Sunday, May 27, 2007

മഴയിലൂടെ-അവന്‍

പുറത്തു ശക്തിയായി മഴപെയ്യുന്നുണ്ടായിരുന്നൂ..അടിവസ്ത്രങ്ങള്‍ വിരിച്ചിട്ട ജനലഴികളില്‍ പറ്റിചേര്‍ന്നു‌ കിടക്കുന്ന വലിയതുളകള്‍ നിറഞ്ഞ കൊതുകുവലകള്‍ക്കിടയിലൂടെ മിന്നലുകള്‍ ചുവരുകളില്‍ വെളിച്ചം തെറിപ്പിച്ച്‌ മുറിയില്‍ കുറച്ച്‌ നേരം തങ്ങിക്കിടന്നു... പിന്നാലെ ദിക്ക്‌ വിറപ്പിച്ചുള്ള ഇടിമുഴക്കവും.

കൂട്ടിയിട്ടിരിക്കുന്ന കുപ്പായക്കൂമ്പാരങ്ങള്‍ മുറിയാകെ വീര്‍പ്പുമുട്ടിക്കുന്നുണ്ട്‌. മൊബൈലില്‍ നിന്നും എഫ്‌.എം റേഡിയോ ജനപ്രിയ കന്നടഗാനം പൊഴിക്കുന്നു..

മഴയുടെ പാട്ട്‌ കേള്‍ക്കാം..റേഡിയോ ഓഫാക്കി..

വായിച്ച്‌ കൊണ്ടിരിക്കുന്ന പൗലോ കോയ്‌ലയുടെ ബെസ്റ്റ്‌സെല്ലര്‍ 'ദി വിച്ച്‌ ഒഫ്‌ പോര്‍റ്റൊബെല്ലോ' യില്‍ നിന്നും അടയാളപ്പെടുത്തിയ താളുകളെ മറച്ച്‌ കളഞ്ഞു മാറാലകള്‍ നിറഞ്ഞ ഫാനിന്റെ ഇതളുകള്‍ക്കിടയിലൂടെ ഉറക്കം കണ്ണിലേക്ക്‌ തറഞ്ഞുകയറി..

എത്ര നേരം ഉറങ്ങി എന്നറിയില്ല മഴയും, ഫാനും വേഗതകൂടി തിമര്‍ക്കുന്നൂ..

ഡോര്‍ബെല്ലിന്റെ അലോസരപ്പെടുത്തുന്ന ശബ്ദം കേട്ടാണുണര്‍ന്നെത്‌..അസമയത്തുള്ള ഉറക്കമാണെങ്കില്‍ കൂടിയും, മുറിച്ചു തുണ്ടമാക്കപ്പെട്ട സ്വപ്നങ്ങള്‍ കൂടിച്ചേരുന്നതിനു മുന്‍പെ നഷ്ടപ്പെട്ട്‌ പോയതിന്റെ വിഷമത്തോടെ വാതില്‍ തുറന്നു..

അവനാണു...., ഈയടുത്തായി ഇതവന്റെ പതിവാണു..എന്നും വൈകുന്നേരം പൂവുമായി വരും..

അവന്റെ പ്ലാസ്റ്റിക്‌ ബേസിനില്‍ ശേഷിച്ച രണ്ട്‌ മുഴം മാല ഇവിടെ തന്നവന്‍ തിരിച്ച്‌ പോകും. കയ്യില്‍ തടയുന്ന പത്തു രൂപ നോട്‌ കൊടുത്ത്‌ രണ്ട്‌ മുഴം മാലയും വാങ്ങി എന്തു ചെയ്യണം എന്നറിയാതെ അകത്തേക്ക്‌ പോവുന്നതും ഇപ്പോള്‍ പതിവായിരിക്കുന്നു.മുറിയില്‍ പൂവിട്ട്‌ പൂജിക്കാന്‍ ദൈവങ്ങളുടെ ചിത്രങ്ങളില്ല, മുടിയില്‍ ചൂടിക്കൊടുത്ത്‌ മുടിപ്പൂവിന്റെയും, മുടിയിഴയുടെയും സുഗന്ധം ആസ്വദിച്ച്‌ കെട്ടിപ്പിടിച്ച്‌ കിടന്നുറങ്ങാനാണെങ്കില്‍ കൂടെ ഭാര്യയും ഇല്ല...

അവിവാഹിതനും, ഈശ്വരവിശ്വാസിയല്ലാത്തവനുമായ ഒരുവനു പൂവില്‍ക്കാന്‍ വരുന്നവനോടുള്ള സ്വാഭാവികമായ അരിശം തുടക്കത്തില്‍ അവനോട്‌ തോന്നിയിരുന്നു..അത്‌ പിന്നെ അനുകമ്പയായി, ഒരു ഔദാര്യത്തിനു വേണ്ടി പൂ വാങ്ങിത്തുടങ്ങി. മുറിയില്‍ ഇരുള്‍ വീണ ഒരു കോണില്‍ ആണിയടിച്ച്‌ തൂക്കിയിരിക്കുന്ന കണ്ണാടിയില്‍ ചാര്‍ത്തിയിടും..പിന്നെ, സ്വയം പ്രതിബിംബങ്ങളെ നോക്കി രസിക്കും.

"സാര്‍ ഇന്നേക്ക്‌ മൂന്നു മുഴം ബാലന്‍സിരുക്ക്‌ നീങ്ക ഒരു ഫിഫ്റ്റീന്‍ റുപ്പീസ്‌ കൊടുങ്കോ.." അവന്‍ പറഞ്ഞു.

"എനിക്കു പൂവേ വേണ്ട..നീ വേറെയാര്‍ക്കെങ്കിലും കൊടുക്ക്‌.." ഈ പരിപാടി ഇന്നത്തോടേ നിര്‍ത്തിയേക്കാം, മനസ്സിലോര്‍ത്തു കൊണ്ട്‌ ഞാന്‍ പറഞ്ഞു..

"സാര്‍ പ്ലീസ്‌ സാര്‍..അപ്പടിയെല്ലാമെ പേസാത്‌..നീങ്ക മൂന്നുമുഴം വാങ്ങുങ്കോ.."

"അതൊന്നും വേണ്ട..എനിക്കിതാവിശ്യമില്ല.. "

"പ്ലീസ്‌ സാര്‍.."അവന്റെ കണ്ണുകളിലെ ദൈന്യത ..എന്റെ സെന്റിമെന്റ്സ്‌ അവന്‍ ചൂഷണം ചെയ്യുകയാണോ എന്നു തോന്നിപ്പോവുന്നു...

മഴ നനഞ്ഞതുകൊണ്ടാവണം, മൊട്ടയടിച്ച, കുറ്റിമുടികള്‍ വളര്‍ന്നു വരുന്ന അവന്റെ തലയിലൂടെ ഒഴുകിയിറങ്ങിയ മഴവെള്ളപ്പാച്ചിലില്‍ നെറ്റിയില്‍ നിറഞ്ഞു കിടക്കുന്ന ഭസ്മക്കൂട്ടം കൂതിര്‍ന്നു മുഖമാകെ പടര്‍ന്നിട്ടുണ്ട്‌..

"ഇന്തു മളൈ ജാസ്തി .." അവന്‍ സ്വയം പറഞ്ഞു..ആദ്യം വരുമ്പോള്‍ കന്നടമാത്രം സംസാരിച്ചിരുന്നുള്ളു അവന്‍. ഇപ്പോ എല്ലാ ഭാഷകളും കൂട്ടിക്കുഴച്ച്‌ സംസാരിക്കും.

പലതവണ, പലയിടങ്ങളിലായി ഇവനെ കാണാറുണ്ട്‌..പത്രം വില്‍ക്കുന്നവനായി, ബസ്സുകള്‍ തുടച്ച്‌ വൃത്തിയാക്കി ഗണേശചിത്രങ്ങളില്‍ മാലചാര്‍ത്തികൊടുക്കുന്നവനായി, ഇടത്തരം റെസ്റ്റോറണ്ടുകളില്‍ എച്ചില്‍ പാത്രം പെറുക്കി തീന്‍ മേശകളിലെ എല്ലിന്‍ കഷ്ണങ്ങളെ തുടച്ച്‌ മാറ്റുന്നവനായി..മൂത്രം മണക്കുന്ന വഴിയ്യൊരങ്ങളില്‍ വേശ്യകള്‍ നിറയുന്ന സന്ധ്യാനേരങ്ങളില്‍ കടല വറുത്ത്‌ വില്‍ക്കുന്നവനായി..അങ്ങിനെ പല പല വേഷങ്ങളില്‍...

അവന്‍ മൂന്നു മുഴം മാല മുറിച്ച്‌ നല്‍കി..കൊടുത്ത കാശും വാങ്ങി സൂചിത്തുള വീണു അരിപ്പപോലായ കുട നിവര്‍ത്തി, കൊതുക്‌ കൂത്താടികള്‍ പെറ്റുപെരുകിയ, മഴവെള്ളവും അഴുക്കുവെള്ളവും ഇണചേര്‍ന്നിരിക്കുന്ന വെള്ളക്കെട്ടുകളില്‍ കാലെറിഞ്ഞു നടന്നു നീങ്ങി..

അകത്ത്‌, മുറിയിലേക്ക്‌ മിന്നലിന്റെ കടക്കണ്ണിലൂടെ മഴച്ചീളുകള്‍ നുഴഞ്ഞു കയറുന്നുണ്ടായിരുന്നു....

2 comments:

കുട്ടന്‍സ്‌ said...

“..അസമയത്തുള്ള ഉറക്കമാണെങ്കില്‍ കൂടിയും, മുറിച്ചു തുണ്ടമാക്കപ്പെട്ട സ്വപ്നങ്ങള്‍ കൂടിച്ചേരുന്നതിനു മുന്‍പെ നഷ്ടപ്പെട്ട്‌ പോയതിന്റെ വിഷമത്തോടെ വാതില്‍ തുറന്നു..“

അവനാണു....മഴയിലൂടെ.....

മഴ തുടങ്ങി- ഒരു മഴയെഴുത്ത്...

അരീക്കോടന്‍ said...

Kuttans....Nalla ezhuthth