Wednesday, May 30, 2007

വേര്‍പാടിനിടയിലൊരു കൂടിക്കാഴ്ച

ചില പ്രണയങ്ങള്‍ - പ്രത്യേകിച്ചും മറക്കാനാകാത്ത പ്രണയങ്ങള്‍ - ഒരു ഗതികേടാണ് ...!
എത്ര ഒഴിഞ്ഞു മാറിയാലും, പരസ്പരം പിരിയാന്‍ തീരുമാനിച്ചാലും, പിരിഞ്ഞു കഴിഞ്ഞാലും, പ്രണയത്തിന്റെ ആ ഗതികേട് നമ്മെ വീണ്ടും പ്രണയത്തിലേക്ക് അടുപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും!

-----------------------------------------------------------------------------------------------
ചിതറിക്കിടക്കുന്നാ കനവിന്റെ നൂലിഴകള്‍
നിനവാല്‍ തകരാതെ കാത്തു ഞാന്‍ വെയ്ക്കവേ,
കാലങ്ങള്‍ക്കപ്പുറം കണ്ടുമുട്ടി നാം
മാസങ്ങള്‍ വര്‍ഷങ്ങള്‍ എത്രയെന്നറിയാതെ.

നേര്‍ത്തൊരു മൌനത്തിന്‍ വല്‍മീകം പൂകി നാം
പരിചിതമല്ലാത്ത ചലനങ്ങള്‍ തുടരവേ,
നിനയാതെ കാഴ്ചകള്‍ കോര്‍ത്തപ്പോളെന്‍ മനം
കണ്‍കള്‍ മറയ്ക്കുവാന്‍ കാരണം തിരയവേ,
ഇനിയും ഉറങ്ങാത്ത പ്രണയത്തിന്‍ ഗതികേട്
നീ പോലും കേള്‍ക്കാതെ സംശയം ചോദിപ്പൂ-

“മറവിതന്‍ കല്ലറയ്ക്കുള്ളില്‍ പുതയ്ക്കാതെ
നീയെന്നെയെന്തിനായ് ഹൃദയത്തില്‍ വെയ്ക്കുന്നു?“


കരളുകള്‍ പിടയുന്ന വേദനയോര്‍ക്കാതെ,
നീ പോലും കേള്‍ക്കാതെ മറുപടി നല്‍കുന്നു-

“എത്ര വര്‍ഷങ്ങള്‍ മാറിമറഞ്ഞാലും (ഇപ്പോഴും)
എത്ര മനോഹരമാണവള്‍തന്‍ പ്രണയം
കൊല്ലങ്ങള്‍ മാത്രകളാക്കുമാ മോഹത്തെ
വെറുതെ ഞാനെന്തിനു തീര്‍ത്തും മറക്കണം?

[കേള്‍ക്കാത്ത വാക്കുകള്‍ക്കുണ്ടോ അര്‍ത്ഥങ്ങള്‍?
പറയാത്ത ആഗ്രഹങ്ങള്‍ക്കുണ്ടോ അവസാനം?!]

Earlier published at http://chinthukal.blogspot.com/2007/05/blog-post_21.html

No comments: