"മനുഷ്യഹസ്തങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും വിനാശം പ്രത്യക്ഷപ്പെട്ടിരിക്കുന്നു " - ( വിശുദ്ധ ഖുര്‍ആന്‍ 30:41 )
സമാധാനത്തിന്റെ വെള്ളരിപ്രാവ് അടയിരിക്കുകയാണ് - 26000 ആണവായുധങ്ങള്‍ക്ക് മുകളില്‍ !!! കാതങ്ങള്‍ക്കപ്പുറത്ത് നിന്നും ഇരമ്പി വരുന്ന ഒരു പ്രളയത്തില്‍ പ്രപഞ്ചമൊന്നടങ്കം മുങ്ങിത്താഴ്ന്ന് അവസാനിക്കുമെന്ന് പുരാണങ്ങള്‍ പറയുന്നു.(സുനാമിത്തിരകള്‍ പലരെയും ഈ പ്രവചനം ഓര്‍മ്മിപ്പിച്ചു).കാലം മാത്രം ശേഷിക്കുന്ന ഒരു ദിനത്തെ ശാസ്ത്രവും പ്രതീക്ഷിക്കുന്നു.അതിനായി അറുപത് വര്‍ഷമായി ശാസ്ത്രലോകത്ത് ഒരു സാങ്കല്‍പ്പിക അന്ത്യദിന ഘടികാരം (Doomsday Clock) കറങ്ങിക്കൊണ്ടിരിക്കുന്നു.(ലോകം അഭിമുഖീകരിക്കുന്ന ഭീഷണികളുടെ തീക്ഷ്ണതയും രൂക്ഷതയും ലോകനേതാക്കളെ ബോധ്യപ്പെടുത്താനും ഉണര്‍ത്താനുമുള്ള ഒരു പ്രതീകാത്മക സമ്പ്രദായമാണിത്.അമേരിക്കയിലെ ഷിക്കാഗോയില്‍ 1947 - ലാണ് ഈ ഘടികാരം സ്ഥാപിച്ചത്.വിരോധാഭാസമാകാം, അമേരിക്കയുടെ ആദ്യ ആറ്റം ബോംബ് നിര്‍മ്മാണ സംഘത്തില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ തുടങ്ങിവച്ച "ബുള്ളറ്റിന് ഓഫ് ദ അറ്റമിക് സയന്റിസ്റ്റ് " എന്ന പ്രസിദ്ധീകരണത്തിന്റെ ഡയരക്ടര്‍ ബോര്‍ഡംഗങ്ങളാണ് ഇതിന് രൂപം നല്‍കിയത്.)ലോകം നേരിടുന്ന വിവിധ ഭീഷണികള്‍ക്കനുസരിച്ച് ഈ ഘടികാരസൂചിയിലും വ്യത്യാസം വരും.സര്‍വ്വനാശത്തിന് ഇനി ശേഷിക്കുന്ന സമയമാണ് ഈ ക്ലോക്കില്‍ തെളിഞ്ഞുനില്ക്കുന്നത്.ലോകത്തിനുള്ള ഒരു മുന്നറിയിപ്പായി ഇത് നിലകൊള്ളുന്നു.
അമേരിക്ക, റഷ്യ, ബ്രിട്ടന് ,ഫ്രാന്‍സ് ,ചൈന ,ഇസ്രായേല്‍ ,ഇന്ത്യ ,പാകിസ്ഥാന് ,ഉത്തര കൊറിയ എന്നിങ്ങനെ ആണവശക്തി വെളിപ്പെടുത്തിയ രാജ്യങ്ങളും ഇനിയും വെളിപ്പെടുത്താത്ത രാജ്യങ്ങളും ഈ സര്‍വ്വനാശത്തിലേക്കുള്ള കുതിപ്പിന് ആക്കം കൂട്ടുന്നു.പതിനായിരത്തിലേറെ ആണവായുധങ്ങളാണ് അമേരിക്കയുടെ ശേഖരത്തിലുള്ളത്.വര്‍ഷംതോറും 1.6 ലക്ഷം കോടി രൂപ ആണവായുധ ഗവേഷണത്തിനായി , സമാധാനത്തിന്റെ അപ്പോസ്തലന്മാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്ക ഇപ്പോളും ചെലവിടുന്നു!!!
ഇക്കഴിഞ്ഞ ജനുവരി 17 ന് അന്ത്യദിന ഘടികാരസൂചി രണ്ട് മിനുട്ട് അര്‍ദ്ധരാത്രിയിലേക്ക് നീക്കി ക്രമീകരിക്കപ്പെട്ടു.ഇപ്പോള്‍ അന്ത്യദിന ഘടികാരത്തില്‍ അര്‍ദ്ധരാത്രിയിലേക്കുള്ള ദൂരം വെറും അഞ്ച് മിനുട്ടാണ്.അതായത് സര്‍വ്വനാശത്തിലേക്ക് ഇനി വെറും അഞ്ച് മിനുട്ട് ദൂരം മാത്രം !!!
1945 ആഗസ്ത് 6 ന് ജപ്പാനിലെ ഹിരോഷിമയില്‍ 'ലിറ്റില്‍ ബോയ്' നിക്ഷേപിച്ചുകൊണ്ട് അമേരിക്ക ഉത്ഘാടനം ചെയ്ത ആണവയുഗം ഇന്ന് വിവിധ രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന 26000 ത്തില്‍ അധികം ആണവായുധങ്ങളില്‍ എത്തിനില്‍ക്കുന്നു.ആണവയുഗത്തിന്റെ ഉത്ഘാടനം രണ്ട് ലക്ഷത്തിലേറെ മനുഷ്യജീവനുകളാണ് അപഹരിച്ചതെങ്കില്‍ സാങ്കേതിക വിദ്യ ബഹുദൂരം മുന്നിലെത്തിയ ഇന്ന് ലോകത്തെ മുഴുവന്‍ ചുട്ടുകരിക്കാന്‍ , കരിച്ച് കരിച്ച് ചാമ്പലാക്കാന്‍ ഈ 26000 ആണവായുധങ്ങളില്‍ 100 എണ്ണം പോലും വേണ്ടിവരില്ല എന്ന് നാമോര്‍ക്കണം.
ആണവഭീഷണി കഴിഞ്ഞാല്‍ ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആഗോളതാപനവും അതുമൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുമാണ്.അന്ത്യദിന ഘടികാരസൂചി ക്രമീകരണത്തിന് ആദ്യമായി ഇത്തവണ ആഗോളതാപനവും മാനദണ്ഠമായി. ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനമാണ് ആഗോളതാപനത്തിന് കാരണം.
ഭൗമാന്തരീക്ഷത്തില്‍ എത്തിച്ചേരുന്ന ഏറ്റവും പ്രധാനപ്പെട്ട ഹരിതഗൃഹ വാതകമാണ് കാര്‍ബണ്‍ ഡയോക്സൈഡ്.വ്യാവസായികവിപ്ലവം തുടങ്ങിയത് മുതലാണ് കാര്‍ബണ്‍ ഡയോക്സൈഡിന്റെ ഉല്പാദനവും വര്‍ദ്ധിച്ചത്.കല്‍ക്കരി,പെട്രോള്‍,ഡീസല്‍ തുടങ്ങീ ഇന്ധനങ്ങളുടെ അമിത ഉപയോഗവും കാര്‍ബണ്‍ ഡയോക്സൈഡിന്റെ അധിക ഉല്പാദനത്തിന് കാരണമായി.ദിനംപ്രതിയെന്നോണം കൂടിക്കൂടി വരുന്ന മോട്ടോര്‍വാഹനങ്ങളുടെ പെരുപ്പം പുരോഗതിയിലേക്കല്ല അധോഗതിയിലേക്കും സര്‍വ്വനാശത്തിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.
അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ സാന്ദ്രത ഒരു ശതമാനമായാല്‍ ശരാശരി താപനില 100 ഡിഗ്രി സെല്‍ഷ്യസ് ആകും - അഥവാ വെള്ളം തിളക്കുന്ന ചൂട്.(ഇപ്പോള്‍ ഭൂമിയിലെ ശരാശരി താപനില 14 ഡിഗ്രി സെല്‍ഷ്യസ് മാത്രം).സ്വഭാവികമായും ഈ ഊഷ്മാവില്‍ ജീവന്റെ നിലനില്പ് അസാധ്യമാകും.U N -ന് കീഴിലുള്ള Inter Governmental Panal on Climat Change (IPCC) നടത്തിയ പഠനങ്ങള്‍ പ്രകാരം ഈ നൂറ്റാണ്ടവസാനം ഭൂമിയുടെ താപനില 5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും.തന്മൂലം ഭൂമിയിലെ പല ആവാസവ്യവസ്ഥകളും തകരും.കാലാവസ്ഥ തകിടം മറിയും.മഞ്ഞുമലകളും ധ്രുവങ്ങളിലെ ഹിമപാളികളും ഉരുകി സമുദ്രനിരപ്പ് ഉയരും.കൂടാതെ ഭൂമിയുടെ ഭ്രമണവേഗത വ്യത്യാസപ്പെടും(ഭ്രമണവേഗത കൂടിയാല്‍ ഭൂമിയില്‍ വസ്തുക്കള്‍ക്ക് നിലനില്ക്കാന് സാധ്യമാവില്ല.അവ ഭൂമിയില്‍നിന്ന് തെറിച്ചുപോകും.ഭ്രമണവേഗത കുറഞ്ഞാല്‍ ദിവസത്തിന്റെ ദൈര്‍ഘ്യം വര്‍ദ്ധിക്കും.ഭ്രമണവേഗത കുറഞ്ഞ് കുറഞ്ഞ് ഭ്രമണം നിലക്കുന്ന അവസ്ഥയില്‍ എത്തിയാല്‍ പിന്നെ രാത്രി-പകല്‍ എന്ന സംഭവവികാസങ്ങള്‍ ഇല്ലാതാകും)
ആഗോളതാപനം തടയാനുദ്ദേശിച്ച് U N -ന്റെ നേതൃത്വത്തില്‍ വന്ന ഉടമ്പടിയാണ് ക്യോട്ടോ ഉടമ്പടി.നിര്‍ഭാഗ്യകരവും ലജ്ജാവഹവുമായ നടപടിയെന്ന് വിശേഷിപ്പിക്കട്ടെ ,ആണവായുധങ്ങള്‍ കൂമ്പാരം കൂട്ടുന്നവരും ആഗോളതാപനത്തിന് കാരണമായ ഹരിതഗൃഹ വാതകങ്ങളുടെ ഏറ്റവും വലിയ ഉല്പാദകരുമായ അമേരിക്കയുടെ, പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് അധികാരത്തിലേറി ആദ്യം ചെയ്തത് ക്യോട്ടോ ഉടമ്പടിയില്‍ നിന്നും അമേരിക്ക പിന്മാറുന്നു എന്ന പ്രഖ്യാപനമായിരുന്നു.
അതിനാല്‍ പ്രകൃതിസ്നേഹികളേ, നമ്മുടെയും നമ്മുടെ ചുറ്റും വസിക്കുന്ന അനേകം മിണ്ടാപ്രാണികളുടെയും ഒപ്പം നമ്മുടെ പ്രവര്‍ത്തനങ്ങളെ ധാര്‍ഷ്ട്യത്തോടെ തള്ളുന്നവരുടെയും (!!!) നിലനില്‍പ്പിന് ഈ പരിസ്ഥിതി ദിനത്തില്‍ നമുക്ക് മുന്നിട്ടിറങ്ങാം.താഴെപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക
1) ബൈസിക്കിള്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുക
2) മരങ്ങള്‍ വച്ചുപിടിപ്പിക്കുക ( വര്‍ഷം തോറും ജന്മദിനം കൊണ്ടാടുന്നവരും അല്ലാത്തവരും ഓരോ ജന്മദിനത്തിലും ഓരോതരം വൃക്ഷങ്ങള്‍ നട്ട് പുതിയൊരു മാതൃക സൃഷ്ടിക്കുക)
3) പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കുക
4) പ്രകൃതിസ്രോതസ്സുകളെ സംരക്ഷിക്കുക.
ഭൂമിക്ക് ഒരു ഭാരമാവാതെ ഭൂമിക്ക് ഒരു കൈ താങ്ങായി ഞാനും എന്റെ കുടുംബാംഗങ്ങളും വര്‍ത്തിക്കും , വര്‍ത്തിക്കണം എന്ന വാശിയോടെ ഇന്ന് മുതല്‍ നമുക്ക് ഉണര്‍ന്ന് പ്രവര്‍ത്തിക്കാം.
Tuesday, June 5, 2007
അന്ത്യദിന ഘടികാരവും ആഗോളതാപനം എന്ന ഭീഷണിയും
Subscribe to:
Post Comments (Atom)
1 comment:
എല്ലാം വളരെ നല്ലത്.kilukkampetty
Post a Comment