Monday, June 11, 2007

അമ്മുക്കുട്ടിയുടെ ഉത്തരാധുനിക ചിന്തകള്‍

"അമ്മുട്ടീ......അ........മ്മുട്ടീ......"

"മുത്തശ്ശീ....ദാ.....വന്നൂ....."

'ഹൊ......സന്ധ്യ ആകുമ്പോഴേക്കും തൊടങ്ങും.......അ.....മ്മു.....ട്ടീ.....അ.....മ്മു.....ട്ടീ.....ന്ന്‌ കാറി വിളിക്കല്‍...ഒരു....' അമ്മുക്കുട്ടി പിറുപിറുത്തു.

"അമ്മുട്ട്യേ....നേരം ഇരുട്ടി....നീ ആ വെളക്ക്‌ വേഗം വയ്ക്കടീ....."

"ദാ......എത്തി...."

'നാശം......പണ്ട്‌ വൈദ്യുതി ഇല്ലാത്തതിനാല്‍ ഉമ്മറത്ത്‌ വെളിച്ചം കാണാന്‍ ആരോ തുടങ്ങിവച്ച ഏര്‍പ്പാടാ......ഇപ്പോ വീട്ടിലെ സകല ബള്‍ബും ഓണാക്കീട്ട്‌ , പിന്നെ ഒരു വെളക്കും...'അമ്മുക്കുട്ടി പിറുപിറുത്തുകൊണ്ടിരുന്നു.

"ടീ....വെളക്ക്‌ വക്കാന്‍ വൈക്യാലേ.....ദേവന്മാര്‍ക്ക്‌ പകരം അസുരന്മാര്‍ വീട്ടീ കേറും"

'ഓ പിന്നേ...വെളക്ക്‌ വച്ചില്ലെങ്കി ദേവന്മാര്‍ക്ക്‌ കണ്ണ്‌ കാണില്ലാലോ ? ഉം...വെളക്ക്‌ വക്കാന്‍ വൈകിയ ഒരു ദിവസം അസുരന്‍ കയറിയതാവും ഈ മുത്തശ്ശിക്ക്‌ ഇങ്ങനെ.......'ദ്വേഷ്യം അടക്കിപ്പിടിച്ച്‌ അമ്മുക്കുട്ടി അകത്തേക്കോടി.

"പ്ധിം..." അമ്മുക്കുട്ടി എന്തിലോ വഴുതി വീണു.

"എന്താടീ അവിടൊന്നൊര്‌ ...." ശബ്ദം കേട്ട്‌ മുത്തശ്ശി വിളിച്ചു ചോദിച്ചു.കയ്യില്‍ എന്തോ നനവ്‌ തട്ടിയ അമ്മുക്കുട്ടി വീണിടത്ത്‌ കിടന്ന്‌ കൈ പൊക്കി നോക്കി -
'ഛീ...വെറ്റില മുറുക്കിയത്‌....നാശം....തുപ്പാന്‍ കണ്ട ഒരു സ്ഥലം....' അമ്മുക്കുട്ടിക്ക്‌ വീണ്ടും കലികയറി.

"എടീ ....ദാ....പറഞ്ഞേ.....സന്ധ്യക്ക്‌ മുമ്പേ പെങ്കുട്ട്യേള്‌ വീട്ടീക്കേറണമ്ന്ന്‌..."

"ആ...ദാ...അമ്മൂമയുടെ വിള...ണിം...ണിം...ണിം..." എന്തിലോ തട്ടിത്തടഞ്ഞ്‌ വീണ്ടും അമ്മുക്കുട്ടിയും വിളക്കും നിലത്തുരുണ്ടു.

"എന്താടീ.... നീ ഇന്ന്‌ വീഴാന്‍ നോമ്പ്‌ നോറ്റോ...?" മുത്തശ്ശി വീണ്ടും വിളിച്ചു ചോദിച്ചു.

വേദനയമര്‍ത്തിക്കൊണ്ട്‌ അമ്മുക്കുട്ടി ചുറ്റുംനോക്കി - ' തട്ടിത്തടഞ്ഞ്‌ വീഴാന്‍ എന്താപ്പോ ഇവിടെ....ങേ!! ദേ കിടക്കുന്നു പ്രതി....അമ്മൂമയുടെ കോളാമ്പി !! അമ്മൂമയെ ഞാനുണ്ടല്ലോ.....'അമ്മുക്കുട്ടി പല്ലിറുമ്മി.

'ഇതിനെ ഇവിടന്ന്‌ പുറത്ത്കളഞ്ഞിട്ട്‌ തന്നെ ഇനി കാര്യം.....അച്ഛന്‍ വരുമ്പോള്‍ പറയണം....അതിനിപ്പോ അച്ഛന്‍ ഇനി എന്ന വരാ...' അമ്മുക്കുട്ടി ആലോചിച്ചു.

പിറ്റേ ദിവസം രാവിലെ മുതല്‍ അമ്മുക്കുട്ടി അമ്മൂമയെ പുറത്താക്കാനുള്ള വഴികള്‍ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു.അപ്പോഴാണ്‌ അമ്മൂമ, അടുക്കളയുടെ അടുത്ത്‌ എന്തോ ചെയ്യുന്നത്‌ അമ്മുക്കുട്ടിയുടെ ശ്രദ്ധയില്‍ പെട്ടത്‌.

'നാശം ...ഇപ്പോ വിളി തൊടങ്ങും...'അമ്മുക്കുട്ടി മനസ്സില്‍ പറഞ്ഞതും അമ്മൂമയുടെ വിളി എത്തി.

"അമ്മുട്ട്യേ....അ.....മ്മു....ഒന്നിവിടെ വന്നേ...."മനസ്സില്ലാമനസ്സോടെ അമ്മുക്കുട്ടി മുത്തശ്ശിയുടെ അടുത്തെത്തി ഗൗരവത്തോടെ ചോദിച്ചു.

"എന്താ?"

"ദേ.....ഇതൊന്ന്‌ അടുക്കിവക്കാന്‍ കൂടി തന്നേ..."

'ശ്ശൊ......എന്തൊരു കഷ്ടാ ത്‌....ജാംബവാന്റെ കാലത്തുള്ള പഴംതുണികളാ... ഉരുട്ടി ഉരുട്ടി സഞ്ചീലാക്കി വച്ചിരിക്കുന്നത്‌.....അതീന്ന്‌ എന്തോ തെരഞ്ഞ്‌ തെരഞ്ഞ്‌ എല്ലാം കൂടി പൂരം കഴിഞ്ഞ പറമ്പ്‌ പോലെ ഇവിടെ പരത്തി ഇട്ടിട്ട്‌ അമ്മുട്ട്യേ...അമ്മുട്ട്യേ...ന്ന്‌ വിളിക്ക....തീയങ്ങ്‌ വച്ചാലുണ്ടല്ലോ ഞാന്‍...'വായ വക്രിച്ചുകാട്ടി മുത്തശ്ശിയെ കുറ്റപ്പെടുത്തികൊണ്ട്‌ അമ്മുക്കുട്ടി തുണികള്‍ സഞ്ചിയില്‍ തന്നെ കുത്തിനിറച്ചു.

സമയം പിന്നെയും ഇഴഞ്ഞ്‌ നീങ്ങി.ഊണിന്റെ സമയത്തും അമ്മുക്കുട്ടി മുത്തശ്ശിയെ പുറത്താക്കാനുള്ള വഴികള്‍ ആലോചിച്ചുകൊണ്ടിരുന്നു.മുത്തശ്ശിയാകട്ടെ ഊണും കഴിഞ്ഞ്‌ വര്‍ക്കേരിയയിലെ കട്ടിലില്‍ കിടന്ന്‌ മയക്കത്തിലാണ്ടു.പെട്ടെന്നാണ്‌ അമ്മുക്കുട്ടി ആ ശബ്ദം കേട്ടത്‌.

"പഴയ സാധനങ്ങളുണ്ടോ ....?"

അമ്മുക്കുട്ടി വീട്ടിന്‌ മുന്നിലേക്കോടി.മുഷിഞ്ഞ വേഷത്തില്‍ ഒരു തടിമാടന്‍ , ചാക്കുമായി നില്‍ക്കുന്നു.അയാളെ കണ്ടപ്പോള്‍ തന്നെ അമ്മുക്കുട്ടിക്ക്‌ പേടിയായി. ധൈര്യം സംഭരിച്ചുകൊണ്ട്‌ അമ്മുക്കുട്ടി ആഗതനോട്‌ പറഞ്ഞു.

"ദേ.....അപ്പുറത്തുണ്ട്‌..."

"എത്ര കിലോ കാണും..?" സന്തോഷത്തോടെ അയാള്‍ അമ്മുക്കുട്ടിയോട്‌ ചോദിച്ചു.

"അതൊന്നും എനിക്കറിയില്ല......സാധനം അടുക്കളയുടെ വര്‍ക്കേരിയയിലുണ്ട്‌..."

ആഗതന്‍ വര്‍ക്കേരിയയില്‍ പോയി നോക്കി, ഒന്നും കാണാതെ അമ്മുക്കുട്ടിയോട്‌ ചോദിച്ചു - "എവിടെ സാധനം ?"

"ദേ...ആ...കട്ടിലില്‍ കിടന്നുറങ്ങുന്നു...."

"അത്‌..അത്‌...ഒരു സ്ത്രീ അല്ലേ ?"

"ആ.....ഈ വീട്ടിലെ ഏറ്റവും പഴയ സാധനം അതാ !! ഉറക്കമുണരുന്നതിന്‌ മുമ്പ്‌ വേഗം ചാക്കിലാക്കിക്കോ...."

5 comments:

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

ha ha ha ha ha.. ayyoo..! enikku vayyaayee..! ii ariikkOTante OrO kaaryanGaL....

Dinkan-ഡിങ്കന്‍ said...

അരീക്കോടാ ഇത് വേണായിരുന്നോ
മുത്തപ്പന് കുത്ത്യ പ്ലാവില നമുക്കും ഒരിക്കല് ഉപയോഗിക്കേണ്ടി വരും

ikkaas|ഇക്കാസ് said...

മുത്തപ്പന് കുത്ത്യ പ്ലാവില നമുക്കും ഒരിക്കല് ഉപയോഗിക്കേണ്ടി വരും എന്ന ഗുണപാഠമാണോ അരീക്കോടാ കഥയുടേത്?

kilukkampetty said...

കഷ് ടംഒണ്ട് കേട്ടോ.പാവം മുത്തശ്ശി.

ദില്‍ബാസുരന്‍ said...

kashtam