Tuesday, September 16, 2008

അവസാനത്തെ ചിരി

വിശപ്പ് വിളയുന്ന വയലിന്‍ കരയില്‍
വിഷം തിന്ന് മരിച്ച കര്‍ഷകന്
കബറടക്കം
ആള്‍ക്കൂട്ടത്തിലാരോ അടക്കം പറഞ്ഞു
കര്‍ഷകനാണ് ചത്തതെങ്കില്‍ ശവവമ്ണ്ടിക്കാശ് പാതി മതി
(ഭാഗ്യവാനല്ലോ കര്‍ഷകന്‍)
മൂന്നാം നാളില്‍ അയാള്‍ ഉയിര്‍ത്തെഴുന്നേറ്റില്ല.
എങ്കിലും,
മണ്ണിട്ടു നികത്തിയ വയല്‍ നിറയെ
മാനംതൊടും മന്ദിരങ്ങളുയര്‍ന്നപ്പോള്‍
അവയുടെ ഓരത്താരോ അയാള്‍ക്കൊരു കോട്ടം കെട്ടി
(വാഴ്ത്തപ്പെട്ടവനല്ലോ കര്‍ഷകന്‍)
എല്ലാ കൊല്ലവും തിറ കെട്ടാന്‍ വണ്ണാന്മാരെത്തി.
ഓട്ടുചിലമ്പണിഞ്ഞ് അവര്‍ ഉറഞ്ഞാടി
വായ്ത്താരികള്‍ അനുഗ്രഹം ചൊരിഞ്ഞു
മുടിയഴിച്ച ശേഷം മോന്തിയാവോളം
ചിത്ര പീഠത്തിലിരുന്ന് നേര്‍ച്ച വാങ്ങി
നെറ്റിയില്‍ മഞ്ഞക്കുറിയണിഞ്ഞ ഭക്തര്‍
ശീതികരിച്ച മുറികളീല്‍ ആത്മാവിനെ തേടി
ഒടുവില്‍ ഫോക് ലോര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍
അവസാനത്തെ ചിരി
പെരുവണ്ണാന് സ്വന്തമായി.

2 comments:

Fayas said...

''വിശപ്പ് വിളയുന്ന വയലിന്‍ കരയില്‍
വിഷം തിന്ന് മരിച്ച കര്‍ഷകന്
കബറടക്കം''
ഇന്നു കേരളം കാണുന്ന യാഥാര്‍ത്ഥ്യമാണ് ഈ വരികളില്‍....
അഭിനന്ദനങ്ങള്‍.....

മേഘമല്‍ഹാര്‍(സുധീര്‍) said...

ഇനിയും നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു