Saturday, May 17, 2008

K.P. നമ്പൂതിരിസ് ദന്തധാവനചൂര്‍ണവും, ഒരു പെറ്റി ബൂര്‍ഷ്വയുടെ ഉദയവും

1987 ല്‍- എറണാകുളം ജില്ലയിലെ പിറവം എന്ന സ്ഥലത്തിനടുത്തുള്ള വെളിയനാട് സെന്റ് പോള്‍സ് ഹൈസ്കൂളില്‍ സ്കൂള്‍ ഷൈനിങ്ങിനുള്ള ലാസ്റ്റ്‌ ചാന്‍സിനു പഠിച്ചിരുന്ന സമയം ( SSLC- യെ അങ്ങിനെയും നിര്‍വചിക്കാമായിരുന്നു). ഇപ്പോഴത്തെ ബേബിച്ചാ‍യനോട് കിടപിടിക്കുന്ന ജേക്കബ്ബച്ചായന്‍ ആയിരുന്നു അന്നു വിദ്യ കൊണ്ട് അഭ്യാസമാടിയിരുന്നത്. അതിനാല്‍ തന്നെ പുള്ളിക്കാരന്‍ ഞങ്ങളുടെ “എല്ല്” ഊരി SSC ആക്കി ഒരു പാള പുസ്തകവും തന്ന് ഞങ്ങളെ പടിയിറക്കിവിട്ടപ്പോഴാണ് വ്യവസ്ഥിയോട് പ്രതികരിച്ച് ജീവിതത്തിലാദ്യമായി സ്വയം പിന്‍തിരിപ്പനായി തീര്‍ന്നത്. മാത്രമല്ല മുറിച്ചാല്‍ കോണ്‍ഗ്രസ്സിന്റെ ത്രിവര്‍ണ്ണരക്തം മാത്രം ഒഴുകിവരുന്ന ഞങ്ങളുടെ കുടുംബത്തില്‍ നിന്നും ആദ്യമായി രക്തത്തിന് ചെഞ്ചോര നിറം കൂടിയുണ്ടെന്ന് മൊട്ട തിരിച്ചറിഞ്ഞു. അത് കുടുംബത്തില്‍ മനസ്സിലാക്കികൊടുത്തതിനാല്‍ ആദ്യമായി കുടുംബത്തില്‍ ഞാന്‍ പിന്തിരിപ്പനായി. പിന്നെ അതൊരു തുടര്‍കഥയാവുകയായിരുന്നു.

എല്ലു കളഞ്ഞ SSC യുമായി KSRTC യുടെ മൂവാറ്റുപുഴ ഫാസ്റ്റില്‍ ഞാന്‍ കരുവാരക്കുണ്ടില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ബസ്സിറങ്ങി. മാലാഖയുടെ വിശുദ്ധിയും, ഒരു മാടപ്രാവിന്റെ ഹൃദയമുള്ള (പണ്ട് അങ്ങിനെയായിരുന്നുവെന്ന് ചരിത്രം പറഞ്ഞിരുന്നു) മൊട്ടയെ പത്താം ക്ലാസ് കഴിഞ്ഞ് ഒരു പട്ടക്കാരനാക്കണമെന്ന് എന്റെ അമ്മച്ചി ആഗ്രഹിച്ചിരുന്നത്, മാത്രമല്ല പള്ളിക്കാരുമായി ചേര്‍ന്ന് കോട്ടയത്തെ തിയൊളൊജിക്കല്‍ സെമിനാരില്‍ ചേര്‍ക്കാനുള്ള അച്ചാരവും വാങ്ങിയിരുന്നു. പണ്ടത് എന്നൊടും സൂചിപ്പിച്ചിരുന്നു. അന്നൊക്കെ മാതൃഹൃദയം വേദനിക്കണ്ടയെന്നു കരുതി അതിന് മറുപടി അന്നൊന്നും നല്‍കിയിരുന്നില്ല, മറുപടി ഒരു ചിരിയിലൊതുക്കി. കാര്യത്തോടു അടുത്തപ്പോള്‍ മൊട്ട കാലു മാറി. ചോരക്ക് കമ്മ്യുണിസ്റ്റ് ചെഞ്ചോര നിറം കണ്ട ഞാന്‍ പള്ളിയിലെ പാതിരി വന്ന് സെമിനാരിയുടെ കാര്യം പറഞ്ഞപ്പോള്‍ ഉത്തരത്തിന് പകരം “മൊട്ട പട്ടക്കാരനായി സഭ മൊത്തം കേട് വരണോ?” എന്ന ചോദ്യമാണ് പറഞ്ഞത്, ആ കന്നന്തരം പിടിക്കാതെ പള്ളിക്കും ഞാന്‍ പിന്തിരിപ്പനായി.

തലത്തിരിഞ്ഞ മൊട്ടയെ തല നേരെയാക്കാന്‍ അമ്മച്ചിയും എന്റെ ചേട്ടനും ഒത്തിരി ശ്രമിച്ചു, ശരിയാവാതെ വന്നപ്പോള്‍ ചുങ്കത്തറ മാര്‍ തോമ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ക്കനായി തീരുമാനിച്ചു, ആ പാവങ്ങള്‍ കരുതിയത് ഏതെങ്കിലും പുണ്യവാന്റെ പേരിലൊരു കോളേജുണ്ടെങ്കില്‍ അവിടെ ദൈവവചനമാണ് കൂടുതലും പഠിപ്പിക്കുക എന്നായിരിക്കും, അതും എതിര്‍ത്തപ്പോള്‍ അവസാനം എന്റെ ഇഷ്ടത്തിന് മഞ്ചേരി NSS കോളേജില്‍ ഞാന്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. Second Group എടുക്കണമെന്ന് ഉടമ്പടിയോടെ.

അങ്ങിനെയിരിക്കെ, കേരളത്തില്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ വന്നു. കരുവാരക്കുണ്ട്‌ പഞ്ചായത്തിലെ ഞങ്ങളുടെ വാര്‍ഡ്‌ ലീഗിന്റെ പച്ചക്കോട്ടയായിരുന്നു. പുതിയാപ്ലനെക്കാള്‍ ബീവിമാരു ഞങ്ങളുടെ വാര്‍ഡില്‍ കൂടിയതിനാല്‍ അതൊരു വനിത വാര്‍ഡായി മാറി. മെമ്പറാവാന്‍ ഒത്തിരി ലീഗിന്റെ കുണ്ടാന്മാരു കുപ്പായം തുന്നിയിരുന്നു. അവരുടെ തലക്കിടിത്തീയായിട്ടാണു വനിതാവാര്‍ഡിന്റെ വാര്‍ത്ത വന്നത്‌. ഈമാനും, ദീനിബോധവുമുള്ള ഒരു മുസ്ലിം പെണ്ണും ലീഗിന്റെ സ്ഥാനാര്‍ഥിയായി മുന്നോട്ട്‌ വരാനുണ്ടായിരുന്നില്ല. യു.ഡി.ഫ്‌ കൂലംകഷമായി ആലോചിച്ചു, കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതാവായിരുന്ന എന്റെ ചേട്ടനും ആ ആലോചനയില്‍ ഉണ്ടായിരുന്നു.അങ്ങിനെ ആലോചനയുടെ അവസാനം നിരപ്പേല്‍കുടിലില്‍ മേരി ജോണ്‍‌, അതായത്‌ എന്റെ അമ്മച്ചി സ്ഥാനാര്‍ഥിയായി നിശ്ചയിക്കപ്പെട്ടു. കുടുംബയോഗത്തില്‍ ചര്‍ച്ച നടന്നപ്പോള്‍ മൊട്ട അമ്മച്ചിയുടെ സ്ഥാനാര്‍ഥിത്വം എതിര്‍ത്തു. കാരണം പണ്ടത്തെ രണ്ടാം ക്ലാസ്‌ വീദ്യാഭ്യാസം മാത്രമുള്ള മേരി ജോണ്‍ ഒരിക്കലും ജനങ്ങളുടെ കാര്യവും, വാര്‍ഡിന്റെ കാര്യവും പഞ്ചായത്ത് യോഗത്തില്‍ ഉന്നയിച്ച്, ഒരു നല്ല മെന്‍പറാവാന്‍ കഴിയില്ല എന്നുള്ളത് കൊണ്ടും; മക്കളും (ഞങ്ങളുടെ ചാച്ചന്‍ 1983-ല്‍ ഒരപകടത്തില്‍ നേരത്തെ മരിച്ചിരുന്നു), അടുക്കളയും; മനോരമ, മംഗളം വാരികയിലെ നോവലും, പള്ളിയുമല്ലാതെ അമ്മച്ചിക്കു മറ്റൊരു ലോകവും, അറിവും, ജീവിതമുണ്ടായിരുന്നില്ലാത്തതിനാലുമായിരുന്നു ഞാന്‍ സ്ഥാനാര്‍ഥിത്വം എതിര്‍ത്തത്. ഇന്ത്യാവിഷനും, ഏഷ്യാനെറ്റും ഇല്ലാത്തതിനാല്‍ എന്റെ വിപ്ലവം ഒന്‍പതാം വാര്‍ഡില്‍ മാത്രം ഒതുങ്ങി. സ്ഥാനാര്‍ഥിത്വം എതിര്‍ത്തതിലുടെ വീട്ടില്‍ ഞാന്‍ വീണ്ടും പിന്തിരിപ്പനായി. പക്ഷെ ജനാധിപത്യത്തില്‍ ഭൂരിപക്ഷം വിജയിക്കുന്നത്‌ പോലെ അമ്മച്ചിയുടെ സ്ഥാനാര്‍ഥിത്വം എന്റെ ചേട്ടനും അനിയത്തിയും കൂടി വിജയിപ്പിച്ചെടുത്തു. പിന്തിരിപ്പനായ എന്റെ മേല്‍ ഒരു വിജയവും. ചന്തു പറഞ്ഞത് പോലെ മോട്ടക്ക് തോല്‍ക്കാന്‍ വീണ്ടും കഥകള്‍ ബാക്കി.

അതിനു പ്രതികാരമായി ഏല്‍.ഡി.ഫ്‌ സ്ഥാനാര്‍ഥിയുടെ പ്രചരണത്തിനു സഹായിക്കുകയും, പോസ്റ്റ് എഴുതികൊടുക്കുകയും ചെയ്ത്‌ എന്റെ വിപ്ലവം ഞാന്‍ നടത്തിക്കൊണ്ടിരുന്നു. ഈ പരിപാടിയെല്ലാം കഴിഞ്ഞ് ഒരു ദിവസം വീട്ടില്‍ ചെന്നപ്പോഴുണ്ട്, വാര്‍ഡിലെ വീരാംഗനയായ പൂതംക്കോടന്‍ ആയിഷാത്തയും എന്റെ അമ്മച്ചിയും സംസാരിക്കുന്നു. എന്റെ നടപടികള്‍ പറഞ്ഞ് അമ്മച്ചി കരയുന്നുമുണ്ട്. ജീവിതത്തില്‍ ആരെയും നേരിടാം പക്ഷെ പൂതംക്കോടന്‍ ആയിച്ചാത്തനെ നേരിടാന്‍ ആര്‍ക്കുമാവില്ലായിരുന്നു നാട്ടില്‍. (പുള്ളിക്കാരത്തിയുടെ വീരചരിതങ്ങള്‍ പിന്നീട് ബ്ലൊഗില്‍ എഴുതാം) എന്നെ കണ്ടപാടെ ആയിച്ചാത്ത ആരംഭിച്ചു “ എട സാജു...അന്നെണ്ടാക്കി പെറ്റ്ങ്ങാണ്ട് ബളര്‍ത്തിയ നേരത്തിന്, അന്റമ്മക്ക് ഒരു തെങ്ങ്ത്തജ്ജ് കുയിച്ച് ബച്ചികണെങ്കില് അയിന്റെ തേങ്ങേങ്കിലും കീ‍ട്ടീന്നു. കള്ള ഹിമാറെ എന്ത്‌ത്ത് പണ്യാജ്ജ് കാട്ടിങ്ങാണ്ട് നടക്കണത്. നാണെല്ലെ അണക്ക് അന്റെ അമ്മണ്ടാക്ക്യ ചോറ് ബയിജ്ജ്ങ്ങാട്ട് ഓള്ക്ക് എതിര്യാട്ട് നടക്കാനായിങ്ങാണ്ട്. റബ്ബിലാ‍ലമീനായ തന്‍പുരാനാണ സത്യം അന്റമ്മച്ചിനെ ഞങ്ങള് ജയിപ്പിച്ചും, അന്റെ മുന്‍പിക്കുടെ ജയിപ്പിച്ചുങ്ങാട്ട് ഞങ്ങള് നടത്തിച്ചും, അപ്പോ അന്റെ ആ ഇളിച്ച മോന്ത ഇച്ചൊന്ന് കാണണെരുന്ന് ” അതിന് മറുപടി പറഞ്ഞാല്‍ അതിലും കൂടുതല്‍ കേള്‍ക്കു എന്നറിയാമെന്നതിനാല്‍ കമാന്നൊരക്ഷരം പറയാതെ ഞാന്‍ വീട്ടില്‍ കേറി, പാത്രത്തിനു മുന്നിലിരുന്ന്. വേണമെങ്കില്‍ തിന്നിട്ട് പോയ്‌ക്കോ എന്ന മട്ടില്‍ അനിയത്തി ഭക്ഷണമെല്ലാം എറിഞ്ഞിട്ട് തന്നു. നക്കിയിട്ട് പോന്നു, അതാണു ശരിക്കും ഉണ്ടായത്.

വോട്ടെടുപ്പ് കഴിഞ്ഞു, ഫലം വന്നു......ആയിച്ചാത്താന്റെ വാക്ക് അച്ചട്ട്....913-ല്‍ 744 വോട്ട് ഭൂരിപക്ഷത്തില്‍ മേരി ജോണ്‍ വിജയിച്ചു. കരുവാരക്കുണ്ടിന്റെ ലിംകാ ബുക്കില്‍ ആരും തകര്‍ത്തിട്ടില്ല ആ റിക്കാര്‍ഡ് (ലീഗിന്റെ ശക്തി മനസ്സിലായില്ലെ). പിന്തിരിപ്പനായ എന്റെ മേല്‍ വീട്ടുകാര്‍ക്ക് ഒരു വിജയവും. പറഞ്ഞ പോലെ മോട്ടക്ക് തോല്‍ക്കാന്‍ വീണ്ടും കഥകള്‍ ബാക്കി.

വേഗം വിപ്ലവം വരുത്താനായി മഞ്ചേരി കോടതിയില്‍ വക്കീലായിട്ടിരിക്കുന്ന അയല്‍ക്കാരന്‍ സോമേട്ടന്റെ പ്രേരണയില്‍ ഡിഫിയില്‍ അംഗമായി, ഒപ്പം സി.പി.യെമ്മിന്റെ അണിയറപ്രവര്‍ത്തകനുമായി. പക്ഷെ അടുത്തെങ്ങും വിപ്ലവത്തിന്റെ ഒരു ലാഞ്ചന പോലും കാണാനായിട്ട് കഴിയുന്നില്ല. മനസ്സില് ഉരുത്തിരിയുന്ന ചോദ്യത്തിന് കറക്ട് ഉത്തരം കിട്ടിയിരുന്നില്ല. പാര്‍ട്ടിക്ലാസില്‍ നിന്നും കിട്ടിയ ഉത്തരങ്ങള്‍ സോമേട്ടന്‍ പറഞ്ഞുതരുമായിരുന്നു സോമേട്ടന്റെ “ചിന്ത” ശേഖരത്തില്‍ തപ്പിയിട്ടും പലതിനും ഉത്തരം കിട്ടിയില്ല. ആയിടക്കാണ് സി.പി.എമ്മിന്റെ ജീവിക്കുന്ന ദൈവമായ ഇ.എം.എസ്സ്, ഗാന്ധിജിയേയും അന്നത്തെ പുലിയും, ഇന്നത്തെ മാന്‍ കുട്ടിയുമായ മദനിയുമായുള്ള നിക്കാഹ് കഴിപ്പിച്ചത്. അത് ചോദ്യം ചെയ്തതിന് പാര്‍ട്ടിക്ലാസ്സില്‍ സ്ഥിരം വരാനായി സേമേട്ടന്റെ ഇടയലേഖനം. (അത്തരം എന്റെ എല്ലാ ചോദ്യത്തിന്റെയും ശരിക്കുള്ള ഉത്തരം കിട്ടിയത് 1991 –ല്‍ സന്ദേശം എന്ന സിനിമയില്‍ ബോബി കൊട്ടാരക്കരയുടെ ചോദ്യത്തിന് ശങ്കരാടിയുടെ “കുമാര പിള്ള” പറഞ്ഞ “പ്രതിക്രിയാവാദികളും, ബൂര്‍ഷ്വാസികളും, തമ്മിലുള്ള അന്തര്‍ധാരയില്‍, അതായത് റാഡിക്കലായുള്ള ഒരു മാറ്റമല്ല ഉദ്ദേശിച്ചത്” എന്നുള്ള ഉത്തരം കേട്ടതോടെയാണ്.) വിപ്ലവം സി.പി.എമ്മിലുടെ ഒരിക്കലും വരില്ലെന്ന് ഗണിച്ച മൊട്ട, പതുക്കെ ഇത്തിരി കൂടി ചുവപ്പനായ, സി.പി.ഐ. (എം.ഏല്‍) റെഡ് ഫ്ലാഗ്ഗില്‍ ചേര്‍ന്ന്,. അതിന്റെ യുവജനവേദിയുടെ സജീവ പ്രവര്‍ത്തകനായി, മഞ്ചേരി കോളെജില്‍ കെ.എസ്.യു വിന്റെ പറമ്പന്‍ റഷീദിന്റെയും, എസ്.എഫ്.ഐ യുടെ അടി പേടിച്ച് ആണ്‍കുട്ടികളുടെ മൂത്രപ്പുരയില്‍ മാത്രമായിരുന്നു ഞങ്ങളുടെ പോസ്റ്റര്‍ പ്രചാരണം. (ഏങ്ങിനെയുണ്ട് മൊട്ടയുടെ ധൈര്യം). NCC പരേഡിനു വരുന്ന സമയത്തായിരുന്ന്, പിന്നെയുള്ള പ്രചാരണം. അനില്‍, ഹംസ(ഷെര്‍ലേക്ക് ഹോംസ്), സാജു…ഇതായിരുന്നു….മൂന്ന് വിപ്ലവസഖാക്കള്‍. (എന്തൊരു മതമൈത്രി വിപ്ലവപാര്‍ട്ടിയിലും.)

വിപ്ലവം തോക്കിന്‍ കുഴലീലൂടെ വരുമെന്ന് കരുതി, പ്രീഡിഗ്രിക്ക് NCC-ക്ക് ചേര്‍ന്ന് തോക്ക് പിടിക്കാനും, വെടിവെയ്ക്കാനും പഠിച്ചിരുന്നു. 303 കൊണ്ട് വെടിവെയ്ക്കുന്ന സമയത്തു തോക്കിന്റെ പാത്തി കൈപലയില്‍ വന്നിടിക്കുന്ന ന്യുട്ടന്‍ കണ്ടുപിടിച്ച ആ മൂന്നാം നിയമമായിരുന്നു ഇത്തിരി വേദനാജനകം. പക്ഷെ ആരുടെയും ഉപദേശപ്രകാരമല്ലാതെ തന്നെ ഞങ്ങള്‍ കുത്തക സാധനങ്ങള്‍ എല്ലാം പടേ ഉപേക്ഷിച്ചു, എല്ലാം തനി നാടന്‍ മാത്രം ഉപയോഗിച്ചു തുടങ്ങി.

Second Group ആയതിനാല്‍ ക്ലാസിലും, പ്രാക്ടിക്കല്‍ ക്ലാസിലും കയറാതെ ചുറ്റിയടിച്ചു അധികം നടക്കാനും പറ്റില്ലായിരുന്നു. കുത്തകവിരുദ്ധ പ്രചരണത്തിനായി സഖാക്കളുടെ കയ്യില്‍ പൈസയൊന്നും അധികമില്ലായിരുന്നു. വീട്ടില്‍ നല്ല പേരായിരുന്നതിനാല്‍ 1.50 പൈസയായിരുന്നു, അമ്മച്ചിയാവുന്ന IMF ന്റെ കയ്യില്‍ നിന്നും കിട്ടിയിരുന്നത്. 60 പൈസ മഞ്ചേരിവരെ പോവാനും 60 പൈസ വരാനും, 30 പൈസയാണു ദിവസനീക്കിയിരിപ്പു, ഇതു തന്നെയായിരുന്ന് മറ്റു സഖാക്കളുടെയും സ്ഥിതി. അങ്ങിനെയിരിക്കെ “available secretariate” മഞ്ചേരി കോളെജിലെ കശുമാവിന്‍ത്തോപ്പില്‍ കൂടിക്കൊണ്ടിരിക്കുപ്പോള്‍, ന്യൂട്ടന്റെ ആപ്പിളിനു പകരം, കശുവണ്ടിയായി ഞങ്ങളുടെ മുന്‍പില്‍ വന്നു വീണത്, ഹംസയാണു അതിന്റെ ഫിനാന്‍ഷ്യല്‍ വാല്യൂ മനസ്സിലാക്കിയത്. പിന്നെ ഗ്രഹണിപിടിച്ച കുട്ടികള്‍ ചക്കക്കുട്ടാന്‍ കണ്ട പോലെ ഒരു പൂന്ത് വിളയാടല്‍ ആയിരുന്നു കശുമാവിന്‍ത്തോപ്പില്‍ . NCC യുടെ വസ്ത്രം കൊണ്ടുവന്ന കൂടില്‍ അണ്ടി നിറച്ച്, മഞ്ചേരി പിക്നിക്ക് ബാറിന്റെ മുന്‍പിലുണ്ടായിരുന്ന ബീരാങ്കാക്കയുടെ കടയില്‍ കൊടുത്ത് 100 രൂപക്ക് അടുത്ത് കിട്ടി. കട്ട അണ്ടിയാണ്ടെന്നറിഞ്ഞ് ബീരാങ്ക മറ്റോരു വഴികൂടി ഞങ്ങള്‍ക്ക് പറഞ്ഞ് തന്നു. മഞ്ചേരി ഗവ. ആശുപത്രിയില്‍ , ആവശ്യക്കാര്‍ക്ക് രക്തം കൊടുക്കുക. 200 രുപ പുള്ളിവാങ്ങിതരും, 50 രൂപ പുള്ളിക്ക് കമ്മീഷന്‍. അന്നു തന്നെ മൂന്നു പേരും രക്തം വിറ്റ് 200 രൂപക്കു സ്വന്തകാരനായി.
പിന്നിടൊരിക്കലും പൈസക്ക് ഞങ്ങള്‍ക്ക് മുട്ട് വന്നിട്ടില്ല. പൈസ കൂടിയപ്പോള്‍, ഇടക്കു മട്ടന്‍ ബിരിയാണി അടിച്ചു തുടങ്ങി, എവിടെയോ ഒരു ബൂര്‍ഷ്വാസിയുടെ ബീജം ഞാനറിയാതെ ഉണ്ടാകുന്നുവെന്ന് ഞാനറിഞ്ഞിരുന്നില്ല.

അങ്ങിനെയിരിക്കെ, ‘ഗാട്ട് കരാര്‍” ഇന്ത്യന്‍ രാഷ് ട്രീയത്തെ പിടിച്ചു കുലുക്കുന്നു, “available secretariate” വീണ്ടും കൂടിയാലൊചിക്കുന്നു ഗാട്ടിനെതിരെ. DYFI, SFI, AIYF, SIO തുടങ്ങിയവരും ഗാട്ടിനെതിരെ രംഗത്ത് വന്നു. ഗാട്ടിനെതിരെ എഴുതി എം.പി.വീരേന്ദ്രകുമാര്‍ എന്നൊരു വീരന്‍, കേരളത്തില്‍ വെട്ടിത്തിളങ്ങി. ഇതിനിടയില്‍ ഞങ്ങളുടെ നേതാവായ പെരിന്തല്‍മണ്ണയിലുള്ള പ്രതാപന്‍, വന്ന് പുല്‍പ്പള്ളിയില്‍ പാര്‍ട്ടിയുടെ കുത്തകകള്‍ക്കെതിരെയും, ഗാട്ട് കരാറിനെതിരെയും ഒരു ക്യാമ്പ്, ഉണ്ടെന്നും നിങ്ങള്‍ മൂന്നു പേരും അതില്‍ പങ്കെടുക്കണമെന്ന് പറഞ്ഞു. പറഞ്ഞ തീയ്യതി കേട്ട് മൂവരും ഞെട്ടി. PDC പരീക്ഷ തുടങ്ങുന്ന ദിവസം. ഒഴിവ് കഴിവ് പറഞ്ഞേങ്കിലും ഒന്നു വിലപ്പോയില്ല. പുള്ളികാരന്റെ മസ്തിക്കപ്രഷാളനത്തില്‍ ഞങ്ങളുടെ മെഡുല ഒബ്ലാങ്കേറ്റ തരിച്ചു, മാത്രമല്ല ഞങ്ങള്‍ വിപ്ലവത്തിന്റെ വീരയോദ്ധാക്കളായി, പരീക്ഷ ഉപേഷിച്ചു ക്യാമ്പിനു പോവാന്‍ തീരുമാനിച്ചു. കശുവണ്ടിപെറുക്കിയും, ഒരു കുപ്പി ചെഞ്ചോരയും വിറ്റും, ചെലവിനുള്ള കാശുണ്ടാക്കി.കൂട്ടിനു ആരീല്ലെങ്കിലും പോവണമെന്നും, കോഴിക്കോടു ബസ്സ് സ്ന്റാറ്റില്‍ വച്ച് കാണാമെന്ന് പറഞ്ഞ് എല്ലാവരും പിരിഞ്ഞ്. ആ സമയത്ത് മൊബൈല്‍ ഇല്ലാതിരുന്നതിനാല്‍ 20 പൈസയുടെ കാര്‍ഡില്‍ ആയിരുന്ന് പിന്നീട് സഖാക്കളുടെ “ന്യൂസ് ടെലികാസ്റ്റിംഗ്”

ക്യാമ്പിനു പോവാന്‍ ഞാന്‍ എല്ലാം തയ്യാറാക്കി വച്ചു. എന്റെ പ്രിയപ്പെട്ട രാധാസ് സോപ്പ്, K.P. നമ്പൂതിരീസ് ദന്തധാവനചൂര്‍ണം, തോര്‍ത്ത് മുണ്ട്, എന്നിങ്ങനെയുള്ള കുത്തകകള്‍ അല്ലാത്ത അനുസാരികള്‍ എടുത്ത് വീട്ടില്‍ നിന്നും, പരീക്ഷക്കു “കംപയിന്റ് ക്ലാസ്” ഉണ്ടെന്ന് പറഞ്ഞ് വിപ്ലവനേതാക്കളെ ഓര്‍മ്മിച്ച് പടിയിറങ്ങി.
ഫസീലയുടെ 8x2 മാതിരിയുള്ള ഓട്ടം കൊണ്ട് മഞ്ചേരിയില്‍ എത്തിയപ്പോള്‍, ഒത്തിരി വൈകി. ഹംസ മാത്രമുണ്ട് സ്റ്റാന്റില്‍, അനിലിനെ കാണാനില്ല. ചിലപ്പോള്‍ നേരെ കോഴിക്കോടിനു പോവുമെന്നു പറഞ്ഞിരുന്നതിനാല്‍ അവനെ കാത്തുനിന്നില്ല. കോഴിക്കോട് KSRTC Bus Stand ലും ആരെയും കാണാനില്ല. പിന്നെ കിട്ടിയ ബസ്സിനു പുല്‍പ്പള്ളിക്ക് വിട്ടടിച്ചു. പുല്‍പ്പള്ളിയില്‍ എത്തിയപ്പോഴെക്കും വൈകുന്നേരമായി, ചൊദിച്ചു പിടിച്ചു, പാലാകാരനായ തൊട്ടിപ്ലാവില്‍ ദേവസ്യയുടെ തോട്ടത്തില്‍ എത്തി. പണ്ട് ആറാം ക്ലാസില്‍ പഠിച്ച പദ്യം ഓര്‍മ്മ വന്നു. “മാവും പിലാവും, പുളിയും കവുങ്ങും……….” ഒപ്പം കുരുമുളക്, കാപ്പി, എന്നിവയുടെ ഒരുഗ്രന്‍ തോട്ടം. ഞങ്ങള്‍ വിപ്ലവകാരികളുടെ കണ്ണില്‍ ഒരു പെറ്റി ബൂര്‍ഷ്വാ തന്നെ. പക്ഷെ സ്ഥലത്തെത്തിയപ്പോള്‍, പ്രതാപന്‍ ചേട്ടനുമില്ല, അനിലുമില്ല, കരിംകാലികള്‍ ചതിച്ചിരിക്കുന്നു. പ്രതാപനോടായിരുന്നു കൂടുതല്‍ ദേഷ്യം.

ദേവസ്യാ ചേട്ടന്റെ തോട്ടത്തിലെ കാവല്‍ക്കാരനായിരുന്ന കരുണന്‍ ആയിരുന്നു താമസവും ഭക്ഷണവും ഒരുക്കിയിരുന്നത്. കുരുമുളക് പറിക്കാനും, കാപ്പിക്കുരു പറിക്കാനുമായി ആളുകള്‍ വരുമ്പോള്‍ താമസിക്കാനായിട്ടുള്ള മുറികളിള്‍ ഓരൊരുത്തരായി സ്ഥാനം പിടിച്ചു, രാത്രി 9 മണിയായപ്പോഴെക്കും 5-6 ആളുകളുടെ ഒരു കൂട്ടവുമെത്തി, രാത്രി ഓരൊരുത്തരായി പരിചയപ്പെടുത്തി, ഞങ്ങളുടെ കാര്യങ്ങള്‍ അറിഞ്ഞ മറ്റു അംഗങ്ങള്‍ ഞങ്ങളെ പറ്റി നല്ലത് പറഞ്ഞത് കേട്ടു ഞാനും ഹംസയും ഒന്നു പൊങ്ങി(തീര്‍ത്തും മനുഷ്യസഹജം). വണ്ടിക്കുലി മുതലായി അതു കേട്ടപ്പോള്‍.

ബത്തേരിക്കാരന്‍ പീറ്റര്‍ ആയിരുന്നു ക്യാമ്പ് സംഘടിപ്പിച്ചതും, ക്ലാസ് എടുക്കുന്നതും. രാത്രി പുള്ളിയുടെ ക്ലാസ് തുടങ്ങി, ഗാട്ടിനെക്കുറിച്ചും കുത്തകകളുടെ കടന്നുകയറ്റവും അത് ഇന്ത്യന്‍ കര്‍ഷകരില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളും പുള്ളി പറഞ്ഞു. കാര്യം ശരി.. ചില ചോദ്യങ്ങള്‍ക്ക് പുള്ളിയില്‍ നിന്നും ശങ്കരാടിയുടെ “പ്രതിക്രിയാവാദി” ഉത്തരമാണു കിട്ടുക. തീര്‍ത്തും ഒരു ബുദ്ധിജീവി ജാട, പീറ്ററിന്റെ ജാഡ അത്രക്കു ഞങ്ങള്‍ക്ക് പിടിച്ചില്ല, എല്ലാം അറിയാമെന്ന ഒരു വിചാരവും, ഹംസയുടെ “ഷെര്‍ലേക്ക് ഹോംസ്” പ്രവര്‍ത്തിച്ച്, ഓരൊ കാര്യങ്ങള്‍ പുള്ളിയെ പറ്റി പറയാന്‍ തുടങ്ങി്, എതിര്‍ക്കുമെങ്കിലും ഹംസ വിശദമായി മനസിലാക്കി തരുന്ന സമയത്ത് ഡോക്ടര്‍ വാട്സനെ പോലെ ഞാന്‍ അത്ഭുതമെടുമായിരുന്നു. അത്ഭുതകരമായിരുന്നു, ഹംസയുടെ നീരീക്ഷണശക്തി. ആളുകള്‍ക്ക് ഉറക്കം വരാന്‍ തുടങ്ങിയതിനാന്‍ പീറ്ററിന്റെ ക്ലാസ് നിറുത്തി. രാവിലെ കൂടുതല്‍ പേര്‍ വരുമെന്നും, ക്യാമ്പ് ഉഷാറാവുമെന്നും കരുണേട്ടന്‍ പറഞ്ഞതിനാല്‍ എല്ലാവരും കിട്ടിയ സ്ഥലത്ത് ഉറങ്ങാന്‍ കിടന്നു. പ്രഭാതകൃത്യങ്ങള്‍ക്കും, കുളിക്കാനും അടുത്ത് കൂടെ ഒഴുക്കുന്ന ചോലയില്‍ പോയാല്‍ മതിയെന്നും പുള്ളിക്കാരന്‍ പറഞ്ഞു തന്നു. എന്നിലെ വിപ്ലവകാരിയുടെ അവസാനരാത്രിയാണു അതെന്നു അറിയാതെ എപ്പോഴോ ഞാനും ഉറങ്ങി.

രാവിലെ ഹംസയും, ഞാനും, വിശാലമായ തോട്ടത്തില്‍ രാവിലെ ചില കാപ്പിചെടികള്‍ക്ക് ജൈവവളം ഇട്ടിട്ട്, (ഇന്നത്തെ ആളുകളെ പറ്റിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് “ജൈവ”ത്തിന്റെ പേരിലാണല്ലോ). കുളിക്കാനും പല്ല് തേക്കാനുമായി, രാധാസ് സോപ്പും, കെ.പി.നമ്പൂതിരീസ് പല്‍പ്പൊടിയും എടുത്ത് അടുത്തുള്ള ചോലയില്‍ കുളിക്കാല്‍ പോയി. ചെന്നപ്പോള്‍ പീറ്ററും, ചിലരും ചോലയില്‍ ഉണ്ട്. അവിടെ കണ്ട കാഴ്ച എന്നിലെ വിപ്ലവകാരിക്കു ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നു. സഖാവ് പീറ്റര്‍ രാത്രി മുഴുവന്‍ കുത്തകള്‍ക്ക് എതിരെ പറഞ്ഞിട്ട് രാവിലെ ഭൂലോക കുത്തകയായ “കോള്‍ഗേറ്റ്” പേസ്റ്റ് ഉപയൊഗിച്ച് പല്ലു തേക്കുന്നു. നമ്മളിവിടെ നമ്പൂരീസുമായി നടക്കുന്നു. ജീവിതത്തില്‍ ആദ്യമായി നാവില്‍ സരസ്വതി വിളയാടി, “ഏത് അമ്മയുടെ യോനിയിലെ (പര്യായപദം നിങ്ങളുടെ ഇഷ്ടം) പരിപാടിയാടാ കാണിക്കുന്നത്, കുത്തകയെ എതിര്‍ത്ത് പറയുക, എന്നിട്ട് കുത്തക സാധനം ഉപയോഗിക്കുക. നിന്നെപോലുള്ള നേതാക്കളാണു ഏത് പ്രസ്ഥാനത്തിന്റെയും പുഴുക്കുത്തുകള്‍” ഇതും പറഞ്ഞ് കയ്യിലിരുന്ന പല്‍പ്പൊടി അവന്റെ മുഖത്തേക്കു വലിച്ചെറിഞ്ഞ് ഞാനും ഹംസയും തിരിച്ചുനടന്നു, ചന്തിപോലും കഴുകാതെ. പോരുന്ന പോക്കില്‍ ഹംസപറഞ്ഞു, “ഇപ്പന്തായി, രാത്രിക്ക് ഞാന്‍ പറഞ്ഞ മാതിരിയായില്ലേ…ഓന്റെ ഒരു ഒലക്കമലത്തെരു കുത്തകവിരുദ്ധം”.

എല്ലാം മതിയാക്കി, തിരിച്ച് പോവാനായി ഞങ്ങള്‍ തീരുമാനിച്ചു, കരുണേട്ടനോട് കാര്യങ്ങള്‍ പറഞ്ഞു, പുള്ളി ഒന്നും മിണ്ടിയില്ല. ഞങ്ങള്‍ തിരിച്ചുപോവുന്നത് വരെ പീറ്റര്‍ എത്തിയിരുന്നില്ല. ആ ക്യാമ്പ് തുടര്‍ന്നോയെന്ന് ഇന്നുമറിയില്ല. തിരിച്ചു കോഴിക്കേടിനു ബസ്സിനു പോരുമ്പോള്‍ വീണ്ടും സരസ്വതി വിളയാടി ഞാന്‍ പറഞ്ഞു “ഇനിയൊരു സ്മശ്രുവിന്റെ (വാക്കിനു കടപ്പാട്, ഒ.വി.വിജയന്റെ ധര്‍മ്മപുരാ‍ണം) പരിപാടിക്കും ഞാനില്ല, സ്വന്തം വിശ്വാസത്തിലായിരിക്കും ഞാനിനി ജീവിക്കുക” അതിനു ഹംസയുടെ ഫിലോസഫിക്ക് മറുപടി ഇന്നും എനിക്കു മറക്കാറായിട്ടില്ല “നമ്മള്‍ ഇന്നു എന്തായിരിക്കുന്നുവോ, അത് ഇന്നലെകളുടെ തിരഞ്ഞെടുപ്പിന്റെ ഫലമാണു”.

തിരിച്ചു വീട്ടില്‍ വന്നിട്ട്, ഉറക്കവും വരുന്നില്ല. പരീക്ഷ എങ്ങിനെ നേരിടും എന്നതിനെ കൂറിച്ചു ഒരു എത്തും പിടുത്തവുമില്ല. പിന്നീടുള്ള വിഷയങ്ങള്‍ എഴുതി, പ്രാക്ടിക്കലും ചെയ്തു. സബ്ജക്ട് എഴുതാത്തതിനാല്‍ തോല്‍ക്കുമെന്നു ഉറപ്പായിരുന്നു. തോറ്റ് ചെന്നാല്‍, വീട്ടില്‍ എന്താണുണ്ടാവുക എന്നറിയില്ലത്തതിന്റെ ഒരു ശങ്ക വേറെ. വെറുതയല്ല കുട്ടികള്‍ പേടിച്ചു ആത്മഹത്യ ചെയ്യുന്നത്. റിസള്‍ട്ട് വന്നു. “ഫുള്‍ വാഷവുട്ട്“ ജീവിതത്തിലെ ആദ്യത്തെ പരീക്ഷ തോല്‍വി. ഫലം, വീട്ടില്‍ നിന്നും അമ്മച്ചിയും ചേട്ടായിയും എന്റെ പുസ്തകങ്ങള്‍ മൊത്തമെടുത്ത് വായുവില്‍ അമ്മാനമാടി, ഒപ്പമെന്റെ മൂലധനവും, അവസാനമെല്ലാം മുറ്റത്തുള്ള ചെന്തെങ്ങിന്റെ ചുവട്ടില്‍ പറന്നിറങ്ങി. Nut പോയ അണ്ണാനെ പോലെ, വീട്ടില്‍ നിന്നും വീടിനു മുമ്പിലുള്ള പഞ്ചായത്ത് റോഡിലേക്കിറങ്ങി, വീട്ടിലെ കോലാഹലങ്ങള്‍ അറിഞ്ഞ് സോമേട്ടന്‍ വന്നു, വന്നപാടെ ആദ്യമെരു ആപ്പെനിക്ക് “സാജു, നമ്മുടെ എം.വി. രാഘവന്‍ സി.എം.പി എന്നോരു പുതിയ പാര്‍ട്ടിയുണ്ടാക്കിയിട്ടുണ്ട്. ഒന്നു പോയി നോക്കാന്‍ പാടില്ലായിരുന്നോ?” ദയനീയമായി എന്നൊന്നും പറയാന്‍ പറ്റില്ല, അതിലും ദയനീയമായി ഞാന്‍ സോമേട്ടനെ നോക്കി, മറുത്തൊന്നും പറയാന്‍ പറ്റുന്ന അവസ്ഥയായിരുന്നില്ല. സാരമില്ല അടുത്ത സെപ്തപറില്‍ എല്ലാം എഴുതിയെടുക്കാന്‍ പറഞ്ഞു പുള്ളിപോയി….. പണ്ടേ ദുര്‍ബല, ഇപ്പോള്‍ ഗര്‍ഭിണി എന്ന പോലെയായി വീട്ടിലെ എന്റെ അവസ്ഥ, വളരെ പരിതാപകരമായിരുന്നു, ഒരു ചില്ലികാശിനും ഗതിയില്ല, വീട്ടില്‍ നിന്നും പൈസയോ, റബ്ബര്‍ ഷീറ്റോ കക്കാന്‍ മനസ്സനുവദിച്ചില്ല.

എപ്പോഴോ ഒരു നല്ല അവസരം കിട്ടിയപ്പോള്‍ ഞാന്‍ അമ്മച്ചിയോട് സെപ്തപറില്‍ പരീക്ഷയെഴുതണം, ഫീസ്സ് കെട്ടാന്‍ പൈസ ചോദിച്ചപ്പോള്‍, “രണ്ട് വര്‍ഷം പഠിച്ചിട്ട് ജയിച്ചിട്ടില്ല, പിന്നെയാണു എല്ലാം സെപ്തപറില്‍ എഴുതി ജയിക്കാന്‍ പോവുന്നത്, നീ പഠിച്ചതോക്കെ മതി” അതിനു തിരിച്ചു മറുപടി പറയാന്‍ പറ്റുന്ന അവസ്ഥയായിരുന്നില്ല.

വീടിനു മുമ്പിലുള്ള പഞ്ചായത്ത് റോഡിലേ മതിലായി പിന്നെയെന്റെ ഇരിപ്പു മുഴുവന്‍, കൊടിച്ചി പട്ടിയെ പോലെ നക്കാന്‍ മാത്രം വീട്ടില്‍ പോവും, അങ്ങിനെയിരിക്കെയാണ് ഒരു ദിവസം “അരിപ്പൊര്യേ………മലര്‍പ്പൊര്യേ…..” എന്ന് വിളിച്ച് ഒരു തമിഴന്‍ അതുവഴി വന്നത്. എന്റെ അടുത്ത് വന്നപ്പോള്‍ പുള്ളിക്കാരന്റെ വിളി ഉച്ചത്തിലായി, അതൊരു കളിയാക്കലായിട്ടാണു എനിക്ക് തോന്നിയത്. പുള്ളിക്കാരന്റെ “അരിപ്പൊര്യേ………മലര്‍പ്പൊര്യേ “ എന്ന വിളിയും, ഹോണിന്റെ “പ്പോ…..പ്പോ…” ഒച്ചയും കേട്ടപ്പോള്‍ കുട്ടികള്‍ റോഡിലേക്കു ഓടിയിറങ്ങി, അപ്പോഴാണു ഞാന്‍ ശ്രദ്ധിച്ചത്, മൂന്നാം ക്ലാസില്‍ പഠിക്കുന്ന റൂബീന ഒരു 5-6 മനോരമ വീക്കിലിയുമായി പൊരിക്കാരന്റെ അടുത്തെക്കു ഓടുന്നു. റുബീന അത് കൊടുത്ത്, പകരം അരിപ്പൊരി വാങ്ങുന്നു. ഒരു തരം “ബാര്‍ട്ടര്‍” സമ്പ്രദായം. പെട്ടെന്നാണു ആര്‍ക്കിമിഡീസ് “യൂറേക്ക” എന്നു പറഞ്ഞ് തുണിയില്ലാതെ ചാടിയെഴുന്നേറ്റത് പോലെ, എന്റെ മനസ്സിലും “യൂറേക്ക” തോന്നിയതും ഞാന്‍ തുണിയുടുത്ത് തുള്ളിച്ചാടിയതും. കാരണം വീട്ടില്‍ വാങ്ങുന്ന മനോരമ പത്രവും, അമ്മച്ചി വാങ്ങുന്ന മനോരമ, മംഗളം വീക്കിലികളും വീട്ടില്‍ അട്ടിയട്ടിയായി സൂക്ഷിച്ചിരിക്കുന്നതും അതിന്റെ ഫിനാന്‍ഷ്യല്‍ വാല്യു റുബീനക്കുട്ടി മനസ്സിലാക്കി തന്നതും. സാധാരണ പത്രവും, വീക്കിലിയും ഒത്തിരിയാവുമ്പോള്‍ പൂതംക്കോടന്‍ ആയിഷാത്തക്ക് അമ്മച്ചി കൊടുക്കലാണു പതിവു, അടുത്ത ഞായറാഴ്ച അമ്മച്ചിയും അനിയത്തിയും പള്ളിയില്‍ പോയ തരം നോക്കി, പത്രവും വീക്കിലികളും കെട്ടി, ഞങ്ങള്‍ പലചരക്ക് സാധനങ്ങള്‍ വാ‍ങ്ങിയിരുന്ന കാസിമിന്റെ കടയിലേക്കു ഞാന്‍ വിട്ടടിച്ചു. ചേട്ടമ്മാരോടത്തെ സാജു പത്രം തൂക്കി വില്‍ക്കാന്‍ പോവുന്നത് കണ്ട് ആളുകള്‍ക്ക് ഒരു അതിശയം, അഞ്ചുപൈസ കയ്യിലില്ലാത്ത എന്റെ പോള്ളലുണ്ടോ അവരറിയുന്നു. കടക്കാരന്‍ കാസിമിനും അത്ഭുതം, കൂടുതലോന്നും ചോദിക്കാനോ പറയിക്കാനോ നില്കാതെ കിട്ടിയ പത്ത് നാല്പത് രൂപയും വാങ്ങി പോന്നു. ഒത്തിരി നാളുകള്‍ക്ക് ശേഷം ഇത്തിരി മണികിലുക്കം.

അനിയത്തി പേപ്പറും, വീക്കിലിയും കാണാനില്ലാത്ത കാര്യം വന്നപ്പോഴെ അമ്മച്ചിയെ അറിയിച്ചു, എന്നും കിട്ടാറുള്ള ഡോസിനെക്കാള്‍ ഇത്തിരി ഡോസ് കൂടിയ ചീത്തപറയല്‍. സ്വന്തമായി പൈസയുണ്ടാക്കാനുള്ള ചിന്തയായി പിന്നെ. അതിനാല്‍ രാവിലെഴുന്നേറ്റ് അടുത്തുള്ള ഞങ്ങളുടെ കവുങ്ങിന്‍ തോട്ടത്തില്‍ പോവും, വീണുകിടക്കുന്ന അടയ്ക്ക, രാവിലെ വന്നു, ചെറുമിമാര്‍ പെറുക്കുന്നതിനു മുമ്പ് ഞാന്‍ പോയി പെറുക്കും, അടയ്ക്കക്ക് നല്ല വിലയുള്ള സമയം...അങ്ങിനെയും പോക്കറ്റില്‍ മണികിലുങ്ങി. അടയ്കാപെറുക്കി ജീവിക്കുന്ന ചെറുമിമാരുടെ വരുമാനത്തില്‍ കയ്യിട്ട് വാരി ഞാന്‍ ജീവിതത്തില്‍ ആദ്യമായി ഒരു ബൂര്‍ഷ്വയായി.

അടയ്കാപെറുക്കലൊന്നും ദിവസചിലവിനുള്ള വരുമാനത്തിനപ്പുറം, ഒരു നീക്കിയിരിപ്പുണ്ടാക്കിയിരുന്നില്ല. പിന്നെ അതിനുള്ള ചിന്തയായി, അങ്ങിനെയാണു വീട്ടുപറമ്പിലെ 200 റബ്ബര്‍ സ്വന്തം വെട്ടാനുള്ള ഒരു തീരുമാനത്തിലെത്തിയത്. പക്ഷെ ആദ്യം റബ്ബറുവെട്ട് പഠിക്കണമല്ലോ, അതിനായി വീട്ടില്‍ റബ്ബറുവെട്ടുന്ന അബ്ദുക്കാക്കന്റെ കൂടെ പുള്ളിവെട്ടുന്നത് നോക്കി നടന്നു, മുസ്ല്യാരു മുസ്സയബ്ബ് ഓതിപഠിപ്പിക്കുന്നത് പോലെ പുള്ളിക്കാരന്‍ റബ്ബറുവെട്ടുന്നതിന്റെ തിയറിയും ടെക്നിക്കും പറഞ്ഞുതന്നു. എന്റെ മനസ്സിലെ ഗൂഡതന്ത്രമൊന്നും പുള്ളിക്കാരനു അറിയുമായിരുന്നില്ല. പുള്ളി പഠിപ്പിച്ച തിയറി ഞാന്‍ വീണുകിടക്കുന്ന ഒരു റബ്ബര്‍ മരത്തില്‍ പരീക്ഷിച്ചു.....ഒരാഴ്ചകൊണ്ട് മരത്തില്‍ കൊള്ളിക്കാതെ റബ്ബര്‍ വെട്ടാന്‍ പഠിച്ചു. ഒരു ദിവസം ഇത് അമ്മച്ചി വന്നു കണ്ടിട്ട്, “നിനക്കിനി പഠിച്ചില്ലെങ്കിലും റബ്ബര്‍ വെട്ടി ജീവിക്കാമല്ലൊ”. എന്നിട്ട് ഒരു ഫിലൊമിന സ്റ്റൈല്‍ ചിരിയും

അങ്ങിനെ അടുത്ത ദിവസം, ഞാനെന്റെ “മാഗ്നകാര്‍ട്ട” വീട്ടിലവതരിപ്പിച്ചു. അടുത്ത ആഴ്ചമുതല്അബ്ദുകാക്കയ്ക് പകരം ഞാന്‍ റബ്ബര്‍ വെട്ടും, പുള്ളിക്ക് കൊടുക്കുന്ന കൂലി ഞാനെടുക്കും, പിന്നെ ഒട്ടുപാലിന്റെ വില്പനയും എനിക്കായിരിക്കും, ആദ്യം ഒന്നും അമ്മച്ചിയും ചേട്ടനും സമ്മതിച്ചില്ല, കാരണം ഇങ്ങനെ ഒത്തിരി വീട്ടില്‍ റബ്ബറുവെട്ടിയായിരുന്നു 5 പെണ്‍ക്കുട്ടികളുള്ള പുള്ളിക്കാരന്‍ ജീവിച്ചിരുന്നത്. പിന്നെ എന്റെ ചില ഭീഷണികള്‍ക്ക് വഴങ്ങി അവരതിനു സമ്മതിച്ചു. അബ്ദുക്കാക്കയൊട് കാര്യം പറഞ്ഞപ്പോള്‍, പുള്ളി മറുത്തോന്നും പറഞ്ഞില്ല. അവാര്‍ഡ് സിനിമയിലെ ഒരു ചിരി മാത്രം പുള്ളിക്കാരന്‍ ചിരിച്ചു.
പിറ്റേ ദിവസം പുലര്‍ച്ചേയെഴുന്നേറ്റ് റബ്ബര്‍ വെട്ടു തുടങ്ങി, അബ്ദുക്ക വെട്ടിയാല്‍ കിട്ടുന്ന അത്ര പാല് കിട്ടണേ എന്ന പ്രാര്‍ത്ഥനയൊടെ, (വിപ്ലവ മനസ്സില്‍ പ്രാര്‍ത്ഥനയൊക്കെ വന്നു തുടങ്ങി) അല്ലെങ്കില്‍ എന്റെ റബ്ബര്‍ വെട്ടു അധികകാലം നീണ്ടുനില്‍ക്കില്ല എന്നെനിക്കറിയാം. അന്നു അബ്ദുക്ക രാവിലെ വെട്ടാന്‍ പോവുന്ന പോക്കില്‍ എന്റെ റബ്ബര്‍വെട്ട് കാണാന്‍ വന്നു.

പോവുന്നപ്പോക്കില്‍ വളരെ വേദനയോടെ അബ്ദുക്ക പറഞ്ഞു “ ജ്ജ് ഒരു കമ്മ്യൂണിസ്റ്റാണെന്നു പറഞ്ഞുങ്കാട്ട്, ഇന്നെപ്പോലുള്ള തൊയ്‌ലാളിന്റെ വയറ്റത്തറ്റടിക്കണ ഒരസ്സല് പെറ്റി ബൂര്‍സ്സെനിജ്ജ്”

അറം പറ്റിയ പോലെ, അവിടെനിന്നും തുടങ്ങിയതാണു മൊട്ടയെന്ന എന്നിലെ പെറ്റി ബൂര്‍ഷ്വയുടെ തുടക്കം.

വാല്‍കഷ്ണം, “അബ്ദുക്കയുടെ നിലവിളി പടച്ചോന്‍ കേട്ടോ എന്നറിയില്ല, ഒരു മാസം കഴിഞ്ഞപ്പോള്‍ ആഞ്ഞടിച്ച് വന്ന ഒരു കാറ്റില്‍ ഞങ്ങളുടെ റബ്ബര്‍ മൊത്തം….വീണിതല്ലോ കിടക്കുന്നു ധരണിയില്‍ വെളുത്ത പാലുമൊലിപ്പിച്ചയ്യോ ശിവ:…ശിവ:“

http://www.nattapiranthukal.blogspot.com/

11 comments:

നവരുചിയന്‍ said...

നല്ല കഥ ..... പക്ഷെ നീളം കുറച്ചു കൂടി പോയി ..ഇതു മുറിച്ചു ഒരു ൩-൪ പോസ്റ്റ് ആകാമായിരുന്നു .....ഭാവുകങ്ങള്‍ സുഹൃത്തെ .....വീണ്ടും എഴുതുക

ശ്രീവല്ലഭന്‍. said...

മൊത്തം ഒറ്റ ഇരുപ്പിന് വായിച്ചു. അനുഭവങ്ങള്‍ വളരെ രസകരമായ് എഴുതിയിരിക്കുന്നു. തുടരുക.

ഹാരിസ് said...
This comment has been removed by the author.
ഹാരിസ് said...

great narration

വേണു venu said...

അനുഭവങ്ങളുടെ ഒരു രാജാവിന്‍റെ വരികളായി തോന്നിയല്ലോ. മനോഹരം.
മോട്ടക്ക് തോല്‍ക്കാന്‍ വീണ്ടും കഥകള്‍ ബാക്കി.
ബാക്കിയും എഴുതുക. ആശംസകള്‍‍.:)

പാമരന്‍ said...

നല്ല എഴുത്ത്‌.. നിര്‍ത്താതെ വായിച്ചു.

നട്ടപിരാന്തന്‍ said...

നവരുചിയന്‍
ശ്രീവല്ലഭന്‍
ഹാരിസ്
വേണു
പാമരന്‍

ബ്ലൊഗില്‍ വെറും തുടക്കക്കാരനായ എനിക്ക്, നിങ്ങള്‍ തന്ന നല്ല വാക്കിനു ഒരായിരം നന്ദി.

മുസാഫിര്‍ said...

അത്യാവശ്യം എഴുതാനുള്ള വകുപ്പ് കയ്യിലുണ്ട്. എഴുതിയതിനു ശേഷം ഒന്നുകൂ‍ടി വായീച്ച് നോക്കി ഒരു എഡിറ്റിങ്ങൊക്കെ നടത്തിയാല്‍ വായന കുറെക്കൂ‍ടി രസകരമാവും.

നട്ടപിരാന്തന്‍ said...

തീര്‍ച്ചയായും മുസാഫര്‍, ഞാന്‍ ഒരു ശിശു മാത്രമാണ് ഈ “ബൂലോകത്തില്‍”. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ ഞാന്‍ മാനിക്കുന്നു.

ബൂലോകരേ.....എന്റെ മറ്റ് ബ്ലൊഗ് പോസ്റ്റുകളും കൂടി വായിച്ച് തെറ്റുകുറ്റങ്ങള്‍ പറഞ്ഞുതരുമല്ലോ.

കുഞ്ഞന്‍ said...

നട്ടപിരാന്തന്‍,

ഒരു മുഷിവും കൂടാതെ മുഴുവനും വായിച്ചൂ. രസകരമായ ശൈലി.അവസാനം അബ്ദുക്കയെ ചന്തു ചതിച്ചതറിഞ്ഞപ്പോള്‍...എന്റെ കണ്ണുകളില്‍ ചുവന്ന നിറം കൂടിവരുന്നു..!

അത്ക്കന്‍ said...

സരസമായ ഒരു പൊളിച്ചെഴുത്ത്.നന്നായി,വളരെ നന്നായി.