Thursday, May 10, 2007

അന്യന്‍‌റ്റെ ഭാര്യ അഥവാ പരിണാമം


“ഹലോ”
“ഹലോ”
“ആ വിനയേട്ടാ, സുധിയാണ്. എന്തൊക്കെയുണ്ട് വിശേഷം? ഹൌ ആര്‍ യൂ?”
“ഞാനോ...? ഗ്രേറ്റ്!”
“ഇപ്പൊ ലക്ഷ്മി എന്നെ വിളിച്ചിരുന്നു.”
“ങ്ഹും”
“ഇന്നു രാവിലെ സൂര്യേച്ചി ലക്ഷ്മിയെ വിളിച്ചിരുന്നൂത്രേ.”
“ങ്ഹും”
“അവര്‍ ഒരുപാട് നേരം സംസാരിച്ചു. അവസാനം സൂര്യേച്ചി കുറേ കരഞ്ഞു.”
“ങ്ഹും”
“വിനയേട്ടാ, എന്താ പ്രശ്നം?”
“എന്ത് പ്രശ്നം?”
“എന്താ വിനയേട്ടന്റെ പ്രശ്നം?”
“എനിക്കെന്തു പ്രശ്നം?”
“കഴിഞ്ഞ ആഴ്ച കണ്ടപ്പോഴും ചോദിക്കണമെന്നു വിചാരിച്ചു. കുറെ നാളായി ഞാനും ശ്രദ്ധിക്കുന്നു. വിനയേട്ടന്‍ ആകെ മാറിയിരിക്കുന്നു. ജോലി ചെയ്യുന്നത്, സംസാരിക്കുന്നത്, നടക്കുന്നത്, ചിന്തിക്കുന്നത്.... എല്ലാം, എല്ലാം പഴയ വിനയേട്ടനെ പോലെ അല്ല. എന്തു പറ്റി, വിനയേട്ടാ? എനി പ്രോബ്ലം?“
“എന്തു പറ്റാന്‍? എനിക്കൊന്നും പറ്റിയില്ല.”
“ആരോടാ വിനയേട്ടാ പറയുന്നത്? എത്ര കാലമായി ഞാന്‍ വിനയേട്ടനെ കാണാന്‍ തുടങ്ങിയിട്ട്?”
“എത്ര കാലമായി?”
“ഇനി അതും ഞാന്‍ പറയണോ?”
“വേണ്ട.”
“പിന്നെ, എന്താ വിനയേട്ടന്റെ മനസ്സില്? ഇത്രയ്ക്കും മാറാന്‍ മാത്രം എന്താ സംഭവിച്ചത്? ലക്ഷ്മി പറഞ്ഞു സൂര്യേച്ചിയുടെ മുഖത്തു നോക്കി സംസാരിച്ചിട്ട് ആഴ്ചകളായി എന്ന്. എന്താ ഇതിനൊക്കെ അര്‍ത്ഥം? എന്താ സൂര്യേച്ചിയോട് സംസാരിക്കാന്‍ വിനയേട്ടന് ഇത്ര ഫോര്‍മാലിറ്റി? ”
“അന്യന്റെ ഭാര്യയോട് അധികം സംസാരിക്കുന്നതു ശരിയല്ലല്ലോ?”
“അന്യന്റെ .... അന്യന്റെ ഭാര്യയോ?.... സൂര്യേച്ചി...സൂര്യേച്ചി എങ്ങിനെയാ വിനയേട്ടന് അന്യന്റെ ഭാര്യയാകുന്നത്?”
“അത്... അത്....”
“എന്താ വിനയേട്ടാ... എന്തായാലും എന്നോട് പറയൂ...”
“അവളെങ്ങനെ അന്യന്റെ ഭാര്യയല്ലാതിരിക്കും?”
“എന്ത് ???”
“ഇപ്പോള്‍ എനിക്ക് ഞാന്‍ തികച്ചും അന്യനാണ്... പിന്നെ അവളെങ്ങിനെ അന്യന്റെ ഭാര്യയാവാതിരിക്കും!!!”

വിനയേട്ടന്‍ ഫോണ്‍ വെച്ചത് സുധിയറിഞ്ഞു.

കളിയോ കാര്യമോ എന്ന് തിരിച്ചറിയാനാവാത്ത ആ വാ‍ചകത്തിന്റെ അര്‍ത്ഥാനര്‍ത്ഥങ്ങള്‍ സുധി തിരയവേ, മറുവശത്ത്, ചേതനകളുടെ ഈ പരിണാമഘട്ടത്തിലും, വര്‍ഷങ്ങളായി ഉണര്‍ന്നിരിക്കുന്ന മോണിട്ടറിലെ ലക്ഷക്കണക്കിനു വരികളിലായി കിടക്കുന്ന ചലനമറ്റ കോഡുകളുടെ ഇടയിലൂടെ വിനയന്റെ ജീവസ്സുറ്റ കണ്ണുകള്‍ യാന്ത്രികമായി സഞ്ചരിച്ചു കൊണ്ടേയിരുന്നു.

No comments: