ശ്രീ പരമേശ്വരന്‍ ചണ്ഡാല വേഷധാരിയായി ശങ്കരാചാര്യരെ പരീക്ഷിച്ച പുരവൃത്തത്തിന്റെ പശ്ചാത്തലത്തിലുണ്ടായ തെയ്യമാണ് പൊട്ടന്‍ തെയ്യം. ഇതിവൃത്തം എല്ലാവര്‍ക്കും സുപരിചിതമായതു കൊണ്ട് വീണ്ടും ആവര്‍ത്തിക്കുന്നില്ല, പകരം പൊട്ടന്‍ തെയ്യത്തിന്റെ തോറ്റം പാട്ടിനെ ഏതാനും വരികള്‍ ഇവിടെ കൊടുക്കുകയാണ്. ശ്രീ.സി.എം.എസ്.ചന്തേര 1976ല്‍ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ് ഈ തോറ്റം. തോറ്റം പാട്ട് എന്താണെന്ന് മനസ്സിലാക്കാന്‍ ഇതുപകരിക്കുമെന്ന് കരുതുന്നു. ഒപ്പം ബ്രാഹ്മണവല്‍ക്കരണം തെയ്യങ്ങളില്‍ നടന്നുവെന്ന് മുത്തപ്പന്‍, രാജു ഇരിങ്ങല്‍ എന്നിവരുടെ അഭിപ്രായത്തെക്കുറിച്ച് വായനക്കാര്‍ക്ക് വ്യക്തത കൈവരുമെന്നും പ്രതീക്ഷിക്കുന്നു. പൊട്ടന്‍ തെയ്യം മലയന്‍, പുലയന്‍, ചിറവന്‍, പാണന്‍ തുടങ്ങി പല സമുദായക്കാരും കെട്ടാറുണ്ട്. തീയില്‍ വീഴുന്ന പൊട്ടനും, തീയ്യില്‍ വീഴാത്ത പൊട്ടനും ഉണ്ട്. തെയ്യം നടക്കുന്ന സ്ഥലത്ത് പൊട്ടന്റെ തോറ്റം നടക്കുന്ന സമയത്ത് (വൈകീട്ട് 8 മണിയോടെ) പുളിമരം, ചെമ്പകമരം തുടങ്ങിയ മരങ്ങള്‍ ഉയരത്തില്‍ കൂട്ടിയിട്ട് ഉണ്ടാക്കുന്ന “മേലേരി”ക്ക് തീകൊടുക്കും. രാവിലെ 4-5 മണിയാകുമ്പോഴേക്കും ഇവ ഏകദേശം കത്തി കനലായി തീര്‍ന്നിട്ടുണ്ടാകും. ആ സമയത്താണ് പൊട്ടന്റെ തെയ്യം പുറപ്പെടുക. ഇതിനിടെ കനല്‍ മാത്രം ഒരിടത്തും, കത്തികൊണ്ടിരിക്കുന്നവ മറ്റൊരിടത്തും കൂട്ടിയിടും. പൊട്ടന്‍ തെയ്യം കത്തുന്ന തീയിലും, കനലിലിലും മാറി മാറി ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യും . തീയെ പ്രതിരോധിക്കുവാന്‍ കുരുത്തോലകൊണ്ടുള്ള് “ഉട” ഉണ്ടെങ്കിലും വളരെയധികം ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ പൊള്ളലേല്‍ക്കുവാന്‍ സാധ്യതയുള്ളൊരനുഷ്ഠാനമാണിത്. കത്തുന്ന തീയില്‍ ഇരിക്കുമ്പോഴും “കുളിരണ്, വല്ലതെ കുളിരണ്“ എന്നാണ് പൊട്ടന്‍ തെയ്യം പറയാറ്!!!! കണ്ടു നില്‍ക്കുന്നവരില്‍ ഭക്തിയും ഭീതിയും ഉണര്‍ത്തുന്ന രംഗമാണിത്. കത്തുന്ന തീയില്‍ പൊട്ടന്‍ തെയ്യം കിടക്കുന്ന ചിത്രം താഴെ കാണാം. സാധാരണ തെയ്യങ്ങള്‍ക്കു കണ്ടു വരാറുള്ള് മുഖത്തെഴുത്ത് ഈ തെയ്യത്തിനില്ല പകരം മുഖത്ത് നേരത്തെ തന്നെ തയ്യാറാക്കിയ മുഖാവരണം അണിയുകയാണ് പതിവ്.
പരദൈവം പൊലിക കാപ്പന്ത പൊലിക
പന്തല്‍ പൊലിക പതിനാറഴകിയ
കാപ്പന്തല്‍ പൊലികാ.......
മുപ്പത്ത് മൂന്ന് മരം നട്ട കാലം....
അമ്മരം പൂത്തൊരു പൂവുണ്ടെന്‍ കൈമേല്‍
പൂവും പുറിച്ചവര്‍ നാര്‍ തേടിപ്പോമ്പോ
പൂവൊടുടന്‍ ആരൊടുടന്‍ ചെന്നുകൊള്ളാം
വഴി തിരി തിരി തിരി കള്ളപ്പുലയാ......
തിരി തിരിയെന്ന് തിരിയാന്‍ പറഞാല്‍
തിരിവാനും പാരം വില്യുണ്ടെനിക്ക്,
അങ്ങെല്ലാം കാടല്ലോ ഇങ്ങെല്ലാം മുള്ള്
എങ്ങനെ അടിയന്‍ വഴിതിരിയേണ്ടൂ?
ഒക്കത്ത് കുഞുണ്ട് തലയിലെ കള്ള്
എങ്ങനാ അടിയന്‍ വഴിതിരിയേണ്ടൂ?
ആളുമണിയായിക്കടക്കും കടവ്
ഇക്കരവന്നിട്ടണയുമാത്തോണി
അപ്പോഴേ കൂടക്കടക്കയ്യും വേണം
തക്കമറിഞ്ഞു കടന്നുകൊണ്ടാല്‍
താനേ കടക്കാം കടവുകളെല്ലാം
ആറും കടന്നിട്ടക്കരച്ചെന്നാല്‍
ആനന്ദമുള്ളോനെ കാണാന്‍ പോലന്നേ....
തോണിക്കകത്ത് നീര്‍ കണ്ടില്ലെ ചൊവ്വറ്?
നാന്‍ തന്ന തേങ്ങ്യുടച്ചില്ലേ നിങ്കള്?
തേങ്ങ്കകത്ത് നീര്‍ കണ്ടില്ലേ ചൊവ്വറ്?
നാങ്കളെ കുപ്പയില്‍ നട്ടൊരു വാഴ-
പ്പഴമല്ലേ നിങ്കളെ തേവന് പൂജ?
നാങ്കളെ കുപ്പയില്‍ നട്ടൊരു തൃത്താ-
പ്പോവല്ലോ നിങ്കടെ തേവന്ന് മാല
പൂക്കൊണ്ട് മാലതൊടുക്ക്വല്ലോനുങ്കള്
പൊല്‍കൊണ്ട് മാല്‍ തൊടുക്ക്വല്ലോ നാങ്കള്‍
ചന്ദനം ചാര്‍ത്തി നടക്ക്വല്ലോനുങ്കള്‍
ചേറുമണിഞ്ഞ് നടക്കുമീ നാങ്കള്‍
വീരളിചുറ്റി നടക്ക്വല്ലോനുങ്കള്‍
മഞ്ചട്ടി ചുറ്റി നടക്കുമേ നാങ്കള്‍
വാളും പലിശയും എടുക്ക്വല്ലേനുങ്കള്‍
മാടിയും കത്തിയും എടുക്കുമേ നാങ്കള്‍
പൂക്കുട ചൂടി നടക്ക്വല്ലെനുങ്കള്‍
പൂത്താലി ചൂടി നടക്ക്വല്ലോ നാങ്കള്‍
ആനപ്പുറങ്കേറി നിങ്കള്‍ വരുമ്പോ
പോത്തിന്‍ പുറങ്കേറി നാങ്കള്‍ വരുമേ!!
നാങ്കല്‍ പലര്‍കൂടി തോട് പഴുക്കും
നിങ്കല്‍ പലര്‍കൂടി മോലോത്ത് പൊമ്പോ
നാങ്കള്‍ പലര്‍കൂടി മന്നത്ത് പോകും
“നീങ്കളും നാങ്കളും ഒക്കും!" :
നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?
പിന്നെന്തെ ചൊവ്വറ് കുലം പിശക്ന്ന്?
തീണ്ടിക്കൊണ്ടല്ലേ കുലം പിശക്ന്ന്!
എല്ലെല്ലക്കൊയില്‍ കുല പിശകൂലം
മാപ്പിളക്കൊയില്‍ കുലം പിശകഏണ്ട്!
പെരിയോന്റെ കോയീക്കലെല്ലാരും ചെന്നാല്‍
അവിടെക്ക് നീങ്കളും നാങ്കളുമൊക്കും!
...........................................................
.............................................................
(ഫോട്ടോ കടപ്പാട്: http://www.kannurtourism.org/)
Posted by KANNURAN - കണ്ണൂരാന്‍ at 3:10 AM
6 comments:
KANNURAN - കണ്ണൂരാന്‍ said...
പുതിയ പോസ്റ്റ്... പൊട്ടന്‍ തെയ്യത്തിന്റെ തോറ്റം.. തോറ്റം പാട്ട് ബ്ലോഗിലെഴുതണമെന്നു മുച്ചിലോട്ട് ഭഗവതിയുടെ പോസ്റ്റില്‍ കമന്റിട്ട സു-വിനു ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു..
3:16 AM
സാരംഗി said...
കണ്ണൂരാനേ...ഇതും നന്നായിട്ടുണ്ട്, ഇപ്പോഴാണു വായിയ്ക്കാന്‍ കഴിഞ്ഞത്.. പാട്ടു കൂടെ ചേര്‍ത്തത് നന്നായി...മേലേരിയില്‍ വീഴുമ്പോള്‍ പൊള്ളാതിരിയ്ക്കുന്നത് ഒരത്ഭുതം തന്നെ അല്ലേ?
10:15 PM
ittimalu said...
കണ്ണൂരാനെ.. നന്നായി.. തോറ്റം പാടാന്‍ പറ്റിയ സമയം തന്നെ ബൂലോഗത്ത്... എല്ലാരും മേലേരിയില്‍ കിടന്നു കുളിരുകയല്ലെ...ഹോ..
9:28 PM
Praveen said...
അതേ നന്നായീ ... ഇട്ടിമാളൂ പറഞ്ഞതിനോടു നൂറൂ ശതമാനം യോജിക്കുന്നു...
10:01 PM
പൊതുവാള് said...
കണ്ണൂരാനേ,പൊട്ടന്‍ തെയ്യം കാണുന്നത് രസകരമായ ഒരനുഭവമാണ്.നര്‍മ്മ സംഭാഷണങ്ങളിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന തെയ്യക്കോലമാണ് പൊട്ടന്റേത്.ചുറ്റുവട്ടത്തെവിടെയുണ്ടെങ്കിലും കാണാന്‍ ശ്രമിക്കാറുണ്ട്.ഞങ്ങളുടെ നാലഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ വര്‍ഷത്തില്‍ ചുരുങ്ങിയത് പത്ത് പൊട്ടന്‍ തെയ്യമെങ്കിലും കെട്ടിയാടിക്കുന്നുണ്ടാകുമെന്നാണ് എനിക്കു തോന്നുന്നത്.
10:01 PM
KANNURAN - കണ്ണൂരാന്‍ said...
സാരംഗി: അതെ, ആ മേലേരിയുടെ അടുത്തുപോലും പോകാന്‍ പറ്റാറില്ല, ചൂടുകൊണ്ട്, പിന്നല്ലെ വീഴുന്നത്.ഇട്ടിമാളു, പ്രവീണ്‍: :)പൊതുവാള്‍: ശരിയാണ്, സാധാരണ തെയ്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പൊട്ടന്‍.. അഭിപ്രായങ്ങള്‍ക്കു നന്ദി.
1 comment:
പെരുംകളിയാട്ടത്തില്‍ പോസ്റ്റ് ചെയ്ത പോസ്റ്റ് ഇവിടെ വീണ്ടും പോസ്റ്റുന്നു.. പൊട്ടന്‍ തെയ്യത്തിന്റെ തോറ്റം...
Post a Comment