Thursday, March 15, 2007

സഹയാത്ര

സന്ധ്യയാവുന്നതേയുള്ളൂ.

ജാലകത്തിനപ്പുറത്ത്‌ മഞ്ഞിന്റെ നേരിയ പാളിയിലൂടെ അവ്യക്തമായി കാണുന്ന പുറംകാഴ്ചകളിലേയ്ക്‌ നോക്കി നില്‍ക്കുകയാണവള്‍. യാത്രയിലുണ്ടായിരുന്ന വസ്ത്രം മാറി കടും കാവിനിറത്തിലുള്ള സല്‍വാര്‍ ധരിച്ചിരിക്കുന്നു. ആ നിറം അവള്‍ക്ക്‌ നന്നായി ഇണങ്ങുന്നുണ്ട്‌. മുടി നെറുകയിലേയ്ക്‌ വാരികെട്ടിവച്ചിരിക്കുന്നു. മേശപ്പുറത്ത്‌ അവള്‍ക്കായി വച്ച കപ്പിലെ കാപ്പി അങ്ങിനെതന്നെ കിടക്കുന്നു.

നാല്‌ മണിക്കൂര്‍ ഡ്രൈവ്‌. യാത്രാക്ഷീണമൊന്നുമില്ല. എങ്കിലും ചൂടുവെള്ളത്തില്‍ ഒന്നു കുളിച്ച്‌ വസ്ത്രം മാറി. ബാത്‌റൂമില്‍ നിന്നും ഞാന്‍ പുറത്തിറങ്ങിയത്‌ അവള്‍ അറിഞ്ഞിട്ടില്ല.

"എന്തേ, കാപ്പി കഴിച്ചില്ല?" ഞാനവളുടെ അടുത്തേയ്ക്ക്‌ ചെന്നു.

തിരിഞ്ഞുനോക്കി, ഒന്നു ചിരിച്ച്‌ അവള്‍ കാപ്പി കപ്പ്‌ കയ്യിലെടുത്തു.

"നല്ല മഞ്ഞാണ്‌. തണുപ്പും. ഒന്ന് പുറത്തേയ്ക്കിറങ്ങണമെന്ന് തോനുന്നുണ്ടോ?" ഞാന്‍ ചോദിച്ചു.

"വേണ്ട. നമുക്ക്‌ ബാല്‍ക്കണിയില്‍ നില്‍ക്കാം"

ഞാന്‍ ബാല്‍ക്കണിയിലേയ്ക്കുള്ള വാതില്‍ തുറന്നു. തണുപ്പ്‌ മുറിയിലേയ്ക്ക്‌ ഒഴുകിയിറങ്ങി. വൈകുന്നേരം ചാറിയ മഴത്തുള്ളികള്‍ വീണുകിടക്കുന്ന തണുത്ത ഗ്രില്ലില്‍ കൈമുട്ടുകളൂന്നി റോഡിനപ്പുറത്തെ താഴ്‌വാരത്തേയ്ക്‌ ദൃഷ്ടികളൂന്നി അവള്‍ നിന്നു.

സതീഷാണ്‌ മുറി ബുക്കു ചെയ്തത്‌. മട്ക്കേരി മുറി വേണമെന്ന് പറഞ്ഞപ്പോള്‍ സതിഷ്‌ ചോദിച്ചു.

"നാട്ടീന്ന് ഫാമിലി വന്നോ?"
"ഇല്ല. ഒരു സുഹൃത്ത്‌. വെറുതെ ഒന്നു കറങ്ങാന്‍"

ഭാഗ്യത്തിന്‌ അവന്‍ കൂടുതലൊന്നും ചോദിച്ചില്ല. ചോദിച്ചാല്‍ പറയേണ്ട കളവുകളെക്കുറിച്ച്‌ തയ്യാറായിരുന്നുമില്ല.

സതീഷിന്റെ പരിചയത്തിലുള്ള ഒരു കിന്റര്‍ഗാഡന്‍ പ്രിന്‍സിപ്പലിന്റെതാണ്‌ വീട്‌. വെള്ള ചായമടിച്ച, ബ്രിട്ടിഷ്‌കാരുടെ കാലത്ത്‌ പണിത ഭംഗിയുള്ള ഒരു പഴയ ഇരുനില കെട്ടിടം. റോഡില്‍നിന്നും വീട്ടിലേയ്ക്കുള്ള നടവഴിയില്‍, ഇരുവശത്തും വളര്‍ത്തിയ ബോഗന്‍വില്ലകള്‍ കൊണ്ടുള്ള നടപ്പന്തല്‍. മതിലിനോട്‌ ചേര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന അരളിച്ചെടികളില്‍ നിറയെയും കടും നിറത്തിലുള്ള പൂക്കള്‍. തൊടിയാകെ എവിടെയോ പൂത്തുനില്‍ക്കുന്ന മന്ദാരത്തിന്റെ നറുമണം.

വീടിന്റെ താഴെ നിലയില്‍ പ്രിന്‍സിപ്പലും കുടുംബവും താമസിക്കുന്നു. മുകളിലത്തെ നിലയില്‍ പ്രൗഡിയോടെ ഒരുക്കി വച്ചിരിക്കുന്ന രണ്ടു മുറികള്‍ മട്ക്കേരി കാണാന്‍ വരുന്ന സഞ്ചാരികള്‍ക്ക്‌ ദിവസ വാടകയ്ക്‌ കൊടുക്കുന്നു.

വീടിനു തൊട്ടപ്പുറത്ത്‌ തന്നെയാണ്‌ കിന്റര്‍ഗാഡന്‍. നിറയെ മരങ്ങളും പൂച്ചെടികളും വച്ചുപിടിപ്പിച്ച കോമ്പൗണ്ടില്‍ അവിടിവിടെയായി കുട്ടികള്‍ക്ക്‌ കളിക്കാനുള്ള ഊഞ്ഞാല്‍, സീസോ, ചക്രത്തില്‍ കറങ്ങുന്ന മരകുതിരകള്‍.

സ്കൂളിലെ പ്യൂണും ഗാര്‍ഡനറും അഥിതികള്‍ക്ക്‌ സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുന്നതും ഒരാള്‍ തന്നെ. വെളുത്തുമെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍, മഞ്ജുനാഥ്‌.

രാത്രിഭക്ഷണത്തിന്‌ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഓര്‍ഡര്‍ചെയ്തപ്പോള്‍ അവള്‍ പറഞ്ഞു-

"എന്നെ കരുതി പച്ചക്കറിയാവേണ്ട. നോണ്‍വെജ്‌ കഴിച്ചോളൂ, എനിക്ക്‌ ബുദ്ധിമുട്ടാവില്ല"

നോണ്‍വെജ്‌ വേണ്ടെന്നുതന്നെ വച്ചു. അവള്‍ നോര്‍ത്തിന്ത്യന്‍ ബ്രാഹ്മിണ കുടുംബത്തില്‍ നിന്നാണ്‌. മഹാരാഷ്ട്രയിലെ ഏതോ ഗ്രാമത്തില്‍നിന്നും വടക്കന്‍ കര്‍ണ്ണാടകയിലെ കൃഷിയിടങ്ങളിലേയ്ക്ക്‌ കുടിയേറിയതായിരുന്നു അവളുടെ അച്ഛന്‍. കൃഷിയും കൃഷിയിടങ്ങളും നഷ്ടമായപ്പോള്‍ മൂന്ന് പെണ്‍കുട്ടികളും രോഗിയായ ഭാര്യയും അമ്മയുമടങ്ങിയ കുടുംബവുമായി പലയിടങ്ങളില്‍ താവളം തേടി ഒടുവില്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ബാംഗ്ലൂരിലെത്തി. കര്‍ഷകനില്‍ നിന്നും ഫാക്ടറി തൊഴിലാളിയും ഫുട്‌പാത്‌ കച്ചവടക്കാരനായും സെക്യൂരിറ്റി ഗാഡുമായും വേഷങ്ങള്‍ മാറി.

ബയോമെട്രിക്സ്‌ അറ്റന്‍ഡന്‍സ്‌ സിസ്റ്റം ഇമ്പ്ലിമെന്റേഷന്റെ സമയത്ത്‌ കമ്പനിയിലെ വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത ഓപ്പറേറ്റര്‍ വിഭാഗത്തിലുള്ള ജോലിക്കാരോട്‌ സിസ്റ്റം ഉപയോഗിക്കേണ്ടതെങ്ങിനെ എന്ന് ക്ഷമയോടെ പറഞ്ഞുകൊടുക്കുന്നത്‌ കണ്ടാണ്‌ അവളെ ആദ്യം ശ്രദ്ധിക്കുന്നത്‌. ഇ.ആര്‍.പി-യില്‍ അഡ്മിനിസ്ട്രേഷന്‍ മൊഡ്യൂളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച്‌ അവള്‍ എഴുതിവച്ച നോട്ടുപുസ്തകത്തിന്റെ ചിലതാളുകളില്‍ കുത്തിവരച്ചിട്ട ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഒരു ദിവസം ചോദിച്ചു.

"നന്നായി വരക്കുന്നുണ്ടല്ലോ"

മറുപടി ഒന്നുമില്ല. പിന്നീട്‌ നോട്ടുപുസ്തമൊഴിവാക്കി മെയിലില്‍ അറ്റാച്ച്‌ ചെയ്ത എക്സല്‍ ഷീറ്റുകളില്‍ മാത്രമായി വിശദീകരണങ്ങളും അഭിപ്രായങ്ങളും.

കൊറിയര്‍ വന്ന ചില മലയാള പുസ്തകങ്ങള്‍ മേശമേല്‍ കണ്ടപ്പോഴാണ്‌ അവള്‍ ആദ്യമായി ഒഫീഷ്യലല്ലാത്ത ഒരു കാര്യം സംസാരിച്ചത്‌.

"ആരെഴുതിയതാണീ പുസ്തകങ്ങള്‍?"

എം.ടിയെയും മാധവിക്കുട്ടിയെയും കുറിച്ചവള്‍ കേട്ടിട്ടുണ്ട്‌. ചില പരിഭാഷകള്‍ വായിച്ചിട്ടുമുണ്ട്‌.

അങ്ങിനെയാണ്‌ സൗഹൃദം തുടങ്ങിയത്‌. ഉച്ചഭക്ഷണത്തിനിരിക്കുമ്പോഴും വല്ലപ്പോഴും കിട്ടുന്ന വൈകുന്നേരത്തെ ഒഴിവുസമയത്തുമെല്ലാം അവള്‍ നിര്‍ത്താതെ സംസാരിക്കും. കമ്മ്യൂണിസവും സൈക്കോളജിയുമായിരുന്നു അവള്‍ക്ക്‌ സംസാരിക്കാനേറെ ഇഷ്ടമുള്ള വിഷയങ്ങള്‍. ഫാക്ടറികളില്‍ നിഷേധിക്കപ്പെടുന്ന തൊഴിലാളി അവകാശങ്ങളെ പറ്റി സംകാരിക്കുമ്പോഴവള്‍ വല്ലതെ ക്ഷോഭിക്കും.

"എന്തിനാണിങ്ങിനെ ക്ഷോഭിക്കുന്നത്‌?" ഞാനൊരിക്കല്‍ ചോദിച്ചു

പെട്ടന്നവള്‍ നിര്‍ത്തി. സമനില വീണ്ടെടുത്ത്‌ കുറച്ച്‌ നേരം മൗനയായി.

"എന്റെ ഒരു സ്വഭാവം. ദേവരാജിന്‌ ഇതൊക്കെയാണ്‌ തീരെ ഇഷ്ടമല്ലാത്തത്‌" അവള്‍ ചിരിച്ചു, "ആവുന്നത്‌ പറഞ്ഞതാണ്‌ ഈ വിവാഹം വേണ്ടെന്ന്. എന്നിട്ടും..."

അവള്‍ തുടര്‍ന്നില്ല. ദേവരാജ്‌ അവളുടെ ഭര്‍ത്താവാണെന്നറിയാം. ഫാക്ടറിക്കുമുന്നില്‍ ഒരുദിവസം അവളെ ബൈക്കില്‍ കൂട്ടികൊണ്ടുപോവാന്‍ വന്ന അയാളെ അവള്‍ തന്നെയാണ്‌ പരിചയപ്പെടുത്തിയത്‌.

കമ്പനിയുടെ മറ്റു യൂനിറ്റുകളിലെ ഇ.ആര്‍.പി ഇമ്പ്ലിമെന്റേഷന്‍ തിരക്കുകളുമായി നേരില്‍ കാണലുകള്‍ കുറഞ്ഞപ്പോള്‍ ഫോണ്‍ വിളികള്‍ പതിവായി. ഒന്നും സംസാരിക്കാനില്ലതെ ഫോണ്‍ ചെവിയില്‍ വച്ചിരിക്കുന്ന രാത്രികളില്‍ ഒരിക്കലവള്‍ പറഞ്ഞു-

"അടുത്തൊരാള്‍ ഉള്ളത്‌ പോലെ, ഒരു സമാധാനം"

കുറച്ചുനാളുകള്‍ക്ക്‌ ശേഷം കാണുന്നത്‌ ഒരു സഹപ്രവര്‍ത്തകന്റെ വിവാഹ റിസപ്ഷന്‌. രാത്രിയില്‍ അവിടെനിന്നിറങ്ങിയപ്പോള്‍ അവള്‍ ചോദിച്ചു-

"ബസ്സ്‌ സ്റ്റോപ്പ്‌ വരെ നടക്കാന്‍ കൂടുന്നോ?"

ഡ്രോപ്പ്‌ ചെയ്യാമെന്ന് പറയുമ്പോഴൊക്കെയും അവള്‍ നിരസിക്കുമായിരുന്നു. അതുകൊണ്ടിപ്പോള്‍ ചോദിക്കാറില്ല. ഫുട്‌പാത്തിലൂടെ അവള്‍ക്കൊപ്പം നടന്നു. എതിരെ വരുന്ന ആളുകള്‍ക്ക്‌ വഴിമാറുമ്പോള്‍ കൈകളും ചുമലുകളും പരസ്പരം ഉരുമ്മി. ഇടയ്ക്കെപ്പോഴൊ അവളെന്റെ കൈവിരലുകള്‍ മുറുക്കെ കോര്‍ത്തുപിടിച്ചു. അതൊട്ടും പുറത്ത്‌ ഭാവിക്കാതെ കുഞ്ഞുനാളുകളിലെന്നോ ഒരവധിയ്ക്ക്‌ മഹാരാഷ്ട്രയിലെ അച്ഛന്റെ ഗ്രാമത്തില്‍ കൊയ്ത്ത്‌ കഴിഞ്ഞ ഗോതമ്പ്‌ പാടങ്ങളില്‍ ചിലവഴിച്ച വൈകുന്നേരങ്ങളെകുറിച്ച്‌ സംസാരിക്കുകയായിരുന്നു അവള്‍.

അവള്‍ ബസ്സ്‌ കേറി പോയിട്ടും ഉള്ളം കയ്യില്‍ അവളുടെ കൈതണുപ്പ്‌ തങ്ങിനിന്നു.

അസ്വസ്തതകളുടെ കാണാക്കയങ്ങളില്‍ ഉഴലുകയാണ്‌ മനസ്സ്‌. ചിന്തകള്‍ വല്ലാതെ കാടുകയറുന്നു. അവള്‍ ആരാണെനിക്ക്‌? ഒരു സൗഹൃദത്തിനപ്പുറത്തേക്ക്‌ അവളുമായുള്ള ബന്ധം വളരുകയാണോ? അവളുടെ സാമീപ്യം ഞാനെന്താണിങ്ങിനെ ആഗ്രഹിക്കുന്നത്‌? അവളുടെ ഫോണ്‍ വിളികള്‍ക്കായി ഞാനെന്തിനാണിങ്ങനെ കാത്തിരിക്കുന്നത്‌...

രാത്രിയില്‍ ഫ്ലാറ്റിലെത്തി നാട്ടിലേയ്ക്ക്‌ വിളിച്ച്‌ ഭാര്യയോടും മോളോടും ഒരുപാട്‌ നേരം സംസാരിച്ചു. ചെല്ലാനൊക്കില്ലെന്ന് അറിയാമായിട്ടും കളറിംഗ്‌ മത്സരത്തിന്‌ അവള്‍ക്ക്‌ കിട്ടിയ സമ്മാനം വാങ്ങാന്‍ പോകുന്ന ദിവസം നാട്ടിലെത്താമെന്ന് മോള്‍ക്ക്‌ വാക്കുകൊടുത്തു. സംസാരം നിര്‍ത്താതായപ്പോള്‍ ഭാര്യ ഇടപെട്ടു-

"പാതിരയായി. കിടന്നുറങ്ങാന്‍ നോക്ക്‌. മോള്‍ വൈകി ഉറങ്ങിയാല്‍ രാവിലെ എഴുന്നേള്‍ക്കാനുള്ള പുകിലറിയാവുന്നതല്ലേ. അവളുടെ സ്കൂളില്‍ പോക്കും എന്റെ ഓഫീസില്‍ പോക്കും കുഴയും"

പുറത്തെ വാതിലില്‍ മുട്ടുന്ന ശബ്ദം. നേരം ഇരുട്ടിയിരിക്കുന്നു. ലൈറ്റിട്ട്‌ വാതില്‍ തുറന്നപ്പോള്‍ ഭക്ഷണപാത്രങ്ങളുമായി മഞ്ജുനാഥ്‌. മൂടിവച്ച പാത്രങ്ങള്‍ ഡൈനിംഗ്‌ ടേബിളില്‍ നിരത്തിവച്ച്‌ അയാള്‍ ചോദ്യഭാവത്തില്‍ നോക്കി.

"വേണ്ട, കുറച്ച്‌ കഴിഞ്ഞ്‌ കഴിച്ചോളാം"

മഞ്ജുനാഥ്‌ പോയിക്കഴിഞ്ഞപ്പോള്‍ അവളോട്‌ ചോദിച്ചു, "വിശക്കുന്നില്ലേ?"

വഴിയില്‍ നടുനിവര്‍ത്താന്‍ രണ്ടിടങ്ങളില്‍ ഡാബയ്ക്ക്‌ മുന്നില്‍ നിര്‍ത്തിയപ്പോള്‍ കഴിച്ച ഇളനീര്‍ വെള്ളം മാത്രമേയുള്ളൂ ഉച്ചയൂണിനു ശേഷമുള്ള ഭക്ഷണം. അവളതും കഴിച്ചിട്ടില്ല. ഇടയ്ക്കിടെ ബോട്ടിലില്‍ നിന്നും വെള്ളമെടുത്ത്‌ കുടിക്കുന്നത്‌ കണ്ടു. ജഗദ്ജിത്‌ സിംഗിന്റെ സിഡി പാടാന്‍ തുടങ്ങിയപ്പോള്‍ കണ്ണുകളടച്ച്‌ അവള്‍ സീറ്റിലേയ്ക്ക്‌ ചരിയിരുന്നു. എന്തെങ്കിലും സംസാരിക്കണമല്ലോ എന്ന് കരുതി ചോദിച്ചു-

"ഉറങ്ങുകയാണോ?"

കണ്ണുകള്‍ തുറക്കാതെ തന്നെ അവള്‍ മറുപടി പറഞ്ഞു-

"ജഗദ്ജിത്‌ സിംഗിനെ കണ്ണടച്ച്‌ കേള്‍ക്കാനാണെനിക്കിഷ്ടം"

ഒരു യാത്ര പോകാമെന്നവള്‍ പറഞ്ഞപ്പോള്‍ സ്ഥലവും ദിവസവും തീരുമാനിച്ചറിയിച്ചു. പറഞ്ഞ സ്ഥലത്ത്‌ സമയത്തിന്‌ തന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കാറോടിക്കുന്നതിനിടയില്‍ പലവട്ടം ആലോചിച്ചു- എന്തിനാണീ യാത്ര?

അന്യയായ ഒരു പെണ്‍കുട്ടിക്കൊപ്പം ഒരു മുറിയില്‍ രാത്രി കഴിയേണ്ടിയിരിക്കുന്നു.

ഡൈനിംഗ്‌ ടേബിളില്‍ അഭിമുഖമായി ഇരുന്നു. പ്ലേറ്റില്‍ നിന്നും കണ്ണുകളുയര്‍ത്താതെ ചപ്പാത്തിയുടെ ഒരു ചീള്‌ മുറിച്ചെടുത്ത്‌ അവള്‍ കഴിക്കണമോ എന്നാലോചിച്ചിരിക്കുന്നത്‌ പോലെ.

"എന്താണാലോചിക്കുന്നത്‌? കഴിക്കൂ"

മറുപടി പറയാതെ അവള്‍ മുഖമുയര്‍ത്തി നോക്കി.

"വരേണ്ടായിരുന്നു എന്ന് തോനുന്നുണ്ടോ?"

ചോദിച്ച്‌ കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക്‌ തോന്നി, ആ ചോദ്യം ഒഴിവാക്കാമായിരുന്നുവെന്ന്.

"പതിവ്‌ കുറ്റപ്പെടുത്തലുകളും പരിഭവങ്ങളുമില്ലാത്ത ഒരു ദിവസം. പിന്നില്‍നിന്നും പിടിച്ച്‌ വലിച്ച്‌, നിര്‍ബ്ബന്ധപൂര്‍വ്വം വഴങ്ങിക്കൊടുക്കേണ്ടിവരുന്ന ഗതികേടില്‍നിന്നും എന്റെ സ്വകാര്യതയില്‍ ഒതുങ്ങിയിരിക്കാന്‍ ഒരു ദിവസം. കുറെ നാളായി ഞാനതാഗ്രഹിക്കുന്നു..." അവള്‍ ചെറുതായൊന്നു ചിരിച്ചു. "അതിന്ന് ഞാന്‍ നന്ദിയല്ലേ പറയേണ്ടത്‌?"

അവള്‍ തുടര്‍ന്നു-
"ഇങ്ങിനത്തെ യാത്രകളൊന്നും പരിചയമല്ല. സ്വകാര്യതകള്‍ ഒരിക്കലും ഇല്ലായിരുന്നുവെന്ന് തന്നെ പറയാം. നഗരത്തിന്റെ പുറമ്പോക്കുകളില്‍ ഒറ്റമുറി വീടുകളില്‍ വളര്‍ന്നവള്‍ക്ക്‌ സ്വകാര്യതയെ എങ്ങിനെ ആഗ്രഹിക്കാന്‍"

ഭക്ഷണം കഴിച്ചെഴുന്നേറ്റു. മഞ്ജുനാഥ്‌ വന്ന് പാത്രങ്ങള്‍ പെറുക്കിയെടുത്തുകൊണ്ടു പോയി.

സെറ്റിയില്‍ അവള്‍ക്കടുത്തായി ഇരുന്നു.

"വീട്ടിലെ ബുദ്ധിമുട്ടുകള്‍ക്കനുസരിച്ച്‌ മനസ്സിനെ പാകപ്പെടുത്തിയത്‌ കൊണ്ടവാം, ചെറുപ്പം മുതല്‍ക്കേ വായനയൊഴിച്ച്‌ മറ്റൊന്നിനോടും എനിക്ക്‌ വലിയ താല്‍പ്പര്യം തോനാറില്ലായിരുന്നു. സൗഹൃദം, പ്രണയം, വിവാഹം, കുടുംബം, ആഘോഷങ്ങള്‍, തുടങ്ങി ഒന്നിനോടും"

കുറച്ചുനേരം എന്തോ ആലോചിച്ചിരുന്ന്, അവള്‍ തുടര്‍ന്നു-

"എന്നിട്ടും എന്റേത്‌ ഒരു പ്രണയ വിവാഹമായിരുന്നു. ഞാനാഗ്രഹിക്കാത്തൊരു പ്രണയ വിവാഹം"

"ആഗ്രഹിക്കാത്ത പ്രണയ വിവാഹമോ?"

അവള്‍ തലകുലുക്കി.

"ദേവരാജ്‌ വീട്ടിലെ ഒരംഗത്തെ പോലായിരുന്നു. ആണ്‍കുട്ടികളില്ലാതിരുന്ന ഞങ്ങളുടെ കുടുംബത്തിന്‌ അവന്‍ എപ്പോഴും വലിയ തുണയായിരുന്നു. സഹോദരിമാര്‍ രണ്ടുപേരും നേരത്തെ വിവാഹം കഴിഞ്ഞ്‌ അവരുടെ പ്രാരബ്ധങ്ങളുമായി ഓരോയിടത്ത്‌. രോഗിയായ അമ്മയെയും ശരീരമനങ്ങി ജോലിചെയ്യാനാവാതെയായ അച്ഛനെയും സംരക്ഷിക്കാന്‍ ഞാന്‍ പെടാപ്പാട്‌ പെടുമ്പോള്‍ ദേവരാജ്‌ എന്നെ ഒരുപാട്‌ സഹായിച്ചു. എന്നെക്കാള്‍ രണ്ടു വയസ്സിന്‌ ഇളയ അവനെ ഞാനെന്റെ സ്വന്തം അനിയനെ പോലെ സ്നേഹിച്ചു. പക്ഷെ വളരെ വളരെ വൈകിയാണ്‌ ഞാനറിഞ്ഞത്‌, അവന്‍, അവന്‍...."

സംസാരം നിര്‍ത്തി അവള്‍ വല്ലാതെ കിതച്ചു.

"ആവുന്നത്ര ഞാന്‍ അവനെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ ശ്രമിച്ചു. കരഞ്ഞു, കെഞ്ചി, ദേഷ്യപ്പെട്ടു, ആട്ടിയിറക്കി. അന്നുവരെ ഒരു വിവാഹത്തെ പറ്റി ചിന്തിക്കുകപോലും ചെയ്യാതിരുന്ന എനിക്ക്‌, പരാജയമാവുമെന്നുറപ്പുണ്ടായിട്ടും ഒടുവില്‍ കൂടപ്പിറപ്പിനെ പോലെ കണ്ട അവനെ വിവാഹം കഴിക്കാന്‍ സമ്മതിക്കേണ്ടി വന്നു..."

"പിടിച്ച്‌ നില്‍ക്കാമായിരുന്നീല്ലേ, സ്വന്തം താല്‍പ്പര്യങ്ങള്‍ക്കപ്പുറം എന്തിനങ്ങിനെ ഒരു തീരുമാനമെടുത്തു?"

"ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ്‌ അവന്‍ ഭീഷണിപ്പെടുത്തിയപ്പോഴൊന്നും ഞാനത്‌ ചെവിക്കൊണ്ടതേയില്ല. പക്ഷേ ഒരുദിവസം അവനതിന്ന് ശ്രമിച്ചു. വിഷം കഴിച്ച്‌ ആശുപത്രിയില്‍ ബോധമില്ലാതെ അവന്‍ കിടക്കുമ്പോള്‍, ആര്‍ക്കും വേണ്ടാത്ത എന്റെ ജീവിതം അവന്റെ കൂടെ ജീവിച്ച്‌ തീര്‍ക്കാന്‍ ഞാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു"

ഒന്നു നിര്‍ത്തി സ്വയമെന്നപോലെ അവള്‍ പറഞ്ഞു-
"പ്രായമായ അച്ഛനും അമ്മയും ഇല്ലായിരുന്നുവെങ്കില്‍ അതിന്നും എത്രയോ മുന്‍പേ ഞാനീ ജീവിതം അവസാനിപ്പിച്ചേനെ"

ഞങ്ങള്‍ക്കിടയില്‍ മൗനം കനത്തു. എന്താണിവളോട്‌ പറയേണ്ടത്‌. നീണ്ട്‌ സുന്ദരമായ അവളുടെ വിരലുകള്‍ അമര്‍ത്തിപ്പിടിച്ച്‌ ഞാന്‍ പറഞ്ഞു-

"റിലാക്സ്‌..."

"വിവാഹം എന്നത്‌ എന്റെ സങ്കല്‍പ്പത്തില്‍ കൂടി ഇല്ലായിരുന്നു. അവനൊരു നല്ല ഭാര്യയാവാന്‍ എനിക്ക്‌ കഴിയുകയില്ല. ഞങ്ങളുടെ ഇഷ്ടങ്ങള്‍, ജീവിത രീതികള്‍ എല്ലാം പരസ്പര വിരുദ്ധങ്ങളാണ്‌. പുസ്തകങ്ങള്‍, പാട്ടുകള്‍ ഒന്നും ദേവരാജിന്‌ ഇഷ്ടമല്ല. ഹോട്ടലില്‍ നിന്നും വാങ്ങി വരുന്ന പാര്‍സല്‍ ഭക്ഷണങ്ങളും, രാവിലെ ഓഫീസിന്‌ മുന്നില്‍ ഇറക്കിവിടുന്നതും വൈകീട്ട്‌ കൂട്ടികൊണ്ടു പോകുന്നതും മണിക്കൂറില്‍ നാലും അഞ്ചും തവണ ഫോണ്‍ ചെയ്ത്‌ ഓഫീസില്‍ ആരുടെകൂടെ എന്തുചെയ്യുകയാണ്‌ എന്ന് അന്വേഷിക്കുന്നതുമാണ്‌ അവന്‌ സ്നേഹം"

"വിവാഹം എന്നത്‌ ഒരൊത്തുതീര്‍പ്പാണ്‌. പരസ്പരം മനസ്സിലാക്കി, അഡ്ജസ്റ്റ്‌ ചെയ്ത്‌..."

"എന്തൊത്തുതീര്‍പ്പ്‌?" അവളുടെ ശബ്ദം ഉയര്‍ന്നു "അനുജനെ പോലെ കരുതിയ ഒരാളെ വിവാഹം കഴിക്കുക, അവന്‌ വഴങ്ങിക്കൊടുക്കുക, വലിച്ചിഴച്ച്‌ കട്ടിലില്‍ കൊണ്ടുപോയി ശരീരത്തില്‍ കാട്ടുന്ന പേകൂത്തുകള്‍ക്കുശേഷമുള്ള കുറ്റപ്പെടുത്തലുകളും ആവലാതികളും കേട്ടില്ലെന്ന് വയ്ക്കുക, എന്തിനും ഏതിനും സംശയിക്കുന്ന അവന്റെ വൃത്തികെട്ട സ്വഭാവം കണ്ടില്ലെന്ന് നടിക്കുക. ഇതൊക്കെയാണോ ഒത്തുതീര്‍പ്പ്‌?"

എനിക്കുത്തരം മുട്ടി.

"അധികാരത്തിന്റെ ശബ്ദത്തില്‍ മാത്രമേ അവനെന്നോട്‌ സംസാരിച്ചിട്ടുള്ളൂ, വേട്ടക്കാരന്റെ കണ്ണുകളുമായേ അവനെന്നെ കെട്ടിപ്പിടിച്ചിട്ടുള്ളൂ, വേദനയില്‍ ഞാന്‍ പുളയുമ്പോള്‍ മാത്രമേ അവന്‍ മനസ്സറിഞ്ഞ്‌ ചിരിച്ചിട്ടുള്ളൂ...."

അവളുടെ നെടുവീര്‍പ്പ്‌ നേരിയ തേങ്ങലായി മാറി. ഞാനവളെ ചേര്‍ത്തുപിടിച്ചു. മുഖത്ത്‌ വീണുകിടന്ന അവളുടെ മുടിയിഴകള്‍ ചെവിക്കുപിന്നിലേയ്ക്ക്‌ ഒതുക്കിവയക്കുമ്പോള്‍ ആ കവിളുകളുടെ മൃദുലത ഞാനറിഞ്ഞു. കമ്മലിടാത്ത അവളുടെ ചെവിയ്ക്കുമേല്‍ എന്റെ കൈ ഉടക്കിനിന്നു.

കണ്ണുനീര്‍ തളം കെട്ടിനില്‍ക്കുന്ന അവളുടെ കണ്ണുകളിലേയ്ക്ക്‌ ഞാനെന്താണിങ്ങനെ സൂക്ഷിച്ച്‌ നോക്കുന്നത്‌... എന്റെ കൈകള്‍ എന്തിനാണവളെ എന്നിലേയ്ക്ക്‌ വലിച്ചടുപ്പിക്കുന്നത്‌...നെഞ്ചില്‍ ഞാനറിയുന്ന ഈ ഇളം ചൂട്‌ ഞാനെന്തിനാണിങ്ങനെ ആസ്വദിക്കുന്നത്‌...

എന്റെ കണ്ണുകളിലേയ്ക്ക്‌ നോക്കി പതിഞ്ഞ സ്വരത്തില്‍ അവള്‍ പറഞ്ഞു

"ബുദ്ധിമുട്ടിക്കുകയില്ല, ഞാന്‍. എന്റെ സ്വകാര്യതയില്‍ സൂക്ഷിക്കാന്‍, ഒറ്റപ്പെടുന്നുവെന്ന് തോനുമ്പോള്‍ അങ്ങിനെയല്ല എന്ന് സ്വയം ബോധ്യപ്പെടുത്താന്‍, വല്ലപ്പോഴെങ്കിലും ഇങ്ങിനെയൊന്ന് തലചായ്ച്ച്‌ നില്‍ക്കാന്‍... അതുമാത്രം മതി. അതെനിക്ക്‌ ധാരാളം. പകരം എന്തെങ്കിലും വേണമെന്ന് തോനുന്നുവെങ്കില്‍..."

അവളുടെ പിന്‍കഴുത്തില്‍ ഇഴയുകയായിരുന്ന എന്റെ കൈവിരലുകള്‍ നിശ്ചലമായി.

കളറിംഗ്‌ മത്സരത്തിന്റെ സമ്മാനം വാങ്ങി കൂട്ടുകാരുടെ ആരവങ്ങള്‍ക്കിടയില്‍ മോള്‍ ഇറങ്ങിവരുമ്പോള്‍ ആ ദിവസം അവിടെ എത്താത്തതിന്ന് അവളുടെ പരിഭവം നിറഞ്ഞ കുഞ്ഞു മുഖം...

ഓഫീസിലെ തിരക്കുകള്‍ക്കിടയില്‍ രാത്രി ഏറെ വൈകിയിട്ടും ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതില്‍ ഭാര്യയുടെ സ്നേഹത്തോടെയുള്ള ശാസന...

തൊടിയില്‍ കുലച്ച കദളിവാഴക്കുല പഴുക്കാനാവുമ്പോഴേയ്ക്കും നാട്ടിലെത്താന്‍ ലീവ്‌ കിട്ടുമോ എന്ന അമ്മയുടെ അന്വേഷണം...

കാവിലെ ഉത്സവത്തിന്‌ ഇപ്രാവശ്യം തീര്‍ച്ചയായും കുടുംബത്തോടെ തൊഴണമെന്ന അച്ഛന്റെ ഇടയ്ക്കിടെയുള്ള ഓര്‍മ്മപ്പെടുത്തല്‍...

നിശ്ശബ്ദത.
മുറിയിലേയ്ക്ക്‌ അരിച്ചെത്തുന്ന തണുപ്പിനൊപ്പം മന്ദാരപ്പൂക്കളുടെ നേരിയ സുഗന്ധം. രാത്രി ഏറെ വൈകിയിരിക്കുന്നു. മടിയില്‍ തലവച്ച്‌ അവള്‍ ശാന്തമായുറങ്ങുന്നു.

ആ ജനല്‍ കര്‍ട്ടനുകള്‍ ഒതുക്കിവച്ചിരുന്നുവെങ്കില്‍ പുറത്ത്‌ ആകാശം കാണാമായിരുന്നു, മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചു കളിക്കുന്ന ചന്ദ്രനെ കാണാമായിരുന്നു, അകത്തേയ്ക്ക്‌ വീഴുന്ന നിലാവെളിച്ചം കാണാമായിരുന്നു, കണ്ണുചിമ്മിക്കളിക്കുന്ന നക്ഷത്രങ്ങളെ കാണാമായിരുന്നു, തെന്നി നീങ്ങിപ്പോകുന്ന കോടമഞ്ഞ്‌ കാണാമായിരുന്നു...

വേണ്ട. എഴുന്നേല്‍ക്കണമെങ്കില്‍ അവളെ ഉണര്‍ത്തണം. ആഗ്രഹിച്ച സമാധാനത്തില്‍, സുഖത്തില്‍ അവളുറങ്ങട്ടെ.

3 comments:

ഇട്ടിമാളു അഗ്നിമിത്ര said...

അവളുറങ്ങട്ടെ... ഒരിക്കലെങ്കിലും ... കൂടുതല്‍ എന്താ പറയാ

ശ്രീ said...

മനോഹരമായ... ഹൃദയസ്പര്‍‌ശിയായ കഥ...

Vish..| ആലപ്പുഴക്കാരന്‍ said...

പഠിപ്പുരേ... അഭിനന്ദനങള്‍..
U've made it