Saturday, March 24, 2007

പറയാതെപോയ പ്രണയങ്ങള്‍

ഒരു നിരീക്ഷണമാണേ. സത്യമിതായിരിക്കണമെന്ന് നിര്‍ബന്ധമില്ല. നന്നായി ദാമ്പത്യജീവിതം നയിക്കുന്നവരുടെ ഫ്ലാഷ് ബാക് ചികഞ്ഞുനോക്കിയിട്ടുണ്ടോ? മിക്കപേര്‍ക്കും സമാനമായ ഒരനുഭവം ഉണ്ടാകും - പറയാതെപോയ ഒരു പ്രണയബന്ധം.

പരസ്പരം അറിയാം സ്നേഹമാണെന്ന്. ഇടവഴിയില്‍ കണ്ടുമുട്ടുമ്പോള്‍, ബസില്‍ യാത്ര ചെയ്യുമ്പോള്‍, ഉത്സവപ്പറമ്പില്‍ മഞ്ഞുകൊള്ളുമ്പോള്‍.... അപ്പോഴൊക്കെ കണ്ണുകള്‍ കഥകള്‍ കൈമാറിയിട്ടുണ്ട്. എന്തെല്ലാം സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ട്. എന്നിട്ട്, ഒരിക്കല്‍പോലും വാമൊഴിയില്‍ വെളിപ്പെടുത്താതെ, നോണ്‍‌വെര്‍ബലിനു പുല്ലുവില നല്‍‌കുന്ന സൊസൈറ്റിയില്‍‌ - പുസ്തകത്തളിഷ് മയില്‍പ്പീലിത്തുണ്ടുകള്‍‌ ഔട്ട് ഓഫ് ഫാഷനായെങ്കിലും അലന്‍‌പീസും ഡെസ്മ്ണ്ട് മോറിസും ഉദ്‌ധരിക്കപ്പെടാതിരുന്ന കാലത്ത് - വാക്കാല്‍‌ പറയുന്നതിനു മാത്രമേ വിലയുണ്ടായിരുന്നുള്ളൂ.

അല്ലെങ്കില്‍‌ പോസ്റ്റുമാനെ ആശ്രയിക്കണം. അതു വന്‍‌ റിസ്കുള്ള പണിയാണ്. ‘പ്രണയം സമരമാണ്’ എന്നൊന്നും കരുതുവതിഹ ചെയ്കവയ്യ. പെട്ടെന്നു ലീക്കാകാം, ഭാവിയില്‍‌വരെ തിരിച്ചടിക്കുള്ള ആയുധമാകാം എന്നിവ കൂടാതെ പോസ്റ്റുമാ‍ന്‍‌ ചെയ്യുന്ന ഒരു പാരയും അതിലുണ്ട്. ഇത്തരം പ്രണയങളില്‍‌ മിക്കവാറും സമീപവാസികളായിരിക്കും നായികാനായകന്മാര്‍‌. പോസ്റ്റുമാന്‍‌, എഴുതിയ ആളുടെ കൈവശം തന്നെ കത്തു കൊടുത്തിട്ട് "അവിടെ കൊടുത്തേക്കൂ" എന്നു പറയാനുള്ള സാധ്യത വളരെയേറെ. അരസികേഷുക്കളായിരുന്ന അമേരിക്കക്കാര്‍‌ അക്കാലത്ത് ഇന്റര്‍നെറ്റും ചാറ്റിങ്ങും ഇമെയിലും മൊബൈലും ഒന്നും തന്നു സഹായിച്ചതുമില്ല. (സാമ്രാജ്യത്വ ചാരന്മാ‍ര്‍‌! പോട്ടെ; അവന്മാര്‍ക്കു വേറെ വച്ചിട്ടുണ്ട്.) അങ്ങനെ ഒരു സുപ്രഭാതത്തില്‍‌ ആ കല്യാണക്കുറി വീട്ടിലെത്തുന്നു. നെടുവീര്‍പ്പോടെ ആരാണാ ഭാഗ്യവാന്‍‌/ഭാഗ്യവതി എന്നു നോക്കിയിട്ട് വിവാഹദിനം നോട്ട് ചെയ്യുന്നു. സന്തോഷത്തോടെ സദ്യയില്‍‌ പങ്കെടുക്കുന്നു. ചിലപ്പോള്‍ ഗിഫ്റ്റ് കൊടുക്കുന്നു. മിക്കവാറും അതുണ്ടാകാറില്ല. അഞ്ചു പൈസ കൈയിലുണ്ടാവില്ല എന്നതുതന്നെ പ്രധാന കാര്യം. കുടുംബത്തോടെയാവും ക്ഷണമെന്നതിനാല്‍‌ നമുക്കു വലിയ റോളൊന്നും ഉണ്ടാകില്ലെന്നത് മറ്റൊരു സത്യം.

ആരോടും പരിഭവമില്ലാതെ, വില്ലന്റെ സാന്നിധ്യമില്ലതെ കരിഞ്ഞുപോകുന്ന പ്രണയങ്ങള്‍‌. പ്രണയം വെളിപ്പെടുത്താത്ത ആ ധൈര്യമില്ലായ്മ, അത് അവരുടെ പിന്നീടുള്ള ദാമ്പത്യത്തിനു തണലേകുന്നതായാണ് കാണുന്നത്. ഗാര്‍ഹികപീഡനത്തിന്റെ നിമിഷങ്ങളില്‍‌ ‘അയാളായിരുന്നെങ്കില്‍‌..... അവളായിരുന്നെങ്കില്‍‌.....‘ എന്നു നിനച്ച് ആശ്വസിക്കാന്‍‌ അവര്‍ക്കു കഴിയുന്നു.

പറയാന്‍‌ മറന്ന പ്രണയിനികള്‍ക്ക് മിക്കപ്പോഴും മ്മറ്റൊരു പ്രശ്നത്തെ നേരിടേണ്ടി വരാറുണ്ട്. അവര്‍‌ തമ്മില്‍ പറഞ്ഞില്ലെങ്കിലും നാട്ടുകാര്‍ക്കു മൊത്തം അതറിയാമായിരിക്കും എന്നതാണത്. ഇതു കറങ്ങിത്തിരിഞ്ഞ് ഭാര്യയുടെ/ഭര്‍ത്താവിന്റെ അടുത്തെത്താതിരിക്കില്ല. കൂടുതല്‍ പറയേണ്ടതില്ലല്ലോ. എങ്കിലും സഹനവും ക്ഷമയും കൂടുതല്‍‌ പ്രകടിപ്പിക്കുന്ന ഇവര്‍‌ മികച്ച രക്ഷിതാക്കളും ദമ്പതികളുമായാണ് കാണപ്പെടുന്നത്.

അടുത്ത ജന്മത്തിലും അവരുടെ പ്രണയം ലക്ഷ്യം കാണാതിരിക്കട്ടെയെന്ന് നമുക്ക് ആശംസിക്കാം.

(പി.എസ്. ജയനോടും പ്രസ് ക്ലബ്ബിലെ ഇരുണ്ട പകലിനോടും കടപ്പാട്.)

6 comments:

KANNURAN - കണ്ണൂരാന്‍ said...

നിരീക്ഷണങ്ങള്‍ നന്നായിട്ടുണ്ട്. പക്ഷെ ആ പേരെന്താ കുടുംബം കലക്കിയെന്നാക്കിയത്???

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

ന്റെ പൊന്നു കുടുമ്പം കലക്കി.. എനിക്കു 2 -3 ചോദ്യങള്‍ ഉണ്ട്..

1. കലക്കിയുടെ കല്യാണം കഴിഞോ??
(സംശയിക്കല്ലേ ഞാന്‍ ബ്രോക്കര്‍ അല്ല)

2. കഴിഞെങ്കില്‍ ഇടയ്ക്കിടെ നെട്വീര്‍പ്പുകള്‍ക്കിടയില്‍ അവളെ ഓര്‍മിക്കുമൊ?

3. കണ്ണുകളിലെ കടംകഥകള്‍ക്ക് ഉത്തരം തേടി മഞും കൊണ്ട് ഉത്സവ പറമ്പില്‍ ഇരുന്നപ്പോളാണോ ഇത് എഴുതുവാന്‍ തോന്നിയത്??

ശ്..ശ്.. കഴിഞ ദിവസം ഉത്സവപറമ്പില്‍ ഇരുന്നപ്പോള്‍ ആണ് എനിക്കു ചിലതെല്ലാം എഴുതാന്‍ തോന്നിയത്.. അതുകൊണ്ടാ ചൊദിച്ചേ ട്ടോ..

പിന്നെ നിങളുടെ ഒബ്സര്‍വേഷന്‍ കൊള്ളാം.. ഹി ഹി ഹി...

ഹൊ.. ഞാന്‍ എഴുതിയതു ഇവിടെ ഉണ്ടെ..

http://alappuzhakaran.blogspot.com/2007/03/blog-post_20.html

സമയം കിട്ടുമ്പോള്‍ മാത്രം കേറി നോക്കിയാല്‍ മതി..

പടിപ്പുര said...

ആരോടും പരിഭവമില്ലാതെ, വില്ലന്റെ സാന്നിധ്യമില്ലതെ കരിഞ്ഞുപോകുന്ന പ്രണയങ്ങള്‍

അതെനിക്കിഷ്ടപ്പെട്ടു.

(അകാലത്തില്‍ കരിഞ്ഞുപോയ പ്രണയങ്ങള്‍ക്ക്‌ ഒരു ചരമഗീതം)

maheshcheruthana/മഹേഷ്‌ ചെറുതന said...

നമ്മുടെ ജീവിത വഴികളില്‍ എന്നും ഇത്തരം പ്രണയങ്ങള്‍ ഉണ്ടായിരുന്നു!അറിയപ്പെടാതെ പോയ ആ പ്രണയങ്ങളുടെ ഒരു ഓര്‍മപ്പെടുത്തലാകട്ടെ ഈ നിരീക്ഷണം!!!!!!!!!!11

ദില്‍ബാസുരന്‍ said...

കുടുമ്പങ്കലക്ക്യേ,
ഇജ്ജ് കുടുമ്പം കലക്കാനായിറ്റെന്യാ പോന്ന്ക്ക്ണ്ടത് ലേ ? :-)

പോസ്റ്റ് നന്നായിട്ടുണ്ട്.

കുടുംബംകലക്കി said...

പൈസകൊടുക്കുമെന്ന് കണ്ട് ആക്രാന്തം മൂത്ത് പോസ്റ്റ് ചെയ്തതാണ്. എന്നാല്‍ ഈ കമന്റുകള്‍ വായിച്ചപ്പോള്‍ മനസുനിറഞ്ഞു.

കണ്ണൂരാനേ, ആലപ്പുഴക്കാരാ, ഉത്തരങ്ങള്‍ എന്റെ ബ്ലോഗിലുണ്ട്.
പടിപ്പുരയ്ക്കും മഹിയ്ക്കും ദില്‍ബുവിനു പ്രത്യേകം നന്ദി.
(ദില്‍ബാസുരന്‍! - നല്ല പേര്...)