Tuesday, June 26, 2007

പമ്പാനദി നേരിടുന്ന ജല ദൗര്‍ലഭ്യ പ്രശ്നങ്ങള്‍

ഗംഗയാറു പിറക്കുന്നു ഹിമവന്‍മലയില്‍, പമ്പയാറു പിറക്കുന്നു ശഭരിമലയില്‍, പൊന്‍മല നമ്മുടെ പുണ്യമല പമ്പാ നമ്മുടെ പുണ്യനദി.അതെ പംബ-പാപനാശിനി, കേരളത്തിലെ നദികളില്‍ നീളം കൊണ്ട്‌ മൂന്നാം സ്ഥാനം. ശഭരിമല ഭക്തര്‍ക്കു പുണ്യ തീര്‍ത്തം. പ്രധാന പോഷക നദികളായ മണിമല തിരുവല്ലയ്ക്കടുത്ത്‌ വളഞ്ഞവട്ടത്തും , അച്ചന്‍കോവിലാര്‍ വീയപുരത്തും പമ്പയില്‍ ലയിക്കുന്നു. പമ്പയും അച്ചന്‍കോവിലും മണിമലയും മദ്ധ്യതിരുവിതാംകൂറിനെ ചൈതന്യ ധന്യമാക്കുന്നു. ഹരിതാഭമാക്കുന്നു. പംബയും പോഷകനദികളും കുട്ടനാടിന്‍ ജീവജലം പകര്‍ന്നുകൊണ്ട്‌ ജീവധമനികള്‍ പോലെ ഒഴുകിയാണു വേംബനാട്ടുകായലില്‍ പതിക്കുന്നത്‌. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്‌ എന്ന ഫലഭൂയിഷ്ടമായ ഭൂപ്രദേശം രൂപംകൊണ്ടതാണു പംബാനദിയെ കൊണ്ടുണ്ടായ ഏറ്റവും വലിയ നേട്ടം.

ദക്സിണഗംഗ എന്നു വിശേഷിക്കപ്പെടുന്ന പമ്പയും അതിന്റെ പ്രധാന പോഷക നദിയായ മണിമലയും അച്ചന്‍കോവിലും മദ്ധ്യതിരുവിതാംകൂറിന്റെ സാംബത്തിക സാമൂഹിക സാംസ്കാരിക ആദ്ധ്യാത്മിക മണ്ഡലങ്ങളില്‍ ചെലുത്തുന്ന സ്വാദീനം നിസ്സീമമാണ്‍. നീലക്കൊടുവേലിയില്‍ തട്ടി ഒഴുകുന്ന വെള്ളമായതിനാല്‍ പംബയില്‍ കുളിച്ചാല്‍ രോഗങ്ങളെല്ലാം പംബ കടക്കും എന്ന വിശ്വാസം പോലും ഒരുകാലത്ത്‌ ഉണ്ടായിരുന്നു.വര്‍ഷം മുഴുവനും ജലസമൃദ്ധമായിരുന്ന നമ്മുടെ നദികള്‍ മഴക്കാലം അവസാനിക്കുന്നതോടെ കടുത്ത ജലക്ഷാമം നേരിറ്റുകയാണ്‍. ശരാശരി 3000 മില്ലീമീറ്റര്‍ മഴ ലഭിക്കുന്ന കേരളത്തില്‍ വേനല്‍കാലം ആരംഭിക്കുംബോഴേക്കു ജലക്ഷാമംരൂക്ഷമാകുന്നത്‌ നദികള്‍ക്കുണ്ടായ പരിസ്ഥിതിക തകര്‍ച്ചമൂലമാണു.

നദി ഒരു ജൈവ വ്യവസ്ഥയാണ്‍. ഒഴുകുന്ന ജലവും അടിത്തട്ടിലെ മണലും ജലജീവികളും എല്ലാം ആവാസവ്യവസ്ഥയുടെ അവിഭാജ്യ ഘടകങ്ങളാണു. നമ്മുടെ എല്ലാം പോറ്റമ്മയായ ഭൂമീദേവിയുടെ സിരകളാണു നദികള്‍.ഒരു നദിയുടെ ആരോഗ്യം നാം നഷ്ടപ്പെടുത്തുംബോള്‍ ആ അമ്മയുടെ ഒരു സിരയുടെ പ്രവര്‍ത്തനം ഇല്ലാതാക്കുകയാണു വിശേഷ ബുദ്ധിയുണ്ടെന്നഭിമാനിക്കുന്ന മനുഷ്യര്‍ ചെയ്യുന്നത്‌.കഴിഞ്ഞ രണ്ടു മൂന്നു ദശകങ്ങളായി നടന്ന അമിത ചൂഷണം കേരളത്തിലെ മറ്റുനദികളോടൊപ്പം പംബയും പോഷകനദികളായ അച്ചന്‍കോവിലാറിനേയും മണിമലയേയും പാടേ തകര്‍ത്തുകഴിഞ്ഞിരിക്കുന്നു. 2003 ഇല്‍ ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള, പംബയില്‍ ആവശ്യത്തിനു വെള്ളമില്ലാത്തതിനാല്‍ മത്സര വള്ളംകളി ഒഴിവാക്കി ഇടക്കു വെച്ചു നിര്‍ത്തേണ്ടിവന്നു. വിവിധ പ്രദേശങ്ങളില്‍ നിന്നു ആറന്മുളയിലെത്തിയ ലക്ഷക്കണക്കിനാളുകളാണു നിരാശരായി മടങ്ങേണ്ടി വന്നത്‌. പംബാ നദി കേരളത്തിനു നല്‍കിയ അനശ്വര സംഭാവനകളാണു ചുണ്ടന്‍ വള്ളങ്ങള്‍. ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജലോത്സാങ്ങള്‍ പംബാനദിയില്‍ മാത്രമാണു നടക്കുന്നത്‌. കേരളത്തിന്റെ ടൂറിസ്റ്റ്‌ വാരാഘോഷത്തിന്റെ അന്ത്യനാളുകളില്‍ നടക്കുന്ന ആറന്മുള ജലോത്സവം കാണുവാന്‍ വിദേശികളടക്കം ലക്ഷക്കണക്കിനാളുകള്‍ വരാറുണ്ട്‌. ആഹ്ലാദത്തിന്റേയും ആവേശത്തിന്റേയും വേദിയായ ഉത്രട്ടാതി ജലമേള തുടര്‍ച്ചയായി അലങ്കോലപ്പെടുവാനും നടത്തിക്കൊണ്ടുപോകുവാന്‍ പ്രയാസപ്പെടുന്നതും സത്രക്കടവില്‍ പമ്പാനദിക്കുണ്ടായ പാരിസ്ഥിതിക തകര്‍ച്ചമൂലമാണു.പമ്പയില്‍ നടന്നുവരുന്ന മാരാമണ്‍ കണ്‍വന്‍ഷനുകളും ചെറുകോള്‍പ്പുഴ ഹിന്ദുമത പരിഷിത്തും ഇനിയും എത്രകാലം നടത്തുവാന്‍ പറ്റുമെന്നു അന്നാട്ടുകാര്‍ ആശങ്കാകുലരാണു. മണിമലയാറില്‍ നടന്നു വന്നിരുന്ന കുളത്തൂര്‍മുഴി ഹിന്ദുമത പരിഷഥും മല്ലപ്പള്ളി ക്രിസ്തീയ കണ്‍വന്‍ഷനും നദികളില്‍ നിന്നും മാറ്റി കരയ്ക്കാണു ഇപ്പോള്‍ നടന്നുവരുന്നത്‌.

മണല്‍ഖനനം

വനനശീകരണം പതിറ്റാണ്ടുകള്‍ കൊണ്ടു പുഴകളെ തകര്‍ത്തപ്പോള്‍ ചുരുങ്ങിയ കാലംകൊണ്ടു തന്നെ പുഴകളെ കൊല്ലുന്ന തരത്തിലായിരുന്നു അനിയന്ത്രിതവും അശാസ്ത്രീയവുമായ മണല്‍ഖനനം. നൂറ്റാണ്ടുകളായി നടക്കുന്ന ഭൗമപ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണു നദികളില്‍ ശരാശരി 10-12 അടി ഘനത്തില്‍ മണല്‍ വന്നടിഞ്ഞിരുന്നത്‌. നീരൊഴുക്കു ക്രമപ്പെടുത്തുന്നതിനും ജലത്തെ സംഭരിക്കുവാനും ചുറ്റുപാടുകളിലേക്കു വ്യാപിപ്പിക്കുവാനും ഉള്ള കഴിവുകള്‍ നദിക്കു നല്‍കിയിരുന്നത്‌ ഈ മനല്‍ ശേഖരങ്ങളായിരുന്നു. മണല്‍ ഒരു നദിയെ സംബന്ദ്ധിച്ച്‌ അതിന്റെ " മജ്ജയും മാംസവുമാണു ". മണല്‍ നീക്കം ചെയ്യപ്പെട്ടതോടെ മദ്ധ്യതിരുവിതാംകൂറിനു ജീവജലം പകര്‍ന്നുകൊണ്ടിരുന്ന മണിമല പമ്പ അച്ചന്‍കോവില്‍ നദികള്‍ വെറും തോടുകളായി.

ഓരോ പുഴയുടേയും തീരങ്ങളും വൃഷ്ടി പ്രദേശങ്ങളുള്‍പ്പെടെയുള്ള സ്ഥലത്തെ ജലവിതാനം ആ നദിയിലെ ഉപരിതല ജലവിതാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. അനിയന്ത്രിതമായ മണല്‍വാരല്‍ മൂലം ഈ നദികളിലെ അടിത്തട്ട്‌ കഴിഞ്ഞ രണ്ടുദശകങ്ങള്‍ക്കിടയില്‍ ശരാശരി 3-4 മീറ്റര്‍ താഴ്‌ന്നിട്ടുണ്ട്‌. ആറുമീറ്ററിലധികം അടിത്തട്ട്‌ താഴ്‌ന്ന സ്ഥലങ്ങളുമുണ്ട്‌. അടിത്തട്ട്‌ താഴുന്നതിനനുസരിച്ച്‌ വൃഷ്ടിപ്രദേശങ്ങളിലെ ജലവിതാനം താണുകൊണ്ടിരിക്കും. ഭൂഗര്‍ഭജലത്തിന്റെ ചരിവുമാനം കൂടുന്നതുകൊണ്ട്‌ പ്രവേഗം വളരെ കൂടുകയും ചെയ്യും. ഭൂഗര്‍ഭ ജലം വേഗത്തില്‍ നദിയിലേക്കെത്തുകയും ഒഴുകി കായലിലെത്തുകയും ചെയ്യും. ഭൂഗര്‍ഭനീരൊഴുക്കിന്റെ ചരിവുമാനം കിണറുകള്‍ക്കും കുളങ്ങള്‍ക്കും ചാലുകള്‍ക്കും താഴെയാകുന്നതോടുകൂടി അവയും വറ്റുന്നു. അങ്ങനെ വേനല്‍ക്കലങ്ങളില്‍ നദിയിലേക്കു നീരൊഴുക്കിന്റെ പുന:ചക്രമണത്തിനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്തു. മഴക്കാലം അവസാനിക്കുനതോടെ പുഴകളില്‍ നീരൊഴുക്കു കുറയുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണു.

ശഭരിമല പമ്പ

ശഭരിമല തീര്‍ഥാടനകാലത്തു പമ്പയില്‍ നീരൊഴുക്കു വളരെ കുറയുന്നത്‌ തീര്‍ഥാടകരെ അക്ഷരാര്‍ഥത്തില്‍ വലയ്ക്കുകയാണു. പമ്പയിലെ ജലം പുണ്യതീര്‍ത്തമായിട്ടാണു സ്വാമി ഭക്തര്‍ കരുതുന്നത്‌. പമ്പയിലെ സ്നാനം പുണ്യസ്നാനമായി വിശ്വസിക്കുന്നു. പമ്പവിളക്കും പമ്പാസദ്യയും എല്ലാം തീര്‍ത്താടകരുടെ ആചാരനുഷ്ടാനങ്ങളുടെ അവിഭക്ത ഭാഗങ്ങളാണു. പാപനാശിനിയായ പമ്പയുടെ പ്രകൃതിദത്തമായ സ്വാഭാവികത നഷ്ടപ്പെടുത്തി ഇരു കൈകളും കെട്ടി ഒരു തോടാക്കി സംരക്ഷിക്കുകയാണു ബഹുമാനപ്പെട്ട ദേവസ്വം ബോര്‍ഡും ഗവണ്‍മെന്റുമെല്ലാം ചേര്‍ന്നു. തീര്‍ത്താടകര്‍ക്കു വിരിവെയ്ക്കുന്നതിനും ആചാരനുഷ്ടാനങ്ങള്‍ നിര്‍വഹിക്കുവാനും പണ്ടു കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന പമ്പാ മണപ്പുറം ഇന്നു ശൗചാലയങ്ങളും വിപണനകേന്ദ്രങ്ങളുമാക്കി മാറ്റി സമ്പത്തു വര്‍ദ്ധിപ്പിക്കുകയാണു അധികാരികള്‍ ചെയ്യുന്നത്‌.

പുണ്യതീര്‍ത്തമായി അയ്യപ്പഭക്തന്‍മാര്‍ കരുതിയിരുന്ന പമ്പാനദി തീര്‍ത്താടനകാലത്ത്‌ മാലിന്യ തോടായി മാറിക്കഴിഞ്ഞിരിക്കുന്നു. തീര്‍ത്താടനകാലത്ത്‌ പമ്പാ ജലത്തിലെ കോളിഫോം ബാക്ടീരിയായുടെ അളവ്‌ 96-97 ല്‍ നൂറുമില്ലിലിറ്ററില്‍ 95000 എം പി എന്‍ ആയിരുന്നെങ്കില്‍ 99-2000 ല്‍ 2,50,000 ലക്ഷമായിട്ടുണ്ട്‌. 2002-03 ല്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച്‌ 3.2 ലക്ഷമായിട്ടുണ്ട്‌. പരമാവധി അനുവദനീയമായത്‌ 100 മില്ലി ലിറ്റര്‍ വെള്ളത്തില്‍ 500 എം പി എല്‍ എന്നതാണു കണക്ക്‌. സാധാരണ ഗതിയില്‍ ജനുവരി മദ്ധ്യത്തോടു കൂടി പമ്പ സ്നാന ഘട്ടത്തിലെ നീരൊഴുക്ക്‌ സെക്കന്‍ഡില്‍ ഒരു ഘനമീറ്ററില്‍ താഴെ മാത്രമായി കുറയുന്നു. പമ്പയിലെ മലിനീകരണം വര്‍ദ്ധിക്കുകയും ചെയ്യും. ഈ കാലയളവില്‍ പമ്പാസരസ്സില്‍ വന്നെത്തുന്ന മാലിന്യപ്രവാഹത്തെ ലഘൂകരിക്കുന്നതിനു ചുരുങ്ങിയത്‌ സെക്കന്‍ഡില്‍ 5.2 ഘനമീറ്ററെങ്കിലും നീരൊഴുക്ക്‌ ഉണ്ടായിരിക്കണം എന്നു കണക്കാക്കുന്നു. തീര്‍ഥാടന കാലത്തിന്റെ അവസാന ദിവസങ്ങളില്‍ പമ്പാഡാമില്‍ സെക്കന്‍ഡില്‍ 1.3 ഘനമീറ്റര്‍ വീതം വെള്ളം കെ എസ്‌ ഇ ബി തുറന്നുവിടുന്നുണ്ട്‌. പമ്പയിലെ ഓടകളെല്ലാം തന്നെ നദിയിലേക്കാണു എത്തിച്ചേരുന്നത്‌. ഹോട്ടലുകളിലെ മലിന ജലവും നദിയിലേക്കു വന്നെത്തുന്നു. പമ്പാ സരസ്സിലെ മാലിന്യ പ്രവാഹം ശഭരിമല തീര്‍ത്താടനത്തിനെത്തുന്ന 150 ലക്ഷത്തോളം ഭക്തജനങ്ങളോടൊപ്പം പമ്പാതീരത്തും കുട്ടനാട്ടിലുമായി നിത്യോപയോഗത്തിനു പമ്പാജലം ഉപയോഗിക്കുന്നു. 30 ലക്ഷത്തോളം ആളുകളുടെ ആരോഗ്യത്തേയും വളരെ പ്രതികൂലമായി ബാധിക്കുന്നു.

വനനശീകരണം

പമ്പയിലെ ജലദൗര്‍ബല്യത്തിനു ഒട്ടേറെ കാരണങ്ങളുണ്ട്‌. വൃഷ്ടി പ്രദേശങ്ങളില്‍ ലഭിക്കുന്ന മഴയുടെ 60 ശതമാനത്തോളം ജൂണ്‍ ജൂലൈ ആഗസ്ത്‌ എന്നീ മൂന്നുമാസങ്ങളിലായിട്ടാണു ലഭിക്കുന്നത്‌. സെപ്തംബര്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ 25-30% മഴ ലഭിക്കുന്നു. ബാക്കി ആറുമാസങ്ങളിലായി 10-15 % മഴ മാത്രമാണു ലഭിക്കുന്നത്‌. വര്‍ഷകാലത്തു പശ്ചിമഘട്ട മലനിരകളില്‍ ലഭിച്ചിരുന്ന മഴവെള്ളത്തെ തടഞ്ഞു നിര്‍ത്തി സംഭരിച്ചു നിര്‍ത്തിയിരുന്നതില്‍ സ്വാഭാവിക വനമേഖലയ്ക്കു നിര്‍ണ്ണായക പങ്കുണ്ടായിരുന്നു. കാടുള്ളിടത്തു മഴ പെയ്താല്‍ വെള്ളത്തിന്റെ 40-50 % വനമേഖലയിലെ മണ്ണില്‍ തങ്ങി നില്‍ക്കും. കാട്ടിലെ മണ്ണു ജൈവാംശം കലര്‍ന്നതും സസ്യങ്ങളുടെ വേരുപടലം അള്ളിപിടിച്ചിരിക്കുന്നതുമാണു. ഈ മണ്ണു സ്പോഞ്ചു പോലെ പ്രവര്‍ത്തിക്കും മഴവെള്ളം ഒപ്പിയെടുക്കുകയും ക്രമേണ ചോര്‍ത്തിക്കൊടുത്ത്‌ നേരിയ വെള്ളച്ചാലുകളായി അരുവിയായി പുഴയിലെത്തിക്കുകയും ചെയ്യും. സസ്യാവരണം വൃഷ്ടിപ്രദേശങ്ങളില്‍ വളരെ കുറഞ്ഞതിനാല്‍ മലകളില്‍ പെയ്യുന്ന മഴവെള്ളം ഒറ്റയടിക്കു ഉപരിതലത്തിലൂടെ കുത്തിയൊലിച്ചു നദികളിലെത്തുകയും പ്രളയക്കെടുതികള്‍ ഉണ്ടാകുകയും ചെയ്യും. സ്വാഭാവിക വനത്തിന്റെ വിസ്ത്രുതി നാള്‍ക്കുനാള്‍ കുറഞ്ഞു വരുന്നു. വൃഷ്ടിപ്രദേശങ്ങളില്‍ നടന്ന വ്യാപകമായ വനനശ്ശീകരണം മലയിടുക്കുകളില്‍ സാധാരണയായി കണ്ടിരുന്ന തണ്ണീര്‍ തടങ്ങളുടെ അന്ത്യം കുറിച്ചു. ഈ തണ്ണീര്‍ തടങ്ങള്‍ വേനല്‍ക്കാലങ്ങളിലും പുഴയിലേക്കു ജലപ്രവാഹത്തിനു സഹായകമായിരുന്നു.സ്വാഭാവിക വനം മഴയുടെ വിതരണത്തേയും സൂക്ഷ്മകാലാവസ്ഥയേയും ക്രമീകരിക്കുന്ന പ്രധാന ഘടകമായിരുന്നു.

നദികളുടെ തീരത്താണല്ലൊ ഏതൊരു മഹത്തായ സംസ്കാരവും രൂപപ്പെട്ടിട്ടുള്ളത്‌. ആറന്മുളയുടെ സംസ്കാര രൂപീകരണവും മറ്റൊന്നല്ല. പുരാണപ്രസിദ്ധയാണു ശഭരിമലക്കാടുകളുടെ ഈ മാനസപുത്രി. വേനല്‍ക്കാലത്തു വെണ്‍മണല്‍പ്പരപ്പുകളാല്‍ അലങ്കരിക്കപ്പെട്ടു ഒരു നവോധയെപ്പോലെയും വര്‍ഷകാലത്തു കലങ്ങിമറിഞ്ഞു ആസുരഭാവമുള്ള ഒരു മദനമോഹിനിയായും അവള്‍ ഒഴുകിയിരുന്നു. വര്‍ഷകാലങ്ങളിലെ ആസുരഭാവത്തിനു ഇന്നും വ്യതിയാനമില്ലെങ്കിലും വേനല്‍ക്കാലത്തു ഈ നദിയുടെ സ്ഥിതി കണ്ടാല്‍ കഷ്ടം തന്നേ എന്നു പറയേണ്ടു. വെണ്‍മണല്‍ പരപ്പുകള്‍- എവിടേയുമില്ല. ചെളിയും ചതുപ്പും നിറഞ്ഞ പുഴയോരങ്ങള്‍ ആഴങ്ങളിലേക്കു വീണ്ടും വീണ്ടും താണുപോകുന്ന നദിയുടെ അകത്തട്ട്‌. മണല്‍വാരി പാഞ്ഞുപോകുന്ന ലോറികള്‍ ഇതിനെതിരെ നിസ്സഹായരും നിഷ്ക്രിയരുമായ പുഴയോരവാസികള്‍. മൗനാനുവാദവുമായി ഭരണകൂടങ്ങള്‍. ആശുപത്രിയിലേയും അറവുശാലകളിലേയും അവശിഷ്ടങ്ങളും പ്ലാസ്റ്റിക്‌ കൂടുകളും നഗരമാലിന്യങ്ങളും ഒഴുകിയിറങ്ങാനൊരു പെരുന്തോട്‌. കണ്ണേ മടങ്ങുക......................

No comments: