Saturday, May 17, 2008

എന്തേ എല്ലാവരും നഗ്നരായത്‌?.

നഗ്നതയാണെവിടെയും എന്ന പരാതി-
യുയര്‍ന്നതെവിടെ നിന്നെന്ന ചോദ്യം കാതില്‍
മുഴങ്ങിയത്‌ പള്ളിക്കൂടത്തിലേക്കുള്ള
യാത്രയിലായിരുന്നു. മധുരമിഠായി വില്‍ക്കുന്ന
പെട്ടിക്കടയുടെ ചിതലെടുത്ത പലകയില്‍
മൈദാപ്പശയില്‍ മുങ്ങിനില്‍ക്കുന്ന
മാദകനടിമാരുടെ ചിത്രമാണന്നേരം
കാഴ്‌ചയില്‍ പതിഞ്ഞതും കൗതുകം പകര്‍ന്നതും.
ഇന്റര്‍വെല്‍ സമയങ്ങളില്‍ വീണ്ടുമാ
പോസ്‌റ്ററില്‍ കണ്ണുകള്‍ കൗതുകം
തിരയവെ ചെവിയില്‍ മലയാളമധ്യാപകന്റെ
ചൂടുള്ള സമ്മാനം കിട്ടിയതെന്തിനെന്ന ചോദ്യത്തെ
ബാക്കിവച്ചു, ഒളികണ്ണെറിയുക മാത്രമാണ്‌
പിന്നീട്‌ ചെയ്‌തത്‌. കൗസല്യടീച്ചറും മീനാക്ഷി
ടീച്ചറും ധരിക്കുന്ന മുഴുനീളസാരിയില്‍ പോസ്‌റ്ററിലെ
കൗതുകം ദര്‍ശിക്കാതായപ്പോള്‍ മനസ്സ്‌
അസ്വസ്ഥമായിരുന്നു. അതേക്കുറിച്ചുള്ള ചോദ്യത്തിന്‌
അമ്മയുടെ കൈയില്‍ നിന്ന്‌ തുടകളേറ്റുവാങ്ങിയ ചോരച്ചവരകള്‍
അതിര്‍വരമ്പിട്ടു. സ്‌കൂളില്‍ പോവുന്നതിതിനോ
അഹങ്കാരി?യെന്ന അലര്‍ച്ച മനസ്സില്‍ ഇടിമുഴക്കമായത്‌
പോസ്‌റ്ററിലെ കൗതുകത്തേക്കാളപ്പുറവും.
പോസ്‌റ്ററും മൈദാപ്പശയും ചിതലരിച്ച പലകയും
മനപ്പൂര്‍വമവഗണിച്ചു കടന്നുപോവുമ്പോള്‍
കൗതുകത്തിനറുതിയില്ലായിരുന്നു.
പാഠപുസ്‌തകങ്ങള്‍ക്കിടയില്‍ നാലായി മടക്കിയ
അശ്ലീലതകളുമായി സഹപാഠികളെത്തുമ്പോള്‍
കൗതുകം മൂര്‍ധന്യതയിലായിരുന്നു.
കാലചക്രം തിരിഞ്ഞകലുമ്പോഴും നഗ്നതയ്‌ക്ക്‌
പ്രഥമസ്ഥാനമായിരുന്നു നഗരങ്ങളിലെ മതിലുകളിലെല്ലാം.
എന്നാലപ്പോള്‍ ഞാന്‍ കൂടുതല്‍ മാന്യനായി.
കണ്ണുകള്‍ മൈദാപ്പശയും ചിതലരിച്ച പലകയും
മാദകമേനിയും പരതിനടന്നില്ല. നഗ്നതയാണെവിടെയും
എന്ന പരാതി ആരിലും ഉണര്‍ന്നില്ല.
നാലുചുവരുകള്‍ക്കുള്ളില്‍ വിരല്‍തുമ്പില്‍ മാറുന്ന
ചാനലുകളില്‍ സുന്ദരിമാര്‍ നഗ്നരായി അച്ഛനും അമ്മയ്‌ക്കും
കുട്ടികള്‍ക്കും മുമ്പില്‍ നിര്‍ബാധം നൃത്തമാടി.
ഭീമന്‍ സെര്‍ച്ചെഞ്ചിനുകള്‍ പകരുന്ന ഇ-നഗ്നതാ പ്രദര്‍ശനം
മറ്റാരുമറിയാതെ കുട്ടികള്‍ കിടപ്പുമുറിയില്‍ കാണുകയും
കൂടുതല്‍ മാന്യന്മാരാവുകയും ചെയ്‌തു. അവരുടെ
കൗതുകം അമ്മയ്‌ക്കും ടീച്ചറിനും മുമ്പിലെത്തിയില്ല.
അവരുടെ ചെവിയിലാരും പൊന്നീച്ച പാറിച്ചില്ല,
അവരുടെ തുടകളിലാരും ചോരച്ചപാടുകള്‍ വീഴിച്ചില്ല.
കാലം പിറകോട്ടുപോവുന്നതേ ഇല്ല. എന്നാല്‍ ഞാന്‍
ഉത്തരമില്ലാത്ത ഒരു ചോദ്യം എന്നോടുചോദിച്ചു
എന്തേ എല്ലാവരും നഗ്നരായത്‌?.

3 comments:

പാമരന്‍ said...

നല്ല ചോദ്യം!

saju john said...

എത്ര നല്ല തുണിയഴിച്ചിട്ട ചോദ്യം....

ചോദ്യങ്ങള്‍ തുടരൂ

യൂനുസ് വെളളികുളങ്ങര said...

സാര്‍, ഞാന് വളരെ വിഷമഘട്ടത്തിലാണ്‍ കാരണം കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാലിയില്‍ പങ്കെടുത്തത് കൊണ്ട് ഞാന്‍ ഒര്‍ ബ്ലോഗറായി ഇപ്പോഴും ആബ്ലോല്‍ എഴുതികൊണ്ടിരിക്കുന്നു. http://thamaravadunnu.blogspot.com ല്‍, Mozhikeymansoft ware ആണ്‍ ഞാന്‍ ഉപയോഗിക്കുന്നത് , Unicode Anjali Oldlipi യും ഈ Software എനിക്ക് അത്ര ലവലാകുന്നില്ല.
ISM Softwate ഞാന്‍ പടിച്ചിട്ടുണ്ട് ISM-ല്‍ ഞാന്‍ 10 മിനുട്ട് കൊണ്ട് 250 വാക്കുകള്‍ ഞാന്‍ type ചെയ്യും, ISM Softwate ഉപയോഗിച്ച് blog-ല്‍ ഞാന്‍ type ചെയ്താല്‍ (MLTT-Karthika, Anjali Old Lipi തുടങ്ങിയ ഫോണ്ടുകള്‍ ഉപയോഗിച്ച് ) type ചെയ് താല്‍ blog-ല്‍ English ആയി മാറുന്നു,
പിന്നെ ISM Softwate ഉപയോഗിച്ച് Word pad -ല്‍ type ചെയ് ത് save ചെയ്തതിന്‍ ശേഷം Word pad -ല്‍ നിന്ന് copy ചെയ് ത് blog-ല്‍ ഞാന്‍ paste ചെയ് താല്‍ അത് വീണ്ടു English ആയി മാറുന്നു,
ഈ ഒരു സങ്കടത്തിലാണ് ഞാന്‍,
സാര്‍ ISM Softwate ഉപയോഗിച്ച് blog-ല്‍ മാലയാളത്തില്‍ post കള്‍ publish ചെയ്യാന്‍ കഴിയുമോ? അതിന്‍ blog-ല്‍ വല്ല സെറ്റിഗസുകള്‍ വല്ലതുമുണ്ടോ?
ISM Softwate ല്‍ വല്ല സെറ്റിഗസുകള്‍ ചെയ്യണൊ അത് എങ്ങിനെയാണ്‍ ?ദയവായി എനിക്ക് പറഞ്ഞ് തരാമോ