“ഉണ്ണ്യോളേ, പൊറത്ത് പോയി കളിക്ക്യാ. എത്ര പറഞ്ഞാലും അമ്പലനടയ്ക്കീന്നാണോ വിളയാട്ടം... അമ്പലനടയ്ക്കലും കൊട്ടിലിന്റടുത്തും വേണ്ട നിങ്ങടെ കളികള് എന്ന് ഞാന്‍ പറഞ്ഞീട്ടില്ല്യേ? വിളിക്കണോ ഞാന്‍ ദ്രുതയക്ഷീനെ...?” നശിച്ച തള്ള! നോക്കിക്കോ, ഇന്ന് കെട്ടണ മാല കൊണ്ടോയി പൊഴേലിടും! ഒറപ്പ്. ഉണ്ണിക്ക് അസാരായിട്ടങ്ങട് ദേഷ്യം വന്നു. ദ്രുതയക്ഷി പോലും! ചെറിയ കുട്ട്യോളെ പേടിപ്പിക്കണ മാതിരി കളിയമ്പാട്ടെ ഉണ്ണീനെ പേടിപ്പിക്കാന്‍ നോക്കണ്ട. ജന്മിത്വത്തിന്റെ കരുത്തും ഈ തട്ടകം വാഴുന്നതിന്റെ ആഡ്യത്വോംള്ളോനാ ഉണ്ണി. ഉണ്ണിയ്ക്കാരേം ഭയംല്ല്യാ! കൂടെള്ളോര് കേട്ട പാതി കേള്‍ക്കാത്ത പാതി ഓടി പോകേം ചെയ്തു, ഇല്ലേല്‍ ഒന്നു കാണിച്ചു കൊടുക്കാര്ന്നു. എന്തിനാ വാരസ്സ്യാരെ ഇങ്ങനെ പേടിക്കുന്നത് എന്ന് ഉണ്ണിക്ക് മനസ്സിലായില്ല. വെറുതെ പൂ കോര്‍ത്ത് മാല കെട്ടി കുട്ട്യോളെ ചീത്ത പറഞ്ഞ് ഇരിക്ക്യല്ലാതെ, എണീറ്റ് വന്ന് ആരെയെങ്കിലും തല്ല്യതായ് ഉണ്ണി ഇതു വരെ കേട്ടിട്ടില്ല്യ, പ്രത്യേകിച്ചും ഉണ്ണി കൂടെയുള്ളപ്പോ! “നിക്ക്, ഞാനൂണ്ട്.” ആരോടെന്നുമില്ലാതെ പറഞ്ഞു കൊണ്ട് ഉണ്ണി ഓടി. അമ്പലപ്പറമ്പ് കഴിഞ്ഞ് പുഴക്കരയിലേക്ക് കടന്നപ്പോള്‍, നനഞ്ഞ മണലിലൂടെ ഓടാന്‍ ഉണ്ണി നന്നേ വിഷമിച്ചു. അല്ലേലും മഴ പെയ്താലിങ്ങനെയാണ്, മണലിന് ഒരു രസൂല്ല്യാ. അടുത്ത വെക്കേഷന് നല്ല വെയിലുള്ള കാലത്തു അമ്മാത്തേക്ക് വരണം. അപ്പോ പൊഴ കാണാന്‍ എന്തു ഭംഗ്യാ. ചാലുകളായ് കീറി, വെട്ടിത്തിളങ്ങുന്ന മണലിലൂടെ സൂര്യവെളിച്ചം പ്രതിഫലിക്ക്ണ പൊഴ ഒഴുകുന്നത് കാണാനെന്തൊരു ചന്താ. രാവില്യന്നെ ഒന്നിറങ്ങി കുളിച്ചാലോ, പിന്നെ ഗായത്രി ചൊല്ലാനൊരു പ്രത്യേക സുഖാ...ആലോചിച്ച് തുടങ്ങിയപ്പോള്‍ തന്നെ മനസ്സിനൊരു ഉണര്‍വ്വ്. മറ്റുള്ളോരെ കാണാനില്ല്യല്ലോ? ഉണ്ണി മെല്ലെ മെല്ലെ തന്റെ മുന്നേ പോയവരുടെ കാല്‍പ്പാടുകള്‍ നോക്കി നടന്നു. ഓ, മാരാര് കൊടുങ്ങല്ലൂര്‍ന്ന് ഇന്നലെ എത്തീട്ട്ണ്ടല്ലോ. അപ്പോളതാണ് അവര് വാരസ്യാര് പറഞ്ഞ ഒടനെ വിമ്മിഷ്ടൊന്നുല്ല്യാണ്ടെ ഓടി പോയത്. മാരാര്‍ടെ വെടിയും കേട്ട് ആല്‍ത്തറേലിരിക്ക്ണ്ണ്ടാവും. ഉണ്ണിക്ക് ചിരി വന്നു. ഇന്നെന്ത് കള്ളകഥ്യാണാവോ? കുടജാദ്രി കേറിയപ്പോ പിന്നീന്നൊരു പെണ്ണ് ചുണ്ണാമ്പ് ചോദിച്ചതോ? അതോ ദീപാരാധന കഴിഞ്ഞീട്ട് അമ്പലകുളത്തീന്ന് കാലു കഴുകി തിരിഞ്ഞപ്പോ ചുവപ്പുടുത്ത് നിക്കണ ശിവഭൂതത്തെ കണ്ട് പേടിച്ചതോ? അതോ സന്ധ്യക്ക് ഊട്ടുപ്പൊരേടുള്ളില് മുറുക്കിക്കൊണ്ടിരിക്കുമ്പോ കര്‍ണ്ണയക്ഷി വന്ന് ചെവിയില്‍ കുശലം ചോദിച്ചതോ? ചെലപ്പോ കൊട്ടിലിനകത്തുള്ള ദ്രുതയക്ഷിയെ കുറിച്ചാവും ഇന്നത്തെ കഥ. അല്ലെങ്കില്‍ അതു നക്കിയ കുട്ടികളെ കുറിച്ചാവും. അല്ലേലും മാരാര്‍ക്കുണ്ടോ കഥകള്‍ക്ക് പഞ്ഞം? കളിയമ്പാട്ടെ ഉണ്ണിക്ക് യക്ഷ്യോളേം ഭൂതങ്ങളേം ഭയോംല്ല്യ ഇഷ്ടോംല്ല്യ. കരുത്തും ആഡ്യത്വോംള്ളോനാ ഉണ്ണി! ചൂടു പിടിക്കുന്ന മണലിലൂടെ ഉണ്ണി ആഞ്ഞു നടന്നു. “...കര്‍ക്കടകല്ലേ, രാമായണമാസത്തിലെ നാലമ്പലത്തൊഴല്‍... തൃപ്രയാറിലെ ശ്രീരാമസ്വാമിയെയും മൂഴിക്കുളത്തെ ലക്ഷ്മണനെയും പായമ്മലിലെ ശത്രുഘ്നനെയും തൊഴുത് കൂടലിലെത്തി. യാഗഭൂമി... ഗംഗയിറങ്ങിയ പുണ്യഭൂമി... ആദ്യായ്ട്ടാ ഞാനന്ന് കൂടലില്‍ക്ക് പോണത്. അമ്മാളത്തറേലെ ചാര്‍ച്ചക്കാരൂണ്ട് കൂട്ടിന്. കൂട്ടത്തിലോരുണ്ണീടെ അമ്മാത്താ താമസം. രാവിലെറങ്ങും അമ്പലത്തില്‍ക്ക്. പലതരം കളികളും മീനൂട്ടലും ഉച്ചപൂജ കഴിച്ച നേദ്യച്ചോറും ദീപാരാധന തൊഴലും രാത്രീലെ ഊട്ടും ഒക്കെ കഴിഞ്ഞ് ചാക്യാര്‍കൂത്തും കണ്ടേ മടങ്ങൂ. പത്താം ദിവസം, കൂത്തമ്പലത്തില് കൂട്ടരൊത്തു വെടി പറഞ്ഞിരിക്കുമ്പോ ഒരുള്‍വിളി വന്നു. ഒന്നു കുളത്തില് മുങ്ങണം. ആരാ അപ്പോ ആ നേരത്ത് അത് തോന്നിച്ചതെന്ന് നിയ്ക്കറീല്ല്യ. കൊളക്കരേല് ചെന്നു. ചെറിയൊരു ഭയല്ല്യാതില്ല്യ. സന്ധ്യാസമയം. രാമസോദരന് ഭൂതഗണങ്ങളില്ല്യങ്കിലും ദേവഗണങ്ങളുണ്ടാവാലോ? ഒന്നു മുങ്ങി നിവര്‍ന്നു. വെള്ളത്തിനാണെങ്കില്‍ ആതിരേലെ കുളിര്. രണ്ടും കല്‍പ്പിച്ച് ഒന്നു കൂടി മുങ്ങി. വെള്ളത്തിന്റടീന്ന് കണ്ണ് തുറന്ന് നോക്ക്യപ്പോ, ദാ കാണ്‌ണൂ...രണ്ട് മാണിക്യങ്ങള്...ഒന്ന് പ്രതിഷ്ഠാചമയത്തിലേത്, മറ്റേത് മാറ്റ് നോക്കാന്‍ കൊണ്ടന്നത്. അതങ്ങ് കൂടുന്നത് ന്റെ മുന്‍പില് തെളിഞ്ഞു. കണ്ണ് മഞ്ഞളിക്കുന്ന പ്രകാശം! ന്റെ കൂടല്‍മാണിക്യസ്വാമീന്ന് ഒറക്കെ നെലോളിച്ച് വെള്ളത്തീന്നു പൊങ്ങി കരേല്‌ക്ക് വീണതേ ഓര്‍മ്മേല്‌ള്ളൂ...പിന്നെ കണ്ണ് തൊറന്നപ്പോ നേരം പരപരാന്ന് വെളുത്തിരിക്ക്‍ണൂ...” മാരാരൊന്ന് നിര്‍ത്തി, എല്ലാരേം നോക്കി. വല്ല്യോരും കുട്ട്യോളും എല്ലാം അന്തിച്ച് നില്‍ക്കുകയാണ്. ആ കാഴ്ചയുടെ രസത്തില്‍ മാരാര്‍ അടുത്ത കഥയിലേക്ക് കടന്നു. “ദേ മാതിര്യാ വിളക്കാട്ടെ ദേവൂട്ടീന്റെ വേളീന്റെ തലേന്ന് ദ്രുതയക്ഷീനെ കണ്ടപ്പോണ്ടായെ...അന്നു ഞാന്‍...” ഓ, മാരാര് തുടരാനാ ഭാവം. ഈ മാരാരുടെ ഓരോ വെടിപറച്ചിലുകള്‍? രണ്ടു മാണിക്യങ്ങള്‍ കൂടി ഒരു വലിയ മാണിക്ക്യംത്രേ, നല്ല കഥ! വലിയ മാണിക്യം രണ്ടായി തീര്‍ന്ന കഥ കേട്ടിട്ടുണ്ട്. തിരിച്ച് ചെയ്യാനുള്ള മന്ത്രം ആര്‍ക്കാ വശംള്ളതാവോ? ഉണ്ണി മെല്ലെ വാസൂനെ തോണ്ടി താന്‍ കൊട്ടിലിന്നടുത്തുണ്ടാവുംന്ന് പറഞ്ഞു. ഈ കള്ളകഥകളും കേട്ടിരിക്കണേങ്കാട്ടിലും ഭേദം അവടെ പോയി കാറ്റും കൊണ്ട് കിടക്ക്ണതാ. സൂര്യന്‍ ഉച്ചിയിലെത്തിയ നേരത്ത് ഉണ്ണി കൊട്ടിലിന്നടുത്തെത്തി. ആല്‍ത്തറയിലിരിക്കാനൊരുങ്ങുമ്പോള്‍ ഒന്നു ചിന്തിച്ചു. എന്തു കൊണ്ടു കൊട്ടിലിന്നകത്തിരുന്നു കൂടാ? ആഡ്യത്ത്വോം കരുത്തും ഉള്ള കളിയമ്പാട്ടെ ഉണ്ണിയെ ദ്രുതയക്ഷീടെ വാസസ്ഥലമായ കൊട്ടിലില്‍ കയറുന്നതില്‍ നിന്നു വിലക്കാന്‍ ആര്‍ക്കാ ധൈര്യം? എന്താ സംഭവിക്ക്യാ എന്ന് നോക്കാലോ. യക്ഷിയെന്നെ വിഴുങ്ങുമോ? അല്ലെങ്കിലും ഏതു യക്ഷി? ദ്രുതയക്ഷി പോലും ദ്രുതയക്ഷി..! നാട്ടാരെ പറ്റിക്കാന്‍ വെറുതെ ഓരോ കഥകള്‍!! ഉണ്ണിക്കിതിലൊന്നും വിശ്വാസല്ല്യ. കരുത്തും ആഡ്യത്വോംള്ളോനാ ഉണ്ണി. ഉണ്ണിയ്ക്കാരേം ഭയംല്ല്യാ!!! രണ്ടും കല്പിച്ചു ഉണ്ണി കൊട്ടിലിന്നകത്തേക്ക് നടന്നു. ഓ, ഉമ്മറവാതില്‍ക്കല്‍ തന്നെ കിടപ്പുണ്ട് പല്ലും നഖവും കൊഴിഞ്ഞ പാണ്ടന്‍ നായ. എത്ര കാലമായി ഇതിവിടെ കിടക്കുന്നു. മുത്തച്ഛന്റെ കാലത്തൂണ്ടത്രെ ഇതിവിടെ. വരാവുന്ന ചീത്തത്തങ്ങളെല്ലാം തന്നിലേക്കെടുത്ത് തട്ടകത്തിനെ കാക്കുകയാണ് ഈ ജീവിയെന്നാണ് മാലോകരുടെ വിശ്വാസം! നശൂലം!! ഇതിനു മരണവുമില്ലേ? ഇതിവിടെ കിടക്കുന്നിടത്തോളം കാലം തനിക്ക് കൊട്ടിലില്‍ കടക്കാനാവില്ല. ഉണ്ണി മെല്ലെ കൊട്ടിലിന്റെ കിഴക്കുഭാഗത്തെ വാതിലിന്നടുത്തേക്ക് നടന്നു. ഭാഗ്യം, ഇവിടത്തെ വാതിലിന് വിചാരിച്ചത്ര ഉറപ്പില്ലെന്ന് തോന്നുന്നു. ഉണ്ണി വാതില്‍ ഉറക്കെ തള്ളി. ചെറിയ പരിശ്രമത്തിന് ശേഷം തുറന്ന വാതിലിലൂടെ കൊട്ടിലില്‍ കേറി, മോളിലെ കഴുക്കോലും നോക്കി കൊണ്ട്, ഉണ്ണി തറയില്‍ നീണ്ടുനിവര്‍ന്നു കിടന്നു. കൂട്ടര് വരുമ്പോ വരട്ടെ! “വേണ്ട കളിയമ്പാട്ടുണ്ണീ... കളി ദ്രുതയക്ഷീനോട് വേണ്ട.” കൊട്ടിലിന് പുറത്ത് നിന്ന്, അഴികള്‍ക്കിടയിലൂടെ കൂട്ടര്‍ വിളിച്ചു പറഞ്ഞു. “ശരിയാ ഉണ്ണി. മാരാര് പറഞ്ഞീട്ട്‌ണ്ടല്ലോ ദ്രുതയക്ഷി നക്ക്യാ പൊടി പോലൂണ്ടാവില്ല്യാന്ന്” “ങ്ങളും ങ്ങടെ മാരാരും. കളിയമ്പാട്ടുണ്ണിക്ക് ദ്രുതയയക്ഷീനേം പേടില്ല്യാ, കര്‍ണ്ണയക്ഷീനേം പേടില്ല്യാ, ശിവഭൂതത്തിനേം പേടില്ല്യാ. കരുത്തും ആഡ്യത്വോംള്ളോനാ ഉണ്ണി! “വേണ്ട ഉണ്ണീ, ഈ കളി നമുക്ക് വേണ്ടാ” “അതുണ്ണി നോക്കിക്കോളാം. ഉശിരില്ലാത്ത കൂട്ടര്!!!” ഉണ്ണിയുടെ മറുപടി കൂട്ടരെ ചൊടിപ്പിച്ചു. “അത്ര ഉശിരാണേല് ‘ദ്രുതയക്ഷീ ദ്രുതം വാ’ന്നൊന്ന് ചൊല്ലാമോ?” “ഓ, അതിനെന്താ?” “വേണ്ടാട്ടോ ഉണ്ണീ... യക്ഷി വരും, പിന്നെ രക്ഷണ്ടാവില്ല്യാ.” “ശര്യാ, യക്ഷി ആരേലും വിളിക്കാന്‍ കാത്തിരിക്ക്യാ. ആരും സമ്മതം കൊടുക്കാതെ യക്ഷി വരില്ല്യാ, സമ്മതം കൊടുത്ത് വന്നാ പിന്നെ വിടില്ല, നക്ക്യേ അടങ്ങൂ” - കൂട്ടത്തില്‍ ഉണ്ണിയോട് കൂടുതല്‍ അടുപ്പമുള്ള ഒരുവന്‍ പറഞ്ഞു. “നക്ക്വാച്ചാ നക്കട്ടെ. കളിയമ്പാട്ടെ ഉണ്ണിക്ക് യക്ഷീനെ ഭയംല്ല്യാ” “ന്നാ ഒന്ന് വിളി” ഉണ്ണി വെല്ലുവിളി ഏറ്റെടുത്തു. “അതിനെന്താ?“. ഒന്ന് ശ്വാസം ഉള്ളിലേക്കെടുത്ത്, കണ്ണുകളടച്ച്, ഉണ്ണി ചൊല്ലി. “ദ്രുതയക്ഷി ദ്രുതം വാ, ദ്രുതയക്ഷി ദ്രുതം വാ, ദ്രുതയക്ഷി ദ്രുതം വാ.“ ശ്വാസം പുറത്തേക്കെടുത്ത്, കണ്ണുകള്‍ തുറന്ന്, കൂട്ടരെ നോക്കി കൊണ്ട് ഉണ്ണി ചോദിച്ചു. “മൂന്നായി. എന്താ മതിയോ?” കൂട്ടര്‍ ഇത്ര പെട്ടന്ന് അതു പ്രതീക്ഷിച്ചിരുന്നില്ല. കൊട്ടിലിന്നകത്ത് കയറിയ ഉണ്ണിയെ നോക്കി എല്ലാരും ഭയപ്പാടോടെ നില്‍ക്കുകയാണ്. ഏതു നിമിഷവും കാറ്റുണരാം. ആലിലകള്‍ വിറയ്‌ക്കാം. പാദപതനം കേള്‍ക്കാം. ദ്രുതയക്ഷി വരാം! വന്നാല്‍...? വന്നാല്‍ നക്ക്യേ അടങ്ങൂ. ഉണ്ണിക്കൊരു കൂസലൂല്ല്യ. വന്നാലെന്താ, ഒന്നുമില്ലെങ്കില്‍ ഒരു യക്ഷിയല്ലെ, ഒന്നു കാണാലോ, അത്രന്നെ! ആരും ഒന്നും മിണ്ടാതെ നില്‍ക്കുകയാണ്. ഇലയനങ്ങുന്ന ശബ്ദം പോലും കേള്‍ക്കുന്നില്ല. കൊട്ടിലിനകത്തും പുറത്തും നിശബ്ദത ആരെയോ കാത്തിരുന്നു. “ഉണ്ണീ...എന്റുണ്ണീ...” എവിടെ നിന്നോ ഒരു വിളി. ഉണ്ണി ഞെട്ടി. കൂട്ടരൊക്കെ ‘അയ്യോ‘ന്ന് നിലവിളിച്ചു കൊണ്ടോടി. പക്ഷെ ഉണ്ണി നിലവിളിച്ചില്ല, ഓടിയതുമില്ല. ആരേം കാണാനില്ലല്ലൊ. വെളിച്ചമധികം കടക്കാത്ത കൊട്ടിലില് എന്തൊരു പ്രകാശം! ഉണ്ണിയുറക്കെ വിളിച്ചു - “കൂട്ടരേ...” “എന്താ ഉണ്ണീ...?” അപ്പോ കേട്ടത് ശരിയാണ്... ദ്രുതയക്ഷ്യന്ന്യാവും...ഉണ്ണി ഒന്നു പരിഭ്രമിച്ചു. “ആരാദ് ...?” “ഞാനാ ഉണ്ണീ.” “ആര്നേം കാണ്‌ണ്‌ല്ല്യല്ലോ?” “ഉണ്ണിക്കെന്നെ കാണണോ?” ഉണ്ണി തരിച്ചു നിന്നു പോയ്. ദേഹമാകെ മരവിച്ച പോലെ. കാണെ കാണെ പ്രകാശം മങ്ങി. ചുറ്റിലും ചൂടകന്ന് തണുപ്പ് പടര്‍ന്നു. അന്തരീക്ഷത്തില്‍ മഞ്ഞുയര്‍ന്നു. ചുറ്റും മൂടല്‍മഞ്ഞ്. മഞ്ഞിന്‍പാളികളിലൂടെ ഉണ്ണി ഒരു സ്ത്രീരൂപം കണ്ടു. ചുവന്ന തറ്റുടുത്തിരിക്ക്‍ണു. മൂക്കില്‍ മിനുങ്ങണ ചുവന്ന കല്ല് പതിച്ച മൂക്കുത്തി. ഇരുകൈകളിലും കടകവളകള്‍. നെറ്റിയില്‍ വലിയ സിന്ദൂരപ്പൊട്ട്. കഴുത്ത് ശൂന്യം. മുടി മെടഞ്ഞിട്ടിട്ട്‌ണ്ടോന്ന് സംശയം തോന്നി. മുഖം നല്ല ശ്രീത്വള്ളത്. ഏയ്, ഇതു ദ്രുതയക്ഷ്യാവാന്‍ വഴില്ല്യാ. യക്ഷിക്കിത്ര ഭംഗിണ്ടാവ്വ്വോ? “ന്നെ കളിപ്പിക്കണ്ടാ. ങ്ങള് യക്ഷ്യല്ലല്ലോ?” യക്ഷി ചിരിച്ചു. നല്ല ഭംഗിയുള്ള ചിരി, കുടമുല്ല പൂത്ത പോലെ - ഉണ്ണി മനസ്സില്‍ പറഞ്ഞു. “ഉണ്ണിക്ക് വിശ്വാസാവ്ണ്‌ല്ല്യേ?.... ന്നാ കണ്ടോളൂ...” യക്ഷി വീണ്ടും ചിരിച്ചു. പക്ഷെ ഇക്കുറി ഉണ്ണിക്കത്ര ഭംഗി തോന്നിയില്ല. യക്ഷിയുടെ മുഖത്തെ മന്ദഹാസം മെല്ലെ മങ്ങിയപ്പോള്‍, പതുക്കെ മഞ്ഞിന്‍പാളികളടര്‍ന്ന് വീണു. ചുറ്റും അന്ധകാരം. ആയിരമായിരം എല്ലുകള്‍ പൊടിഞ്ഞമരുന്ന ശബ്ദം. ആരൊക്കെയോ ഞെരിപൊരി കൊള്ളുന്ന സ്വരങ്ങള്‍. കൊട്ടിലില്‍ മെല്ലെ മെല്ലെ ചുവന്ന പ്രകാശം നിറഞ്ഞപ്പോള്‍ ഉണ്ണിക്ക് ചുറ്റും ഉടലറ്റ ശിരസ്സുകള്‍. അതിലെ കണ്ണുകള്‍ പുറത്തേക്ക് തുറിച്ചു നില്‍ക്കുന്നു. നാവുകള്‍ താനേ അടര്‍ന്നു വീഴുന്നു. നിലവിളികള്‍ ചുറ്റും മുഴങ്ങുന്നു. ഉണ്ണി യക്ഷിയുടെ മുഖത്തേക്ക് നോക്കി. ശ്രീത്വമേറിയ മുഖം ചുവന്ന് തുടുത്തിരിക്കുന്നു. കണ്ണുകളിലത്ത്യധികം കണ്മഷി. നെറ്റിയില്‍ കുങ്കുമം. കാതില്‍ വലിയ കടുക്കകള്‍. മാറിടത്തില്‍ വലിയ തലയോട്ടിമാല. കയ്യില്‍ വലിയൊരു തുടയെല്ല്. പത്തു വിരലുകളിലെ നഖങ്ങള്‍ക്കും കൈകളോളം നീളം, കഠാരയോളം മൂര്‍ച്ച! പൊക്കില്‍കൊടിയിലൂടൊരു കരിനാഗം പുറത്തേക്കിറങ്ങി വരുന്നു. വായിലെ ദന്തങ്ങള്‍ ദംഷ്‌ട്രകളായി മാറുന്നു. യക്ഷി ഉണ്ണിയെ തുറിച്ചു നോക്കി കൊണ്ട് അട്ടഹസിച്ചു. “വരൂ ഉണ്ണീ... വരൂ....” അട്ടഹാസങ്ങള്‍ ചുറ്റിലും നിന്നുയര്‍ന്നു. ഉണ്ണി ഓടി. യക്ഷി പിന്നാലെ പറന്നു. കൈത്തോടുകളും കൈതവരമ്പുകളും കടന്ന് ഉണ്ണി ഓടി. മേഘങ്ങളിലൂടെ ഊളിയിട്ട്, പക്ഷികളെ വിരട്ടി മാറ്റി യക്ഷി പറന്നു. താഴെയുള്ള ഭൂമിയാകെ തരിച്ചു നിന്നു, ഉണ്ണി നിന്നില്ല. ഓടി ഊട്ടുപുരയില്‍ കയറി, മരവാതില്‍ അടച്ചു സാക്ഷയിട്ടു. യക്ഷിയ്ക്കകത്തു കടക്കാന്‍ കഴിയുന്നില്ല, അവള്‍ പുറത്ത് കാവലിരുന്നു. അകത്തു നിന്ന് ഉണ്ണി ചിരിച്ചു. “അയ്യേ പറ്റിച്ചേ... ദ്രുതയക്ഷീനെ പറ്റിച്ചേ...” യക്ഷിയുടെ മുഖം കോപത്താല്‍ ചുവന്നു. ആകാശങ്ങളിലേക്ക് ആ ചുവപ്പ് വ്യാപിച്ചു. കിഴക്കും പടിഞ്ഞാറും ആ ചുവപ്പിനെ കടമെടുത്തു. ആ ശോണിമയില്‍ അരിവാള്‍തലപ്പുകള്‍ തിളങ്ങി. നക്ഷത്രങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പ്രകാശിച്ചു. യക്ഷിയുടെ ദേഹമാസകലം വിറച്ചു. മുടിയഴിച്ചിട്ട് അവള്‍ ലാസ്യവും താണ്ഡവവും കലര്‍ന്നാടി. വാദ്യങ്ങള്‍ക്ക് അട്ടഹാസവും ചിലങ്കകള്‍ക്ക് കപാലമാലകളും പകരം നിന്ന ആ നടനത്തിന്റെ പൊരുളറിയാതെ ചുവപ്പുനിറത്തില്‍ ഉണ്ണി കുളിച്ചുനിന്നു. എന്നിട്ടും ജന്മിത്വത്തിന്റെ കരുത്തും തട്ടകം വാഴുന്നതിന്റെ ആഡ്യത്ത്വവുമുള്ള അവന്‍ നടുങ്ങിയില്ല. യക്ഷി വിളിച്ചാര്‍ത്തു. “ഉണ്ണീ, നീയാണെന്നെ വിളിച്ചത്. വിളിച്ചു വരുത്തി അപമാനിക്കരുത്!!!” ഉണ്ണി പറഞ്ഞു. “കളിയമ്പാട്ടെ ഉണ്ണിയ്ക്കാരേം ഭയംല്ല്യാ! കരുത്തും ആഡ്യത്വോംള്ളോനാ ഉണ്ണി!!!“ “ഉണ്ണീ, ഞാനൊന്ന് ചോദിയ്ക്കട്ടെ?” “എന്താ?” “ഞാനൊന്ന്‍ നക്കട്ടെ?” ഉണ്ണി ഞെട്ടിയില്ല. മറ്റാരായാലും ഞെട്ടി വിറച്ചേനെ. പക്ഷെ കളിയമ്പാട്ടെ ഉണ്ണി ആഡ്യത്ത്വള്ളോനാ. ആഡ്യത്ത്വള്ളോര്‍ ഞെട്ടാന്‍ പാടില്ല! ദ്രുതിയക്ഷി വീണ്ടും ചോദിച്ചു. “ഉണ്ണ്യേ ഞാനൊന്ന്‍ നക്കട്ടെ?” ഇത്രയും കാലം സംഭരിച്ചു വെച്ച ധൈര്യമെല്ലാം ഊട്ടിയുറപ്പിച്ചു കൊണ്ട് ഉണ്ണി പറഞ്ഞു. “ദ്രുതയക്ഷീ നക്കിക്കോ!!!” പറഞ്ഞു കഴിയേണ്ട താമസം, സാക്ഷയിട്ട വാതില്‍ മലര്‍ക്കേ തുറന്നു. കൊടുങ്കാറ്റ് കണക്കേ യക്ഷി അകത്തേക്ക് കുതിച്ചു. എങ്ങും എല്ലുകള്‍ പൊടിയുന്ന ശബ്ദം... തലയോട് പിളരുന്ന മര്‍മ്മരം. ആ സ്വരങ്ങള്‍. ഞെരക്കങ്ങള്‍, ദീനരോദനങ്ങള്‍ ദിഗന്തങ്ങള്‍ തട്ടി പ്രതിദ്ധ്വനിച്ചു. എല്ലാം മറന്നുള്ള ദ്രുതയക്ഷിയുടെ പ്രചണ്ഡതാണ്ഡവത്തില്‍ കിഴക്കും പടിഞ്ഞാറും നടുങ്ങി. ഭൂമി വിറങ്ങലടിച്ചു. കാലങ്ങള്‍ മറവിയിലൊളിപ്പിച്ച വികാരങ്ങളുടെ പെരുങ്കളിയാട്ടത്തിന്നൊടുവില്‍, ദ്രുതയക്ഷി ഉണ്ണിയുടെ എല്ലുകള്‍ തന്റെ മടിക്കുത്തില്‍ തിരുകി, തലയോട് മാറിലെ മാലയില്‍ കോര്‍ത്തു. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ശോണിമ മാഞ്ഞു. നക്ഷത്രത്തലപ്പുകള്‍ മങ്ങി. ആയിരങ്ങളുടെ തലയോടുകള്‍ ചിരിക്കുന്ന കുണ്ഡലം താളത്തില്‍ കിലുക്കി കൊണ്ട്, അഴിച്ചിട്ട വാര്‍മുടിയില്‍ കാലഘട്ടങ്ങളുടെ ദു:ഖങ്ങളൊളിപ്പിച്ചു കൊണ്ട്, അനന്തമായ വ്യാകുലതയോടുള്ള കാത്തിരിപ്പിന്റെ തീച്ചൂളയിലേക്ക് ലോകത്തെ തള്ളിയിട്ടു കൊണ്ട്, ചുറ്റും മൂടല്‍മഞ്ഞ് സൃഷ്ടിച്ച അനാദിയായ, ദീപ്തമായ, തണുപ്പേറിയ വെളുപ്പിലേക്ക് ദ്രുതയക്ഷി ഒരു മായയായ് മറഞ്ഞു. പര്യവസാനം: സായ പറഞ്ഞു നിര്‍ത്തി. നരന്റെ പ്രതികരണത്തിനായ് കാത്ത്, ആകാശത്തെ പൂര്‍ണ്ണചന്ദ്രനെ നോക്കി കൊണ്ട്, അവള്‍ കിടന്നു. തന്റെ മടിയില്‍ കിടക്കുന്ന സായയുടെ മുടിയിഴകളിലൂടെ വിരലോടിച്ച് നരന്‍ ചോദിച്ചു. “നിനക്കിത് കടലാസ്സിലേക്ക് പകര്‍ത്തി കൂടെ?” “ഇത് പകര്‍ത്താന്‍ മാത്രമൊന്നുമില്ല നരാ...” “അത് നിനക്കു വെറുതെ തോന്നുന്നതാ... പറയാന്‍ ഇനിയുമെന്തൊക്കെയോ ബാക്കിയുണ്ട് നിനക്ക് സായാ...” “ഉണ്ടായിരിക്കാം... പക്ഷെ എനിക്കു വയ്യ...” ഒന്നു നിര്‍ത്തിയിട്ട് അവള്‍ തുടര്‍ന്നു. “മരിച്ചതും മരിക്കാത്തതുമായ രാജ്യങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും പട്ടം ചാര്‍ത്താനായ്, മാധ്യമങ്ങളും മാലോകരും മത്സരിച്ച് വാക്കുകളും നിര്‍വചനങ്ങളും തിരയുന്നത് കണ്ടപ്പോള്‍, പണ്ട് മനസ്സില്‍ കുറിച്ചിട്ട ഒരു കഥ വീണ്ടുമോര്‍ത്തു പോയ്... നിന്നോട് പറയണമെന്നു തോന്നി... ഇനിയിതെഴുതാനൊന്നും എന്നെ കൊണ്ട് വയ്യ.” നരന്‍ ഒന്നും മിണ്ടിയില്ല. ഇനി അവളോട് പറഞ്ഞിട്ട് കാര്യമില്ല. ഇന്നല്ലെങ്കില്‍ നാളെ അവള്‍ക്ക് തന്റെ ചിന്തകള്‍ താളിലേക്ക് പകര്‍ത്തണം എന്നു തോന്നും, അന്ന് ചെയ്യട്ടെ. നിര്‍ബന്ധിച്ചിട്ട് കാര്യമില്ല. “മോളുണര്‍ന്ന് കാണും, ഞാനവളെ എടുത്ത് കിടത്തിയിട്ട് വരാം” സായ എഴുന്നേറ്റ് പോയപ്പോള്‍, അവള്‍ പറഞ്ഞിട്ടും പറയാതെ പോയ യക്ഷിക്കഥയിലെ പൊരുളും പൊരുത്തക്കേടുകളും ചികഞ്ഞെടുക്കുകയായിരുന്നു നരന്‍. തന്റെ പ്രജ്ഞയില്‍ തന്റെ തന്നെ ചിന്തകള്‍ നടത്തിയ തിരച്ചിലിനൊടുവിലുയര്‍ന്നു വന്ന ചോദ്യങ്ങളുടെ മുന്നില്‍ മിഴിച്ചു നില്‍ക്കാനേ നരനു കഴിഞ്ഞുള്ളൂ. ഇനിയും കര്‍മ്മത്തിന്റെ ശ്രുതിലയത്തോടെ കാറ്റുണരുമോ? ഇരുട്ട് നിറഞ്ഞ കൊട്ടിലിലെ വാതിലുകള്‍ തുറക്കപ്പെടുമോ? കഴിഞ്ഞ കാലങ്ങളിലെ പെരുങ്കളിയാട്ടത്തിന്റെ കഥ പറയാനായ് യാഗഭൂമിയിലിന്നും മായാതെ കിടക്കുന്ന രക്തക്കറകളുടെ ശോണിമ വര്‍ദ്ധിക്കുമ്പോള്‍, തകര്‍ക്കപ്പെട്ട വിശ്വാസങ്ങള്‍ ഹവിസ്സായര്‍പ്പിച്ച് മനുഷ്യമനസ്സുകള്‍ പ്രാര്‍ത്ഥിക്കുന്നത് ഒരിക്കല്‍ കൂടി ദ്രുതയക്ഷി വരുന്നതിനായോ അതോ...? ------------------ ശുഭം (?) ------------------
Click here to download the PDF version of this post
Sunday, March 18, 2007
ദ്രുതയക്ഷി
Subscribe to:
Post Comments (Atom)
1 comment:
“ഉണ്ണി ഓടി. യക്ഷി പിന്നാലെ പറന്നു. കൈത്തോടുകളും കൈതവരമ്പുകളും കടന്ന് ഉണ്ണി ഓടി. മേഘങ്ങളിലൂടെ ഊളിയിട്ട്, പക്ഷികളെ വിരട്ടി മാറ്റി യക്ഷി പറന്നു. താഴെയുള്ള ഭൂമിയാകെ തരിച്ചു നിന്നു.......“
“....... യക്ഷിയുടെ മുഖം കോപത്താല്‍ ചുവന്നു. ആകാശങ്ങളിലേക്ക് ആ ചുവപ്പ് വ്യാപിച്ചു. കിഴക്കും പടിഞ്ഞാറും ആ ചുവപ്പിനെ കടമെടുത്തു. ആ ശോണിമയില്‍ അരിവാള്‍തലപ്പുകള്‍ തിളങ്ങി. നക്ഷത്രങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പ്രകാശിച്ചു. യക്ഷിയുടെ ദേഹമാസകലം വിറച്ചു. മുടിയഴിച്ചിട്ട് അവള്‍ ലാസ്യവും താണ്ഡവവും കലര്‍ന്നാടി. വാദ്യങ്ങള്‍ക്ക് അട്ടഹാസവും ചിലങ്കകള്‍ക്ക് കപാലമാലകളും പകരം നിന്ന ആ നടനത്തിന്റെ പൊരുളറിയാതെ ചുവപ്പുനിറത്തില്‍ ഉണ്ണി കുളിച്ചുനിന്നു.........“
Post a Comment