Saturday, May 3, 2008

ഒരു കന്നി പോസ്റ്റിനെ വരവേല്‍ക്കൂ...

ബ്ലോഗെന്നു പണ്ടേ കേട്ടപ്പോഴൊക്കെ ഞാന്‍ നിനച്ചു ഇതെന്തു കുന്തം? സമയം കളയാന്‍‌ നെറ്റില്‍ വേറെന്തെല്ലാം വഴി( ?) കിടക്കുന്നു...
പക്ഷേ ചേട്ടന്‍ ഒരെണ്ണം തുടങ്ങി എന്നു കേട്ടപ്പോ...എന്താന്നറിയാന്‍ വയ്യ...അടിവയറ്റീന്നൊരു എരിച്ചിലാ...ഉച്ചയ്ക്ക് ഊണില്ല ( 3 മണി ഉച്ചയല്ലല്ലോ ) ... രാത്രി ഉറക്കമില്ല ( 8 മണി രാ‍ത്രിയുമല്ല ) ...ആത്മാവിന്റെ അന്തരാളത്തില്‍ നിന്നും സര്‍ഗ്ഗചേതനയുടെ ( തേങ്ങാക്കൊല!) ഉള്‍വിളി സഹിക്കാന്‍ വയ്യാതായപ്പോ , പാതിരാത്രി എഴുന്നേറ്റിരുന്ന് മൂന്നാലു ബ്ലോഗ് അങ്ങുണ്ടാക്കി...
രണ്ടു ദിവസമായിട്ടും എന്തെഴുതണമെന്നറിയില്ല...ബ്ലോഗിനെ കുളിപ്പിച്ച് കുട്ടപ്പനാക്കി ഇരിക്കയാ ഫുള്‍ ടൈം പണി...ഒടുവില്‍ മനസ്സിലായി, ഇതു നമ്മള്‍ക്ക് പറ്റിയ പണിയല്ല മോനേ എന്ന്...പിന്നെ കഷ്ടപ്പെട്ടതല്ലേ, ഒരെണ്ണം ബാകി വച്ചിട്ട് ബാക്കി ബൂലോകത്തിലെ പാവങ്ങള്‍ക്ക് ദാനം ചെയ്തു.
പിന്നെ ബാക്കിയുള്ള ഒരെണ്ണത്തില്‍മസിലും പിടിച്ചിരുന്ന് ( വരട്ടു തത്വവാ‍ദി റോള്‍മോഡല്‍) ആത്മീയമെഴുതാന്‍ തുടങ്ങി...ആദ്യം ഒരു അഭിനന്ദനം വന്നു...ഞാന്‍ താഴോട്ടു നോകിയപ്പോ ഞാന്‍ ദാ നില്‍ക്കുന്ന്നു അങ്ങൌ ബൂലോകത്തിന്റെ മോളില്‍...
പിന്നെന്താ സംഭവിച്ചതെന്നു ചോദിച്ചാ, എനിക്കറിയില്ല മക്കളേ...ആരാണ്ടൊക്കെ വന്നു, എന്താണ്ടൊക്ക്കെ ചെയ്തു. മനോജ് ഗിന്നസ് പറയുന്നതു പോലെ കാലു കൊണ്ടാണോ, കയ്യു കൊണ്ടാണോ, ആആആ...
എന്തായാലും ബോധം വന്നപ്പോ എന്റെ നെറ്റിയില്‍ ഞാന്‍ അലങ്കരിച്ചു വച്ചിരുന്ന ലേബലൊട്ടിച്ച കിരീടം ( “ആത്മാന്വേഷി“) കാണ്മാനില്ല!!! പകരം ഒരു പ്ലാവിലത്തൊപ്പി വച്ചിട്ടുണ്ട്...എന്നാല്‍ പിന്നെ, നടുക്കഷ്ണം തന്നെ തിന്നേക്കാം...
അങ്ങനെ, പ്ലാവിലതൊപ്പിയും വരയന്‍ നിക്കറും ദിനേശ് ബീഡിയും ഒക്കെയാ‍യി ( മസിലും പിടിച്ച് )നിക്കുമ്പോഴാ ഒരാള്‍ ഒരു കത്തു കൊണ്ട് മുഖത്തെറിയുന്നത്...തുറന്നു നോക്കിയപ്പോളെന്താ, എന്നെ “വി. മൊ. “ എന്ന ഒരു വര്‍ക്ക്ഷോപ്പില്‍ പണിക്കു വിളിച്ചിരിക്കുന്നു( എന്തോ കണ്ടിട്ടാന്നാ, ഈ മൊട്ടെന്നു പറയുന്നവന്‍ അക്ഷരം വായിക്കാന്‍ അറിയില്ലെന്നു തോന്നുന്നു,അല്ലേല്‍ ഇതു പോലുള്ള കടുംകൈ ചെയ്യുമോ? ) ... “പ്ഫ, എന്റെ പട്ടി വരും“ എന്നു പറഞ്ഞ് ആ കത്തെടുത്തു ദൂരെയെറിഞ്ഞ് നോക്കിയിരുന്നു...രണ്ടു ദിവസമായിട്ടും ആരും വരുന്നില്ല, തല്ലു കൂടാന്‍..അങ്ങനെ ഉള്ളതെല്ലാം വാരിക്കെട്ടി ( മ.പി.- മസിലും പിടിച്ച് ) ചെന്നു...നോക്കിയപ്പോഴെന്താ, കുറേ കൊച്ചു പയ്യന്മാര്‍ നിന്നു എന്തൊക്കെയോ ചപ്പു ചവറു വാരി വിതറുന്നു...അവന്മാരെ കണ്ടാല്‍ തന്നെ ഓക്കാനം വരും...(ഞാന്‍ കൈലി മാറ്റിയിരുന്നു കേട്ടോ, ഇപ്പൊ സഫാരി സ്യൂട്ടും ട്രിപ്പിള്‍ ഫൈവും )...
കുറേനേരം മൂക്കും പൊത്തിപ്പിടിച്ച് നിന്നു (മ.പി. ) , എവന്മര്‍ കാട്ടുജാതിക്കാരാണോ എന്തോ , ഒരിമാതിരി വെടക്കു ഭാഷ...തള്ളെ, പിള്ളേ, അപ്പീ ,എന്തര് മുതലായ വരേണ്യ വര്‍ഗ്ഗ സംസ്കൃതമൊന്നും കേള്‍ക്കാനേ ഇല്ല...ആ മൊട്ടെന്നു പറയൂന്നവനെ ആണെങ്കില്‍ കാണാനുമില്ല, അല്ലേല്‍ രണ്ടു പറഞ്ഞ് പോകാമായിരുന്നു ( എങ്ങോട്ടു പോകാനെന്നുള്ള ചോദ്യം ചോദിക്കാന്‍ എനിക്കു മാത്രം അവകാശം!!)

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ശ്വാസം മുട്ടിയതിനാല്‍ മൂക്കൊന്നു തുറന്നു , എന്റെ ബ്ലോഗിലുണ്ടായിരുന്നത്ര ദുര്‍ഗന്ധമില്ല! കുറേശ്ശെ മണമുണ്ടോ??? അവിടെവിടെയോ ഒരപൂര്‍വ്വ റോസിനെയും കണ്ടു...എന്നാല്‍ ഒരു കൈ നോക്കാം എന്ന് കരുതി മുന്നോട്ടു നടന്നപ്പോള്‍ ദാണ്ടെ മുന്നിലൊരു പുഴ ... അതാണേലോ ഒരു നാറാണിപ്പുഴ....അതൊരു വിധം നീന്തിക്കടന്ന് ( നീന്തിയപ്പോ അവിടവിടെ കൊത്തു കിട്ടി കേട്ടോ ) അപ്പുറത്തു ചെന്ന് മുടിയൊക്കെ ഒന്നു ചീകി സുന്ദരനായി ( കാക്ക കുളിച്ചാല്‍...)... പിന്നെയും മ.പി. റോസിനു നേരെ നടന്നു... പെട്ടെന്നതാ ഒരു ശബ്ദം...( ബാക് ഗ്രൌണ്ട് മ്യൂസിക് ചേഞ്ച്) നോക്കിയപ്പോ എന്നേക്കാള്‍ മ്.പി. വച്ച് ഒരുത്തന്‍...തലയിലെ തോര്‍ത്തില്‍ ഒരു പേരും...( സ്ഥലത്തെ പ്രധാന തോന്ന്യാസി ) ഇനി ഇവനോടു മുട്ടണമല്ലോ എന്നു കരുതി സ്യൂട്ടിന്റെ കൈകള്‍ തെറുത്തു കേറ്റുമ്പോള്‍ പെട്ടെന്നതാ ഒരു കവിതെയുടെ ശീലുകള്‍...” കാപ്പേ...കാപ്പേ...കാപ്പിലൊരു ഷാപ്പേ...” , പെട്ടെന്ന് തോന്ന്യാസി അടുത്തു വന്നു ...ഞാന്‍ വീണ്ടും മ.പി. ...അവന്‍ എന്റെ കാതില്‍ മന്ത്രിച്ചു...“പാവം, നല്ലൊരു കവിയായിരുന്നു...നാട്ടുകാര്‍ .51 വച്ച് ദക്ഷിണ കൊടുത്തതാ, ആരുടേയോ ദക്ഷിണ തലക്കായിപ്പോയി..”...കഷ്ടം, എന്നിലെ ആത്മാന്വേഷി ഉണര്‍ന്നു...മനുഷ്യന്റെ അവസ്ഥയെ കുറിച്ച് എന്റെ ബ്ലോഗില്‍ പോയിരുന്ന് ഒരുഗ്രന്‍ ലേഖനം കാച്ചാം എന്നു കരുതി നോക്കുമ്പോള്‍‌...
അവിടെയതാ ഒരാള്‍ക്കൂട്ടം ... ഒന്നും ബാക്കി വച്ചിട്ടില്ലാ...അവന്മാരുടെ കയ്യില്‍ കത്തിയും കത്രികയും സര്‍ജീക്കല്‍ ബ്ലേഡും തീയും( ജ്യോതി ) ഒക്കെയുണ്ട്. ചെന്നാല്‍ വച്ചേക്കില്ല...എന്നാല്‍ പിന്നെ കുറച്ച് കാ‍ലം ഇവിടെ കിടന്നൊന്നു വിലസാം..( ഇവിടുന്നോടിക്കുന്നതു വരെ )...പിന്നെ അവിടുത്തെ ഓരോരുത്തന്റേയും അടുത്ത് ചെന്നു ( ഇപ്പോഴും മ.പി.) ... തോന്ന്യാസി കുറേ നാലുമണിപ്പൂവിനു വെള്ളമൊഴിക്കുന്നു...ആ പൂക്കള്‍ എന്നെ നോക്കി ചിരിക്കുന്നു...എന്നാല്‍ തോന്ന്യാസിയുടെ ചിരിക്കുന്ന, ചിരിപ്പിക്കുന്ന കണ്ണുകളില്‍ കണ്ട ഒരു മിഴിനീര്‍ തുള്ളിയില്‍ എന്റെ മസിലൂകള്‍ അയഞ്ഞു പോയി...അറിയാതെ ആ കണ്ണുനീര്‍ തുടക്കാന്‍ കയ്യുയര്‍‌ന്നെങ്കിലും അപ്പോഴേക്കും ആ തോന്ന്യാസി എങ്ങോ മറഞ്ഞിരുന്നു...
ഞാന്‍ ഈ ഗിര്‍ വനത്തില്‍ ഏകനായി അലച്ചില്‍ തുടങ്ങട്ടെ...

കൂടുതല്‍ അക്രമങ്ങള്‍ക്ക് കാത്തിരിക്കുക...

3 comments:

അഹങ്കാരി... said...

ഇപ്പൊ മനസ്സിലായില്ലേ ഇവനെ സ്വന്തം ബ്ലോഗീന്ന് ഓടിച്ചതെന്താന്ന്??

ഇനി നിങ്ങളും....????

മൊട്ടേ നീ‍യുമോ???

( റോസ്...കാത്ത്തിരിക്കൂ...ഞാന്‍ വരുന്നൂ‍...)

ഇത് മലയാള സാഹിത്യത്തിനുള്ള മുട്ടന്‍ (???) റീത്ത്...

തോന്ന്യാസി said...

പേരില്‍ ഇത്തിരി അഹങ്കാരമുണ്ടെങ്കിലും.....അഹങ്കാരമില്ലാത്ത ഈ എഴുത്ത് എനിക്കിഷ്ടായി.....

മനസ്സുതുറന്നെഴുതൂ.....ആശംസകളോടെ

Anonymous said...

തുടക്കം നന്നായീ.. ആശംസകൾ