Friday, May 23, 2008

ഓര്‍മ്മയുടെ താക്കോലുകള്‍-ഗള്‍ഫ്‌ യാത്രക്കാരുടെ ശ്രദ്ധക്ക്‌...

ഭാഗം ഒന്ന്‌
ഉണ്ണിക്കുട്ടണ്റ്റെ ഗള്‍ഫ്‌ യാത്രാ
-------------------

അവന്‍,അമ്മയുടെ പുന്നാരമകന്‍.
വയസ്സ്‌ 22.
കുഞ്ഞിലെ അച്ചന്‍ മരിച്ചുപോയെങ്കിലും,കുറവുകളൊന്നും അറിയീക്കാതെ അമ്മ അവനെ വളര്‍ത്തി.മൂത്ത രണ്ട്‌ പെണ്‍കുട്ടികളേക്കാള്‍ സ്നേഹവും ലാളനയും പരിഗണനയും അവനുകിട്ടി,(ജീവിതസമരത്തിനോടു മത്സരിക്കാനുള്ള ജന്‍മ്മസിദ്ധമായ കഴിവുകള്‍ക്കെതിരേയുള്ള ആദ്യത്തെ ആണി അമ്മതന്നെ അടിച്ചുകയറ്റി...) ഒരുവിധം സ്കൂളില്‍ പത്താംതരം വരെ അവനും പോയി...
എങ്കിലും അവന്‍ നല്ലൊരു പണിക്കാരനായി,അലുമിനിയം ഫാബ്രിക്കേഷനും പ്ളമ്പിങ്ങും നല്ല നൈപുണ്ണ്യത്തോടെ അവന്‍ ചെയ്യും.നല്ലൊരു മനുഷ്യനുംകൂടിയായിരുന്നു അവന്‍.
നാട്ടുകാരുടെ കണ്ണിലുണ്ണി;കൂട്ടുകാരുടെ രാജാവ്‌...
ഉത്സവകമ്മറ്റികളിലും ഉത്സവപറമ്പുകളിലും സജീവ സാന്നിധ്യം...
പാര്‍ട്ടിയിലും സംഘടനകളിലും അംഗത്വം...
(ഇതൊക്കെതന്നെയല്ലെ കേരളത്തിലെ ഹീറോയിസം... !)
ഈ തിരക്കില്‍ ജീവിതത്തേകുറിച്ച്‌ ചിന്തിക്കാന്‍ നേരമുണ്ടാകില്ല,സ്വാഭാവികം !
പക്ഷേ,ആരുമറന്നാലും ദൈവത്തിനു മറക്കാനാവില്ലല്ലോ...

ഓരോ മനുഷ്യനേയും അവണ്റ്റെ കര്‍മ്മപഥത്തിലെത്തിക്കാനുള്ള പരീക്ഷണങ്ങളുടെ ആദ്യഘട്ടത്തിലേക്ക്‌ അവനും എറിയപ്പെടുന്നു...

ഗള്‍ഫ്‌...
ഏവരുടേയും സ്വപ്നഭൂമി... !
അവനും,ഗള്‍ഫ്‌ സ്വപ്നംകാണുവാന്‍ അവസരമുണ്ടായി;അവണ്റ്റെ അളിയനിലൂടെ...
പലരിലായി വിസക്ക്‌ പണംകൊടുത്തിട്ടു... !!
(മനസ്സാക്ഷിയില്ലാത്ത ഗള്‍ഫുകാരണ്റ്റെ,പലിശയില്ലാ വായ്പ്പ ശ്രോതസ്സാണല്ലൊ ക്ഷമയില്ലാത്ത സധാരണക്കാര്‍..!അഞ്ചും ആറും മാസങ്ങള്‍,ചിലപ്പോള്‍ വര്‍ഷങ്ങള്‍തന്നേയും,വിസ ഇന്നുവരും നാളെവരും എന്ന്‌ പറഞ്ഞും പ്രലോഭിപ്പിച്ചും ലക്ഷങ്ങള്‍വരെ വാങ്ങിവെക്കും...!അറബി ലണ്ടനില്‍ പോയി,ഇപ്പോള്‍ നോമ്പ്‌ കാലമാണ്‌,ഇന്ത്യാക്കാര്‍ക്ക്‌ വിസ കൊടുക്കുന്നില്ല എന്ന്‌ തുടങ്ങി നിരവധി കാരണങ്ങളുണ്ടാവും നിരത്തിവെക്കാന്‍,പണം തിരിച്ച്‌ കൊടുക്കാതിരിക്കാനുള്ള കാരണങ്ങളായി... )
അവണ്റ്റെ തിടുക്കവും,കുറ്റപെടുത്തലുകളും ഏറിയപ്പോള്‍,നിവൃത്തിയില്ലാതെ അളിയന്‍ വിസക്ക്‌ പണം കൊടുത്തു,ദുബായില്‍ ലേബര്‍ സപ്പേ്ള കമ്പനി നടത്തുന്ന കായംകുളത്ത്‌ സാധുപുരത്തെ ഒരു തമ്പാണ്റ്റെ പക്കല്‍.. !
ദിവസങ്ങള്‍ കഴിഞ്ഞു. ആഴ്ച്ചകളും കടന്നുപൊയ്കൊണ്ടിരുന്നു...

ഒരു ദിവസം എനിക്ക്‌ ഒരു ഫോണ്‍കാള്‍;അത്യാവശ്യമായി അവണ്റ്റെ വീടുവരെ ചെല്ലാന്‍.
ഞാന്‍ അവിടെ ചെന്നു.
"എന്താ കാര്യം ?"
"അളിയന്‍ വിളിച്ചിരുന്നു,വിസ കിട്ടില്ലാ എന്ന്‌;എണ്റ്റെ പാസ്‌പോര്‍ട്ടില്‍ ഒരാളവിടെ ഇറങ്ങിയിട്ടുണ്ടത്രെ.. !?"

അങ്ങിനെ സംഭവിക്കാനുള്ള സാധ്യത തള്ളികളയാനാവില്ലെങ്കിലും ഒന്നന്വേഷിക്കന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

കാസര്‍ഗോഡുകാര്‍,'കാസര്‍ഗോഡ്‌ എംബസ്സി' തന്നെ നടത്തുന്നുണ്ട്‌;കള്ളപാസ്പോര്‍ട്ട്‌ ഉണ്ടാക്കാനും വിസ അടിക്കാനും മറ്റുമായി..!
1500 ദിര്‍ഹത്തിന്‌ വിസിറ്റ്‌ വിസ കിട്ടും;പക്ഷേ,പാസ്പോര്‍ട്‌ അവരുടെ പക്കല്‍ കൊടുക്കണം,3000 ദിര്‍ഹം കൊടുത്താല്‍ പാസ്പോര്‍ട്ട്‌ തിരികെ തരും;യു.എ.ഈയില്‍ എത്തി 'ചാടി' പണിയെടുക്കാം('ചാട്ട വിസ'),പൊതുമാപ്‌ പ്രഖ്യാപിക്കുമ്പോള്‍ തിരിച്ചുവരാം;പാസ്പോര്‍ട്ടും വിസയും മറ്റുരേഖകള്‍ ഒന്നും ഇല്ലായെങ്കില്‍പോലും 5000 ദിര്‍ഹം കൊടുത്താല്‍ അവര്‍ നാട്ടില്‍ എത്തിക്കും..!
"വെള്ളിയാഴ്ച വിസ അടിച്ചവരാണ്‌ കാസര്‍ഗോഡുകാര്‍...!!!".

അവണ്റ്റെ കാര്യത്തില്‍ അത്തരത്തിലൊന്നും സംഭവിച്ചിരുന്നില്ല,തല്‍ക്കാലം വിസ കൊടുക്കാതിരിക്കാന്‍ അവര്‍ ഒരു കള്ളം പറഞ്ഞതായിരുന്നു,ഷര്‍ജാ ഇന്ത്യന്‍ അസ്സോസിയേഷനില്‍ സ്വാധീനമുള്ള മാധവേട്ടന്‍ മുഖാന്തിരം ഞാന്‍ കാര്യങ്ങള്‍ മനസ്സിലാക്കി...,

മാധവേട്ടന്‍ ഇടപെട്ടപ്പോള്‍ കാര്യങ്ങള്‍ വളരെ വേഗത്തിലായി.

അധികം താമസിയാതെ വിസയുടെ കോപ്പി കിട്ടി.
മൂന്നു വര്‍ഷത്തെ കാലാവധിയുള്ള വിസയില്‍ പ്രൊഫഷന്‍ 'ലേബര്‍' ആയിരുന്നു;അപ്പോള്‍തന്നെ എനിക്ക്‌, അവന്‌ അവിടെ സംഭവിച്ചേക്കാവുന്ന ജീവിതദുരിതങ്ങളുടെ ഏകദേശരൂപം മനസ്സിലയിരുന്നു,എങ്കിലും ഒന്നും പറയാന്‍ നിര്‍വ്വാഹമില്ലായിരുന്നു.ഗള്‍ഫിലെത്താന്‍ വെമ്പുന്നവന്‌ ഉപദേശങ്ങളും മറ്റും അരോച്ചകങ്ങളായിരിക്കുമെന്നറിയാമായിരുന്നതുകൊണ്ടും വിസ എടുത്തത്‌ അവണ്റ്റെ അളിയന്‍ തന്നെ ആയിരുന്നതുകൊണ്ടും എണ്റ്റെ ഉള്‍പ്രേരണകളെയെല്ലാം ഞാന്‍ ഒതുക്കി.
(എത്ര ദുരിതങ്ങളുണ്ടായാലും ജിവിതം തിരിച്ചറിയാന്‍ ഇത്രയും നല്ലൊരു കളരി ഭൂമിയില്‍ വേറെയില്ലല്ലോ എന്നൊരാശ്വാസവുമുണ്ടായിരുന്നു മനസ്സില്‍;കുടുംബത്തിണ്റ്റേയും കൂട്ടുകാരുടെയും തണലില്‍ മദിച്ചുവളരുന്ന ഓരോ കേരളീയനും ഒരുവട്ടമെങ്കിലും ഗള്‍ഫിലൊന്നു പോകണം,എങ്കിലേ ഗള്‍ഫ്‌ എന്താണെന്നും ആരാണ്‌ യതാര്‍ഥ ഗള്‍ഫ്‌കാരനെന്നും മനസ്സിലാവൂ..! ഗള്‍ഫുകാരണ്റ്റെ ചോരയാല്‍ സൌധങ്ങള്‍ പണിയുന്ന,അവണ്റ്റെ വിയര്‍പ്പില്‍ കാമരസംകൊള്ളുന്ന ഓരോ കേരളിയനും പോയിരിക്കണം അവിടെ...ഒരിക്കലെങ്കിലും !!)
(കൌമാരത്തിലൊരു പ്രണയവും യൌവ്വനത്തിലൊരു പ്രവാസവും അനുഭവിച്ചവന്‍ സന്ന്യസിക്കേണ്ടതില്ല... ))

അടുത്തദിവസം തന്നെ തമ്പാണ്റ്റെ വീട്ടില്‍ പണംകൊണ്ടുകൊടുക്കാന്‍ അളിയന്‍ വിളിച്ചുപറഞ്ഞു,90000(തൊണ്ണൂറായിരം)രൂപ!!.

(തൊഴില്‍ സ്ഥാപനങ്ങള്‍ നല്ലതാണെങ്കില്‍ വിസക്ക്‌ പണം വാങ്ങില്ല,കൂടാതെ വര്‍ഷത്തിലൊരിക്കല്‍ ലീവും ലീവ്‌ സാലറിയും എയര്‍ടിക്കറ്റുമെല്ലാം ഉണ്ടായിരിക്കും.ഭൂരിഭാഗം സ്ഥാപനങ്ങളും പണം വാങ്ങാറില്ല,മറിച്ച്‌ മധ്യവര്‍ത്തികളാണ്‌ ഈ പണമെല്ലാം കൈക്കലാക്കുന്നത്‌;ഒരു വിസക്ക്‌ 3000 ദിര്‍ഹം ബാങ്ക്‌ ഗാരണ്റ്റിയായും 3000 ദിര്‍ഹം 'വിസ പ്രോസസ്സിംഗ്‌ ഫീ' ആയും 3000൦ ദിര്‍ഹം 'ബത്താക്കാ' ചാര്‍ജ്ജായും കമ്പനികള്‍ക്ക്‌ ചിലവ്‌ വരുന്നു;ഇതില്‍ ബങ്ക്ഗാരണ്റ്റി വിസ കാന്‍സല്‍ ചെയ്യുമ്പോള്‍ കമ്പനിക്ക്‌ തിരിച്ചു കിട്ടും;എങ്ങിനെ നോക്കിയാലും 9000 ദിര്‍ഹത്തിന്‌ ബദിലായി 90000 രൂപാ ഈടാക്കുന്ന രീതി 'വിസാക്കച്ചവടം' തൊഴിലാക്കിയവര്‍ മാത്രമെ ചെയ്യൂ,ഇതിനുവേണ്ടി മാത്രം ചെറിയ ചെറിയ തരികിട സ്ഥാപനങ്ങള്‍ തുടങ്ങുന്നവര്‍പോലുമുണ്ട്‌ അവിടെ;അവരുടെ കെണിയിലകപ്പെടാന്‍ "വിദ്യാസമ്പന്നരായ,സംസ്കാരസമ്പന്നരായ" മലയാളികളും ധാരാളമുണ്ടെന്നത്‌ ലജ്ജാവഹം തന്നെ... )

പെണ്‍മക്കളുടെ പണ്ടം പണയംവെച്ചും ബാങ്ക്‌ വായ്പ്പ എടുത്തും അമ്മ പണം സംഘടിപ്പിച്ചു

പണം കൊണ്ടുകൊടുക്കാന്‍ അവന്‍ എന്നേയും വിളിച്ചു.
ഞങ്ങള്‍ ഒരു ദിവസം പുലര്‍ച്ചെ കായംകുളത്തേക്ക്‌ പുറപ്പെട്ടു,അഞ്ചുമണിക്ക്‌ എര്‍ണാകുളത്തേക്കുള്ള ബസ്സില്‍ തൃശ്ശൂര്‍ക്ക്‌ കയറി;ബസ്സിലുള്ള ദൂരയാത്ര ഒഴിവാക്കാം എന്നുകരുതി റയില്‌വേ സ്റ്റേഷനില്‍ ചെന്നു.പക്ഷെ ട്രയിന്‍ ഒരുമണിക്കൂറ്‍ വൈകിയാണ്‌ ഓടുന്നത്‌;പക്ഷെ കാത്തുനില്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല,തമ്പാണ്റ്റെ അനുജന്‍ അഞ്ച്‌മിനിറ്റ്‌ കൂടുമ്പോള്‍ വിളിച്ചുകൊണ്ടിരുന്നു;ഞങ്ങള്‍ വീണ്ടും ബസ്സ്‌ സ്റ്റാന്‍ഡിലെത്തി,തിരുവനന്തപുരത്തേക്കുള്ള കെ.എസ്‌.ആര്‍.ട്ടി.സി ബസ്സില്‍ കയറി.അഞ്ചുമണിക്കൂറ്‍..!! ദുരിതംനിറഞ്ഞ യാത്ര;അതും ഭക്ഷണം പോലും കഴിക്കാതെ..!ഒരുമണിക്ക്‌ കായംകുളം സ്റ്റാന്‍ഡിലെത്തിയ ഞങ്ങള്‍ കംഫര്‍ട്ട്‌ സ്റ്റേഷനില്‍ കയറി അത്യന്താപേക്ഷിതമായ കാര്യങ്ങളെല്ലാം ചെയ്ത്‌ മുഖവും കഴുകി പുറത്തിറങ്ങി. തമ്പാണ്റ്റെ അനുജണ്റ്റെ നിര്‍ദ്ദേശപ്രകാരം ഒരു ഓട്ടൊ വിളിച്ച്‌ സാധുപുരത്തേക്ക്‌ തിരിച്ചു;ചില ഊടുവഴിയിലൂടെയെല്ലാം സഞ്ചരിച്ച്‌,ഒടുവില്‍ തമ്പാണ്റ്റെ വീട്ടിലെത്തി

ഒരു കായല്‍ തീരത്താണ്‌ തമ്പാണ്റ്റെ വീട്‌,മനോഹരമായ സ്ഥലം.വീട്ടില്‍ ഒരു ചെറുപ്പക്കാരനും-തമ്പാണ്റ്റെ അനുജന്‍-ഉയരം കുറഞ്ഞ പ്രായംകൂടിയ-തമ്പണ്റ്റെ അച്ചന്‍-ഒരാളും ഉണ്ടായിരുന്നു.അവര്‍ പണം വാങ്ങാനുള്ള തിടുക്കത്തിലായിരുന്നു;വിശപ്പും ദാഹവും പുറമെ യാത്രാക്ഷീണവും മൂലം ഞാന്‍ ആകെ തളര്‍ന്നിരുന്നു.ഒരു ഗ്ളാസ്‌ വെള്ളം പോലും ചോദിച്ചുവാങ്ങേണ്ട ഗതികേടോര്‍ത്ത്‌ എനിക്ക്‌ ദേഷ്യമാണ്‌ തോന്നിയത്‌.എത്രയും വേഗം അവിടുന്ന്‌ മടങ്ങാനുള്ള ആഗ്രഹത്തില്‍,ആളിയന്‌,ഗള്‍ഫിലേക്ക്‌,ഫോണ്‍ ചെയ്തു;അളിയന്‍ തമ്പാനും തമ്പാന്‍ അയാളുടെ അനുജനും.അങ്ങിനെ പണം അവരെ ഏല്‍പ്പിച്ച്‌ ഞങ്ങള്‍ മടങ്ങി;കായംകുളം റയില്‌വേ സ്റ്റേഷനില്‌വന്ന്‌ ഭക്ഷണം കഴിക്കുമ്പോള്‍ സമയം മൂന്നു മണി... !!!

വലിയൊരു ബാധ്യത ഒടുക്കിത്തീര്‍ത്ത ആശ്വാസത്തോടെ റയില്‌വേ സ്റ്റേഷനിലെത്തി;പക്ഷെ അടുത്ത ട്രയിന്‍ ആറുമണിക്കേയുള്ളു.എങ്കിലും,ഇനിയൊരു ബസ്സ്‌ യാത്രകൂടി വയ്യാ എന്നതിനാല്‍ കാത്തിരിക്കാന്‌തന്നെ തീരുമാനിച്ചു.

നെടുനീളത്തീല്‍ കിടക്കുന്ന പ്ളാറ്റ്‌ഫോമിലൂടെ നടക്കുന്നതും കാഴ്ച്ചകളില്‍ കാര്യം തിരക്കുന്നതും രസമുള്ള സംഗതിയാണ്‌.അവന്‍ ഗള്‍ഫിലെ സ്ഥിതികളെകുറിച്ചും യാത്രാ രീതികളെകുറിച്ചും ചോദിച്ചുകൊണ്ടിരുന്നു;കോളേജ്‌ കൂട്ടികള്‍ ഒരോരൊമൂലയിലിരുന്ന്‌ മൊബൈലില്‍ 'കുറുകുന്നതും' പ്രായമായവര്‍ അനുഭവങ്ങള്‍ വിളമ്പുന്നതും കണ്ടും കേട്ടും നടക്കുന്നതിനിടയിലും ഞാന്‍ അവണ്റ്റെ സംശയങ്ങള്‍ക്ക്‌ അവനെ ഭയപെടുത്താത്ത രീതിയില്‍ മറുപടികൊടുത്തുകൊണ്ടിരുന്നു.സ്റ്റേഷനില്‍ നല്ല തിരക്ക്‌ കാണപെട്ടു,വിഷുക്കണിക്ക്‌ തൊഴാന്‍ പോകുന്ന അയ്യപ്പഭക്തന്‍മാരുടെ തിരക്ക്‌ കണ്ടപ്പോള്‍തന്നെ ട്രയിനില്‍ ഉണ്ടായേക്കാവുന്ന തിരക്കോര്‍ത്ത്‌ ഞാന്‍ പരിഭ്രമിച്ചു;എണ്റ്റെ പരിഭ്രമം അസ്ഥാനത്തായില്ല,ആറുമണികഴിഞ്ഞെത്തിയ മാംഗളൂറ്‍ മെയിലില്‍ അഭൂതപൂര്‍വ്വമായ തിരക്കുണ്ടായിരുന്നു.'പിടിച്ചതിനേക്കാള്‍ വലുതാണല്ലൊ മടയില്‍' എന്ന ആത്മഗതത്തോടെ ഒരുവിധം ട്രയിനില്‍ കയറിപ്പറ്റി.അന്ന്‌ അത്രയും ദുരിതങ്ങള്‍ അനുഭവിക്കാനുള്ള യോഗമുണ്ടായിരിക്കാം എന്ന്‌ മനസ്സിനൊരു മുന്‌കരുതല്‍കൊടുത്ത്‌,കാലുകുത്താനിടമില്ലാത്ത,വിയര്‍പ്പിണ്റ്റേയും അഴുക്ക്‌ വസ്ത്രങ്ങളുടേയും ദുര്‍ഗന്ധം മൂലം ശുദ്ധവായു ശ്വസിക്കാനാവാതെ എവിടേയും ശരീരമൊന്നു തൂക്കിയിടാനാവാതെ,ട്രയിനില്‍ നാലുമണിക്കൂറിലധികം,ആലുവയിലെത്തുംവരെ..!!! ആലുവയില്‍ അയ്യപ്പഭക്തര്‍ ഇറങ്ങിയപ്പോഴാണ്‌ നില്‍ക്കാനൊരിടം കിട്ടിയത്‌,അടുത്ത സ്റ്റേഷനിലെത്തിയപ്പോള്‍ ഫൂട്ബോര്‍ഡില്‍ ഇരിക്കാനും ഇടംകിട്ടി;ഫൂട്ബോര്‍ഡില്‍ യാത്ര ചെയ്തതിന്‌ ഒരുതവണ കേരളത്തില്‍ വെച്ചും പിന്നൊരുതവണ ചെന്നൈയില്‍ വെച്ചും ശിക്ഷിക്കപെട്ടിട്ടുണ്ടെങ്കിലും അപ്പോള്‍ ആ മുന്നറിവുകള്‍ക്കൊന്നും എന്നെ തടുക്കാന്‍ കഴിയുമായിരുന്നില്ല;മനസ്സ്‌ സജ്ജമായിരുന്നെങ്കിലും ശരീരം ഒട്ടും തയ്യാറായിരിന്നില്ല എന്നതിനാല്‍ അങ്ങിനെതന്നെ യാത്ര തുടര്‍ന്നു.രാത്രി പതിനൊന്നുമണി കഴിഞ്ഞിട്ടുണ്ടാകും തൃശ്ശൂരെത്തുമ്പോള്‍.

അടുത്ത ദിവസം,ഉറക്കക്ഷീണം വിട്ടുണരും മുന്‍പെ അവണ്റ്റെ വിളിവന്നു;അളിയന്‍ വിളിച്ചിരിന്നു 'എത്രയും പെട്ടെന്ന്‌ ഗള്‍ഫിലേക്ക്‌ ചെല്ലാന്‍ !'
വിസ ഇഷ്യൂ ചെയ്ത തിയ്യതിമുതല്‍ അറുപത്‌ ദിവസത്തിനുള്ളില്‍ അവിടെ എത്തിയാല്‍മതിയെന്നും ധൃതിവെക്കേണ്ട കാര്യമില്ലെന്നും ഞാന്‍ പറഞ്ഞെങ്കിലും അത്‌ വിലപ്പോയില്ല.ഗള്‍ഫിലെത്തി മുപ്പത്‌ ദിവസത്തിനുള്ളില്‍ വിസ 'സ്റ്റാമ്പ്‌' ചെയ്ത്‌ 'ബത്താക്ക' വാങ്ങണം,അതിനുശേഷമെ സുരക്ഷിതമായി പുറത്തിറങ്ങി നടക്കാനും ജോലിക്ക്‌ പോകാനും കഴിയു.മെഡിക്കലും ഇതിനിടയില്‍ കഴിയണം;മെഡിക്കല്‍ പാസ്സായാലേ വിസ്സ 'അടിക്കു'.
ഞാന്‍ കുളിച്ച്‌ വസ്ത്രം മാറി അവിടെച്ചെന്ന്‌ അവനേയുംകൂട്ടി ഒരു ട്രാവല്‍ ഏജന്‍സിയില്‍ പോയി.ഇമിഗ്രേഷനുള്ള പണവും പാസ്സ്‌പോര്‍ട്ടും വിസ കോപ്പിയും കൊടുത്തു.പത്താംതരം ജയിക്കാത്തത്‌കൊണ്ട്‌ എമിഗ്രേഷന്‍ ഫീയായി നാലായിരം രൂപ കെട്ടേണ്ടിവന്നു(പത്താംതരം ജയിച്ചവര്‍ക്ക്‌ മുന്നൂറ്‌ രൂപ).എയര്‍ടിക്കറ്റ്‌ റേറ്റ്‌ പന്ത്രണ്ടായിരത്തോളമുണ്ടായിരുന്നു.

ഒരാഴ്ച്ചക്കുള്ളില്‍ പോകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
പോകാനുള്ള സമയമടുക്കുംതോറും അവണ്റ്റെ സംഭ്രമം കൂടികൊണ്ടിരുന്നു.
അവണ്റ്റെ പേടിക്ക്‌ ആക്കം കൂട്ടുന്നതായി 'വിസ മെസ്സേജ്‌' എന്ന കടമ്പ.ഒറിജിനല്‍ വിസ കൈയ്യിലില്ലാത്തവര്‍ക്ക്‌ വിസ മെസ്സേജ്‌ നിര്‍ബന്ധമാണ്‌ ഇവിടുത്തെ എയര്‍പോര്‍ട്ടില്‍ നിന്ന്‌ കയറാന്‍.വീട്ടില്‍നിന്ന്‌ ഇറങ്ങാന്‍ ഏതാനും മണിക്കൂറുകള്‍മത്രം ബാക്കി ! അവണ്റ്റെ അളിയനെ വിളിച്ചിട്ട്‌ കിട്ടുന്നില്ല ! എല്ലാവരും പരിഭ്രമത്തിലായി...ഞാന്‍ മാധവേട്ടനേയും എണ്റ്റെ കൂടെ ജോലി ചെയ്തിരുന്ന അഷറഫിനേയും വിളിച്ചു;വിസ കൊടുത്ത കമ്പനിയുടെ ഫോണ്‍ നമ്പര്‍ കൊടുത്ത്‌ വിവരം പറഞ്ഞു.ഏകദേശം ഒരുമണിക്കൂറിനുള്ളില്‍ അഷറഫ്‌ വിളിച്ചു.കമ്പനി അവിടുത്തെ എയര്‍ അറേബ്യാ ഓഫീസ്സില്‍ ഒറിജിനല്‍ വിസ കാണിച്ച്‌ വിസ മെസ്സേജ്‌ ഇഷ്യൂ ചെയ്യിച്ചിട്ടുണ്ടെന്ന്‌ പറഞ്ഞു.ഞാന്‍ ഉടനെ ട്രാവത്സ്സിലേക്ക്‌ വിളിച്ച്‌ കണ്‍ഫേം ചെയ്തു.

അങ്ങിനെ ആറേഴുമാസത്തെ കഠിനപ്രയത്നങ്ങള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ അവന്‍,അമ്മയുടെ പുന്നാരമകന്‍ ഗള്‍ഫിലേക്ക്‌....

യാത്രയയക്കാന്‍ ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരുമൊക്കേയായി പത്ത്‌നാനൂറ്‌ പേരുണ്ടായിരുന്നു;പക്ഷെ,വരിവരിയായി നിന്ന്‌ ഹസ്തദാനം നല്‍കിയ സുഹൃത്തുക്കളിലെ അവസാനക്കാരനും കൈകൊടുത്ത്‌ പിരിയുമ്പോള്‍ അവന്‍ കരയുകയായിരുന്നു.നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്കുള്ള വാഹനത്തില്‍ അവണ്റ്റെ ഉറ്റസുഹൃത്തുക്കളോടൊപ്പം ഞാനും കയറി.രക്തവര്‍ണം മാഞ്ഞുപോയ അവണ്റ്റെ മുഖം കണ്ടപ്പോള്‍ നിശ്ശബ്ദത പാലിക്കുന്നതാണ്‌ ഉചിതമെന്നു തോന്നിയതിനാല്‍,യാത്രയിലുടനീളം ഞാന്‍ മൌനം പാലിച്ചു,നിരത്തിലെ ഗതാഗതകുരുക്കുകളേകുറിച്ച്‌ സംസാരിക്കുന്ന ഡ്രൈവര്‍ കൂടി ഇല്ലായിരുന്നെങ്കില്‍ ആ യാത്ര തികച്ചും ഒരു ശവവാഹക വാഹനമാകുമായിരുന്നു.
എയര്‍പ്പോര്‍ട്ടിലെത്തിയപ്പോള്‍,ഉള്ളില്‍ കടന്നാല്‍ ചെയ്യേണ്ട കാര്യങ്ങളെകുറിച്ച്‌ ഞാന്‍ അവനെ ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു...
ആദ്യംതന്നെ എയര്‍ അറേബ്യയുടെ കൌണ്ടര്‍ ചോദിച്ചറിഞ്ഞ്‌ ലഗ്ഗേജ്ജ്‌ അവിടെ കൊടുക്കുന്നതോടൊപ്പം വിസാമെസ്സേജ്‌ കൈപറ്റാനും,ബോഡിംഗ്‌ പാസ്‌ ആരെകൊണ്ടെങ്കിലും പൂരിപ്പിച്ച്‌ വാങ്ങിക്കാനും ദേഹപരിശോധന നടത്തും മുന്‍പ്‌ കൈയ്യിലുള്ള എല്ലാ ഇരുമ്പ്‌,സ്റ്റീല്‍ തുടങ്ങിയ സാധനങ്ങളും മാറ്റിവെക്കേണ്ടതിനെകുറിച്ചും അങ്ങിനെ എനിക്കോര്‍മ്മവന്ന കാര്യങ്ങളെല്ലാം പറഞ്ഞു;ഒരുവട്ടംകൂടി യാത്രപറഞ്ഞ്‌ അവന്‍ എയര്‍പ്പോര്‍ട്ടിനുള്ളിലേക്ക്‌ കയറിപ്പോയി.ഏകദേശം ഒരു മണിക്കൂറ്‍ കഴിഞ്ഞപ്പോള്‍ എല്ലാകാര്യങ്ങളും ഓകേ ആയതിനുശേഷം അവന്‍ ഉള്ളില്‍നിന്ന്‌ കൈവീശികാണിച്ചതിന്‍പ്രകാരം ഞങ്ങള്‍ തിരിച്ചു പോന്നു.

ആ യാത്ര ശുഭകരമായില്ല !
ഉണ്ണിമോന്‍ പോയതിനേക്കാള്‍ വേഗത്തില്‍ തിരിച്ചെത്തി... ?!

ആറുമാസംകൊണ്ടാണ്‌ അവന്‍ ഒരു വിസ സംഘടിപ്പിച്ചതെങ്കില്‍ തിരിച്ച്‌ നാട്ടിലെത്താന്‍ ഒരുമാസമ്പോലും അവനുവേണ്ടിവന്നില്ല എന്നതാണ്‌ സത്യം !!!

അവനെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു: "എത്ര കടമുണ്ട്‌ ?"
"അതൊക്കെ അമ്മയുടെ ഡിപ്പാര്‍ട്ട്‌മെണ്റ്റാണ്‌... ";അവണ്റ്റെ മറുപടി ലളിതവും വേഗമുള്ളതുമായിരുന്നു

"...??!!... " എണ്റ്റെ ശബ്ദം തൊണ്ടയില്‍തന്നെ കുടുങ്ങിപ്പോയി

കുട്ടിക്കളി മാറാത്ത പയ്യന്‍മാരെ ഗള്‍ഫിലയക്കാന്‍ തിടുക്കം കാട്ടുന്ന ഓരോ രക്ഷിതാവിനും ഇതൊരു പാഠമായിരിക്കണം.

"എന്താ അവന്‍ തിരിച്ചു വരാന്‍ കാരണം... ?"

കഥകൂടി പറയുമ്പോള്‍.......

4 comments:

അബ്ദുല്‍ സമദ്‌ said...

കൊള്ളാം...
വാക്കുകള്‍ ചുരുക്കി
എഴുതുകയാണെങ്കില്‍
വായന സുഖമാവും...
ഒരു എളിയ അഭിപ്രായം.
അത്രമാത്രം.

KRR said...

I will Try....Samad

saju john said...

your post really touching my experiences....

write more.....

ഇസാദ്‌ said...

വളരെ നല്ല വിവരണം krr. നന്നായിട്ടുണ്ട് എഴുത്ത്. വൈകിയാണ് ഈ ബ്ലോഗ് ശ്രദ്ധയില്‍ പെടുന്നത്. ഒന്നൊന്നായി വായിച്ചു കൊണ്ടിരിക്കുന്നു. അടിപൊളി.