Wednesday, March 28, 2007

പൂരം, പൂരക്കളി - കണ്ണൂരാന്‍


മീന മാസത്തിലെ കാര്‍ത്തിക മുതല്‍ പൂരം നക്ഷത്രം വരെയാണ് കോലത്തുനാട്ടിലും അള്ളടം നാട്ടിലും പൂരം ആഘോഷിച്ചു വരുന്നത്. കോപാകുലനായ മഹദേവന്റെ മൂന്നാം കണ്ണിനാല്‍ ഭസ്മമായിപ്പോയ തന്റെ കാമദേവനെ ജീവിപ്പിക്കാനായി അപേക്ഷിച്ച രതീദേവിയോട് വിഷ്ണുഭഗവാന്‍ പൂക്കള്‍ കൊണ്ട് കാമവിഗ്രഹം ഉണ്ടാക്കി പൂജിക്കാന്‍ ആവശ്യപ്പെട്ട കഥയാണ് പൂരോത്സവത്തിനു പിന്നില്‍. പ്രായപൂര്‍ത്തി തികയാത്ത പെണ്‍കുട്ടികള്‍ വ്രതം നോറ്റ് ഈ ദിവസങ്ങളില്‍ ചാണകം കൊണ്ട് (ചിലയിടങ്ങളില്‍ മണ്ണുകൊണ്ടും, ചിലയിടങ്ങളില്‍ പൂ മാത്രവും) കാമവിഗ്രഹം ഉണ്ടാക്കി പൂജിച്ചു വരുന്നു. എല്ലാ പൂക്കളും പൂവിടാനായി ഉപയോഗിക്കാറില്ല. സാധരണയായി നമ്മുടെ പടിപ്പുരക്കു പുറത്തുള്ള ചെമ്പകപ്പൂ, മുരിക്കിന്‍പൂ, നരയന്‍ പൂ, എരിഞ്ഞി പൂ തുടങ്ങിയ പൂക്കളാണ് ഇതിനായി ഉപയോഗിച്ചു വരുന്നത്. പൂരദിവസം കാമദേവനെ “പറഞ്ഞയ്ക്കല്‍” ചടങ്ങാണ്. “നേരത്തെ കാലത്തെ വരണേ കാമാ..., കിണറ്റിന്‍ പടമ്മല്‍ പോലെ കാമാ....” തുടങ്ങിയ മുന്നറിയിപ്പുകളുമായി വീട്ടിലെ വരിക്കപ്ലാവിന്റെ ചുവട്ടിലേക്ക് പറഞ്ഞയക്കും. പൂരദിവസം പ്രത്യേകമായി തയ്യാറാ ക്കുന്ന പൂരടയും, പൂരക്കഞ്ഞിയുമൊക്കെ ഉണ്ടാക്കി കാമന് സമര്‍പ്പിക്കും. ഉത്തരമലബാറിലെ മിക്കവാറും ക്ഷേത്രങ്ങളില്‍ പൂരം ആഘോഷിക്കുമെങ്കിലും, മാടായിക്കാവിലെ പൂരാഘോഷവും, പൂരം കുളിയും വളരെ പ്രശസ്ത്മാണ്.പൂരോത്സവം പെണ്‍കുട്ടികളുടെ ആഘോഷമാണെങ്കില്‍, പൂരക്കളി വാല്യക്കാരുടേതാണ്. പണ്ടുകാലത്ത് പെണ്‍കുട്ടികളാണ് പൂരക്കളി കളിച്ചിരുന്നതെന്നാണ് വിശ്വാസം. പൂരക്കളി നിയന്ത്രിക്കുന്നത് പണിക്കരാണ്. സാധാരണയായി ഓരോ കാവിലും ഓരോ പണിക്കരെ നിശ്ചയിച്ച് ആചാരപ്പെടുത്തിയിട്ടുണ്ടാകും. പണിക്കര്‍ പൂരിക്കളിയില്‍ വളരെ വിദഗ്ധനും മുഴുവന്‍ പാട്ടുകളും‍ അറിയുന്നയാളുമായിരിക്കും. പൂരക്കളി പന്തലില്‍ കത്തിച്ചു വച്ച വിളക്കിനും ചുറ്റും ഈണത്തോടെ പാട്ടുപാടി അതീവ ചാരുതയോടെയും, മെയ്‌വഴക്കത്തോടെയുമാണ് പൂരക്കളി അവതരിപ്പിക്കുക. പൂരക്കളി പാട്ടുകള്‍ 18 നിറങ്ങള്‍ അഥവ പൂരമാലകള്‍ എന്നാണ് അറിയപ്പെടുന്നത്. കാമദേവന്റെ പുനര്‍ജനിക്കായി പൂവുകള്‍ കൊണ്ട് കാമവിഗ്രഹം നിര്‍മ്മിച്ച് പൂവിട്ട് നാരായണ സങ്കീര്‍ത്തനം ചെയ്ത് കളിച്ച കളികളാണത്രെ നിറങ്ങള്‍.“നാരായണ... നാരായണവാസുദേവാ കൈതൊഴുന്നേന്‍ആഴിയതില്‍ പള്ളികൊള്ളുംആഴിമാതാ വാഴും ദേവന്‍.....എന്നിങ്ങനെ അതീവ ഹൃദ്യമായ, അതിലളിതമായ പദവിന്യാസത്തോടെയാണ് ഒന്നാം നിറം പൂരമാല. വിവിധ രാഗങ്ങളിലും, ചടുലമായ ചുവടുവയ്പ്പുകളോടെ 18 നിറങ്ങളും കണ്ണിനും കാതിനും ഇമ്പം നല്‍കുന്നവയാണ്. 18 നിറങ്ങള്‍ കഴിഞ്ഞാല്‍ വന്‍ കളികള്‍ എന്നറിയപ്പെടുന്ന ഗണപതിപ്പാട്ട്, രാമായണം, ഇരട്ട, അങ്കം തുടങ്ങിയ കളികളാണ്. ഒടുവില്‍ അതാതു ക്ഷേത്രത്തിലെ ദേവീ ദേവന്മാരെ സ്തുതിച്ചുകൊണ്ട് “പൊലി, പൊലി, പൊലി” എന്ന് പ്രകീര്‍ത്തിച്ചുകൊണ്ടാണ് പൂരക്കളി സമാപിക്കുന്നത്. ഇന്നു സ്കൂള്‍ കലോത്സവവേദിയിലെ ഒരിനമായതുകൊണ്ട് കേരളീയര്‍ക്കു മുഴുവന്‍ സുപരിചിതമാണ് പൂരക്കളി.
ഫോട്ടോ കടപ്പാട്: www.payyannur.com

1 comment:

keerakkaran said...

ഉപ്പില ഇലയില്‍ ഉണ്ടാക്കിയ പൂരട തിന്നാന്‍ തോന്നുന്നു.