉപരിതലത്തിലൂടെ കുത്തിയൊലിച്ചു നദികളിലെത്തുകയും പ്രളയക്കെടുതികള്‍ ഉണ്ടാകുകയും ചെയ്യും. സ്വാഭാവിക വനത്തിന്റെ വിസ്ത്രുതി നാള്‍ക്കുനാള്‍ കുറഞ്ഞു വരുന്നു. വൃഷ്ടിപ്രദേശങ്ങളില്‍ നടന്ന വ്യാപകമായ വനനശ്ശീകരണം മലയിടുക്കുകളില്‍ സാധാരണയായി കണ്ടിരുന്ന തണ്ണീര്‍ തടങ്ങളുടെ അന്ത്യം കുറിച്ചു. ഈ തണ്ണീര്‍ തടങ്ങള്‍ വേനല്‍ക്കാലങ്ങളിലും പുഴയിലേക്കു ജലപ്രവാഹത്തിനു സഹായകമായിരുന്നു.സ്വാഭാവിക വനം മഴയുടെ വിതരണത്തേയും സൂക്ഷ്മകാലാവസ്ഥയേയും ക്രമീകരിക്കുന്ന പ്രധാന ഘടകമായിരുന്നു.

നദികളുടെ തീരത്താണല്ലൊ ഏതൊരു മഹത്തായ സംസ്കാരവും രൂപപ്പെട്ടിട്ടുള്ളത്‌. ആറന്മുളയുടെ സംസ്കാര രൂപീകരണവും മറ്റൊന്നല്ല. പുരാണപ്രസിദ്ധയാണു ശഭരിമലക്കാടുകളുടെ ഈ മാനസപുത്രി. വേനല്‍ക്കാലത്തു വെണ്‍മണല്‍പ്പരപ്പുകളാല്‍ അലങ്കരിക്കപ്പെട്ടു ഒരു നവോധയെപ്പോലെയും വര്‍ഷകാലത്തു കലങ്ങിമറിഞ്ഞു ആസുരഭാവമുള്ള ഒരു മദനമോഹിനിയായും അവള്‍ ഒഴുകിയിരുന്നു. വര്‍ഷകാലങ്ങളിലെ ആസുരഭാവത്തിനു ഇന്നും വ്യതിയാനമില്ലെങ്കിലും വേനല്‍ക്കാലത്തു ഈ നദിയുടെ സ്ഥിതി കണ്ടാല്‍ കഷ്ടം തന്നേ എന്നു പറയേണ്ടു. വെണ്‍മണല്‍ പരപ്പുകള്‍- എവിടേയുമില്ല. ചെളിയും ചതുപ്പും നിറഞ്ഞ പുഴയോരങ്ങള്‍ ആഴങ്ങളിലേക്കു വീണ്ടും വീണ്ടും താണുപോകുന്ന നദിയുടെ അകത്തട്ട്‌. മണല്‍വാരി പാഞ്ഞുപോകുന്ന ലോറികള്‍ ഇതിനെതിരെ നിസ്സഹായരും നിഷ്ക്രിയരുമായ പുഴയോരവാസികള്‍. മൗനാനുവാദവുമായി ഭരണകൂടങ്ങള്‍. ആശുപത്രിയിലേയും അറവുശാലകളിലേയും അവശിഷ്ടങ്ങളും പ്ലാസ്റ്റിക്‌ കൂടുകളും നഗരമാലിന്യങ്ങളും ഒഴുകിയിറങ്ങാനൊരു പെരുന്തോട്‌. കണ്ണേ മടങ്ങുക......................

Sunday, June 24, 2007

ഓര്‍മ്മയുടെ താക്കോലുകള്‍-"ഹ്ഹ്ഹാച്ച്ഛീ.... ""ഹരി.. "

ഓര്‍മ്മയുടെ താക്കോലുകള്‍
(2)
"ഹ്ഹ്ഹാച്ച്ഛീ.... "
"ഹരി.. "


ബാച്ചിലര്‍ ജീവിതത്തിണ്റ്റെ യഥാര്‍ത്ഥ-തീവ്രവും തീഷ്ണവുമായ,അനുഭവങ്ങള്‍ അറിയുവാന്‍-ഭൂമിയിലെതന്നെ ഏറ്റവും അനുയോജ്യമായ സ്ഥലം-ഒരുപക്ഷേ,യു.എ.ഇ ആയിരിക്കും.

മറ്റെല്ലാരജ്യങ്ങളേയും പോലെ ഇവിടേയും.........

മഴപെയ്യുന്നുണ്ട്‌;പക്ഷേ....
ഒരു തുള്ളി മഴക്കുവേണ്ടി രാപ്പകല്‍ പാറിപ്പറന്നു കേഴുന്ന വേഴാമ്പലിനെപോലെ,ആര്‍ദ്രഹ്രുദയത്തോടെ കാത്തിരിക്കുന്ന ഒറ്റ പരദേശിയും ഇവിടെയുണ്ടാകില്ല;

ഇവിടെ മഞ്ഞുപെയ്യുന്നുണ്ട്‌;എന്നാല്‍.......
മഞ്ഞുപൂക്കള്‍ ചൂടിയാടാന്‍ മരങ്ങളില്ലാത്ത നാട്ടില്‍-
മകരമഞ്ഞിണ്റ്റെ തണുപ്പില്‍ , കണ്ണിമാങ്ങ പെറുക്കുവാന്‍ മാന്തോപ്പിലേക്ക്‌ മത്സരിച്ചോടുന്ന ബാല്യമോര്‍ത്ത്‌,
നഷ്ടബോധം മറയ്ക്കുവാന്‍ കമ്പിളി തലയിലൂടെ മൂടി,കൈകള്‍ കാലുകള്‍ക്കിടയില്‍ തിരുകി ചുരുണ്ടുകൂടി കിടക്കുവാനല്ലാതെ;
മഞ്ഞിണ്റ്റെ നൈര്‍മല്യം നുകരുവാന്‍ ഒരു മഞ്ഞുകാലം വന്നെങ്കില്‍ എന്നാഗ്രഹിക്കുന്ന,
ഏകാന്തയുടെ തടവുകാരായ എത്രപേരുണ്ട്‌,ഇവിടേ... ?

ഇവിടെ,കാറ്റുവീശുന്നുണ്ട്‌,
കാറ്റില്‍-
കസ്തൂരി തൈലം പൂശിയ കാര്‍ക്കൂന്തല്‍ തഴുകിയ സുഗന്ധമല്ല;
ഏതോ കാലത്ത്‌ കടലിറങ്ങിപ്പോയി കരയായ മരുഭൂമിയിലേ,കണ്ണിലും മൂക്കിലും അടിച്ചുകയറുന്ന പൂഴിയാണു.....
തിളച്ചവെള്ളത്തിണ്റ്റെ ആവി മുഖത്ത്‌ അടിച്ചുകയറുമ്പോള്‍ ഉണ്ടാകുന്ന സഞ്ചാരമാണു ഇവിടുത്തെ ചുടുകാറ്റിന്ന്‌;
ആ കാറ്റൊന്നു വീശിയെങ്കില്‍ എന്നാഗ്രഹിക്കാന്‍ , നിരത്തുകള്‍ വ്ര്‍ത്തിയ്യാക്കുന്ന നഗരപാലകര്‍ക്കും(അവരാണു യദാര്‍ഥ നഗരപാലകര്‍ , ഈത്തപ്പഴം പറിക്കുന്ന കൂലിവേലക്കാര്‍ക്കും കഴിയില്ല...
(ആര്‍ക്കും കഴിയില്ല... )

കാലാവസ്ഥാമാറ്റങ്ങളെല്ലാം മനുഷ്യരില്‍ രോഗം പരത്തുന്നു....
എന്നെ, ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌ അലര്‍ജി മൂലമുള്ള തുമ്മലാണു...
അത്‌ നിര്‍ത്താതെ ഏറേ നേരം ഉണ്ടാവും... ;

‘തുമ്മല്‍.....
ഒരു നിമിഷത്തെ മരണം’ -
എന്നാണു ഷീബാ മേനോന്‍ എന്നോട്‌ പറഞ്ഞിട്ടുള്ളത്‌
അതുകൊണ്ട്‌,
"ഹാഹ്ച്ച്ഛീ........" എന്നു തുമ്മിയാല്‍ , അടുത്തനിമിഷംതന്നെ
"ഹരി........" എന്നുപറയണം... !

എനിക്ക്‌,ആ പുതിയ അറിവിനെ അത്ര ഗൌരവത്തോടെ കാണാന്‍ കഴിയുമായിരുന്നില്ല;
കാരണം,അതിനോടകം തന്നെ. "...ഹരി..." ഇല്ലാത്ത ലക്ഷകണക്കിന്ന്‌ , "....ഹാഹ്ച്ച്ഛീ...."കള്‍ ഞാന്‍ ചെയ്തിട്ടുണ്ടായിരുന്നു;
വയസ്സ്‌ ഇശ്ശി ആയേയ്‌.... ....
എന്നിട്ടും മരിക്കാത്ത ഞാന്‍......
എങ്ങനെ ഒരു സുപ്രഭാതത്തില്‍ , ഒറ്റയടിക്ക്‌ ഒരു വിശ്വാസവും ഒരു ശീലവും പഠിക്കും;പാലിക്കും.....?!

പക്ഷേ,എണ്റ്റെ നിസ്സാരത കണ്ട്‌ തളരുന്നവളായിരുന്നില്ല,ഷീബ!

ഞാന്‍ , എപ്പൊ തുമ്മിയാലും കൂടെനടന്ന്‌ അവള്‍ "..ഹരി..." പറയും!!!
ഞാന്‍ ചോദിച്ചു;
"ഏന്തുകൊണ്ട്‌ 'ശിവം'/'ബ്രഹ്മം' എന്നു പറയുന്നില്ല... ?"
അവള്‍ക്ക്‌ ന്യായീകരണമുണ്ടായിരുന്നു,എണ്റ്റെ തമാശകള്‍ക്കെതിരെ....
ശ്ര്‍ഷ്ഠി,സ്ഥിതി സംഹാരങ്ങളില്‍ , സ്ഥിതിയാണു ഹരി;
നാം തുമ്മുന്ന വേളയില്‍ ,ഒരുനിമിഷം ശരീരത്തിണ്റ്റെ ജീവനപ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിക്കുന്നു;
അതിനെ അതിജീവിച്ചു കടന്നെത്തുന്ന നമ്മുടെ പുനര്‍ജന്‍മത്തിണ്റ്റെ നാഥന്‍ ,ഹരിയാകുന്നു,
അതുകൊണ്ട്‌ നാം ഹരിയെ വന്ദിക്കണം!

അവളുടെ മുന്നില്‍ തോല്‍ക്കാതിരിക്കാന്‍ , അപ്പോള്‍ , ഞാനത്‌ ഗൌനിച്ചില്ലെങ്കിലും,പിന്നീട്....
‌ എപ്പോഴൊ അത്‌ എണ്റ്റെ വിശ്വാസങ്ങളുടെ കൂട്ടത്തില്‍ ഇഴുകി ചേര്‍ന്നിരിന്നു എന്നു ഞാന്‍ അറിഞ്ഞു!

ജീവിതപ്രയാസങ്ങളുടെ തോണിതുഴഞ്ഞ്‌,കാറ്റിലും ഓളങ്ങളിലും ദിശതെറ്റുമ്പോള്‍പോലും,
ഒരു തുമ്മല്‍ എന്നെ അവളിലെത്തിക്കുന്നു......

അവള്‍..........
ഷീബ മേനോന്‍ ..........
ശരാശരി സൌന്ദര്യം,
വര്‍ണിക്കാന്‍...പക്ഷേ......
ശാലീന സുന്ദരി; സ മ്ര്‍ദ്ധമായ മുടി,
നെറ്റിയില്‍ ചന്ദനക്കുറി,മുടിയില്‍ തുളസി കതിര്‍..
സൌന്ദര്യവര്‍ദ്ദക വസ്തുക്കള്‍ ഒട്ടും തന്നെ ഉപയോഗിക്കാത്തവള്‍...
(പൊന്നിങ്കുടത്തിനു പൊട്ടുവേണ്ട!)
മനസ്സും ശരീരവും കുളിരാന്‍ ഇതില്‍പരം എന്തുവേണം,മനുഷ്യനു...
കുലീനത്വം നിറഞ്ഞുനില്‍ക്കുന്ന വസ്ത്രധാരണം,
നര്‍മരസം തുളുമ്പുന്ന സംസാരം,തികച്ചും ആഭിജാത്യം തുളുമ്പുന്ന പെരുമാറ്റം.....

ഞങ്ങള്‍ ഒരു പാരലല്‍ കോള്ളേജിലെ അധ്യാപകരായിരുന്നു
നല്ല സുഹ്രുത്തുക്കളായിരുന്നു......
ദീര്‍ഘനാള്‍...........

ഒരിക്കല്‍ ;
സംസാരത്തിനിടയില്‍ അവള്‍ എണ്റ്റെ ജാതി ചോദിച്ചു.......
അവളെ ത്രുപ്തിപെടുത്തിയില്ല എണ്റ്റെ ഉത്തരം എന്ന്‌ ആ മുഖം പറഞ്ഞു.. .....

പിന്നീടൊരിക്കല്‍ .............
"നമ്മുടെ മതത്തില്‍ മാത്രെ ഈ വ്ര്‍ത്തികെട്ട,ജാതിയും ജാതകവും നോക്കിയുള്ള കല്ല്യാണങ്ങളുള്ളൂ.."
എന്ന്,നിരാശയോടെ,അവ ള്‍ ഓര്‍മ്മിപ്പിച്ചു

സ്റ്റാഫ്‌ റൂമില്‍ ഞങ്ങള്‍ മാത്രമുണ്ടാകുന്ന അവസരങ്ങള്‍ ഏറുന്നത്‌ എന്നെ അത്ഭുതപെടുത്താതിരുന്നില്ല!
എണ്റ്റെ ടൈം ടേബിള്‍ എന്നേക്കാള്‍ കൂടൂതല്‍ ഓര്‍മിച്ചിരുന്നത്‌ അവളായിരുന്നു എന്ന്‌ ഏറെക്കഴിഞ്ഞാണു ഞാന്‍ മനസ്സിലാക്കിയത്‌...
ഞാന്‍ ,എണ്റ്റെ ടേബിളില്‍ അര്‍ധമയക്കത്തിലായിരിക്കുമ്പോള്‍ ,ചെവിയില്‍ വെള്ളമൊഴിച്ച്‌ അവളെന്നെ ഉണര്‍ത്തുമായിരുന്നു.. !

എന്തെങ്കിലും കുസ്രുതികള്‍ എഴുതിയ കുറിപ്പുകള്‍ അങ്ങോട്ടുമിങ്ങോട്ടും കൈമാറുക ഞങ്ങളുടെ വിനോദമായി....
പക്ഷേ ആ കുറിപ്പുകളിലെ ആന്തരാര്‍ത്ഥം മാറിപോകുന്നത്‌,എനിക്ക്‌ മനസ്സിലായില്ലെന്നു നടിച്ചു...
കോള്ളേജിലേക്ക്‌ വരുന്നസമയത്തും പോകുന്നസമയത്തും ഞങ്ങള്‍ ഒന്നിച്ചാകുന്ന അത്ഭുതവും സംഭവിച്ച്‌ തുടങ്ങിരുന്നു!
റെസ്റ്റോറണ്റ്റുകളില്‍ ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ,മറ്റുസഹപ്രവര്‍ത്തകരുണ്ടായാല്‍പോലും,
അവള്‍ , എണ്റ്റെ പാത്രത്തില്‍നിന്നും തട്ടിപ്പറിച്ചെടുക്കാന്‍ മടിക്കാണിച്ചിരുന്നില്ല.....!!!!

ആ നല്ല സൌഹ്ര്‍ദത്തിണ്റ്റെ വേരുകള്‍ മുറിഞ്ഞുതുടങ്ങിയത്‌ എപ്പോഴായിരുന്നു... ?!!

ഒരിക്കല്‍.........
ഞങ്ങള്‍ നാലഞ്ചുപേരടങ്ങുന്ന സംഘം സിനിമക്ക്‌ പോയി...
അന്ന്‌ .....
എണ്റ്റെ സീറ്റിനടുത്ത്‌ ഇടം കണ്ടെത്തുന്നതില്‍ അവള്‍ വിജയിച്ചു...
സിനിമയുടെ അകക്കാമ്പിലേക്ക്‌ ഞാന്‍ ഇഴുകിചേര്‍ന്നിരുന്ന വേളയിലെപ്പൊഴൊ.....,

ആ സൌഹ്ര്‍ദതിണ്റ്റെ ശിരസ്സ്‌ എണ്റ്റെ തോളിലേക്ക്‌ വെട്ടിയിട്ടിരിക്കുന്നു...........??!

എണ്റ്റെ മനസ്സും ശരീരവും തണുത്തുറഞ്ഞൂ.........

ഖേദമായിരുന്നോ...നിരാശയായിരുന്നോ... അറിയില്ല;
എങ്കിലും എണ്റ്റെ കണ്ണുകള്‍ നനഞ്ഞിരുന്നു!!
പിന്നെ......
ഏതു സിനിമയാണു ഞാന്‍ കണ്ടിരിക്കുന്നത്‌ എന്ന് ഓര്‍ക്കാന്‍ കൂടി എനിക്ക്‌ കഴിഞ്ഞില്ല !
അന്നാദ്യമായി,മലയാള സിനിമയുടെ ദൈര്‍ഘ്യം കൂടുതാലാണെന്ന്‌ എനിക്ക്‌ തോന്നിപ്പോയി!!

അവളുടെ പ്രണയം കണ്ടില്ലെന്നു നടിക്കുന്നതില്‍ ഞാന്‍ കാണിച്ച അഭിനയപാടവം,
എണ്റ്റെ അപ്പോഴത്തെ അവസ്ഥ അവളെ അറിയീക്കാതിരിക്കുന്നതിലും ഞാന്‍ പ്രദര്‍ശിപ്പിച്ചൂ!!

ദിവസങ്ങള്‍..............
ഞാന്‍ ദൂരം നിലനിര്‍ത്തിയിരുന്നു... .............
പക്ഷേ ആ അവസ്ഥയില്‍ അധികദൂരം പോകൂവാന്‍ അവള്‍ക്കാകുമായിരുന്നില്ല;
കോള്ളേജ്‌ അടയ്ക്കുവാന്‍ ദിവസങ്ങള്‍ മത്രം ബാക്കി!
എണ്റ്റെ അവഗണന അവള്‍ക്ക്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു!!

ഒരു ദിവസം...............
അവള്‍ കാലത്തുമുതലേ ക്ളാസ്സില്‍ പോകാതെ,ഒറ്റയിരുപ്പിരിക്കുന്നൂ... !!!
എനിക്ക്‌ അവളേ അഭിമുഖീകരിക്കാന്‍ ,അന്നാദ്യമായി പ്രയാസം അനുഭവപ്പെട്ടു!!
ഉച്ചഭക്ഷണസമയം കഴിഞ്ഞു,ഞാന്‍.....
സാധാരണപോലെ കോള്ളേജ്‌ ലൈബ്രറിയിലേക്ക്‌ പോയി;
ആ സമയത്ത്‌ ആരും അവിടെയുണ്ടകാറില്ല,അതിനാല്‍ ഏകദേശം ഒരു മണിക്കൂറ്‍ സ്വസ്ഥമായി വായിക്കാം.
പക്ഷേ,
പതിവിനു വിപരീതമായി, അന്നെനിക്ക്‌ വായനയില്‍ ശ്രദ്ദചെലുത്താനായില്ല!
ഞാന്‍ ചിന്താധീനനായിരുന്നു!
ഞാന്‍ ,മേശയില്‍ തലവെച്ച്‌ വെറുതേ കിടന്നു.
അല്‍പസമയം കഴിഞ്ഞു.... .............
എണ്റ്റെ മുഖത്ത്‌,ദീര്‍ഘനിശ്വാസത്തിണ്റ്റെ ഒരു തണുത്തകാറ്റടിച്ചു!!
ഞനുണര്‍ന്നു;
അവള്‍......
പെട്ടെന്ന് ഉള്ളിലൊരു ആന്തല്‍ !!
എങ്കിലും,ഞനത്‌ മറയ്ക്കാന്‍ ശ്രമിച്ചു...

ഒരുപാട്‌ കരഞ്ഞിരിക്കുന്നു എന്ന്‌ ചോദിക്കാതെ തന്നെ ആ മുഖം പറയുന്നുണ്ട്‌;
കണ്ണുകള്‍ കലങ്ങിയിരിക്കുന്നു;
ശബ്ദം അടഞ്ഞുപോയിരിക്കുന്നു എന്നെനിക്ക്‌ തോന്നി.
അല്‍പസമയത്തെ നിശ്ശബ്ദതക്കുശേഷം അവള്‍ പറഞ്ഞു തുടങ്ങി...

"എനിക്ക്‌ ഒരു കാര്യം പറയാനുണ്ട്‌.. "

ഞാന്‍ നിശ്ശബ്ദനായി നോക്കിയിരുന്നു...
അവള്‍ തുടര്‍ന്നു;

" ഇതു സ്വീകരിക്കയൊ നിഷേധിക്കയൊ ചെയ്യാം; പക്ഷേ , ആരോടും പറയില്ലെന്ന്‌ സത്യം ചെയ്യണം... "
എന്നിട്ട്‌ അവള്‍ കൈ നീട്ടി!
എനിക്കത്ഭുതം!...
ഒടുവില്‍ അവളുടെ വാശിക്കുമുന്നില്‍ ഞാന്‍ തോല്‍വ്വി സമ്മതിച്ചു;
അവള്‍ നീട്ടിയ വലതു കൈയ്യിലെ,വെളുത്ത,മ്ര്‍ദുലമായ ആ ഉള്ളം കൈയ്യിലേക്ക്‌
ഞാന്‍ എണ്റ്റെ കരം ചേര്‍ത്തുവെച്ചു..
കടഞ്ഞെടുത്ത വെണ്ണയില്‍ കവിള്‍ മെല്ലെ അമര്‍ന്ന പ്രതീതി!!

"ആരോടും പറയില്ല".

അവള്‍ എന്താണു പറയാന്‍പോകുന്നത്‌ എന്നെനിക്കറിയാമായിരുന്നു;എങ്കിലും ഞാന്‍ നിശ്ശബ്ദനായിരുന്നു.

"ഇത്‌ സ്വീകരിക്കയോ സ്വീകരിക്കാതിരിക്കയോ ചെയ്യാം,രണ്ടായ്യാലും നമ്മള്‍ രണ്ടുപേരല്ലാതെ മറ്റാരും ഇതറിയാന്‍ പാടില്ല"
ഒരിക്കല്‍ കൂടി അവള്‍ യാചിച്ചു.

അല്‍പനേരത്തെ മൌനത്തിനുശേഷം,

അവള്‍...

"ഒരിക്കലെങ്കിലും..........ഒരു തമാശയ്ക്കെങ്കിലും.....എന്നെ ...”
“..........ഇഷ്ടമാണെന്നൊന്നു പറയാമോ..... ? ”

ഞാന്‍..തളര്‍ന്നുപോയി....
എണ്റ്റെ തൊണ്ട അടഞ്ഞു....
ഒരു തരം വിറയല്‍ എന്നെ ബാധിച്ചു...
എണ്റ്റെ തല...താണു...
ഞാന്‍ ഭൂമിയിലേക്ക്‌ താണുപോകുന്നതുപോലെ തോന്നി....
ആ നിമിഷങ്ങളില്‍ എന്തു വികാരമാണു എന്നെ ഭരിച്ചിരുന്നത്‌ എന്ന്‌ ഇന്നും അജ്ഞാതമാണു..

മൌനം...കനത്തമൌനം...

ആ ലൈബ്രറിയിലെ നേരിയ ഇരുട്ടിനുപോലും കാഠിന്യം കൂടുന്നു എന്നെനിക്ക്‌ തോന്നി;
അത്രയും ശക്തമായിരുന്നു നിശ്ശബ്ദത....ദീര്‍ഘനിശ്വാസങ്ങള്‍.... ഭീകരത പടര്‍ത്തുമ്പോലെ.....
ആ തണുത്തുറഞ്ഞ നിശ്ശബ്ദതയില്‍ ,എവിടെനിന്നോ ഒഴുകിയെത്തും പോലെ...വീണ്ടും...
വളരെ പതിഞ്ഞ,താണ ശബ്ദം....

"എന്നേ വിളിച്ചൂടെ...,ജീവിതത്തിലേക്ക്‌.... "

ആര്‍ദ്രവും സാന്ദ്രവുമായ ആ ശബ്ദം കാതങ്ങള്‍ക്കും വര്‍ഷങ്ങള്‍ക്കും ഇപ്പുറത്തായിട്ടുപോലും,ഇന്നും എണ്റ്റെ കര്‍ണപടങ്ങളില്‍ അലയടിച്ചുകൊണ്ടിരിക്കുന്നു!എന്നിട്ടും,അന്ന്‌ എന്തെങ്കിലും ഒരു ശബ്ദം പോലും എണ്റ്റെ തൊണ്ടയിലുണ്ടായിരുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു നടുക്കം,ഇപ്പോഴും!...

കോളേജ്‌ അവധിക്കായ്‌ അടയ്ക്കാന്‍ ഒന്നുരണ്ട്‌ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍.................
ഒരവസരം കണ്ടെത്തി അവള്‍ അടുത്തു വന്നു...

"എന്നെ നിഷേധിക്കാം,വെറുക്കാം...എന്നാലും ഈ അവഗണന....;ഇത്‌ ക്രൂരതയണു...,എനിക്ക്‌ സഹിക്കാനാവുന്നില്ല...
എനിക്ക്‌ മറുപടി വേണം,രണ്ടായാലും.... "

ഞാന്‍ എണ്റ്റെ മൌനത്തിനുള്ളീല്‍ ഒരു ഭീരുവിനെപോലെ ഒളിച്ചിരുന്നു....

അവസാനദിവസം..............
അവള്‍ക്കുള്ള മറുപടി ഒരുകവറിലിട്ടാണു ഞാന്‍ കോളേജില്‍ പോയത്‌

പിരിയാനുള്ള നിമിഷങ്ങള്‍....
എല്ലാവരുടെ ഹ്രുദയവും പിടയുന്നു....
എല്ലാവരും യാത്രപറയുന്നു...
ചിലര്‍ കണ്ണീര്‍ വാര്‍ക്കുന്നു..
മറ്റു ചിലര്‍ വീണ്ടും കാണാം എന്ന പ്രതീക്ഷ പുലര്‍ത്തുന്ന പുഞ്ചിരി പരത്തുന്നു...
എല്ലാവരും തിരക്കിലാണു....
ഞാന്‍.........
ഒന്നിലും പങ്കെടുക്കാതെ,എന്നാല്‍ പങ്കെടുക്കുന്നു എന്നുവരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്ന അവളുടെ അടുത്തേക്ക്‌ ചെന്നു...

"മറുപടി ലൈബ്രറിയിലെ ബുക്കില്‍ വെച്ചിട്ടുണ്ട്‌,വീട്ടിലെത്തിയതിനു ശേഷം മാത്രം തുറക്കുക"

അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു;
എണ്റ്റേയും....

അവളില്ലാത്ത നാളേകളെ കുറിച്ചോര്‍ത്‌ ഞാന്‍ കരഞ്ഞു.....
എണ്റ്റെ ഹ്ര്‍ദയം വെട്ടിപൊളിക്കുന്നു..ആരോ....
എങ്കിലും .....
ഒരു ഗുഡ്ബൈ കൂടെ പറയാന്‍ എനിക്ക്‌ ചങ്കൂറ്റമുണ്ടായി.... !!!
ആ വിറയലില്‍....ഞാന്‍...
ഒരിക്കല്‍കൂടി...........
.
".........ഹാഹ്ച്ച്ഛീ... ............."
".............ഹരി............. "
അപ്പൊഴും അതിനു കാലതാമസമുണ്ടായില്ല......

പെയ്യാന്‍ വിതുമ്മി നില്‍ക്കുന്ന മേഘമാലകളില്‍ നിന്ന് ഒരു മുത്ത്‌ അടര്‍ന്ന് വീഴും പോലെ.......

Wednesday, June 20, 2007

പൂര്‍വ്വ വിലാപം

പെരുവിരലില്‍ വല്ലാത്ത വേദന.. എന്തോ കടിച്ചതാണു .. ഏതു പീറ പ്രാണിയാണു എന്റെ ഉറക്കം കെടുത്തിയതു .. അരവിന്ദനു ശുണ്ഠി കയറി...ഇനി വല്ല പാമ്പോ തേളോ വല്ലതും ആണോ . ആയാസപ്പെട്ടു എഴുന്നേറ്റു കണ്ണട തപ്പിയെടുത്തു നോക്കി.. പാമ്പുറുമ്പുകള്‍ കുനു കുനെ നിര നിരയായീ പോകുന്നു.വഴി തെറ്റി വന്ന ഏതോ നാറിയാണു കടിച്ചതു .. അവനേ കിട്ടിയെങ്കില്‍ തട്ടാമായിരുന്നു .. ഡിഡിറ്റി എടുത്തു കുലം മുടിപ്പിച്ചാലോ .. അല്ലെങ്കില്‍ മണ്ണെണ്ണ ഒഴിച്ചു കരിക്കാം ...

എന്തോ അരിച്ചു പെറുക്കാനുള്ള പുറപ്പാടാണു .. അയാള്‍ക്കു കൗതുകം തോന്നി.. എവിടേക്കാണു എന്നു അറിയണമെങ്കില്‍ ഈ നിരയുടെ അറ്റം തപ്പിപ്പിടിക്കണം.. പുല്ലുകള്‍ക്കിടയിലൂടെ ഏതാനും വാര .. അതിനപ്പുറം എന്തോ കിടപ്പുണ്ടു . വിനയ ഇന്നു വീട്ടിലില്ല ... കഞ്ഞിയും ചെറുപയറും ,കുടമ്പുളി അരച്ചതും .. അത്താഴത്തിനുള്ള തന്റെ ചെറിയ ഡിമാന്റുകള്‍ അവള്‍ നിറവേറ്റിയിരുക്കുന്നു .. അച്ഛനു നടുവേദന കൂടുതല്‍ ആണു എന്നു വിവേക്‌ വിളിച്ചു പറഞ്ഞതു മുതല്‍ അവള്‍ക്ക്കു ഇരിക്കപ്പൊറുതിയില്ല .. പോകണ്ട എന്നു പറഞ്ഞാല്‍ ഒരാഴ്ചത്തേക്കു മുഖം കറുപ്പിച്ചു നടക്കും .. അതു കൊണ്ടു തടഞ്ഞില്ല ..

ഉറുമ്പുകളേ കടന്നു നടന്നു പോകാന്‍ അയാളെ മനസ്സനുവദിച്ചില്ല .. അവയുടെ ചെറുപ്പത്തേ തന്റെ വലിപ്പം കൊണ്ടു തോല്‍പ്പിക്കുന്നതു ശരിയല്ല ... അതു കൊണ്ടു ഏറ്റവും പിന്നിലുള്ള ഉറുമ്പിന്റെയും പിന്നില്‍ അയാള്‍ സ്ഥാനം പിടിച്ചു . അവക്കൊപ്പം വലിയ ഒരു ഉറുമ്പായീ കുനു കുനെ അയാള്‍ നടന്നു ..

വിചാരിച്ചതു പോലെ ഏതാനും വാര അല്ല.. കിഴക്കേ പറമ്പിലേ മൂല വരേ ആ ജാഥ നീണ്ടു.വെട്ടി മരത്തിന്റെ ചുവട്ടില്‍ ഒരു കുഞ്ഞു നത്തു ചത്തു കിടക്കുന്നു .. അതിനെ പറിച്ചു കീറിയെടുക്കാനുള്ള വരവാണു... മരക്കൂട്ടത്തില്‍ ആയിരം മരം , അതിലൊന്നു വെട്ടി .. വെട്ടാത്ത എത്ര മരമുണ്ട്‌ .. അച്ഛന്‍ കടം കഥ ചോദിച്ചതാണു .. തല പുകക്കണ്ട കാര്യമില്ല , ഒരു മരം വെട്ടി മരമാണു .. അല്ലാതെ വെട്ടി മാറ്റിയ മരമല്ല .. അപ്പോള്‍ മിച്ചം 1000 മരം തന്നെ..

അടുത്തുള്ള തൊടികളിലൊന്നും വെട്ടി മരമില്ല എന്നയാള്‍ ഓര്‍ത്തു..പഴുത്ത വെട്ടിക്കായ്കള്‍ തോടു പൊട്ടി സ്വര്‍ണ്ണ നിറത്തില്‍ മരത്തില്‍ പറ്റിക്കിടക്കുന്നതു കണ്ടു സ്വര്‍ണ്ണമരം എന്നു താനാണതിനു പേരിട്ടതു ..കാലം എറെ കടന്നു പൊയീ .. അച്ഛന്‍ മരിച്ചു .. തൊടി വ്രുത്തിയാക്കാന്‍ ആളില്ലാതായീ .. ദുബായില്‍ നിന്ന്നും നാട്ടില്‍ വന്നു താമസിക്കാന്‍ അച്ഛന്‍ പലവുരു നിര്‍ബന്ധിച്ചാതാണു .. ഓരോ ഒഴിവു കഴിവുകള്‍ പറഞ്ഞു മാറ്റി വച്ചു .. എന്നന്നേക്കുമായീ കാത്തിരിക്കാന്‍ ആര്‍ക്കുമാവില്ലല്ലോ ....

അയാളുടെ കണ്ണു നനഞ്ഞു .. കായകള്‍ കുറെയുണ്ടു .. അധികം പഴുക്കാത്ത ഒരെണ്ണം വായിലിട്ടു .. നല്ല ചവര്‍പ്പു ...ഇലകള്‍ക്കിടയിലൂടെ വെളിച്ചത്തിന്റേ കീറുകള്‍ പാഞ്ഞു താഴെ മണ്ണില്‍ ഇഴകള്‍ തീര്‍ത്തിരിക്ക്കുന്നു .. വീണു കിടന്ന വട്ടമരത്തില്‍ ചിതല്‍പുറ്റു വളര്‍ന്നിരിക്കുന്നു .. പാമ്പുകളെപ്പേടിച്ചു കിഴക്കേപ്പറമ്പിലേക്കു അധികം പോകാന്‍ അച്ഛന്‍ അനുവദിക്കാറില്ല... അതു കൊണ്ടു തന്നേ ആ തൊടിയുടെ നിഗൂഡതകള്‍ ഇപ്പോഴും അയാള്‍ക്കു അഞ്ജാതം...

നിമ്മി ഹൂസ്റ്റണില്‍ നിന്നു വിളിച്ചിരുന്നു കാലത്തേ ..സുഖമായിരിക്കുന്നുവോ അപ്പ എന്നു .. അപ്പാാാ എന്നല്ല ..വെറും അപ്പത്തിന്റെ അപ്പ ... അല്ലെങ്കില്‍ പപ്പയുടെ അപ്പ .. മലയാളം അവള്‍ ചുരുക്കിയേ ഉപയോഗിക്കാറുള്ളൂ .. അവളെ പറഞ്ഞിട്ടെന്താ ... നാട്ടില്‍ ആകെ മൂന്നു തവണയേ അവള്‍ വന്നിട്ടുള്ളൂ ..താന്‍ കൊണ്ടു വന്നിട്ടുള്ളൂ എന്നു പറയുന്നതാവും ശരി.. അപ്പ്പോള്‍ കുറ്റമെല്ലാം തന്റേതു മാത്രമാകുന്നു ....

കാലങ്ങള്‍ക്കുമുമ്പു അവിടെ ഒരു കുറു നരി മടയുണ്ടായിരുന്നു എന്നു അച്ഛമ്മ പറഞ്ഞു കേട്ടിട്ടുണ്ടു.. നരികള്‍ കാട്ടു മുയലുകളെ ഓടിച്ചു പിടിച്ചിരുന്നു വെന്നും .. വല്ല്യച്ചന്‍ കല്‍ക്കഷണുവുമായീ അവക്കു പുറകേ കുട്ടികളേപ്പൊലെ ഓടിയിരുന്നുവെന്നും .... വല്യച്ഛനേ നേരിയ ഓര്‍മ്മയേ ഉള്ളൂ .. തനിക്കു മൂൂന്നു വയസ്സുള്ളപ്പോള്‍ വലിവു കൂടി ...

പഴയ ആഞ്ഞിലി മരം ഇപ്പോളും അവിടെയുണ്ടു .. അച്ഛന്‍ അവയൊന്നും വെട്ടിയില്ല .. പേരക്കുട്ടികള്‍ക്കു ആഞ്ഞിലിച്ചക്ക കിട്ടാണ്ടെ പോവണ്ട എന്നു കരുതിയിട്ടാവും ..

പുളുന്തു പരല്‍ മീനുകള്‍ നിറഞ്ഞ ഒരു തോടുണ്ടായിരുന്നല്ലോ ഇവിടെ .. അതൊക്കേ നികന്നു പോയിരിക്കുന്നു .. ചുറ്റുമുള്ള പറമ്പുകളൊക്കെ തുണ്ടം തുണ്ടമായീ .. തോടുകള്‍ ഇല്ലാണ്ടെയായീ ..

മുക്കുറ്റിയും തഴുതാമയും പൂത്തു നില്‍ക്കുന്നു .. അയാള്‍ വിസ്മയം പൂണ്ടു .. നഷ്ടപ്പെട്ടു പൊയീ എന്നു അയാള്‍ കരുതിയതൊന്നും നഷ്ടപ്പെട്ടിട്ടില്ല .. അച്ഛന്‍ അയാള്‍ക്കു വേണ്ടി എല്ലാം സൂക്ഷിച്ചു വച്ചിരിക്കുന്നു ..

നിമ്മിയും ഈ മണ്ണില്‍ തന്നെപ്പോലെ ഒരു ദിവസം വന്നു നില്‍ക്കുമോ .. അപ്പ ആ പഴയ സ്ഥലമെല്ലാം വിറ്റു ടൗണില്‍ ഒരു ഫ്ലാറ്റ്‌ വാങ്ങണം എന്നു അവള്‍ നിര്‍ദ്ദേശിച്ചിരുന്നു ...ഹോസ്പിറ്റലുകളും,ഷോപ്പിംഗ്‌ മാളുകളും ഉള്ളതു കൊണ്ടു ബുദ്ധിമുട്ടാതേ ജീവിക്കാം എന്നാണവളുടെ ലോജിക്‌ .. ഇല്ലാ താനിതു വില്‍ക്കുന്നില്ല എന്നെങ്കിലും നീ ഇവിടെ നില്‍ക്കുമ്പോള്‍ തലമുറകളുടെ തുടര്‍ യാത്രയിലും നിശ്ചലമായ കാലത്തിന്റെ ചില കണികകളേ നിനക്കു ഇവിടെ നിന്നും കണ്ടെത്താനും .. ഒരു പക്ഷേ നിന്റെ നിശ്ചലതയുടെ പൂര്‍വ്വ ചലനങ്ങളും..

വല്ലാതേ ക്ഷീണം തോന്നീ .. അയാള്‍ ആഞ്ഞിലി മരത്തിന്റെ ചുവട്ടില്‍ ഇരുന്നു..പിത്രുക്കള്‍ അയാളെ താങ്ങിയിരുത്തി .. സന്ധ്യയായീ ,, രാത്രിയായീ ..അയാള്‍ ഉറക്കം പൂണ്ടു...

Tuesday, June 19, 2007

ഓര്‍മ്മയുടെ താക്കോലുകള്-ഒരു മൈന

ഓര്‍മ്മയുടെ താക്കോലുകള്

ഒരു മൈന

‍ഷാര്‍ജയിലെ,പൊടിക്കാറ്റുവീശുന്ന വഴിയിലൂടെ വേനലിണ്റ്റെ കാഠിന്യത്തെ കുറിച്ച്‌ ചിന്തിച്ച്‌,പരിതപിച്ച്‌;തലയില്‍നിന്നൊഴുകുന്ന വിയര്‍പ്പുകണങ്ങളൊപ്പി;ദാഹം മാറ്റാന്‍ ഒരുതുള്ളി വെള്ളവും തളരുന്ന ശരീരത്തിനൊരാശ്വാസമായി ഇത്തിരി തണലും തേടി നടക്കുമ്പോള്‍....

ഓര്‍മ്മയുടെ താക്കോലുകളിലൊന്ന് വഴിയില്‍ കിടക്കുന്നു...

ഒരു മൈന!
മനുഷ്യണ്റ്റെ ഓര്‍മ്മകളുടെ പൂട്ട്‌ ഇടയ്ക്കിടെ തുറക്കുന്ന,പ്രക്റ്‍തിയുടെ താക്കോല്‍ കൂട്ടങ്ങളിലൊന്ന്...
എന്നെ,വര്‍ഷങ്ങള്‍ പിറകോട്ട്‌ പായിക്കാന്‍;വരണ്ടുണങ്ങുന്ന മനസ്സിലേക്ക്‌,വേദനിപ്പിക്കുന്നതെങ്കിലും-സുഖമുള്ള നൊമ്പരങ്ങള്‍ നിറച്ച്‌,വേനല്‍ ചൂട്‌ താണ്ടാന്‍;മരുഭൂമിയില്‍ ഒറ്റപ്പെടാതിരിക്കാന്‍;പ്രക്രുതി,ഒരു താക്കോല്‍ കളഞ്ഞിട്ടിരിക്കുന്നു!!

നാം ഒറ്റപ്പെടുമ്പോളാണു;
ഏകാന്തതയുടെ കൂര്‍ത്തമുള്ളുകള്‍ നമ്മെ കുത്തിനോവിക്കുമ്പോഴാണു,
ദ്ര്‍ശ്യങ്ങളെല്ലാം നമ്മോട്‌ പലതും പറയുന്നുണ്ടെന്നും ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നും നാമറിയുന്നത്‌।

ഒരു മൈന;അത്‌ എന്തൊക്കെയോ തിരഞ്ഞും കൊത്തിപെറുക്കിയും ധ്ര്‍തിയില്‍ അങ്ങിനെ,തലങ്ങും വിലങ്ങും നടക്കുന്നു। ഞാന്‍,അറിയാതെ ചുറ്റിലും നോക്കി!ആ പരിസരങ്ങളിലെല്ലാം വീണ്ടും അരിച്ചുപെറുക്കി;
"എവിടെ അതിണ്റ്റെ ഇണ... "?!
പക്ഷേ,അവിടെയെങ്ങും അതിണ്റ്റെ ഇണയെ കണ്ടെത്താന്‍ എനിക്കു കഴിഞ്ഞില്ല...
ചെറിയൊരു ഖേദത്തോടെ ഞാന്‍ പിറുപിറുത്തു
"ശിവന്‍,ഇന്നു നിനക്ക്‌ സങ്കടമുള്ള ദിവസമാണല്ലേ ?"
"ഇന്ന്‌ ഒറ്റമൈനയേ മാത്രേ ഞാന്‍ കണ്ടുള്ളൂ;ഒറ്റമൈന ദു:ഖമല്ലെ?ഒറ്റമൈനയേ കണ്ട ദിവസം മുഴുവന്‍ നിനക്ക്‌ മോശം ദിവസമല്ലേ... ?"

ശിവന്‍,
എണ്റ്റെ ചിരകാല സുഹ്രുത്ത്‌...
ബാല്യം മുതല്‍ യൌവ്വനം വരേയും-തമ്മില്‍ കണ്ടിട്ട്‌ വര്‍ഷങ്ങളായെങ്കിലും-ഇനിയുമൊരു പക്ഷേ മരണം വരേയും,സുഹ്ര്‍ത്തായിരിക്കുന്നവന്‍!

ഇപ്പോള്‍ ആന്ധ്രാപ്രദേശില്‍ എവിടെയോ ആണവന്
‍പെട്ടൊന്നൊരു ദിവസം,ഒന്നും പറയാതെ നാടുവിട്ടവന്‍;
തികച്ചും ഒരൊറ്റയാന്‍!പ്രായത്തില്‍ കവിഞ്ഞ ഗൌരവം;തിരഞ്ഞുപിടിച്ചുള്ള സൌഹ്ര്‍ദങ്ങള്‍ മാത്രം
പ്രധാന ഗുണങ്ങളിലൊന്ന്‌,ഗുരുകാരണവന്‍മാരെ വേണ്ടവിധം ആദരിക്കാനുള്ള കഴിവുതന്നെ!
നല്ലൊരു തറവാട്ടില്‍ ജനനം;സ്കൂള്‍ വിദ്യഭ്യാസം നേരത്തെ കഴിഞ്ഞു!!!ആറാംതരത്തിലെത്തുമ്പോഴേക്കും,പാടത്ത്‌ കന്നിനെ നോക്കുന്ന പീള്ളേരുടെ കൂട്ടത്തില്‍ പെട്ടുപോയി!

പിന്നെ ഞങ്ങള്‍ കൂടിചേരുമ്പോള്‍ ജീവിതസമരത്തിണ്റ്റെ പാതയില്‍ വഴിയറിയാതെ നില്‍ക്കയാണവന്
‍പിന്നീട്‌,ആട്ടോ ഡ്രൈവര്‍,സ്ക്രീന്‍ പ്രിണ്റ്റര്‍,ഫിലിം ഒപറേറ്റര്‍ തുടങ്ങി സ്തിരതയില്ലാതെ പലതൊഴിലുകളില്‍...

ഒടുവില്‍ ഒളിച്ചോട്ടം(തനിയേ ആണുകേട്ടോ...)
ആ ഒളിച്ചോട്ടം എന്തിനായിരുന്നു എന്ന് ഇന്നും അജ്ഞാതം;അതിനു ശേഷം അവനെ ഞാന്‍ കണ്ടിട്ടില്ല!!
ഇപ്പോള്‍,ഞാന്‍ നാട്ടിലുണ്ടാകുമ്പോള്‍ അവന്‍ അവിടെയുണ്ടാകാറില്ല,അവനുള്ളപ്പോള്‍ ഞാനും!
അങ്ങിനെ തമ്മില്‍ കാണാതെ വര്‍ഷങ്ങള്‍!

അവണ്റ്റെ വിശ്വാസങ്ങളില്‍ മുഖ്യമായതാണുമൈനകള്‍!
രണ്ടു മൈനകളെ കണ്ടാല്‍ അന്നത്തെ ദിവസം സ്വസ്ഥം,ശുഭം!!
ഒരു മൈനയാണെങ്കിലൊ,പരിഭ്രമമായി;
പിന്നെ അടുത്ത മൈനയെ കാണുംവരേ തിരച്ചിലാണു;
ചിലപ്പോള്‍ യാത്രകള്‍ പോലും മാറ്റിവെക്കാറുണ്ട്‌!!

ഇന്ന്‌,ഏതൊരു കനത്തതിരക്കിലും,കഠിനമായ വേദനയിലും മൈനയെ കണ്ടാല്‍ ഞാന്‍ അവനെ ഓര്‍ക്കും

അവനിലേക്കുള്ള എണ്റ്റെ ഓര്‍മ്മയുടെ താക്കോലാണു മൈനകള്‍!

വിസ് മൃതമഴയില്‍ മുളക്കുന്നത് (ഒ. എം. രാമകൃഷ്ണന്‍)

കൂട്ടുകാരാ ..
ശീതമരുഭുമികള്‍ ഉള്ളില്‍ വളരുമ്പോള്‍
സ് മൃതകരുണകളെ കാറ്റെടുക്കുമ്പോള്‍
മലമുകളില്‍ നിന്നും പൊറ്റകെട്ടിയ ചോരയും ചലവും
ഉരുണ്ടെത്തുമ്പോള്‍
പെങ്ങളുടെ കണ്ണിലെ പൂപ്പലില്‍
എണ്ണ പുരളാതിരിക്കുമ്പോള്‍
ഭ്രംശസ്വപ്നമായ്
നിലവിളിയും കടന്ന് വരണ്ട നെഞ്ചോടെ സഹയാത്രിക
നിരങ്ങി നീങ്ങുമ്പോള്‍
മുപ്പാരിടം മുഴുവന്‍ തെണ്ടിയ പിതൃക്കള്‍
ഒരുരുളച്ചോറിനായി
കാത്തുനില്‍ക്കുമ്പോള്‍
ഇറുകെയടച്ച കണ്ണൂകളുമായി നീ
ഭ്രമപഥങ്ങളില്‍ തിരയുന്നതെന്താണ്?


യോഗവിധിയെ പഴിപറഞ്ഞ്
ദിനരാത്രങ്ങളെ വന്ധ്യമാക്കുന്നതെന്തിനാണ്?

കരുണ, സ്നേഹം, കിനാവ്
കാറ്റ്, മഴ, ഓര്‍മ്മ
അമ്മ, പെങ്ങള്‍, സഖി ജീവിതം.

പ്രീയപ്പെട്ടവനേ,
നാട്ടുകൂട്ടങ്ങള്‍ ചൂതാട്ടങ്ങളുടെ കഥ വിളമ്പുന്നുണ്ട്.
ഭാവിയുടേ പാറാവുകാര്‍
പിമ്പുകളെപ്പോലെ ചിരിച്ച് മറയുന്നുണ്ട്.

വിത്തിനും കൈക്കോട്ടിനുമിടയില്‍
അന്താരാഷ്ട്ര ഉടമ്പടി.

ഉപഭോഗത്തിന്‍റെ യുറേനിയം ഖനിതേടി
വാക്കുകള്‍ കൂടുവിടുന്നു.

ഭാഷ ഉഷ്ണപ്പുണ്ണിന് താവളം.

അരുത് ചങ്ങാതീ
നിഴല്‍ ചിത്രങ്ങളെ
ഉപാസിക്കരുത്.


ഒ. എം രാമകൃഷ്ണന്‍ റെ തലക്കാവേരി എന്ന കവിതാ സമാഹാരത്തില്‍ നിന്ന്:

Saturday, June 16, 2007

സാന്‍ ഗ്രിഗോള്‍ മനസ്സ് തുറക്കുന്നു.

എന്റെ പേര്-സാന്‍ ഗ്രിഗോള്‍ । ഞാന്‍ ഏത് നാട്ടുകാരനാണെന്ന് ആലോചിച്ച് വിഷമിക്കണ്ട.എവിടെയുമാകാം . ചിലപ്പോള്‍ നിങ്ങളുടെതൊട്ടയല്ക്കാരന്‍ പോലും .പേര്-പിന്നെ ഒരു ഭം ഗിക്ക് വേണ്ടി എടുത്തതാണെന്നേയുള്ളൂ.ഇതൊരു ചെറിയനഗരമാണ്‌। നിറം മങ്ങി കേടുപാടുകള്‍ വന്ന കെട്ടിടങ്ങളും ചെളി നിറഞ്ഞ തെരുവുകളും നിറഞ്ഞ നഗരം . ഇവിടത്തെ മനുഷ്യരും അതേ പോലെ തന്നെ. സ്വന്തം ആവശ്യത്തിനായി എന്ത് കടും കയ്യും ചെയ്യാന്‍ മടിക്കാത്തവര്‍ . എന്റെതാമസം മേല്പ്പറഞ്ഞ ഒരു വൃത്തിഹീനമായ തെരുവിലെ അതിനേക്കാള്‍ മോശമായ കുടുസ്സുമുറിയിലാണ്‌. താഴെ തെരുവിലെ ഇറച്ചിക്കടയില്‍ നിന്നും റസ്റ്റോറന്റില്‍ നിന്നുമുള്ള കുപ്പമൊത്തം കളയുന്നത് മുറിയുടെപിന്‍ വശത്തുള്ള പറമ്പിലാണ്‌ . അതിന്റെ നാറ്റം ഒട്ടും നഷ്ടപ്പെടാതെ എന്റെ മുറി പിടിച്ചെടുക്കും . എത്ര ശാസിച്ചാലും ആ ശീലം മാറില്ല. ഇതിന്റെ പേരില്‍ അവരോട് വഴക്കിന്‌ ചെന്നാല്പിന്നെ ഞാന്‍ ജീവനോടെ കാണില്ല. അത് കൊണ്ട് ആ ഭാഗത്തെ ജനാല സ്ഥിരമായി അടച്ചിടുകയാണ്‌ പതിവ്. എങ്കിലും എവിടെയൊക്കെയോ ഉള്ള ചെറിയ പഴുതുകളിലൂടെ നാറ്റം അകത്തേയ്ക്ക് കടക്കുക തന്നെ ചെയ്യും .

ഓഹ് ॥ ക്ഷമിക്കണം , എന്നെപ്പറ്റി പറഞ്ഞ് തുടങ്നിയതാണ്‌। വിഷയം വഴിമാറിപ്പോയി। പേര്-ആദ്യമേ പറഞ്ഞല്ലൊ, സാന്‍ ഗ്രിഗോള്‍ , തൊഴില്‍ ॥ ഒരു പ്രിന്റിങ് പ്രസ്സില്‍ പ്യൂണ്‍ . എന്റെ യോഗ്യതയ്ക്കനുസരിച്ചുള്ളജോലിയൊന്നുമല്ല. പക്ഷേ, ഈ നഗരത്തില്‍ കൂടുതല്‍ യോഗ്യന്മാരെ ആര്‍ ക്കും ആവശ്യമില്ല. അതിന്‌മാത്രം വലിയ കാര്യങ്ങളൊന്നും ഇവിടെ നടക്കുന്നില്ല.പിന്നെതികച്ചും ഏകനായത് കാരണം കുറേയൊക്കെ അരിഷ്ടിച്ച് ജീവിക്കാന്‍ കഴിയുന്നുണ്ട്. കൂട്ടുകാര്‍ ഇല്ല. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ മോഷണം തന്നെ വഴി. ടൈം പീസുകള്‍ ,ഷൂസുകള്‍ , തുടങ്ങിയവ. പ്രിന്റിങ് പ്രസ്സിലെ ജോലി ഒന്നിനും തികയാത്തതാണ്‌. പട്ടിണികിടക്കാന്‍ പോലും . ഞാന്‍ പകുതി ദിവസവും ജോലിക്ക് പോകാറില്ല. പക്ഷേ അതിന്റെ പേരില്‍ ഇത് വരെ പ്രസ്സുടമ വഴക്കിനൊന്നും വന്നിട്ടില്ല. നക്കാപ്പിച്ച കൃത്യമായി തരുകയും ചെയ്യും .

ങ്ങാ॥ഈകുടുസ്സുമുറിയില്‍ ഞാനൊറ്റയ്ക്കാണെന്ന് പറഞ്ഞല്ലൊ। അധികം സാധനസാമഗ്രികളൊന്നും ഇവിടെയില്ല. ആരോ ഉപേക്ഷിച്ച കേട് വന്ന മേശയും കസേരയും ,വെള്ളം പിടിച്ച് വയ്ക്കാനുള്ള ഒരു മണ്‍ പാത്രം മറ്റേജോടിവസ്ത്രം സൂക്ഷിക്കാന്‍ ഒരുതോല്‍ സഞ്ചി. മുറിയിലായിരിക്കുമ്പോള്‍ ഞാന്‍ വസ്തം ഉപയോഗിക്കാറില്ല. ഉടുത്തത് നിലത്ത് വിരിച്ചാല്‍ കിടക്കയായി. തോന്നുമ്പോള്‍ ഉറങ്ങാം തോന്നുമ്പോള്‍ ഉണരാം .

പിന്നെ ആകെയൊരു ശല്യമുള്ളത് അപ്പുറത്തെ മുറിയാണ്‌। അതില്‍ പണ്ടേതോ നാടകക്കാരന്‍ താമസിച്ചിരുന്നതായിരുന്നു। അയാളുടെ നാടകങ്ങള്‍ ഒന്നും വെളിച്ചം കണ്ടിട്ടില്ല. ഇപ്പോള്‍ കുറേ നാളുകളായി അയാള്‍ ഈ വഴിക്ക് വരാറില്ല. അതിനുള്ളില്‍ അയാളുടെ നാടകങ്ങളും പിന്നെ എന്തൊക്കെയോ സാമഗ്രികളും ഉണ്ട്. അയാള്‍ പോയിഒരു പാട് നാലുകള്‍ കഴിഞ്ഞപ്പോള്‍ നാടകത്തിലെ കഥാപാത്രങ്ങള്‍ ക്ക് ജീവന്‍ വച്ചത് പോലെ. അവര്‍ മുരിയില്‍ ഉലാത്തുകയും തങ്ങളുടെ ഡയലോഗുകള്‍ ഉരുവിടുകയും ചെയ്യും . എന്റെയീചുവരില്‍ കാതോര്‍ ത്താല്‍ കേള്‍ ക്കാം . നനുത്ത കാല്‍ വയ്പ്പുകളും തേനീച്ചക്കൂട്ടം ഇളകിയത് പോലെ ഡയലോഗുകളുടെ പ്രവാഹവും .

പക്ഷേഎത്രയാവര്‍ ത്തിച്ചിട്ടും അവര്‍ ക്ക് മടുക്കുന്നില്ലേയെന്ന് ചോദിക്കാനിതുവരെ കഴിഞ്ഞില്ല। മടുപ്പ് തോന്നുമ്പോള്‍ ഇടപെടാന്‍ ശ്രമിക്കാറുണ്ട്. അതെല്ലാം വിഫലമാകാറേയുള്ളൂ. അവര്‍ ആപഴയ വരികള്‍ തിരിച്ച് കാച്ചും . ഒരു നാള്‍ ഞാന്‍ പറഞ്ഞു." വെറെ എന്തൊക്കെ വിഷയങ്ങള്‍ നിങ്ങള്‍ ക്ക് സം സാരിക്കാം ? വര്‍ ഷങ്ങള്‍ പഴകിയ ഈ വാചകങ്ങള്‍ കത്തിച്ച് കളയും ഞാന്‍ "

" 110 സൈനികര്‍ കൊല്ലപ്പെട്ടു। മുഴുവന്‍ പേരും മരിച്ചാലും എനിക്ക് യുദ്ധം ജയിക്കണം " ഇതായിരുന്നു മറുപടി

അത് പറയാന്‍ മറന്നു। ആ നാടകക്കാരന്‍ എഴുതിയതെല്ലാം യുദ്ധത്തിന്റേയും കുടും ബ കലഹത്തിന്റേയും കഥകളായിരുന്നു. അത് കാരണം സ്വസ്ഥത നഷ്ടപ്പെട്ടത് അയല്ക്കാര്‍ ക്കും . അല്ലാ, പുറം ലോകത്തും വേറൊന്നുമല്ലല്ലോ ॥ പഴയ കാര്യങ്ങള്‍ തന്നെയല്ലേ ഇപ്പോഴും സം ഭവിക്കുന്നതും സം സാരിക്കപ്പെടുന്നതും ? വേറൊന്ന്, ഇന്നാളൊരിക്കല്‍ ഞാനൊരു ഷൂ മോഷ്ടിക്കാന്‍ പുറപ്പെട്ടു. ഒരെണ്ണം വാങ്ങിക്കാനുള്ള കാശ് എന്റെ കൈയ്യിലില്ലായിരുന്നു. അപ്പോള്‍ തെരുവിലൂടെ ഒരു സുന്ദരിയായ സ്ത്രീ നടന്ന് പോകുന്നത് കണ്ടു. സത്യത്തില്‍ എനിക്ക് ബോധക്കേടുണ്ടാക്കി അവള്‍ .ഞാനവളെപിന്തുടര്‍ ന്നു. ഒരു റസ്റ്റോറന്റിലേയ്ക്കാണ്‌ അവള്കയറിയത്. പിന്നാലെഈയുള്ളവനും . ഒറ്റയ്ക്ക് ഒരു ടേബിള്‍ മുഴുവന്‍ റിസര്‍ വ് ചെയ്തിരിക്കുകയാണ്‌. ഒരു കോഫി മാത്രം വാങ്ങി അത്രയും വലിയ മേശയെ ധൂര്‍ ത്തടിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് മതിപ്പ് തോന്നി. കുറഞ്ഞ സമയത്തിനകം അവളുടെ ശ്രദ്ധ ആകര്‍ ഷിക്കാനും അവളുടെ മേശ പങ്കിടാനും എനിക്കായി. ഞാന്‍ ആകലയില്‍ ഒരു വിദഗ് ദ്ധനും ഭാഗ്യവാനുമാണ്‌. അവള്‍ ക്ക് എന്നോട് പ്രണയമായെന്ന് ഉറപ്പായിരുന്നു. ഇല്ലെങ്കില്‍ നേര്‍ ത്ത് ക്യാരറ്റുകള്‍ പോലെ ചുവന്ന വിരലുകള്‍ മേശപ്പുറത്ത് നിവര്‍ ത്തി വച്ച് എന്നെ നോക്കിയതെന്തിന്‌? ഞാന്‍ ആ വിരലുകളെ തലോടാന്‍ മടിച്ചില്ല. അവള്‍ എന്നെവീട്ടിലേയ്ക്ക് ക്ഷണിച്ചു. ഞാന്‍ സമ്മതിച്ചു. നേരെ കിടപ്പുമുറിയിലേയ്ക്കാണ്‌ അവളെന്നെകൊണ്ട് പോയത്. അവള്‍ കിടക്കയില്‍ നിവര്‍ ന്ന് കിടന്ന് വിരലുകള്‍ എനിക്ക് തൊടാന്‍ പാകത്തിന്‌ വച്ചു." അപ്പോഴത്തെ പോലെ തലോടൂ" അവള്‍ പറഞ്ഞു. ഞാന്‍ അത് ചെയ്തു. അല്പനേരം കഴിഞ്ഞപ്പോള്‍ അവള്‍ കൂര്‍ ക്കം വലിച്ചുറങ്ങാന്‍ തുടങ്ങി. ഞാന്‍ അവളുടെ മോതിരമൊരെണ്ണമൂരിയെടുത്ത് സ്ഥലം വിട്ടു.അത് വിറ്റ്ഷൂ വാങ്ങിക്കുകയും ചെയ്തു. മോഷ്ടിക്കേണ്ടി വന്നില്ലല്ലോ!ശ്ശൊ..പിന്നേമ്വഴിതെറ്റി. നാടകക്കാരുടെ കാര്യമാണ്‌ പറഞ്ഞുകൊണ്ടിരുന്നത്. ഞാന്‍ പെണ്‍ കുട്ടികളുടെ മനസ്സുകള്‍ മോഷ്ടിച്ച് കഥാപാത്രങ്ങള്‍ ക്കെറിഞ്ഞ് കൊടുക്കാറുണ്ട്. എന്നിട്ട് കാതോര്‍ ക്കും . അവര്‍ ക്ക് എന്തെങ്കിലും മാറ്റം സം ഭവിക്കുന്നുണ്ടോ എന്നറിയാന്‍ . ഒരുകാര്യവുമില്ല. അവര്‍ പഴയ പല്ലവി തന്നെ ആവര്‍ ത്തിക്കും .

പക്ഷേ പെണ്‍ കുട്ടികളുടെ മനസ്സുകള്‍ ഇരുന്ന് കരയുന്നത് കേള്‍ ക്കാമായിരുന്നു। അവരെയെല്ലാം മയക്കിയെടുത്ത് പണി പറ്റിച്ചത് ഞാനാണല്ലോ. അത് കൊണ്ട് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയും .എന്തെങ്കിലും ചെയ്തേ പറ്റൂ. രാത്രികളില്‍ വളരെനേരം നിശ്ശബ്ദമായിരുന്ന് ശേഷം പെട്ടെന്ന് ഒച്ചയിടുന്ന നേരമ്പോക്ക് എനിക്കുണ്ട്. അത് അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നതായി തോന്നാറുണ്ട്. ആസമയത്തായിരിക്കും നാടകത്തിലെ വാള്പ്പയറ്റ്. നിശ്ശബ്ദത കിട്ടാതെ എനിക്ക് വെകിളി പിടിക്കും ."എല്ലാത്തിനേം ഞാന്‍ ചവറ്റ് കൊട്ടയിലിട്ട് കത്തിക്കും " ഞാനലറും . അപ്പോള്‍ അവര്‍ നിര്‍ ത്തും .ഓഹ്॥വാതില്‍ ക്കല്‍ ആരോവന്നിട്ടുണ്ട്। വാതിലടയ്ക്കാന്‍ മറന്നു। ഇത് നമ്മുടെ നാടകകൃത്താണല്ലോ।വരൂ വരൂ ॥

അയാള്‍ വന്നില്ല।വാതില്ക്കല്‍ തന്നെനിന്നു. എന്നെ സൂക്ഷിച്ച് നോക്കുകയായിരുന്നു.

" നിങ്ങള്‍ ദസ്തേ വ്സ്കിയുടെ കഥാപാത്രമാണോ അതോ കാഫ്കയുടേതോ ? "

അപ്പോള്‍ ത്തന്നെ ഞാനയാളെ വെടി വച്ച് കൊന്നു। ശല്യം !!

(തുടരും ... )

First published in : http://cherukathakal.blogspot.com/2007/06/blog-post_4168.html

Monday, June 11, 2007

അമ്മുക്കുട്ടിയുടെ ഉത്തരാധുനിക ചിന്തകള്‍

"അമ്മുട്ടീ......അ........മ്മുട്ടീ......"

"മുത്തശ്ശീ....ദാ.....വന്നൂ....."

'ഹൊ......സന്ധ്യ ആകുമ്പോഴേക്കും തൊടങ്ങും.......അ.....മ്മു.....ട്ടീ.....അ.....മ്മു.....ട്ടീ.....ന്ന്‌ കാറി വിളിക്കല്‍...ഒരു....' അമ്മുക്കുട്ടി പിറുപിറുത്തു.

"അമ്മുട്ട്യേ....നേരം ഇരുട്ടി....നീ ആ വെളക്ക്‌ വേഗം വയ്ക്കടീ....."

"ദാ......എത്തി...."

'നാശം......പണ്ട്‌ വൈദ്യുതി ഇല്ലാത്തതിനാല്‍ ഉമ്മറത്ത്‌ വെളിച്ചം കാണാന്‍ ആരോ തുടങ്ങിവച്ച ഏര്‍പ്പാടാ......ഇപ്പോ വീട്ടിലെ സകല ബള്‍ബും ഓണാക്കീട്ട്‌ , പിന്നെ ഒരു വെളക്കും...'അമ്മുക്കുട്ടി പിറുപിറുത്തുകൊണ്ടിരുന്നു.

"ടീ....വെളക്ക്‌ വക്കാന്‍ വൈക്യാലേ.....ദേവന്മാര്‍ക്ക്‌ പകരം അസുരന്മാര്‍ വീട്ടീ കേറും"

'ഓ പിന്നേ...വെളക്ക്‌ വച്ചില്ലെങ്കി ദേവന്മാര്‍ക്ക്‌ കണ്ണ്‌ കാണില്ലാലോ ? ഉം...വെളക്ക്‌ വക്കാന്‍ വൈകിയ ഒരു ദിവസം അസുരന്‍ കയറിയതാവും ഈ മുത്തശ്ശിക്ക്‌ ഇങ്ങനെ.......'ദ്വേഷ്യം അടക്കിപ്പിടിച്ച്‌ അമ്മുക്കുട്ടി അകത്തേക്കോടി.

"പ്ധിം..." അമ്മുക്കുട്ടി എന്തിലോ വഴുതി വീണു.

"എന്താടീ അവിടൊന്നൊര്‌ ...." ശബ്ദം കേട്ട്‌ മുത്തശ്ശി വിളിച്ചു ചോദിച്ചു.കയ്യില്‍ എന്തോ നനവ്‌ തട്ടിയ അമ്മുക്കുട്ടി വീണിടത്ത്‌ കിടന്ന്‌ കൈ പൊക്കി നോക്കി -
'ഛീ...വെറ്റില മുറുക്കിയത്‌....നാശം....തുപ്പാന്‍ കണ്ട ഒരു സ്ഥലം....' അമ്മുക്കുട്ടിക്ക്‌ വീണ്ടും കലികയറി.

"എടീ ....ദാ....പറഞ്ഞേ.....സന്ധ്യക്ക്‌ മുമ്പേ പെങ്കുട്ട്യേള്‌ വീട്ടീക്കേറണമ്ന്ന്‌..."

"ആ...ദാ...അമ്മൂമയുടെ വിള...ണിം...ണിം...ണിം..." എന്തിലോ തട്ടിത്തടഞ്ഞ്‌ വീണ്ടും അമ്മുക്കുട്ടിയും വിളക്കും നിലത്തുരുണ്ടു.

"എന്താടീ.... നീ ഇന്ന്‌ വീഴാന്‍ നോമ്പ്‌ നോറ്റോ...?" മുത്തശ്ശി വീണ്ടും വിളിച്ചു ചോദിച്ചു.

വേദനയമര്‍ത്തിക്കൊണ്ട്‌ അമ്മുക്കുട്ടി ചുറ്റുംനോക്കി - ' തട്ടിത്തടഞ്ഞ്‌ വീഴാന്‍ എന്താപ്പോ ഇവിടെ....ങേ!! ദേ കിടക്കുന്നു പ്രതി....അമ്മൂമയുടെ കോളാമ്പി !! അമ്മൂമയെ ഞാനുണ്ടല്ലോ.....'അമ്മുക്കുട്ടി പല്ലിറുമ്മി.

'ഇതിനെ ഇവിടന്ന്‌ പുറത്ത്കളഞ്ഞിട്ട്‌ തന്നെ ഇനി കാര്യം.....അച്ഛന്‍ വരുമ്പോള്‍ പറയണം....അതിനിപ്പോ അച്ഛന്‍ ഇനി എന്ന വരാ...' അമ്മുക്കുട്ടി ആലോചിച്ചു.

പിറ്റേ ദിവസം രാവിലെ മുതല്‍ അമ്മുക്കുട്ടി അമ്മൂമയെ പുറത്താക്കാനുള്ള വഴികള്‍ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു.അപ്പോഴാണ്‌ അമ്മൂമ, അടുക്കളയുടെ അടുത്ത്‌ എന്തോ ചെയ്യുന്നത്‌ അമ്മുക്കുട്ടിയുടെ ശ്രദ്ധയില്‍ പെട്ടത്‌.

'നാശം ...ഇപ്പോ വിളി തൊടങ്ങും...'അമ്മുക്കുട്ടി മനസ്സില്‍ പറഞ്ഞതും അമ്മൂമയുടെ വിളി എത്തി.

"അമ്മുട്ട്യേ....അ.....മ്മു....ഒന്നിവിടെ വന്നേ...."മനസ്സില്ലാമനസ്സോടെ അമ്മുക്കുട്ടി മുത്തശ്ശിയുടെ അടുത്തെത്തി ഗൗരവത്തോടെ ചോദിച്ചു.

"എന്താ?"

"ദേ.....ഇതൊന്ന്‌ അടുക്കിവക്കാന്‍ കൂടി തന്നേ..."

'ശ്ശൊ......എന്തൊരു കഷ്ടാ ത്‌....ജാംബവാന്റെ കാലത്തുള്ള പഴംതുണികളാ... ഉരുട്ടി ഉരുട്ടി സഞ്ചീലാക്കി വച്ചിരിക്കുന്നത്‌.....അതീന്ന്‌ എന്തോ തെരഞ്ഞ്‌ തെരഞ്ഞ്‌ എല്ലാം കൂടി പൂരം കഴിഞ്ഞ പറമ്പ്‌ പോലെ ഇവിടെ പരത്തി ഇട്ടിട്ട്‌ അമ്മുട്ട്യേ...അമ്മുട്ട്യേ...ന്ന്‌ വിളിക്ക....തീയങ്ങ്‌ വച്ചാലുണ്ടല്ലോ ഞാന്‍...'വായ വക്രിച്ചുകാട്ടി മുത്തശ്ശിയെ കുറ്റപ്പെടുത്തികൊണ്ട്‌ അമ്മുക്കുട്ടി തുണികള്‍ സഞ്ചിയില്‍ തന്നെ കുത്തിനിറച്ചു.

സമയം പിന്നെയും ഇഴഞ്ഞ്‌ നീങ്ങി.ഊണിന്റെ സമയത്തും അമ്മുക്കുട്ടി മുത്തശ്ശിയെ പുറത്താക്കാനുള്ള വഴികള്‍ ആലോചിച്ചുകൊണ്ടിരുന്നു.മുത്തശ്ശിയാകട്ടെ ഊണും കഴിഞ്ഞ്‌ വര്‍ക്കേരിയയിലെ കട്ടിലില്‍ കിടന്ന്‌ മയക്കത്തിലാണ്ടു.പെട്ടെന്നാണ്‌ അമ്മുക്കുട്ടി ആ ശബ്ദം കേട്ടത്‌.

"പഴയ സാധനങ്ങളുണ്ടോ ....?"

അമ്മുക്കുട്ടി വീട്ടിന്‌ മുന്നിലേക്കോടി.മുഷിഞ്ഞ വേഷത്തില്‍ ഒരു തടിമാടന്‍ , ചാക്കുമായി നില്‍ക്കുന്നു.അയാളെ കണ്ടപ്പോള്‍ തന്നെ അമ്മുക്കുട്ടിക്ക്‌ പേടിയായി. ധൈര്യം സംഭരിച്ചുകൊണ്ട്‌ അമ്മുക്കുട്ടി ആഗതനോട്‌ പറഞ്ഞു.

"ദേ.....അപ്പുറത്തുണ്ട്‌..."

"എത്ര കിലോ കാണും..?" സന്തോഷത്തോടെ അയാള്‍ അമ്മുക്കുട്ടിയോട്‌ ചോദിച്ചു.

"അതൊന്നും എനിക്കറിയില്ല......സാധനം അടുക്കളയുടെ വര്‍ക്കേരിയയിലുണ്ട്‌..."

ആഗതന്‍ വര്‍ക്കേരിയയില്‍ പോയി നോക്കി, ഒന്നും കാണാതെ അമ്മുക്കുട്ടിയോട്‌ ചോദിച്ചു - "എവിടെ സാധനം ?"

"ദേ...ആ...കട്ടിലില്‍ കിടന്നുറങ്ങുന്നു...."

"അത്‌..അത്‌...ഒരു സ്ത്രീ അല്ലേ ?"

"ആ.....ഈ വീട്ടിലെ ഏറ്റവും പഴയ സാധനം അതാ !! ഉറക്കമുണരുന്നതിന്‌ മുമ്പ്‌ വേഗം ചാക്കിലാക്കിക്കോ...."

Wednesday, June 6, 2007

ചുവപ്പും പച്ചയും - (ഒ. എം. രാമകൃഷ്ണന്‍)

നിറഭേദമില്ലാത്ത രാത്രികളില്‍
നിന്‍റെ സിരകളില്‍ ഞാന്‍റെ രക്തം നിറക്കാം.
കരിശൈത്യമുറഞ്ഞ
നിന്‍റെ മരതകച്ചുണ്ടുകളിലേക്കെന്‍റെ
തലയിലെ ചൂട് തരാം.

ഹരിതേ,
നിഴലുകള്‍ നാവിയകറ്റിയ നിന്‍
മുടിയിഴകളിലൂടെന്‍
വിരലുകളുടക്കി നടക്കേ
അറിയുന്നേ
നീയും ഞാനും
ഉറവുകള്‍ തേടി നടന്നോര്‍...
ഒരു യുഗസന്ധ്യയിലെവിടെയോ
പൊട്ടിമുളച്ച്
തെണ്ടിയലഞ്ഞ്
തേങ്ങി വളര്‍ന്ന്
ചിരിച്ച് നിറഞ്ഞോര്‍....

Tuesday, June 5, 2007

അന്ത്യദിന ഘടികാരവും ആഗോളതാപനം എന്ന ഭീഷണിയും

"മനുഷ്യഹസ്തങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും വിനാശം പ്രത്യക്ഷപ്പെട്ടിരിക്കുന്നു " - ( വിശുദ്ധ ഖുര്‍ആന്‍ 30:41 )

സമാധാനത്തിന്റെ വെള്ളരിപ്രാവ്‌ അടയിരിക്കുകയാണ്‌ - 26000 ആണവായുധങ്ങള്‍ക്ക്‌ മുകളില്‍ !!! കാതങ്ങള്‍ക്കപ്പുറത്ത്‌ നിന്നും ഇരമ്പി വരുന്ന ഒരു പ്രളയത്തില്‍ പ്രപഞ്ചമൊന്നടങ്കം മുങ്ങിത്താഴ്‌ന്ന്‌ അവസാനിക്കുമെന്ന്‌ പുരാണങ്ങള്‍ പറയുന്നു.(സുനാമിത്തിരകള്‍ പലരെയും ഈ പ്രവചനം ഓര്‍മ്മിപ്പിച്ചു).കാലം മാത്രം ശേഷിക്കുന്ന ഒരു ദിനത്തെ ശാസ്ത്രവും പ്രതീക്ഷിക്കുന്നു.അതിനായി അറുപത്‌ വര്‍ഷമായി ശാസ്ത്രലോകത്ത്‌ ഒരു സാങ്കല്‍പ്പിക അന്ത്യദിന ഘടികാരം (Doomsday Clock) കറങ്ങിക്കൊണ്ടിരിക്കുന്നു.(ലോകം അഭിമുഖീകരിക്കുന്ന ഭീഷണികളുടെ തീക്ഷ്ണതയും രൂക്ഷതയും ലോകനേതാക്കളെ ബോധ്യപ്പെടുത്താനും ഉണര്‍ത്താനുമുള്ള ഒരു പ്രതീകാത്മക സമ്പ്രദായമാണിത്‌.അമേരിക്കയിലെ ഷിക്കാഗോയില്‍ 1947 - ലാണ്‌ ഈ ഘടികാരം സ്ഥാപിച്ചത്‌.വിരോധാഭാസമാകാം, അമേരിക്കയുടെ ആദ്യ ആറ്റം ബോംബ്‌ നിര്‍മ്മാണ സംഘത്തില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ തുടങ്ങിവച്ച "ബുള്ളറ്റിന്‍ ഓഫ്‌ ദ അറ്റമിക്‌ സയന്റിസ്റ്റ്‌ " എന്ന പ്രസിദ്ധീകരണത്തിന്റെ ഡയരക്ടര്‍ ബോര്‍ഡംഗങ്ങളാണ്‌ ഇതിന്‌ രൂപം നല്‍കിയത്‌.)ലോകം നേരിടുന്ന വിവിധ ഭീഷണികള്‍ക്കനുസരിച്ച്‌ ഈ ഘടികാരസൂചിയിലും വ്യത്യാസം വരും.സര്‍വ്വനാശത്തിന്‌ ഇനി ശേഷിക്കുന്ന സമയമാണ്‌ ഈ ക്ലോക്കില്‍ തെളിഞ്ഞുനില്‍ക്കുന്നത്‌.ലോകത്തിനുള്ള ഒരു മുന്നറിയിപ്പായി ഇത്‌ നിലകൊള്ളുന്നു.

അമേരിക്ക, റഷ്യ, ബ്രിട്ടന്‍ ,ഫ്രാന്‍സ്‌ ,ചൈന ,ഇസ്രായേല്‍ ,ഇന്ത്യ ,പാകിസ്ഥാന്‍ ,ഉത്തര കൊറിയ എന്നിങ്ങനെ ആണവശക്തി വെളിപ്പെടുത്തിയ രാജ്യങ്ങളും ഇനിയും വെളിപ്പെടുത്താത്ത രാജ്യങ്ങളും ഈ സര്‍വ്വനാശത്തിലേക്കുള്ള കുതിപ്പിന്‌ ആക്കം കൂട്ടുന്നു.പതിനായിരത്തിലേറെ ആണവായുധങ്ങളാണ്‌ അമേരിക്കയുടെ ശേഖരത്തിലുള്ളത്‌.വര്‍ഷംതോറും 1.6 ലക്ഷം കോടി രൂപ ആണവായുധ ഗവേഷണത്തിനായി , സമാധാനത്തിന്റെ അപ്പോസ്തലന്മാരെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന അമേരിക്ക ഇപ്പോളും ചെലവിടുന്നു!!!

ഇക്കഴിഞ്ഞ ജനുവരി 17 ന്‌ അന്ത്യദിന ഘടികാരസൂചി രണ്ട്‌ മിനുട്ട്‌ അര്‍ദ്ധരാത്രിയിലേക്ക്‌ നീക്കി ക്രമീകരിക്കപ്പെട്ടു.ഇപ്പോള്‍ അന്ത്യദിന ഘടികാരത്തില്‍ അര്‍ദ്ധരാത്രിയിലേക്കുള്ള ദൂരം വെറും അഞ്ച്‌ മിനുട്ടാണ്‌.അതായത്‌ സര്‍വ്വനാശത്തിലേക്ക്‌ ഇനി വെറും അഞ്ച്‌ മിനുട്ട്‌ ദൂരം മാത്രം !!!

1945 ആഗസ്ത്‌ 6 ന്‌ ജപ്പാനിലെ ഹിരോഷിമയില്‍ 'ലിറ്റില്‍ ബോയ്‌' നിക്ഷേപിച്ചുകൊണ്ട്‌ അമേരിക്ക ഉത്ഘാടനം ചെയ്ത ആണവയുഗം ഇന്ന്‌ വിവിധ രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന 26000 ത്തില്‍ അധികം ആണവായുധങ്ങളില്‍ എത്തിനില്‍ക്കുന്നു.ആണവയുഗത്തിന്റെ ഉത്ഘാടനം രണ്ട്‌ ലക്ഷത്തിലേറെ മനുഷ്യജീവനുകളാണ്‌ അപഹരിച്ചതെങ്കില്‍ സാങ്കേതിക വിദ്യ ബഹുദൂരം മുന്നിലെത്തിയ ഇന്ന്‌ ലോകത്തെ മുഴുവന്‍ ചുട്ടുകരിക്കാന്‍ , കരിച്ച്‌ കരിച്ച്‌ ചാമ്പലാക്കാന്‍ ഈ 26000 ആണവായുധങ്ങളില്‍ 100 എണ്ണം പോലും വേണ്ടിവരില്ല എന്ന്‌ നാമോര്‍ക്കണം.

ആണവഭീഷണി കഴിഞ്ഞാല്‍ ഇന്ന്‌ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആഗോളതാപനവും അതുമൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുമാണ്‌.അന്ത്യദിന ഘടികാരസൂചി ക്രമീകരണത്തിന്‌ ആദ്യമായി ഇത്തവണ ആഗോളതാപനവും മാനദണ്ഠമായി. ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനമാണ്‌ ആഗോളതാപനത്തിന്‌ കാരണം.

ഭൗമാന്തരീക്ഷത്തില്‍ എത്തിച്ചേരുന്ന ഏറ്റവും പ്രധാനപ്പെട്ട ഹരിതഗൃഹ വാതകമാണ്‌ കാര്‍ബണ്‍ ഡയോക്സൈഡ്‌.വ്യാവസായികവിപ്ലവം തുടങ്ങിയത്‌ മുതലാണ്‌ കാര്‍ബണ്‍ ഡയോക്സൈഡിന്റെ ഉല്‍പാദനവും വര്‍ദ്ധിച്ചത്‌.കല്‍ക്കരി,പെട്രോള്‍,ഡീസല്‍ തുടങ്ങീ ഇന്ധനങ്ങളുടെ അമിത ഉപയോഗവും കാര്‍ബണ്‍ ഡയോക്സൈഡിന്റെ അധിക ഉല്‍പാദനത്തിന്‌ കാരണമായി.ദിനംപ്രതിയെന്നോണം കൂടിക്കൂടി വരുന്ന മോട്ടോര്‍വാഹനങ്ങളുടെ പെരുപ്പം പുരോഗതിയിലേക്കല്ല അധോഗതിയിലേക്കും സര്‍വ്വനാശത്തിലേക്കുമാണ്‌ വിരല്‍ ചൂണ്ടുന്നത്‌.

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ സാന്ദ്രത ഒരു ശതമാനമായാല്‍ ശരാശരി താപനില 100 ഡിഗ്രി സെല്‍ഷ്യസ്‌ ആകും - അഥവാ വെള്ളം തിളക്കുന്ന ചൂട്‌.(ഇപ്പോള്‍ ഭൂമിയിലെ ശരാശരി താപനില 14 ഡിഗ്രി സെല്‍ഷ്യസ്‌ മാത്രം).സ്വഭാവികമായും ഈ ഊഷ്മാവില്‍ ജീവന്റെ നിലനില്‍പ്‌ അസാധ്യമാകും.U N -ന്‌ കീഴിലുള്ള Inter Governmental Panal on Climat Change (IPCC) നടത്തിയ പഠനങ്ങള്‍ പ്രകാരം ഈ നൂറ്റാണ്ടവസാനം ഭൂമിയുടെ താപനില 5 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരും.തന്മൂലം ഭൂമിയിലെ പല ആവാസവ്യവസ്ഥകളും തകരും.കാലാവസ്ഥ തകിടം മറിയും.മഞ്ഞുമലകളും ധ്രുവങ്ങളിലെ ഹിമപാളികളും ഉരുകി സമുദ്രനിരപ്പ്‌ ഉയരും.കൂടാതെ ഭൂമിയുടെ ഭ്രമണവേഗത വ്യത്യാസപ്പെടും(ഭ്രമണവേഗത കൂടിയാല്‍ ഭൂമിയില്‍ വസ്തുക്കള്‍ക്ക്‌ നിലനില്‍ക്കാന്‍ സാധ്യമാവില്ല.അവ ഭൂമിയില്‍നിന്ന്‌ തെറിച്ചുപോകും.ഭ്രമണവേഗത കുറഞ്ഞാല്‍ ദിവസത്തിന്റെ ദൈര്‍ഘ്യം വര്‍ദ്ധിക്കും.ഭ്രമണവേഗത കുറഞ്ഞ്‌ കുറഞ്ഞ്‌ ഭ്രമണം നിലക്കുന്ന അവസ്ഥയില്‍ എത്തിയാല്‍ പിന്നെ രാത്രി-പകല്‍ എന്ന സംഭവവികാസങ്ങള്‍ ഇല്ലാതാകും)

ആഗോളതാപനം തടയാനുദ്ദേശിച്ച്‌ U N -ന്റെ നേതൃത്വത്തില്‍ വന്ന ഉടമ്പടിയാണ്‌ ക്യോട്ടോ ഉടമ്പടി.നിര്‍ഭാഗ്യകരവും ലജ്ജാവഹവുമായ നടപടിയെന്ന്‌ വിശേഷിപ്പിക്കട്ടെ ,ആണവായുധങ്ങള്‍ കൂമ്പാരം കൂട്ടുന്നവരും ആഗോളതാപനത്തിന്‌ കാരണമായ ഹരിതഗൃഹ വാതകങ്ങളുടെ ഏറ്റവും വലിയ ഉല്‍പാദകരുമായ അമേരിക്കയുടെ, പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ ബുഷ്‌ അധികാരത്തിലേറി ആദ്യം ചെയ്തത്‌ ക്യോട്ടോ ഉടമ്പടിയില്‍ നിന്നും അമേരിക്ക പിന്മാറുന്നു എന്ന പ്രഖ്യാപനമായിരുന്നു.

അതിനാല്‍ പ്രകൃതിസ്നേഹികളേ, നമ്മുടെയും നമ്മുടെ ചുറ്റും വസിക്കുന്ന അനേകം മിണ്ടാപ്രാണികളുടെയും ഒപ്പം നമ്മുടെ പ്രവര്‍ത്തനങ്ങളെ ധാര്‍ഷ്ട്യത്തോടെ തള്ളുന്നവരുടെയും (!!!) നിലനില്‍പ്പിന്‌ ഈ പരിസ്ഥിതി ദിനത്തില്‍ നമുക്ക്‌ മുന്നിട്ടിറങ്ങാം.താഴെപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക

1) ബൈസിക്കിള്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുക
2) മരങ്ങള്‍ വച്ചുപിടിപ്പിക്കുക ( വര്‍ഷം തോറും ജന്മദിനം കൊണ്ടാടുന്നവരും അല്ലാത്തവരും ഓരോ ജന്മദിനത്തിലും ഓരോതരം വൃക്ഷങ്ങള്‍ നട്ട്‌ പുതിയൊരു മാതൃക സൃഷ്ടിക്കുക)
3) പ്ലാസ്റ്റിക്‌ ഉപയോഗം പരമാവധി കുറക്കുക
4) പ്രകൃതിസ്രോതസ്സുകളെ സംരക്ഷിക്കുക.

ഭൂമിക്ക്‌ ഒരു ഭാരമാവാതെ ഭൂമിക്ക്‌ ഒരു കൈ താങ്ങായി ഞാനും എന്റെ കുടുംബാംഗങ്ങളും വര്‍ത്തിക്കും , വര്‍ത്തിക്കണം എന്ന വാശിയോടെ ഇന്ന്‌ മുതല്‍ നമുക്ക്‌ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കാം.

Sunday, June 3, 2007

പാചകമത്സരം

കൂട്ടരേ,

മോബ് ചാനല്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന പാചക പുസ്തകത്തിലേക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍‌ട്രികള്‍ ക്ഷണിക്കുന്നു.

മോബ് ചാനല്‍ എന്ത്, എന്തിനുവേണ്ടി നിലകൊള്ളുന്നു എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇവിടെ വായിക്കാം. . ഇതിനൊപ്പം ചേരാന്‍, ഒന്നിച്ചു മുന്നേറാന്‍ മാന്യ മലയാളി സഹോദരങ്ങളെ സാദരം ക്ഷണിക്കുന്നു.

തെരഞ്ഞെടുക്കപ്പെടുന്ന ഇരുന്നൂറോളം പാചകക്കുറിപ്പുകളുള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ഓരോ പാചകക്കുറിപ്പിനും സമ്മാനമായി മോബ് ചാനല്‍ ലിസ്റ്റ് ചെയ്തിട്ടുള്ള നൂറുരൂപവരെ വിലയുള്ള ഓരോ പുസ്തകങ്ങള്‍ സൌജന്യമായി സ്വന്തമാക്കാം. ഒരാള്‍ക്ക് എത്ര പാചകക്കുറിപ്പ് വേണമെങ്കിലും അയയ്ക്കാവുന്നതാണ്.

സമയം പാഴാക്കാതെ നിങ്ങളുടെ ഇഷ്ടപാചകം ഇവിടെ പബ്ലിഷ് ചെയ്യൂ.

ആശംസകള്‍.