Wednesday, April 30, 2008

ആകാശമില്ലാത്ത പറവകള്‍

ആകാശമില്ലാത്ത പറവകള്‍

വേപ്പുമരത്തെക്കുറിച്ചു പറയുമ്പോഴെല്ലാം അമ്മയുടെ കണ്ണുകളില്‍ ഒരു ഗ്രാമം പ്രകാശിച്ചു നില്‍ക്കുമായിരുന്നു .താനൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു ഗ്രാമം.അവിടെ നടവഴികള്‍ക്കിരുവശവും തഴച്ചു വളര്‍ന്ന വേപ്പ് മരങ്ങള്‍.അവയ്ക്കു ചുവട്ടില്‍ മാ‍വിലത്തോരണങ്ങള്‍ക്കിടയില്‍ മഞ്ഞള്‍ പൂശിയിരിക്കുന്ന അമ്മ ദൈവങ്ങള്‍.
“എല്ലാം തന്നതവരാണ്”.അമ്മ പറയും“ഈ ശരീരോം ഈജീവനും” ഒടുവില്‍ ഒരു കുസൃതിയോടെ അഛനെ
നോക്കിക്കൊണ്ട് അമ്മ പറയും “പിന്നെ നിന്റെ അഛനേയും”
അമ്മ അത് പറയുമ്പോള്‍ അഛന്റെ കണ്ണുകളിലും പൂത്തിരികള്‍ തെളിയും.അതുകൊണ്ടാണ് ടീച്ചര്‍ ഏത് മരം വേണമെന്ന് ചോദിച്ചപ്പോള്‍ വേപ്പ് എന്ന് വേഗം ഉതരം പറയാന്‍ അവന് കഴിഞ്ഞത്.
രാമു എന്ന പേരിന് നേരെ ടീച്ചര്‍ വേപ്പ് എന്ന് മനോഹരമായ കൈയക്ഷരത്തില്‍ എഴുതിയത് കണ്ടപ്പോള്‍ അവന് സമാധാനമായി .അവധി കഴിഞ്ഞ് വരുമ്പോള്‍ എല്ലാവര്‍ക്കും വൃക്ഷത്തൈകള്‍ തരും.ടീ‍ച്ചര്‍ ഉറപ്പ് നല്‍കി.
നല്ല മഴയുള്ള ഒരു ദിവസമാണ് സ്കൂള്‍ തുറന്നത്.അവധി തീരുന്ന കാര്യം മഴ ഇത്ര കൃത്യമായി അറിയുന്നതെങ്ങിനെയാണവോ?രാമു അത്ഭുതപ്പെട്ടു.പുതിയ ഉടുപ്പും പുസ്തകവുമെല്ലാം നനയും.എന്നാലും അവന് മഴയോട്
ദ്വേഷ്യമൊന്നും തോന്നിയില്ല.അവന്റെ മരം വളരാന്‍ മഴ വേണ്ടേ?
ശ്രദ്ധിച്ച് വളര്‍ത്തണം.തൈകള്‍ വിതരണം ചെയ്യാന്‍ വന്ന മന്ത്രി കുട്ടികളോട് പറഞ്ഞു.മരം വളരുമ്പോള്‍ പക്ഷികള്‍ അതില്‍ ചേക്കേറാന്‍ വരും.അതങ്ങനെ ഒരു ലോകമായി മാറും.ഒരു മരം വളര്‍ത്തുമ്പോള്‍ നിങ്ങളൊരു ലോകത്തെയാണ്വളര്‍ത്തുന്നത്.
അതെനിക്കറിയാം.തനിക്ക് കിട്ടിയ വേപ്പിന്‍ തൈ മാറോടണച്ചു കൊണ്ട് രാമു സ്വയം പറഞ്ഞു.ഇതെന്റെ അമ്മയുടെ സ്വപ്നങ്ങളിലെവിടേയോ ബാക്കിയുള്ള ഒരു ലോകമാണ്.
മുറ്റത്തോട് ചേര്‍ന്ന് ഒരു കുഴിയെടുത്ത് രാമു വേപ്പിന്തൈ നട്ടു.
“അതാണ് നല്ല സ്ഥലം” അമ്മ പറഞ്ഞു.”വേപ്പിന്റെ ഇലകളില്‍ തട്ടി വരുന്ന കാറ്റ് തട്ടിയാല്‍ ഒരു സൂക്കേടും വരില്ല.എല്ലാ ദിവസവും രാവിലെ രാമു അതിനെ ചെന്നു നോക്കും;മഴയാണെങ്കിലും ഒരു തുള്ളി വെള്ളം കുഞ്ഞിലകളിലേക്ക് കുടഞ്ഞ് തെറിപ്പിക്കും.താനിവിടെയുണ്ടെന്നതിനോട് പറയുന്നത് പോലെ.
വേപ്പിന്‍ പുതിയ ഇല വിരിഞ്ഞ ദിവസം അവന്‍ ഡയറിയിലെഴുതി
“അവന്‍ എന്നെ നോക്കി ചിരിക്കുന്നു”
കര്‍ക്കിടകം കറുത്ത് നിന്ന ദിവസങ്ങളില്‍ അവന്‍ വേപ്പ്മരത്തോട് സ്വകാര്യം പറഞ്ഞു.
പേടിക്കേണ്ട കേട്ടൊ;ഈ മഴ വേഗം മാറും.പിന്നെ വെയിള്‍ വരും .ഓണം വരും അപ്പോള്‍ നമുക്കൊരുമിച്ച് പൂക്കളം ഒരുക്കമല്ലൊ.കാര്യം മനസ്സിലായതു പോലെ വേപ്പ് നനഞ്ഞ ചില്ലകളാട്ടി സമ്മതമറിയിച്ചു.
മഴക്കാലം കഴിയ്മ്പോഴേക്കും ആ വേപ്പ് ചെടി അവന്റെ മുട്ടോളം വളര്‍ന്നിരുന്നു.
“അവന്‍ ഒരു സുന്ദരനാണ്”.രാമു ഡയറിയിലെഴുതി.
“ഇലകള്‍ക്ക് തിളങ്ങുന്ന പച്ച നിറം.മെലിഞ്ഞതെങ്കിലും കരുത്തുള്ള ഉടല്‍.ഒരു ദിവസം ഇവന്‍ ഈ വീടിനോളം വലുതാവും.അന്ന് ആ തണല്‍ നല്‍കുന്ന തണുപ്പില്‍ എന്റെ ഉച്ചകള്‍
സ്വപ്നങ്ങള്‍ കൊണ്ട് നിറയും”
മഴക്കാലത്തിനു യാത്രയയപ്പ് നല്‍കാന്‍ മഞ്ഞിന്‍ പാളികള്‍ ആട്ടിന്‍പറ്റങ്ങളെപ്പോലെ ചക്രവാളമിറങ്ങി വന്നു.രാമു മുടങ്ങാതെ വേപ്പിന് വെള്ളം കോരി.
വേനല്‍ തുടങ്ങിയപ്പോള്‍ രണ്ട്മൂന്നിലകള്‍ കൊഴിഞ്ഞു,പകരം ഒരു പാട് പുതിയ ഇലകള്‍വന്നു.രാമുവിന് സന്തോഷമായി.
പക്ഷേ ആ ചെറിയ കോളനിയിലെ കൊച്ചു മനുഷ്യരുടെ ജീവിതത്തിന് മുക
ളിലേക്ക് ഒരു നിഴല്‍ വളരാന്‍ തുടങ്ങിയത് പെട്ടെന്നായിരുന്നു.അഛനും അയല്‍ക്കാരും ചേര്‍ന്ന്
ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ ആദ്യമൊന്നും രാമുവിന് മനസ്സിലായില്ല.
ഒടുവില്‍ അമ്മയാണ്‍ അവനോടത് പറഞ്ഞത്.
“നമുക്കീ വീടൊഴിഞ്ഞ് പോവേണ്ടി വരും മോനേ”
പോവ്വേ? നമ്മളെങ്ങോട്ട് പോവും അമ്മേ?
അതമ്മക്കുമറിയില്ല.
അതേ ചോദ്യം അമ്മ അയല്‍ക്കാരോട് ചോദിച്ചു.അവര്‍ക്കുമറിയില്ല പക്ഷേ പോവേണ്ടി വരുമെന്ന കാര്യം എല്ലവര്‍ക്കും തീര്‍ച്ചയായിരുന്നു.കടലിനക്കരെ നിന്നും വലിയ കമ്പനിക്കാര്‍ വരുന്നു അവരിവിടെ വ്യവസായം തുടങ്ങും.ഒരു വ്യവസ്ഥ മാത്രം.കമ്പനിക്കാര്‍ക്ക് ആവശ്യമുള്ള സ്ഥലം സര്‍ക്കാര്‍ കൊടുക്കണം.അവിടേക്ക് റോഡുണ്ടാക്കാനും സ്ഥലം വേണം അതിനാണ് ഇപ്പോള്‍ കോളനിയിലുള്ളവരേ ഒഴിപ്പിക്കുന്നത്.
വലിയ കമ്പനി വന്നാല്‍ നമുക്കൊക്കെ അവിടെ ജോലി കിട്ടുമോ?അഛന്‍ ആരോടൊക്കേയോ ചോദിച്ചു. അതിന് വലിയ പഠിത്തം വേണം.അങ്ങനെയാണത്രെ ആളുകള്‍ പറയുന്നത്.
“നമുക്ക് ഭൂമി തരുമായിരിക്കും”അഛന്‍ അമ്മയെ ആശ്വസിപ്പിച്ചു.
“എവിടായിരിക്കും”?അമ്മചോദിച്ചു.
“അതറിയില്ല”അഛന്‍ നിസ്സംഗനായി മറുപടി നല്‍കി.
“ചിലപ്പോള്‍ കടപ്പുറത്തായിരിക്കും”
അതു കേട്ടപ്പോള്‍ രാമുവിന് പരിഭ്രമമായി.കടക്കരയിലെ ഉപ്പു കാറ്റ് ആ വേപ്പ് മരത്തെ കൊന്ന് കളഞ്ഞാലോ?
നീ പേടീക്കേണ്ട .രാമു അതിനോട് പറഞ്ഞു.എവിടേയോ ജനിച്ച നീ ഇവിടെ എത്തിയില്ലേ.ഇനി നമ്മള്‍ ഒരു പുതിയ വീട്ടിലേക്ക് പോവും അവിടേയും ഞാന്‍ നിന്നെ പൊന്ന് പോലെ നോക്കും.
ദിവസങ്ങള്‍ കടന്ന് പോയി; കാര്യങ്ങള്‍ ഒരു തീരുമാനത്തിലും എത്തിയില്ല.എല്ലാവര്‍ക്കും ആധിയും സംശയങ്ങളും വര്‍ദ്ധിച്ചു കൊണ്ടിരുന്നു.ഒടുവില്‍ ഒരു ദിവസം കോട്ടും സൂട്ടുമിട്ട ഉദ്യോഗസ്ഥ്ന്മാര്‍ കോളനിയിലെത്തി.
സ്വന്തം പേരില്‍ ഭൂമിയുള്ളവര്‍ക്കെല്ലാം നാളെ പുതിയ സ്ഥലം കിട്ടും. അവര്‍ അറിയിച്ചു.
അഛന്‍ വച്ചു നീട്ടിയ കടലാസുകള്‍ നോക്കി അവരിലൊരാള്‍ ലേശം പരിഹാസത്തോടെ പറഞ്ഞു.
“ ഈ ഭൂമി നിങ്ങളുടേതാണെന്ന് ആര് പറഞ്ഞു?ഇത് സര്‍ക്കാര്‍ ഭൂമിയാണ്”.
തലയില്‍ ഇടി വീണതു പോലെ അഛന്‍ മണ്ണില്‍ തളര്‍ന്നിരുന്നു.
“അപ്പോള്‍ ഞങ്ങള്‍ക്ക്.....”അഛന്‍ വിറക്കുന്ന സ്വരത്തിലാണ് ചോദിച്ചത്.
ഇല്ല;നിങ്ങള്‍ക്ക് ഭൂമി കിട്ടില്ല. അയാള്‍ തീര്‍ത്തു പറഞ്ഞു.ഈ വീടിന് ഞങ്ങളൊരു വില നിശ്ചയിക്കും.അത് വാങ്ങി നിങ്ങള്‍ ഇവിടെ നിന്നൊഴിയണം.
“ഇല്ലെങ്കില്‍.....”അഛന്‍ അത് ചോദിച്ചത് വല്ലതെ കനത്ത സ്വരത്തിലായിരുന്നു.
ഒഴിഞ്ഞില്ലെങ്കില്‍ അവര്‍ ഒഴിപ്പിക്കും.റോഡിനപ്പുറം നില്‍ക്കുന്ന പോലീസുകാരെ ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു.
“ഇല്ലാ;പകരം ഭൂമി കിട്ടാതെ ആര് വന്നാലും ഞങ്ങള്‍ ഒഴിഞ്ഞു തരില്ല.”
അഛന്‍ കാലടികള്‍ അമര്‍ത്തിച്ചവിട്ടി വരാന്തയിലേക്ക് നടന്നു കയറി. അമ്മയും രാമുവും അദ്ദേഹത്തെ പിന്തുടര്‍ന്നു.
രാമു അഛന്റെ കണ്ണുകളിലേക്ക് നോക്കി.അവിടെ കനലെരിയുന്നതവന്‍ കണ്ടു.
“അഛാ”അവന്‍ പതുക്കെ വിളിച്ചു.
“ഈ ഭൂമി സര്‍ക്കാറിന്റേത് ആണെങ്കില്‍ നമ്മുടീതും കൂടിയല്ലേ.സര്‍ക്കാര്‍ നമ്മുടേത് ആണെന്ന് ഞ്ങ്ങടെ ടീച്ചര്‍ പറയാറുണ്ടല്ലൊ”
അഛന്‍ അവനെ ചേര്‍ത്തു പിടിച്ചു.വിറക്കുന്ന ചുണ്ടുകള്‍ കൊണ്ട് മൂര്‍ധാവില്‍ ഉമ്മ വച്ചു.
“നമുക്ക് ഒന്നുമില്ലെടാ മോനേ,ഒന്നുമില്ല.ഭൂമീമില്ല ആകാശോം ഇല്ല.”
നമുക്ക് തിരിച്ചു പോവാം.അമ്മ പറഞ്ഞു.നമ്മടെ നാട്ടിലേക്ക്.
“ഇല്ല അഛന്‍ തീര്‍ത്തു പറഞ്ഞു.അവിടെയും നമുക്കൊരു പിടി മണ്ണില്ലല്ലോ,സ്വന്തമെന്നു കരുതിയ ഈമണ്ണില്‍ കിടന്ന് നമുക്ക് ചാവാം”
രാമു മുറ്റത്തിറങ്ങി.സാവധാനം വേപ്പിന്‍ തൈ പറിച്ച് കുപ്പയത്തിനുള്ളില്‍ നെഞ്ചോട് ചേര്‍ത്ത് വച്ചു.ഇല്ല നിന്നെ
ഞാനാര്‍ക്കും കൊടുക്കില്ല.സര്‍ക്കാരിനും,കമ്പനിക്കാര്‍ക്കും ആര്‍ക്കും കൊടുക്കില്ല.
നിനച്ചിരിക്കാത്ത നേരത്താണ് യന്ത്രങ്ങള്‍ വീട്ടിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.നീളന്‍ കഴുത്തുകളുള്ള ലോഹ വ്യാളികള്‍.
അവര്‍ ചുമരില്‍ ആഞ്ഞു കുത്തിയപ്പോള്‍ ഉത്തരവും ഓടുകളും ഉതിര്‍ന്നു വീണു.അമ്മ ഉറക്കെ നിലവിളിച്ചു.
നെഞ്ചോട് ചേര്‍ന്നിരുന്ന വേപ്പിന്‍ തൈ രാമുവിനോട് ദയനീയമായി ചോദിച്ചു.ഇനി ഞാന്‍ എവീ‍ടെ വളരും?
അകലെയിരുന്ന് ഭരണാധികാരി പറഞ്ഞു.
വികസനം വരാന്‍ എല്ലാവരും ത്യാഗങ്ങള്‍ സഹിക്കേണ്ടി വരും..

8 comments:

ശിവ said...

കഥ വളരെ ഇഷ്ടമായി....എന്റെ ഗ്രാമം പോലെ സുന്ദരമാണ് ഈ കഥയിലെ ഗ്രാമവും...

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഗ്രാമീണതയുടെ തുടിപ്പുകള്‍
ഒപ്പിയെടുക്കുന്ന മനോഹരമായ
ഒരു രചന
ഒരു വേപ്പിന്‍ മരം മനുഷ്യന്റെ സ്വാര്‍ഥതയും ഒക്കെ
തുറന്നു കാട്ടപെടുന്നു

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്റെ ഓര്‍മകള്‍ക്ക് ഞാന്‍ ചിറക് കൊടുക്കുകയാണ്..
പുഴകളും ഇടത്തോടുകളും വയലേലകളും നെയ്തെടുക്കുന്ന
ചിത്രഭംഗിയുള്ള എന്റെ ഗ്രാമം
മാഷെ സുന്ദരമായിട്ടുണ്ട്... ഗൃഹാതുരതയുടെ നേര്‍ത്തമൂടല്‍ മഞ്ഞിലൂടെ ഞാനും നടന്നകലുന്നൂ..

തോന്ന്യാസി said...

നെഞ്ചില്‍ തട്ടിയ കഥ, വര്‍ത്തമാനകാല ദുരന്ത സത്യങ്ങളെ ലളിതമായ വാക്കുകളില്‍ അവതരിപ്പിച്ച ആ ശൈലിക്ക് അഭിനന്ദനങ്ങള്‍.......

lakshmy said...

'ഈ ഭൂമി സര്‍ക്കാറിന്റേത് ആണെങ്കില്‍ നമ്മുടീതും കൂടിയല്ലേ.സര്‍ക്കാര്‍ നമ്മുടേത് ആണെന്ന് ഞ്ങ്ങടെ ടീച്ചര്‍ പറയാറുണ്ടല്ലൊ'

കുഞ്ഞു മനസ്സിന്റെ നിഷ്കളങ്കമായ ചോദ്യം. വലുതാകുന്തോറും അവനതു തിരുത്തിക്കോളും

കഥ ഒരുപാടിഷ്ടമായി

അഹങ്കാരി... said...

ചെറിയ കാര്യങ്ങളില്‍ കണ്ണു നനയുന്നവനാണു ഞാന്‍...

എന്നാല്‍ ഇതു വായിച്ചപ്പോള്‍ കണ്ണുകളിലുണ്ടായ നീര്‍ക്കണത്തിന് ഒരര്‍ത്ഥമുണ്ടായിരുന്നു...

MNC കളുടെ കുടക്കിഴിലേക്ക് പറന്നിറങ്ങാന്‍ വെമ്പുന്ന ഞാനുള്‍പ്പടെയുള്ള ഒരു തലമുറയ്ക്കുള്ള മുന്നറിയിപ്പ്...

ഒരു തുണ്ട് ഭൂമിക്കായി സമരം ചെയ്യുന്നവരെ കളിയാക്കിയ എന്റ്റെ മനസിനെ ആഴത്തില്‍ സ്പര്‍ശിച്ചൂ‍...

വൈകി വന്നെങ്കിലും ഇനി നല്ല സയാഹ്നങ്ങള്‍ക്ക് കൂട്ടായി ടീച്ചറും...

ഒത്തിരി നന്ദിയും ഒത്തിരിയൊത്തിരി അഭിനന്ദനങ്ങളും...

സ്‌പന്ദനം said...

രാമുവിന്റെ പ്രിയപ്പെട്ട ആ വേപ്പുമരവും അവരുടെ സ്‌നേഹവും വികസനവിപത്തില്‍ ഇല്ലാതാവുന്ന നൊമ്പരം. എന്റെ ഹൃദയത്തിലാണതു തറഞ്ഞത്‌. ടീച്ചറേ, വളരെ വളരെ ഇഷ്ടപ്പെട്ടു.

Ranjith chemmad said...

മനോഹരമായ രചന.
വളരെ ഇഷ്ടമായി