Tuesday, April 10, 2007

വയനാടന്‍ മണ്ണിലൂടെ....


ഷാജു എന്ന ഗൈഡ്..
ഈസ്റ്റര്‍ തലേന്ന് ശനിയാഴ്ച്ച..റബറിലകള്‍ വീണുറങ്ങുന്ന തോട്ടുമുക്കം പ്രഭാതത്തില്‍ 6:00 മണിക്കുള്ള 'അമ്പാടി' ബസ്സില്‍ ഞാന്‍ വയനാടന്‍ മണ്ണിലേക്കുള്ള യാത്ര ആരംഭിച്ചു..തലേന്നു തന്നെ കല്‍പ്പറ്റയില്‍ വന്നു തമ്പടിച്ചിട്ടുള്ള എന്റെ ബാംഗ്ലൂര്‍ സഹപ്രവര്‍ത്തകര്‍ക്കു വഴികാട്ടിയാവുക എന്നതാണു എന്റെ ലക്ഷ്യം.ബസ്സില്‍ യാത്രക്കാര്‍ വളരെ കുറവായിരുന്നു. കൂമ്പാറക്ക്‌ ടിക്കറ്റ്‌ എടുത്തു. 20 മിനിറ്റ്‌ യാത്രക്കു ശേഷം ബസ്‌ കൂമ്പാറ എന്ന കൊച്ചു കുടിയേറ്റ ഗ്രാമത്തില്‍ എത്തി.കോഴിക്കോട്‌ മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ വേണ്ടിയാവണം ചൂരല്‍ കൊട്ടകള്‍ ബസ്സിനു മുകളിലേക്കു കയറ്റുന്ന യാത്രക്കാരെ കണ്ടു.
കക്കാടംപൊയ്യില്‍ എന്ന മനോഹരമായ 'ടൂറിസ്റ്റ്‌' കേന്ദ്രത്തില്‍ നിന്നും പുറപ്പെടുന്ന സുല്‍ത്താന്‍ ബത്തേരി വരെയുള്ള 'ആനവണ്ടി ലിമിറ്റഡ്‌ സ്റ്റോപ്‌' 6:25 നു തന്നെ കൂമ്പാറ സ്റ്റോപ്പില്‍ എത്തി. വഴിയരികിലൂടെ കയ്യില്‍ കൊന്തയും,മനസ്സില്‍ ഭക്തിയുമായി പള്ളികളിലേക്കു നടന്നു പോവുന്നവര്‍ ബസ്സിനു വഴിമാറികൊടുക്കുന്നതു കാണാം..
ടാപ്പിങ്ങ്‌ കത്തിക്കൊപ്പം ഒരു പാലരുവി പോലൊഴുകി വരുന്ന റബര്‍മരങ്ങള്‍ക്കിടയിലൂടെ..നിരവധി യാത്രക്കാരെ കയറ്റിയും കുറേപ്പേരെ ഇറക്കിയും കുടിയേറ്റ ഗ്രാമങ്ങളായ തിരുവമ്പാടി,കൂടരന്‍ഞ്ഞി,വേനപ്പാറ,കോടഞ്ചേരി,ഈങ്ങാപ്പുഴ എന്നീ പ്രദേശങ്ങള്‍ പിന്നിട്ട്‌ അടിവാരത്തെത്തി.
ഇനി അങ്ങോട്ട്‌ വയനാടന്‍ ചുരം ആണു..12 കിലോമീറ്റര്‍ നീളത്തില്‍ കോഴിക്കോട്‌ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ചുരം താമരശ്ശേരിച്ചുരം എന്ന പേരിലും അറിയപ്പെടാറുണ്ട്‌..
വളഞ്ഞും പുളഞ്ഞും നിരവധി മലകള്‍ക്കിടയിലൂടെ കടന്നു പോവുന്ന ആ ചുരം റോഡിലൂടെ പലതവണ പോയിട്ടുണ്ടെങ്കിലും മനസ്സില്‍ ഒരിക്കലും മടുപ്പു തോന്നിക്കാറില്ല.9 ാ‍ം വളവും കഴിഞ്ഞു ലക്കിടിയിലെ വലിയ കവാടം കടന്നു ബസ്‌ വയനാട്‌ ജില്ലയില്‍ പ്രവേശിച്ചു..

***************
കുറുവാ ദ്വീപിലേക്കാണു ആദ്യ യാത്ര.കല്‍പ്പറ്റ ടൗണില്‍ തന്നെയുള്ള ഒരു ഹോം സ്റ്റേയില്‍ ആണു എന്റെ സഹപ്രവര്‍ത്തകര്‍ താമസിക്കുന്നത്‌. തലേദിവസത്തെ അധ്വാനം ( എടക്കല്‍ ഗുഹ,മീന്മുട്ടി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശ്ശിച്ചു ) നല്‍കിയ ക്ഷീണവും,ആലസ്യവും വകവെയ്ക്കാതെ എല്ലാവരും കുറുവാദ്വീപിലേക്കുള്ള യാത്രക്കുവേണ്ടി ഒരുങ്ങിയിരിക്കുകയായിരുന്നു.

മാര്‍ട്ടിന്‍ ലോപസ്‌ എന്ന കൊച്ചിക്കാരന്‍ ആതിഥേയന്റെ അടുക്കളയില്‍ വിരിഞ്ഞ സ്വാദുള്ള അപ്പവും,മുട്ടസ്റ്റ്യൂവും കഴിച്ച്‌ 14 പേര്‍ അടങ്ങുന്ന സംഘം കുറുവാദ്വീപ്‌ ലക്ഷ്യമാക്കി യാത്ര തിരിച്ചു.

മാനന്തവാടിയില്‍ നിന്നും ഏകദേശം 17 കിലോമീറ്റര്‍ മാറി കബനീ നദിക്കരയില്‍ 950 ഏക്കറോളം വ്യാപിച്ച്‌ കിടക്കുന്ന കുറുവാദ്വീപ്‌ വൈവിധ്യമാര്‍ന്ന ജൈവ സമ്പത്ത്‌ കൊണ്ട്‌ സമ്പന്നമാണു..കല്‍പറ്റയില്‍ നിന്നും പനമരം വഴി കൊയ്‌ലേരി എന്ന കുടിയേറ്റ ഗ്രാമത്തിലൂടെ കുറുവാദ്വീപിലെത്താം.കുറച്ചുകാലം മുന്‍പ്‌ വരേയും നാടന്‍ ലഹരി നിറഞ്ഞൊഴുകിയിരുന്ന ഈ മനോഹരമായ കാനന ഏകാന്തത നാഗരികതയുടേതായ പുത്തന്‍ തുടിപ്പുകളുടെ മനം കുളിര്‍പ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്നു.

വയനാട്‌ ജില്ലാ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ കുറുവാദ്വീപിനെ ടൂറിസം മാപ്പുകളില്‍ ഇടം നേടിക്കൊടുക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ ഫലവത്താകുന്നു എന്നു വെളിപ്പെടുത്തുന്നതായിരുന്നൂ പാര്‍ക്കിംഗ്‌ ലോട്ടില്‍ കണ്ട അന്യസംസ്ഥാന വാഹനങ്ങലുടെ നീണ്ട നിര.ഉച്ചഭക്ഷണത്തിനു വേണ്ട ഏര്‍പ്പാടുകള്‍ അവിടെത്തന്നെയുള്ള ഒരു ചെറിയ ഹോട്ടലില്‍ ചെയ്തതിനുശ്ശേഷം 10 രൂ അടച്ച്‌ ബോട്ട്‌ കടവിലേക്ക്‌ നടന്നൂ.

കബനീ നദീ മുറിച്ച്‌ കടന്ന് ഞങ്ങള്‍ കുറുവാ ദ്വീപിന്റെ കാനനഭംഗിയിലേക്കു അലിഞ്ഞു ചേര്‍ന്നു.ടൂറിസം വകുപ്പിന്റെ കൗണ്ടരില്‍ നിന്നും ടിക്കറ്റ്‌ എടുത്ത്‌ ഷാജു എന്നു പേരുള്ള ഒരു വഴികാട്ടിയോടൊപ്പം കാടിനുള്ളിലൂടെ നടക്കാന്‍ ആരംഭിച്ചു. വീണു കിടക്കുന്ന മരങ്ങള്‍ക്കു മുന്നിലും, മുളക്കൂട്ടങ്ങള്‍ക്കരികിലും നിന്ന് മതിയാകുവോളം ക്യാമറ ക്ലിക്‌ ചെയ്ത്‌ ഞങ്ങള്‍ നടന്നു നീങ്ങി.

കുറുവാദ്വീപിനെക്കുറിച്ച്‌ വാചാലനായ ഷാജു, ദ്വീപിനെ ചുറ്റികിടക്കുന്ന കബനീ നദിയെക്കുറിച്ചും,അപൂര്‍വ ജൈവ സമ്പത്തിനെക്കുറിച്ചും, സഞ്ചാരികള്‍ ഉപേക്ഷിച്ച്‌ പോവുന്ന പ്ലാസ്റ്റിക്‌ അവശിഷ്ടങ്ങളെക്കുറിച്ചും ഒക്കെ സംസാരിച്ചു.കുറുവാദ്വീപ്‌ ഇന്റര്‍നെറ്റില്‍ ഉണ്ട്‌ എന്ന വലിയ അറിവും ആ നല്ലവനായ ഗൈഡ്‌ ഞങ്ങള്‍ക്ക്‌ പകര്‍ന്നു നല്‍കി. ബ്ലോഗില്‍ വരും എന്ന മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഒരു ഫോട്ടോ എടുക്കാനുള്ള അവസരം ഉണ്ടാക്കി തന്നു. ഗോത്രവര്‍ഗ്ഗങ്ങള്‍ ചേര്‍ന്നു രൂപീകരിച്ച സൊസൈറ്റി വഴി തിരഞ്ഞെടുക്കപ്പെട്ട കാടിന്റെ സംരക്ഷകരില്‍ ഒരാളാണു ഷാജു.തമിഴ്‌നാട്ടില്‍ നിന്നും, ബാംഗ്ലൂരില്‍ നിന്നും വന്ന ധാരാളം കുടുംബങ്ങളെ അവിടെ കാണാന്‍ കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ സീസണ്‍ കാലം ഒക്റ്റോബര്‍ മുതല്‍ ഫെബ്രുവരി വരെയാണെന്നു ഷാജു പറഞ്ഞു.

കടുത്ത വേനലിന്റെ വരവറിയിച്ചു കൊണ്ട്‌ കബനീ നദിയും കൈവഴികളും വറ്റിത്തുടങ്ങിയിരിക്കുന്നു.എങ്കിലും ചൂടൊന്നു തണുപ്പിക്കാന്‍ കാട്ടുചോലകളില്‍ കുളിക്കാനിറങ്ങിയവരില്‍ ധാരാളം പേര്‍ ഉണ്ടായിരുന്നൂ.
മുളകള്‍ പ്രണയാതുരരായി മറ്റു മുളംചില്ലകളെ ഉമ്മവെയ്ക്കുന്നശബ്ദവും, പേരറിയാത്ത പക്ഷികളുടെ ഈണങ്ങളും, കുളിരു തേടി വന്ന മനുഷ്യരുടെ ആര്‍പ്പുവിളികളും എവിടേയും കേള്‍ക്കാം.കൂടെ..മലയാളത്തിലുള്ള തെറികളും,കമന്റുകളും..ഞങ്ങളുടെ സംഘത്തിലുള്ള സ്ത്രീജനങ്ങളെ നോക്കിയുള്ള ചില കമന്റുകള്‍ മാനസികരോഗികളുടെ വിലാപങ്ങളായി മാത്രം കരുതി മുന്നോട്ട്‌ നീങ്ങി. കാടിന്റെ പവിത്രതയെ നശിപ്പിക്കുന്ന വിധത്തിലുള്ള ചില 'എന്‍ജോയ്‌മന്റ്‌ സംഘങ്ങളെ' യും അവിടെ കാണാന്‍ കഴിഞ്ഞു. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം..(കാടുകളെ നമുക്കാവിശ്യം, മദ്യപിക്കാന്‍ ഒരിടം എന്നത്‌ മാത്രമാണെന്നു തോന്നിപ്പോകുന്നു..)

കബനീ നദിയുടെ കൈവരികളില്‍,പാറക്കൂട്ടങ്ങള്‍ സാഹസികമായ്‌ മുറിച്ച്‌ കടന്നുള്ള യാത്ര നീണ്ട്‌ 4 മണിക്കൂര്‍ നേരം മടുപ്പറിയിക്കാതെ കടന്നു പോയി..ഇനി ബാണാസുരസാഗര്‍ ഡാം സൈറ്റിലേക്ക്‌,വീണ്ടും ഒരു വേനലിനു മുന്‍പെ തിരിച്ച്‌ കുറുവാദ്വീപിലേക്കു വരുമെന്നു മനസ്സിനെ സാന്ത്വനിപ്പിച്ച്‌ കൊണ്ട്‌ ഞങ്ങള്‍ മടങ്ങി.


കൂടുതല്‍ ചിത്രങ്ങള്‍ക്ക് ചിത്രക്കൂട് സന്ദര്‍ശ്ശിക്കുക : (http://chithrakkudu.blogspot.com/2007/04/blog-post_10.html)

4 comments:

കുട്ടന്‍സ്‌ said...

“ കബനീ നദിയുടെ കൈവരികളില്‍,പാറക്കൂട്ടങ്ങള്‍ സാഹസികമായ്‌ മുറിച്ച്‌ കടന്നുള്ള യാത്ര നീണ്ട്‌ 4 മണിക്കൂര്‍ നേരം മടുപ്പറിയിക്കാതെ കടന്നു പോയി..ഇനി ബാണാസുരസാഗര്‍ ഡാം സൈറ്റിലേക്ക്‌,വീണ്ടും ഒരു വേനലിനു മുന്‍പെ തിരിച്ച്‌ കുറുവാദ്വീപിലേക്കു വരുമെന്നു മനസ്സിനെ സാന്ത്വനിപ്പിച്ച്‌ കൊണ്ട്‌ ഞങ്ങള്‍ മടങ്ങി. “

വയനാടന്‍ മണ്ണിലൂടെ ഒരു യാത്ര...ഇനിയും തുടരും..(ഇഷ്ടമായാല്‍ !!!!)

കുറുമാന്‍ said...

കബനീ നദിയുടെ കൈവരികളില്‍,പാറക്കൂട്ടങ്ങള്‍ സാഹസികമായ്‌ മുറിച്ച്‌ കടന്നുള്ള യാത്ര നീണ്ട്‌ 4 മണിക്കൂര്‍ നേരം മടുപ്പറിയിക്കാതെ കടന്നു പോയി..ഇനി ബാണാസുരസാഗര്‍ ഡാം സൈറ്റിലേക്ക്‌,വീണ്ടും ഒരു വേനലിനു മുന്‍പെ തിരിച്ച്‌ കുറുവാദ്വീപിലേക്കു വരുമെന്നു മനസ്സിനെ സാന്ത്വനിപ്പിച്ച്‌ കൊണ്ട്‌ ഞങ്ങള്‍ മടങ്ങി- നല്ല വിവരണം കുട്ടന്‍സ്. പക്ഷെ അല്പം കൂടെ വിശദമായി വിവരിക്കാമായിരുന്നു.

ശാലിനി said...

തുടരൂ, പക്ഷേ കുറച്ചുകൂടി വിശദമായി എഴുതണം.

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

hmmm..! ഒരു നിശ്വാസം മാത്രം ബാക്കി...