Tuesday, April 17, 2007

കാണാക്കരങ്ങള്‍

" ന്താ കുട്ടാ ദ്‌ ഒന്നു മാറിനിക്കൂ , പാല്‌ തട്ടി പ്പൂവും"

അപ്പുവിന്‍റ്റെ കഴുത്തിലെ കയറില്‍ വലിച്ചുപിടിക്കവെ ,ഇടയില്‍ ചാടിയ മകന്‍ കുട്ടനോട്‌ അമ്മിണിയുടെ ശകാരം.

മാളു അപ്പുവിനെ പ്രസവിച്ചിട്ടു അധികം നാളായിട്ടില്ല.

" എന്താണമ്മെ , അപ്പു പാവല്ലെ , അവന്‍റ്റെ പാലല്ലെ അമ്മ എടുക്കുന്നത്‌!"

കുട്ടന്‍റ്റെ പരാതി കേട്ട്‌ , വൈകുന്നേരം മാളുവിനെ കറക്കേണ്ടെന്ന്‌ അമ്മിണി തീരുമാനിച്ചു.

" അമ്മേ ദാ ഈ കുട്ടനെയൊന്നു വിളിക്കൂ..ഇല്ലെങ്കില്‍ ഈ പാലൊക്കെ തട്ടിക്കളയും"

“കുട്ടാ, ങ്ങട്ട് പോന്നോളൂ , ദോശ കഴിച്ചാകാം ഇനി കളി”

അടുക്കളയില്‍ നിന്നും ദേവകിയമ്മ മാടിവിളിച്ചു.

"മാളൂ , ഈയിടെയായി നീ വളരെകുറവ്‌ പാലാ തരുന്നത്‌ ,ഇങ്ങനെയാണെങ്കില്‍ അപ്പുവിന്‍റ്റേതുകൂടി ഞാന്‍ ചന്ദ്രന്‍റ്റെ ചായപ്പീടികയില്‍ കൊടുക്കേണ്ടിവരും!!"

അമ്മിണിയുടെ പരാതി കേട്ട്‌ മാളു ദയനീയമായി നോക്കി.

" അമ്മേ , സൈദാലിക്കാട്‌ നാളെമുതല്‍ പാലുണ്ടാകില്ലാന്നു പറഞ്ഞോളൂ ,ഇതെന്നെ അപ്പൂന്‍റ്റെ വീതമാ..കുട്ടിയല്ലെ അവന്‍"

കുട്ടന്‍റ്റെ കയ്യും പിടിച്ചു പാല്‍ പാത്രവുമായി നടക്കാന്‍ തുടങ്ങവെ ദേവകിയമ്മ ഒന്നിരുത്തിമൂളി.

" ന്താ ചേച്ചീ..വേണുവേട്ടനെണീറ്റില്ലെ? , പൊന്നാനിയില്‍നിന്നുമാണ്‌ ഇന്ന്‌ ലോഡെടുക്കേണ്ടത്‌ "

താഴെ റോഡില്‍നിന്നും പടികള്‍ കയറവെ , മണിയുടെ ചോദ്യം.
ലോറിഡ്രൈവറായ വേണുവിന്‍റെ സഹായി യാണ് മണി.

" ദാ പ്പോ വിളിക്കാം , മണി കയറിരിക്കൂ "

കാക്കികുപ്പായം ധരിച്ച വേണു ചുമരില്‍ തൂക്കിയ കണ്ണാടിയില്‍നോക്കി പൌഡര്‍ ഇടുന്നത്‌ കണ്ട്‌ മണി‍:

"ഓ..ജയനാണെന്നാ വിചാരം ...ന്റെ വേണുവേട്ടാ ഒന്നു വേഗം വന്നെ ,ഇന്നലെതന്നെ വൈകിവന്നതിനാല്‍ ശരിക്കുറങ്ങാന്‍ പറ്റിയില്ല"

അമ്മിണിയുടെ കയ്യില്‍നിന്നും ചോറ്റുപാത്രം വാങ്ങിക്കുന്നതിനിടെ," മീനുണ്ടോ അമ്മിണീ ചോറിനൊപ്പം?"

" അയ്യോ , ന്നലേം ആ മീങ്കാരന്‍ വന്നില്ലന്നൈ"

" മീനൊക്കെ കടയില്‍നിന്നും കിട്ടും അതും നല്ല പൊരിച്ചത്‌ ,ഒന്നു വരൂ ന്‍റ്റെ വേണുവേട്ടാ"

റോഡില്‍ നിന്നും നീങ്ങിയ ലോറി കണ്ണില്‍ നിന്നും മറയുന്നതുവനെഅമ്മിണി മുറ്റത്തുതന്നെ നിന്നു.

വയനാട്ടില്‍ നിന്നും തിരിക്കുമ്പോഴേ വേണുവിന്‍റ്റെ മനസ്സ്‌ അസ്വസ്ഥമായിരുന്നു.മണി ഒന്നു രണ്ട് തവണ ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല.ലോഡൊന്നുമില്ലാത്തതിനാല്‍ സ്വല്പം സ്പീഡില്‍ തന്നെ ലോറി ഒടിച്ചു.മണിയോട് പിറ്റേന്ന് നേരത്തെ വരാന്‍പറഞ്ഞ് വേണു വീട്ടിലേക്ക് നടന്നു.
വീട്ടുമുറ്റത്ത് സൈദാലിക്കയുണ്ടായിരുന്നു.കുറച്ചപ്പുറത്താണ് സൈദാലിക്കയുടെ വീട്.
അച്ഛനും സൈദാലിക്കയുടെ ബാപ്പയും വല്യകൂട്ടായിരുന്നു.
എല്ലാ പൂരങ്ങള്‍ക്കും , കാളയോട്ട മത്സരങ്ങള്‍ക്കും മുന്നില്‍തന്നെ രണ്ടാളും ഉണ്ടാകും.
ഇത്രവൈകി സൈദാലിക്കയെ വീട്ടില്‍ കണ്ട വേണു പരിഭ്രാന്തനായി.

" ആ വേണു ..ജ്ജ്‌ വന്നോ, ബേജാറാവാനൊന്നുമില്ല , കുപ്പായം മാറ്റി വാ.."

സൈദാലിക്കയുടെ സംസാരത്തില്‍ എന്തോ പന്തികേട്‌ തോന്നിയെങ്കിലും ,ദാ വരുന്നെന്നെ പറഞ്ഞ് വേണു അകത്തേക്ക്‌ പോയി.

മിനിഞ്ഞാന്ന്‌ താന്‍ പോയതിനു ശേഷം‍ അമ്മിണിയുടെ മൂക്കില്‍ നിന്നും രക്തം വന്നതും ,ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തതുമെല്ലാം സൈദാലിക്ക പറഞ്ഞു.
അമ്മ ആശുപത്രിയിലാണെന്നും കുട്ടന്‍ സൈദാലിക്കയുടെവീട്ടിലാണെന്നുമൊക്കെ വേണു മനസ്സിലാക്കി.

" എല്ലാം പോയല്ലോ സൈദാലിക്കാ"ആശുപത്രിയുടെ വരാന്തയില്‍ സൈദാലിക്ക കാലെടുത്തുവെച്ചതും ,വേണു ഓടിവന്ന്‌ കെട്ടിപ്പിടിച്ചു

" ജ്ജെ ന്താ ന്‍റ്റെ വേണൂ ഇങ്ങനെ ആയാല്‍ , അസുഖമൊക്കെ എല്ലാര്‍ക്കും വരുന്നതല്ലെ ,ഐനല്ലെ ആസ്പത്രികളുള്ളത്‌ , ആ കുട്ടിക്ക്‌ വെഷമാവുല്ലെ"

വേണുവിനെ പുറത്തുകൊട്ടി സമാധാനിപ്പിക്കുന്നതിനിടെ , മണിയോട് സൈദാലിക്ക:

" ഡോകറ്റര്‍ ന്താ പറഞ്ഞത്‌?"

" തുടക്കമാണത്രെ ...ചികിത്സ ഉടന്‍ തുടങ്ങണമെന്നും , ഇല്ലെങ്കില്‍ മറ്റു ഭാഗങ്ങളിലേക്കും പടര്‍ന്നേക്കാമെന്നും പറഞ്ഞു”

"ജ്ജ്‌ ഇവിടെത്തന്നെ വേണം , ഞാന്‍ രാത്രി വരാം ..,പാടത്താളുണ്ടൈ , ദാ ..ദ്‌ കയ്യില്‍ വെച്ചോ "

കാന്‍സര്‍ ഒരു പകര്‍ച്ചവ്യാധി ആണോ അല്ലയോ എന്നുള്ള വേണുവിന്‍റെ സഹോദരങ്ങളുടെയുംഅമ്മയുടെയും ചര്‍ച്ച എവിടെയുമെത്തിയില്ലെങ്കിലും ,ഒരു കാര്യത്തില്‍ തീരുമാനമായി ,അമ്മിണി വീട്ടില്‍ നിക്കാന്‍ പാടില്ല .

“ഒരു പെണ്‍കുട്ടിയുള്ളതാണിവിടെ , അമ്മിണി വേണോങ്കി ഓള്‍ടെ വീട്ടില്‍ നിക്കട്ടെ , കുട്ടന്‌ ഇവിടെനിന്ന്‌ സ്കൂളില്‍ പോകാല്ലോ"

സൈദാലിക്കയുടെ ബാപ്പയുടെ ബാപ്പ ഉണ്ടക്കിയതാണവരുടെ തറവാട്.
ആറു കൊല്ലമായി അടച്ചിട്ടിരിക്കുന്നു. മൂത്തമകന്‍ ഹംസ പുതിയ വീടു വെച്ചതില്‍പിന്നെ സൈദാലിക്കയും , മക്കളും അവിടേക്ക്‌ താമസം മാറ്റുകയായിരുന്നു.
അടച്ചിട്ടിരിക്കുന്ന തറവാട്ടില്‍ ‍ പഴയ കുറെ സാധനങ്ങളും പിന്നെ പണിക്കാരുടെ പണിയായുധങ്ങളും ആണുള്ളത്‌.എന്തൊക്കെയോ മനസ്സില്‍ കരുതി വീട്ടില്‍ കയറിയ ഉടന്‍ സൈദാലിക്ക ഭാര്യ കദീജയോട് ,

" കൈജാ , ന്താ അന്റെ അഭിപ്രായം , ഇപ്പോ ഓല്ക്കാരുല്ല , ആ ചെക്കന്‍ ത്രകാലം നോക്കീട്ട്‌ ,ഒരസുഖം വന്നപ്പോ , തള്ളേം കൂടി തള്ളി"

" ങ്ങളാരുടെ കാര്യാ പറയണത്‌ "

" മ്മടെ വേണൂന്‍റ്റെ കാര്യം , ഓന്‍ ഇപ്പോ വാടകക്ക്‌ വീട്‌ നൊക്വാ , നമ്മടെ നാട്ടിലെവിടാടീ വാടകക്ക്‌ വീട്‌"

" ന്നാ പിന്നെ ങ്ങക്കോനോട്‌ ഞമ്മടെ തറവാട്ടില്‌ നിക്കാന്‍ പറഞ്ഞൂടേ , അവിടേണെങ്കില്‍ ആളനക്കവുമുണ്ടാകും"

ഇതുകേട്ടതും വല്ലാത്ത ഒരു തിളക്കമായിരുന്നു സൈദാലിക്കയുടെ മുഖത്ത്‌ ,എങ്ങിനെ അവതരിപ്പിക്കും , എന്തൊക്കെ പ്പറയേണ്ടിവരും ,എതിര്‍പ്പെന്തൊക്കെയാവുമെന്നൊക്കെയായിരുന്നു സൈദാലിക്കയുടെ മനസ്സില്‍.

കുറച്ചുദിവസത്തിനു ശേഷം ആശുപത്രിയില്‍നിന്നും വേണുവും കുടുംബവും സൈദാലിക്കയുടെ തറവാട്ടിലേക്ക്‌ താമസം മാറ്റി.ഇതറിഞ്ഞ നാട്ടുപ്രമാണി മാധവന്‍റ്റെ മുന്നറിയീപ്പ്‌

" സൈദാലിക്കാ..ങ്ങളൊന്നൂടെ ആലോചിക്കുന്നതായിരിക്കും നല്ലത്‌ , പണ്ടത്തെകാലമല്ല"

താന്‍റെ സ്വതവെയുള്ള ചിരിയൊടെ സൈദാലിക്കാടെ മറുപടി.

" മാധവാ , അനക്കും ഇനിക്കുമൊക്കെ എത്ര സ്ഥലം വേണം ഒന്നു നീണ്ടുകിടക്കാന്‍? ആറടി, അതു പോരെ ?"

ഇവരുടെ സംസാരം കേട്ടുനിന്ന സുലൈമാനിക്കയുടെ ചോദ്യം

" പറയാന്‍ എളുപ്പമാ , നിങ്ങള്‍ മക്കളോടു ചോദിച്ചോ"

" എടോ സുലൈമാനെ ,ഞാന്‍ പറഞ്ഞാല്‍ മക്കള്‍ കേള്‍ക്കണം, പിന്നെ ആ വീട്‌ എന്റെയാ , ആര്‍ക്കും ഒരവകാശവുമില്ല"കാലങ്കുടയുടെ കമ്പി നിലത്തുകുത്തി സൈദാലിക്ക നടന്നുനീങ്ങി.

കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു പ്രഭാതം.

കോളിങ്ങ് ബെല്ലിന്‍റെ ശബ്ദം കേട്ടുണര്‍ന്ന സൈദാലിക്ക വാതില്‍ തുറന്നു.മുറ്റത്ത് വേണുവും അമ്മിണിയും നില്‍ക്കുന്നു.

“അല്ല വേണൂ , ജ്ജ് ന്ന് പണിക്കു പോയില്ലെ , അമ്മിണീ കണാറില്ലല്ലോ ഈ വഴിക്കൊന്നും”

“ഇല്ല സൈദാലിക്ക , ഇന്നു പൊയില്ല ,, വീട്ടില്‍തന്നെ പണി”

“അല്ല ചോദിക്കാന്‍ വിട്ടു , എന്തായി അന്‍റെ വീടുപണി , നിക്കു വയ്യടോ അതോണ്ടാ അവിടേക്കൊന്നും വരാത്തതിപ്പോള്‍“

“ഞങ്ങള്‍ കുടിയിരിക്കലിനു വിളിക്കാന്‍ വന്നതാ , നാളെ എല്ലാരും കൂടി വരണം”

“എല്ലാ പണിയും‍ കഴിഞ്ഞോ അമ്മിണീ?” ഉള്ളില്‍ നിന്നും കദീജുമ്മയുടെ അന്വേഷണം.

“ഇല്ല ഉമ്മാ , തേക്കല്‍ ബാക്കിയുണ്ട്”

“ ന്റ്റെ വേണൂ അതുകൂടി കഴിഞ്ഞിട്ടു പോരെ , അന്നെ ആരെങ്കിലും ഇറക്കിവിട്ടൊ ന്റ്റെ വീട്ടീന്ന്?”

“ അതൊക്കെ അങ്ങോട്ട് നടക്കും ഇക്കാ.”
“ഒക്കെ അന്‍റെ ഇഷ്ടം പോലെ , ഞങ്ങള്‍ രാവിലെ വരാം”

ചായകുടിച്ചു പിരിയുമ്പോള്‍, വേണു തന്‍റെ കണ്ണുകള്‍ തുടക്കുന്നത് കദീജുമ്മ കണ്ടതായി നടിച്ചില്ല.

2 comments:

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

ന്റെ തറവാടി.. ച്ചിരികൂടെ ഫ്ലൊ ആക്കാരിന്നില്ലേ ഇങക്ക്?? എവിടെയോ മിസ്സ് ആയ പോലെ.. ന്നാലും നന്നായിട്ടിണ്ട് ട്ടോ..!

ittimalu said...

തറവാടി.. തറവാട്ടില്‍ പിറന്ന വാടക വീടാണല്ലോ .. ഇതിനു വാടകയില്ലല്ലെ ...