Wednesday, May 14, 2008

കള്ള നാണയങ്ങള്‍

ആത്മീയതയുടെ മുഖം മൂടിയണിഞ്ഞ്‌ ആത്മീയാചാര്യന്മാരായി ചമയുന്ന ആണ്‍ / പെണ്‍ ദൈവങ്ങള്‍ അധികരിച്ചിരിക്കുന്നു. കള്ള നാണയങ്ങളെും നല്ല നാണയങ്ങളും തമ്മില്‍ തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥ. വിദ്യഭ്യാസവും വിവരവുമുണ്ട്‌ എന്ന് അഹങ്കരിക്കുന്നവര്‍ തന്നെ ഇത്തരം കള്ള നാണയങ്ങള്‍ക്ക്‌ വളം വെച്ച്‌ കൊടുക്കുന്നുവെന്നറിയുമ്പോള്‍ വിദ്യഭ്യാസം കൊണ്ട്‌ മനുഷ്യനെ സംസ്ക്ര്യതരാക്കുക എന്ന ലക്ഷ്യം നിറവേറ്റപ്പെടുന്നുണ്ടോ എന്ന് ചിന്തിക്കണം. എല്ലാവരെയും എല്ലാ കാലവും ഒരാള്‍ക്ക്‌ വഞ്ചിക്കാന്‍ കഴിയില്ല എന്ന തത്വം പുലരുന്ന സമയത്തൊക്കെ ഇത്തരത്തില്‍ ജനങ്ങളുടെ വിശ്വാസത്തെയും അന്ധവിശ്വാസത്തെയും മുതലെടുത്ത്‌, അവരുടെ ആകുലതകളും ,അത്യാഗ്രഹങ്ങളും മുതലെടുത്ത്‌ ജന മധ്യത്തില്‍ വിലസിയിരുന്ന ചിലരുടെയൊക്കെ മുഖം മൂടി അഴിഞ്ഞു വീഴാറുണ്ട്‌. പക്ഷെ ഒരു കൊടുങ്കാറ്റ്‌ പോലെ മാധ്യമങ്ങളും മറ്റും ഇടതടവില്ലാതെ നാലഞ്ച്‌ ദിവസത്തെ ചര്‍ച്ചകളും സംവാദങ്ങളും കണ്ടെത്തലുകളും കൊണ്ട്‌ പതിവ്‌ പോലെ അവസാനിപ്പിക്കും. വേലി തന്നെ വിളവ്‌ തിന്നുന്ന അനുഭവങ്ങളാണു ഇത്തരം വിഷയങ്ങളിലൊക്കെ പൊതുജനത്തിനു അനുഭവപ്പെടുന്നത്‌. നമ്മുടെ നാട്ടില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങളിലൊക്കെ ഇത്തരം ദുശ്ശക്തികളുടെ കറുത്ത കൈകള്‍ പ്രവര്‍ത്തിക്കുന്നുണ്ടാവാം. പക്ഷെ അതൊക്കെ ചാരക്കേസു പോലെ ചാരമാവുകയാണു പതിവ്‌. ഈ ക്രിമിനലുകളെ വളര്‍ത്തിയ ഉന്നതന്മാരെ ഒഴിച്ച്‌ നിര്‍ത്തി ഒരു അന്വേഷണം സാധ്യമല്ലാത്തിടത്തോളം യഥാര്‍ത്ഥ കുറ്റവാളികള്‍ വീണ്ടും സമൂഹത്തിനു ഭീഷണിയായി നില നില്‍ക്കുക തന്നെ ചെയ്യും. ഈ കള്ളന്മാരെ പ്രൊമോട്ട്‌ ചെയ്യുന്ന കാര്യത്തില്‍ ദ്യശ്യ -ശ്രാവ്യ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക്‌ ചെറുതല്ല. എന്ത്‌ വിവരക്കേടും , അന്തവിശ്വാസവും സ്പോണ്‍സര്‍ ചെയ്യാന്‍ തയ്യാറായി ആളുകളുണ്ടാവുമ്പോള്‍ ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം..
നമ്മുടെ സാംസ്കാരിക നായകന്മാരും (?), പുരോഗമന ചിന്താഗതിക്കാരും (?), ബുദ്ധി ജീവികള്‍ എന്ന് അവകാശപ്പെടുന്നവരുമെല്ലാം പലപ്പോഴും മൌനം പാലിക്കുകയോ ഉറക്കം നടിക്കുകയോ ചെയ്ത്‌ തങ്ങളുടെ കാപട്യത്തിന്റെ കരിമ്പടം പുതച്ച മയങ്ങുന്നതാണു പതിവ്‌ കാഴ്ച. ആരൊക്കെയോ ആരെയൊക്കെയോ പേടിക്കുന്നു. ആരൊക്കെയോ ആരെയൊക്കെയൊ സംരക്ഷിക്കുന്നു. അതിനിടയ്ക്ക്‌ യഥാര്‍ത്ഥ സത്യം മൂടിവെക്കപ്പെടുകയും അര്‍ദ്ധ സത്യങ്ങളും അസത്യങ്ങളും ആകുന്ന ഇരുട്ടു കൊണ്ട്‌ ഓട്ടയടയ്ക്കാന്‍ ബോധപൂര്‍വ്വം ആരോശ്രമിയ്ക്കുന്നു. ചിരിയുടെയും, ആട്ടത്തിന്റെയും, പാട്ടിന്റെയും ,കെട്ടിപ്പിടുത്തത്തിന്റെയും, മായാജാലങ്ങളുടെയും മറവില്‍, ബലാത്സംഗങ്ങളും ,നീല ചിത്ര നിര്‍മ്മാണവും , ബാല പീഡനവും, കൊലപാതകങ്ങളും , തട്ടിപ്പും വെട്ടിപ്പും, ആയുധക്കടത്തും , മയക്കുമരുന്ന് കച്ചവടവും പൊടി പൊടിക്കുന്നു. വിശ്വാസങ്ങളെ നിരാകരിച്ച്‌ അന്ധവിശ്വാസങ്ങളെ നെഞ്ചിലേറ്റുന്ന ജനസമൂഹത്തില്‍ നിര്‍ഭയം ഇക്കൂട്ടര്‍ തങ്ങളുടെ രഹസ്യ അജണ്ട നടപ്പിലാക്കുന്നത്‌ ആരും അറിയുന്നില്ല. അറിഞ്ഞവര്‍ അറിയാത്തപോലെ നടിക്കുകയും ചെയ്യുന്നു.
ഇന്ന് ഒോരോ പഞ്ചായത്ത്‌ അടിസ്ഥാനത്തില്‍ ആള്‍ ദൈവങ്ങളുണ്ട്‌, നാളെയത്‌ വാര്‍ഡ്‌ അടിസ്ഥാനത്തില്‍ ആവുന്നതിനു മുന്നെ ജനങ്ങള്‍ ഉണരണം .. അന്ധവിശ്വാസത്തിന്റെ അന്ധകാരത്തില്‍ നിന്ന്, ആക്രാന്തത്തിന്റെയും അത്യാഗ്രത്തിന്റെയും പിടിയില്‍ നിന്ന്, മറ്റുള്ളവനെ നശിപ്പിച്ച്‌ തനിക്ക്‌ നേട്ടം കൊയ്യണമെന്ന കുടില ചിന്തകളില്‍ നിന്ന്.. അല്ലാത്തിടത്തോളം ഈ ഇത്തിള്‍കണ്ണികള്‍ സമൂഹത്തില്‍ പടര്‍ന്ന് പന്തലിച്ച്‌ രക്തം വലിച്ചൂറ്റി കുടിച്ച്‌ തഴ്ച്ച്‌ വളരുകതന്നെ ചെയ്യും.
ഈയിടെ അബുദാബി കേന്ദമാക്കി പ്രവര്‍ത്തിക്കുന്ന ഒരു വ്യാജ *ത്വരീഖത്തിന്റെ ശൈഖിനെ പറ്റി ആ ത്വരീഖത്തില്‍ നിന്ന് രക്ഷപ്പെട്ട്‌ *മുരീദുമാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഈയിടെ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഇപ്പോള്‍ രാഷ്ടീയക്കാരന്‍ വരെ മതത്തിന്റെ പേരില്‍ കവല പ്രസംഗം നടത്തി അനുയായികളെ കൊണ്ട്‌ തന്റെ തറ്റായ ആശയം പ്രചരിപ്പിക്കുന്ന കാഴ്ചയാണു നാം കാണുന്നത്‌. മതപ്രസംഗകനായും രാഷ്ട്രീയക്കാരനായും, പിന്നോക്കക്കാരന്റെ ഉന്നമനത്തിനു പ്രവര്‍ത്തിക്കുന്നവനായും ഒക്കെ പല വേഷവും കെട്ടി പരീക്ഷിച്ച്‌ കൊണ്ടിരിക്കുന്ന ഒരാള്‍, ഒരു കേരള മുസ്ലിംകളുടെ ആധികാരിക പണ്ഡിത സംഘടന പടിക്ക്‌ പുറത്താക്കിയ ഒരു വ്യാജ ശൈഖിന്റെ പിഴച്ച ആശയപ്രചാരണവുമായി നടക്കുന്നത്‌ ഇവിടെ കൂട്ടി വായിക്കേണ്ടതുണ്ട്‌. ശരിയായ പാതയില്‍ നിന്ന് വ്യതിചലിച്ചവരുടെ പിറകെ പോയി സമയവും സമ്പത്തും ചിലവഴിച്ച്‌ മാനവും നഷ്ടപ്പെട്ട്‌ വിലപിക്കേണ്ട അവസ്ഥ വരുന്നതിനു മുന്നെ വിചിന്തനം നടത്തുക.
സമൂഹത്തിന്റെയും നാടിന്റെയും നനമ മാത്രം ലക്ഷ്യമാക്കി ജീവിതം നയിക്കുന്ന സ്വാത്ഥികരായവര്‍ എല്ലാ മത വിഭാഗങ്ങളിലും ഉണ്ട്‌ എന്നത്‌ നാം മറന്ന് കൂടാ . കൊട്ടിഘോഷങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന അത്തരം മഹത്തുക്കളെ അംഗീകരിക്കാന്‍ നാം പലപ്പോഴും വൈകുകയും ചെയ്യുന്നു.
നല്ലതിനെ തിരിച്ചറിയാനും ഉള്‍കൊള്ളാനും , കള്ളത്തരങ്ങളെ തിരിച്ചറിഞ്ഞ്‌ വെടിയാനും ഉള്ള വിവരവും വിവേകവും ആര്‍ജ്ജവവും നമുക്കുണ്ടവട്ടെ എന്ന പ്രാര്‍ത്ഥനയോടെ...
=============================
*ത്വരീഖത്ത്‌ = ഒരു ആത്മീയ പാത / വഴി
*മുരീദുമാര്‍ = അനുയായികള്‍
========================

3 comments:

Areekkodan | അരീക്കോടന്‍ said...

ഇത്രയധികം ആള്‍ദൈവങ്ങള്‍ കേരളത്തില്‍ മാത്രമേ ഉള്ളോ?എങ്കില്‍ കേരളം എന്ന് കേള്‍ക്കുമ്പോ അപമാനപൂരിതമാകണമമ്ന്തരംഗം

saju john said...

കൊട് മാഷെ ഒരു കൈ.

ബഷീർ said...

അരീക്കോടനും
നട്ടപ്പിരാന്തനും..
നന്ദി...