Wednesday, June 20, 2007

പൂര്‍വ്വ വിലാപം

പെരുവിരലില്‍ വല്ലാത്ത വേദന.. എന്തോ കടിച്ചതാണു .. ഏതു പീറ പ്രാണിയാണു എന്റെ ഉറക്കം കെടുത്തിയതു .. അരവിന്ദനു ശുണ്ഠി കയറി...ഇനി വല്ല പാമ്പോ തേളോ വല്ലതും ആണോ . ആയാസപ്പെട്ടു എഴുന്നേറ്റു കണ്ണട തപ്പിയെടുത്തു നോക്കി.. പാമ്പുറുമ്പുകള്‍ കുനു കുനെ നിര നിരയായീ പോകുന്നു.വഴി തെറ്റി വന്ന ഏതോ നാറിയാണു കടിച്ചതു .. അവനേ കിട്ടിയെങ്കില്‍ തട്ടാമായിരുന്നു .. ഡിഡിറ്റി എടുത്തു കുലം മുടിപ്പിച്ചാലോ .. അല്ലെങ്കില്‍ മണ്ണെണ്ണ ഒഴിച്ചു കരിക്കാം ...

എന്തോ അരിച്ചു പെറുക്കാനുള്ള പുറപ്പാടാണു .. അയാള്‍ക്കു കൗതുകം തോന്നി.. എവിടേക്കാണു എന്നു അറിയണമെങ്കില്‍ ഈ നിരയുടെ അറ്റം തപ്പിപ്പിടിക്കണം.. പുല്ലുകള്‍ക്കിടയിലൂടെ ഏതാനും വാര .. അതിനപ്പുറം എന്തോ കിടപ്പുണ്ടു . വിനയ ഇന്നു വീട്ടിലില്ല ... കഞ്ഞിയും ചെറുപയറും ,കുടമ്പുളി അരച്ചതും .. അത്താഴത്തിനുള്ള തന്റെ ചെറിയ ഡിമാന്റുകള്‍ അവള്‍ നിറവേറ്റിയിരുക്കുന്നു .. അച്ഛനു നടുവേദന കൂടുതല്‍ ആണു എന്നു വിവേക്‌ വിളിച്ചു പറഞ്ഞതു മുതല്‍ അവള്‍ക്ക്കു ഇരിക്കപ്പൊറുതിയില്ല .. പോകണ്ട എന്നു പറഞ്ഞാല്‍ ഒരാഴ്ചത്തേക്കു മുഖം കറുപ്പിച്ചു നടക്കും .. അതു കൊണ്ടു തടഞ്ഞില്ല ..

ഉറുമ്പുകളേ കടന്നു നടന്നു പോകാന്‍ അയാളെ മനസ്സനുവദിച്ചില്ല .. അവയുടെ ചെറുപ്പത്തേ തന്റെ വലിപ്പം കൊണ്ടു തോല്‍പ്പിക്കുന്നതു ശരിയല്ല ... അതു കൊണ്ടു ഏറ്റവും പിന്നിലുള്ള ഉറുമ്പിന്റെയും പിന്നില്‍ അയാള്‍ സ്ഥാനം പിടിച്ചു . അവക്കൊപ്പം വലിയ ഒരു ഉറുമ്പായീ കുനു കുനെ അയാള്‍ നടന്നു ..

വിചാരിച്ചതു പോലെ ഏതാനും വാര അല്ല.. കിഴക്കേ പറമ്പിലേ മൂല വരേ ആ ജാഥ നീണ്ടു.വെട്ടി മരത്തിന്റെ ചുവട്ടില്‍ ഒരു കുഞ്ഞു നത്തു ചത്തു കിടക്കുന്നു .. അതിനെ പറിച്ചു കീറിയെടുക്കാനുള്ള വരവാണു... മരക്കൂട്ടത്തില്‍ ആയിരം മരം , അതിലൊന്നു വെട്ടി .. വെട്ടാത്ത എത്ര മരമുണ്ട്‌ .. അച്ഛന്‍ കടം കഥ ചോദിച്ചതാണു .. തല പുകക്കണ്ട കാര്യമില്ല , ഒരു മരം വെട്ടി മരമാണു .. അല്ലാതെ വെട്ടി മാറ്റിയ മരമല്ല .. അപ്പോള്‍ മിച്ചം 1000 മരം തന്നെ..

അടുത്തുള്ള തൊടികളിലൊന്നും വെട്ടി മരമില്ല എന്നയാള്‍ ഓര്‍ത്തു..പഴുത്ത വെട്ടിക്കായ്കള്‍ തോടു പൊട്ടി സ്വര്‍ണ്ണ നിറത്തില്‍ മരത്തില്‍ പറ്റിക്കിടക്കുന്നതു കണ്ടു സ്വര്‍ണ്ണമരം എന്നു താനാണതിനു പേരിട്ടതു ..കാലം എറെ കടന്നു പൊയീ .. അച്ഛന്‍ മരിച്ചു .. തൊടി വ്രുത്തിയാക്കാന്‍ ആളില്ലാതായീ .. ദുബായില്‍ നിന്ന്നും നാട്ടില്‍ വന്നു താമസിക്കാന്‍ അച്ഛന്‍ പലവുരു നിര്‍ബന്ധിച്ചാതാണു .. ഓരോ ഒഴിവു കഴിവുകള്‍ പറഞ്ഞു മാറ്റി വച്ചു .. എന്നന്നേക്കുമായീ കാത്തിരിക്കാന്‍ ആര്‍ക്കുമാവില്ലല്ലോ ....

അയാളുടെ കണ്ണു നനഞ്ഞു .. കായകള്‍ കുറെയുണ്ടു .. അധികം പഴുക്കാത്ത ഒരെണ്ണം വായിലിട്ടു .. നല്ല ചവര്‍പ്പു ...ഇലകള്‍ക്കിടയിലൂടെ വെളിച്ചത്തിന്റേ കീറുകള്‍ പാഞ്ഞു താഴെ മണ്ണില്‍ ഇഴകള്‍ തീര്‍ത്തിരിക്ക്കുന്നു .. വീണു കിടന്ന വട്ടമരത്തില്‍ ചിതല്‍പുറ്റു വളര്‍ന്നിരിക്കുന്നു .. പാമ്പുകളെപ്പേടിച്ചു കിഴക്കേപ്പറമ്പിലേക്കു അധികം പോകാന്‍ അച്ഛന്‍ അനുവദിക്കാറില്ല... അതു കൊണ്ടു തന്നേ ആ തൊടിയുടെ നിഗൂഡതകള്‍ ഇപ്പോഴും അയാള്‍ക്കു അഞ്ജാതം...

നിമ്മി ഹൂസ്റ്റണില്‍ നിന്നു വിളിച്ചിരുന്നു കാലത്തേ ..സുഖമായിരിക്കുന്നുവോ അപ്പ എന്നു .. അപ്പാാാ എന്നല്ല ..വെറും അപ്പത്തിന്റെ അപ്പ ... അല്ലെങ്കില്‍ പപ്പയുടെ അപ്പ .. മലയാളം അവള്‍ ചുരുക്കിയേ ഉപയോഗിക്കാറുള്ളൂ .. അവളെ പറഞ്ഞിട്ടെന്താ ... നാട്ടില്‍ ആകെ മൂന്നു തവണയേ അവള്‍ വന്നിട്ടുള്ളൂ ..താന്‍ കൊണ്ടു വന്നിട്ടുള്ളൂ എന്നു പറയുന്നതാവും ശരി.. അപ്പ്പോള്‍ കുറ്റമെല്ലാം തന്റേതു മാത്രമാകുന്നു ....

കാലങ്ങള്‍ക്കുമുമ്പു അവിടെ ഒരു കുറു നരി മടയുണ്ടായിരുന്നു എന്നു അച്ഛമ്മ പറഞ്ഞു കേട്ടിട്ടുണ്ടു.. നരികള്‍ കാട്ടു മുയലുകളെ ഓടിച്ചു പിടിച്ചിരുന്നു വെന്നും .. വല്ല്യച്ചന്‍ കല്‍ക്കഷണുവുമായീ അവക്കു പുറകേ കുട്ടികളേപ്പൊലെ ഓടിയിരുന്നുവെന്നും .... വല്യച്ഛനേ നേരിയ ഓര്‍മ്മയേ ഉള്ളൂ .. തനിക്കു മൂൂന്നു വയസ്സുള്ളപ്പോള്‍ വലിവു കൂടി ...

പഴയ ആഞ്ഞിലി മരം ഇപ്പോളും അവിടെയുണ്ടു .. അച്ഛന്‍ അവയൊന്നും വെട്ടിയില്ല .. പേരക്കുട്ടികള്‍ക്കു ആഞ്ഞിലിച്ചക്ക കിട്ടാണ്ടെ പോവണ്ട എന്നു കരുതിയിട്ടാവും ..

പുളുന്തു പരല്‍ മീനുകള്‍ നിറഞ്ഞ ഒരു തോടുണ്ടായിരുന്നല്ലോ ഇവിടെ .. അതൊക്കേ നികന്നു പോയിരിക്കുന്നു .. ചുറ്റുമുള്ള പറമ്പുകളൊക്കെ തുണ്ടം തുണ്ടമായീ .. തോടുകള്‍ ഇല്ലാണ്ടെയായീ ..

മുക്കുറ്റിയും തഴുതാമയും പൂത്തു നില്‍ക്കുന്നു .. അയാള്‍ വിസ്മയം പൂണ്ടു .. നഷ്ടപ്പെട്ടു പൊയീ എന്നു അയാള്‍ കരുതിയതൊന്നും നഷ്ടപ്പെട്ടിട്ടില്ല .. അച്ഛന്‍ അയാള്‍ക്കു വേണ്ടി എല്ലാം സൂക്ഷിച്ചു വച്ചിരിക്കുന്നു ..

നിമ്മിയും ഈ മണ്ണില്‍ തന്നെപ്പോലെ ഒരു ദിവസം വന്നു നില്‍ക്കുമോ .. അപ്പ ആ പഴയ സ്ഥലമെല്ലാം വിറ്റു ടൗണില്‍ ഒരു ഫ്ലാറ്റ്‌ വാങ്ങണം എന്നു അവള്‍ നിര്‍ദ്ദേശിച്ചിരുന്നു ...ഹോസ്പിറ്റലുകളും,ഷോപ്പിംഗ്‌ മാളുകളും ഉള്ളതു കൊണ്ടു ബുദ്ധിമുട്ടാതേ ജീവിക്കാം എന്നാണവളുടെ ലോജിക്‌ .. ഇല്ലാ താനിതു വില്‍ക്കുന്നില്ല എന്നെങ്കിലും നീ ഇവിടെ നില്‍ക്കുമ്പോള്‍ തലമുറകളുടെ തുടര്‍ യാത്രയിലും നിശ്ചലമായ കാലത്തിന്റെ ചില കണികകളേ നിനക്കു ഇവിടെ നിന്നും കണ്ടെത്താനും .. ഒരു പക്ഷേ നിന്റെ നിശ്ചലതയുടെ പൂര്‍വ്വ ചലനങ്ങളും..

വല്ലാതേ ക്ഷീണം തോന്നീ .. അയാള്‍ ആഞ്ഞിലി മരത്തിന്റെ ചുവട്ടില്‍ ഇരുന്നു..പിത്രുക്കള്‍ അയാളെ താങ്ങിയിരുത്തി .. സന്ധ്യയായീ ,, രാത്രിയായീ ..അയാള്‍ ഉറക്കം പൂണ്ടു...

No comments: