Friday, October 24, 2008

പോലീസ്‌ ചെക്കിംഗ്‌!

ഓര്‍മ്മയുടെ താക്കോലുകള്‍

പോലീസ്‌ ചെക്കിംഗ്‌!

ഞാനും ഭാര്യയും ഡോക്ടറെക്കണ്ട്‌ മടങ്ങുകയായിരുന്നു;ബൈക്കില്‍.സമയം ആറുമണിയോടടുത്തിരിക്കും.കുന്ദംകുളം കഴിഞ്ഞ്‌,പാറേമ്പാടത്ത്‌ എത്താറായിരിക്കുന്നു.എതിരേവരുന്ന യാത്രക്കാരുടെ,ലൈറ്റടിച്ചും ശൂന്യതയില്‍ എഴുതിയും ഉള്ള സൂചനകളില്‍നിന്നും അടുത്ത്‌ പോലീസ്‌ ചെക്കിംങ്ങ്‌ ഉണ്ടെന്ന്‌ മനസ്സിലായി;ഞാനത്‌ ഗൌനിച്ചില്ല.ഒരല്‍പം അഹങ്കാരംകൂടി തോന്നാതിരുന്നില്ല;അതിനു കാരണങ്ങളുമുണ്ടായിരുന്നു.
അല്‍പംകൂടി നെഞ്ച്‌വിരിച്ച്‌,ഗമയില്‍ ഞാന്‍ യാത്ര തുടര്‍ന്നു.
എതിരെവരുന്നവരില്‍ ചിലരുടെ ഇളിഞ്ഞ മുഖംകണ്ട്‌ ഞാന്‍ പുച്ഛിച്ചു"ഫൂ.. ആരാണ്റ്റെ വണ്ടിയും കടം വാങ്ങി ചെത്തിനടക്കുന്ന നാറികള്‍;നിങ്ങള്‍ക്കിങ്ങനെ വേണം"
ഏതാനും മീറ്റര്‍ സഞ്ചരിച്ചപ്പോള്‍,രണ്ടു വശങ്ങളിലായി പോലീസുകാര്‍ നില്‍ക്കുന്നത്‌ കണ്ടു;തടഞ്ഞിട്ട വാഹനങ്ങളുടെ നീണ്ടനിരയും!
അതില്‍ കാറും ലോറിയും ഓട്ടോയും ബൈക്കുകളും തുടങ്ങിയ സാധാരണ ചെക്കിംങ്ങ്‌ വിധേയ വാഹനങ്ങള്‍ക്ക്‌ പുറമെ,മാരുതി കാറുകളും മറ്റു ലക്ഷ്വറി വാഹനങ്ങളും അടങ്ങിയ എല്ലാത്തരം വമ്പന്‍ സ്രാവുകളും കിടന്നിരുന്നു. ഞാന്‍ ആശ്വസിച്ചു,കൊമ്പന്‍ സ്രാവിനു വലവിരിച്ചിരിക്കയാണ്‌;നിസ്സാരക്കാരായ ചെറുമീനുകളെ പിടിക്കാന്‍ തരമില്ല;അപ്പോഴും തിരിഞ്ഞോടാന്‍ പഴുതുകളും സമയവും ഉണ്ടായിരുന്നിട്ടും ഞാന്‍ മുമ്പോട്ടുതന്നെ വണ്ടിവിട്ടു;എണ്റ്റെ അഹങ്കാരത്തിന്‌ കൊമ്പുണ്ടായിരുന്നല്ലൊ;ബൈക്ക്‌ വാങ്ങിയ,കഴിഞ്ഞ എട്ടു മാസങ്ങിള്‍ക്കിപ്പുറം,എണ്റ്റെ വണ്ടി,എണ്റ്റെ മുത്ത്‌ വഴിയില്‍ കിടക്കയൊ വല്ലവിധേനയും എനിക്ക്‌ സാമ്പത്തീക നഷ്ടമുണ്ടാക്കയോ ചെയ്തിട്ടില്ലായ്കയാല്‍,ഇനിയും അതിനു സാധ്യത ലവലേശമില്ലതന്നെ!;മാത്രമൊ!എണ്റ്റെ കൂടെ ഭാര്യയും ഉണ്ട്‌;ഫാമിലിയേ സന്ധ്യാനേരത്ത്‌ തടഞ്ഞുവെക്കുന്ന ക്രുരന്‍മാരായ പോലീസുകാരൊന്നും ഉണ്ടാവില്ല,നിശ്ചയം!

ദ്വാരപാലകന്‍മാരെപോലെ, ഇരുവശങ്ങളിലും, കൈകെട്ടിനില്‍ക്കുന്ന പോലീസുകാര്‍ക്കടുത്ത്‌ ഞങ്ങള്‍ എത്തി!
ഹോ..കഷ്ടം,അവരെ ഗൌനിക്കാതെ,ഒന്നുംസംഭവിക്കാത്ത ഭാവേന കടന്നുപോകാന്‍ ഉദ്ദേശിച്ച എണ്റ്റെ മുമ്പിലേക്ക്‌ പോലീസുകാരണ്റ്റെ കൈകള്‍ നീണ്ടുവന്നു!!അയാളുടെ മുഖത്തേക്ക്‌ ദൃഷ്ടികളെറിഞ്ഞ ഞാന്‍ മനസ്സിലാക്കിയത്‌,വാഹനം ഇടതുവശത്ത്‌ പാര്‍ക്ക്‌ ചെയ്യണം എന്നാണ്‌;ഞാന്‍ വലതു വശത്തേക്കും ഒന്നു നോക്കി;അവിടെ ഒരു ഇരകൂടി വന്നുവീണ പുഞ്ചിരിയോടെ,എണ്റ്റെ ഭാര്യയുടെ ശരീരവും നോക്കിനില്‍ക്കുന്ന മറ്റ്‌ രണ്ട്‌ കശ്മലന്‍മാര്‍..."ഫ്‌ഫൂ...പോലീസുപട്ടികള്‍.."ഞാന്‍ അല്‍മഗതം ചെയ്തത്‌ അങ്ങിനെയായിരുന്നു.ഞാന്‍ വണ്ടി നിറുത്തി ഭാര്യയോട്‌ ഇറങ്ങാന്‍ പറഞ്ഞു;ഞാനും ഇറങ്ങി;പത്തടി ദൂരത്ത്‌ നിറുത്തിയ പോലീസുജീപ്പിനുള്ളില്‍ വലിയ ഏമാന്‍ ഇരിക്കുന്നത്‌ ഞാന്‍ കണ്ടു;ജീപ്പിണ്റ്റെ ബോണറ്റിനു മുകളിലേ വളഞ്ഞ്‌ കിടന്ന്‌ കുത്തിക്കുറിക്കുന്ന ഒരു പോലീസുകാരനും അകമ്പടിക്കാരനും കാശടക്കാന്‍ ക്യൂ നില്‍ക്കുന്നവരും അവിടെ ഉണ്ടായിരുന്നു.ഞാന്‍ ഹെല്‍മറ്റ്‌ ഊരിവെച്ചു;എണ്റ്റെ മെല്ലെപോക്ക്‌ പോലീസേമാന്‌ പിടിച്ചില്ലെന്ന്‌ തോന്നുന്നു;ഒന്നു വേഗം വാടോ എന്ന്‌ അയാള്‍ ആക്രോശിച്ചു,ഭാര്യയുടെ മുമ്പില്‍ നാണംകെടാതിരിക്കുവാന്‍ എല്ലാം ഒന്ന്‌ ത്വരിതപ്പെടുത്തുന്നതാണ്‌ ഉചിതം എന്ന്‌ തോന്നുകയാല്‍,ഞാന്‍ ഉഷാറാകാന്‍ ശ്രമിച്ചു.

എണ്റ്റെ നടുവൊന്നു കുനിഞ്ഞു;അതൊന്നും വേണ്ടെടോ,ഒരു നൂറ്‌ രൂപയുമായി വേഗം വന്നേച്ചാല്‍ മതി,എന്ന്‌ പോലീസുകാരന്‍ വീണ്ടും കുരച്ചു.
ബൈക്കിണ്റ്റെ യൂട്ടിലിറ്റി ബോക്സ്‌ തുറന്ന്‌ നിയമാനുസൃതരേഖകള്‍ എടുക്കാന്‍ തുനിഞ്ഞ എന്നെ നിരുത്സാഹപെടുത്തിയ പോലീസുകരനെ പട്ടി എന്നു വിളിക്കാന്‍ എനിക്ക്‌ തോന്നി;എണ്റ്റെ അഹങ്കാരത്തിണ്റ്റെ കൊമ്പൊടിയുന്നത്‌ വ്യസനപൂര്‍വ്വം ഞാനറിഞ്ഞു;ഒട്ടൊന്ന്‌ തളര്‍ന്ന്‌ ഞാന്‍ അങ്ങോട്ട്‌ നടന്നു;സംശയഭാവത്തില്‍ നോക്കിനിന്ന എന്നോട്‌ പോലിസുകാരന്‍ പറഞ്ഞു,നമ്പര്‍ 7668 അല്ലെ,100 രൂപ അടച്ച്‌ പൊയ്ക്കൊ!!!
എന്തിന്‌ എന്ന്‌ ചോദിക്കേണ്ടതുണ്ടായില്ല,എന്താടൊ മിഴിച്ചുനില്‍ക്കുന്നത്‌,സാരിചുറ്റി ബൈക്കില്‍ ഇരിക്കാന്‍ പാടില്ലെന്നറിഞ്ഞൂടെ,പെണ്ണുങ്ങള്‍ ചുരിദാറിട്ട്‌ ഇരുവശങ്ങളിലും കാലിട്ട്‌ വേണം യാത്രചെയ്യാന്‍!.ഞാന്‍ വേഗം 100 രൂപ എടുത്തുകൊടുത്തു;ഞാന്‍ എത്തുന്നതിനുമുന്‍പേ എല്ലാം എഴുതിതയ്യാറാക്കിയ എമാന്‍,എണ്റ്റെ പേരുകൂടെ ചേര്‍ത്ത്‌ ഒരു ഒരു രശീതി എനിക്കു തന്നു.

പിന്നീടുള്ള യാത്രയില്‍,എതിരെവരുന്നവര്‍ക്ക്‌ ലൈറ്റിട്ടും അന്തരീക്ഷത്തില്‍ ചിത്രം വരച്ചും സിഗ്നല്‍കൊടുത്ത്‌ നീങ്ങുമ്പോള്‍,മനസ്സില്‍ പാരുഷ്യമായിരുന്നു.ബുക്കും പേപ്പറും ഓ.കെ.ആണ്‌,ലൈസെന്‍സും ഇന്‍ഷൂറന്‍സും ഓ.കെ;പുകപരിശോധന,ഹെല്‍മറ്റ്‌,കണ്ണാടി എന്നിവയും ഒ.കെ.,നമ്പര്‍പ്ളേറ്റ്‌ ഫാന്‍സിയല്ല,സ്ളോ സ്പ്പീടും;എന്നിട്ടും...... ??
നിയമങ്ങളും നിയമപാലകരും കച്ചവടക്കാരാകുമ്പോള്‍,അത്‌ പാലിക്കാന്‍ ശ്രമിക്കുന്നവര്‍ വിഡ്ഡികള്‍
ഇന്‍ഷൂറന്‍സ്‌,ടാക്സ്‌,പുകപരിശോധന,ഹെല്‍മറ്റ്‌ തുടങ്ങി ജനങ്ങളുടെ സുരക്ഷക്ക്‌ എന്ന്‌ വീമ്പിളക്കി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓരോരൊ നിയമങ്ങളും നിര്‍ബന്ധപൂര്‍വ്വം പാലിക്കപെടേണ്ടിവരുന്ന ജനങ്ങള്‍,ഇത്തരത്തിലുള്ള നടവഴിപ്പിഴകള്‍ക്കൂടി കൊടുക്കേണ്ടിവരുമ്പോള്‍ ചിന്തിച്ചുപ്പോകും,ഏതെങ്കിലും ഒന്നുകൊടുത്താല്‍ പോരെ എന്ന്‌. എന്തായാലും പിഴകെട്ടണം എന്നതാണ്‌ സാഹചര്യമെന്നുള്ള നിലക്ക്‌ എന്തിന്‌ മറ്റു മാമൂലുകള്‍ പാലിക്കണം?
100 രൂപ നഷ്ടം തലച്ചോറിനെ ഇളക്കിമറിച്ചുകൊണ്ടിരുന്നപ്പോളാണ്‌,ഒരു ഓട്ടൊ ഞങ്ങളെ കടന്നുപോയത്‌,അതില്‍ ചന്തികള്‍ പുറത്തേക്ക്‌ തള്ളിനിന്നിരുന്നു രണ്ടു വശത്തും. എനിക്ക്‌ ചിരി ഊറിവന്നു;ഞാനിങ്ങനെ ആത്മഗതം ചെയ്തു:"അടയ്ക്കയുമായി വന്ന എനിക്ക്‌ ഇതായിരുന്നു സ്ഥിതിയെങ്കില്‍,ചക്കയുമായിപ്പോയ അവരുടെ അവസ്ഥ എന്തായിരുന്നിരിക്കും!?"

**** **** **** *****

നാലഞ്ചുദിവസം കഴിഞ്ഞ്‌,മഴയുള്ള ഒരു വൈകുന്നേരം ഞാന്‍ ഭാര്യവീട്ടിലേക്ക്‌ പോവുകയായിരുന്നു.അതൊരു ഗ്രാമീണറോഡായിരുന്നു;ഒരു നാലഞ്ചു കിലോമീറ്റര്‍ ചെന്നപ്പോള്‍,ഒരു തിരിവില്‍ തിരക്ക്‌.കുരുത്തിക്കയവയില്‍ മീന്‍ നില്‍ക്കുമ്പോലെ അങ്ങോട്ടുപോകണൊ തിരിച്ചുപോകണൊ എന്ന ചിന്തയോടെ ബൈക്കുകളും ഓട്ടോകളും ചുറ്റുന്നു.ആരൊ പറഞ്ഞു അവിടെ ചെക്കിംഗ്‌ ഉണ്ടെന്ന്‌.എനിക്ക്‌ ചിന്തിക്കാനൊന്നും ഉണ്ടായിരുന്നില്ല;ബൈക്ക്‌ തിരിച്ച്‌ ഒരിടവഴിയിലൂടെ യാത്ര തുടര്‍ന്നു.പിന്നാലെ വന്ന ഒരു ബൈക്കില്‍നിന്നും ചോദ്യം കേട്ടു,മാഷെന്തിന ഇതിലെ പോകുന്നത്‌,മാഷടെകൈയ്യില്‍ ലൈസന്‍സും ബുക്കും പേപ്പറും ഒക്കെ ഉള്ളതല്ലെ?. ഞാന്‍ പറഞ്ഞു,എല്ലാം ഉണ്ട്‌,പക്ഷെ 100 രൂപയില്ല,ഇതിലെ പോയാല്‍ അഞ്ചുമിനിറ്റും പത്തുരൂപയുടെ പെട്രോളും അധികം പോകും,എന്നാലും തൊണ്ണൂറ്‌ രൂപ ലാഭമാണ്‌!

മനുഷ്യര്‍ ഊടുവഴികള്‍ തിരഞ്ഞുപോകുന്നത്‌ നിയമത്തെ പേടിച്ചാണെന്ന്‌ ഞാന്‍ ചിന്തിച്ചു.

13 comments:

രഘുനാഥന്‍ said...

പ്രിയ സുഹൃത്തെ...
നിയമം സാധാരണക്കാര്‍ക്ക് മാത്രമെ ബാധകമാവൂ ... പഴയ ബൈക്കില്‍ സഞ്ചരിക്കുന്ന ഒറ്റ പോലീസ്സുകാരുടെ കയ്യിലും അതിന്റെ രേഖകള്‍ കാണില്ല. അഥവാ ഏതെങ്കിലും പോലീസ്സുകാരന്‍ കൈ കാണിച്ചാല്‍ ഒറ്റ പറച്ചിലാണ്. "പി സി യാണ് സാര്‍."
എന്തൊരു വര്‍ഗ്ഗ സ്നേഹം?!!

Unknown said...

ഭാര്യയുടെ കൂടെ പോകുമ്പോഴും ഓട്ടോയില്‍ നിന്നും പുറത്തേക്ക്‌ തള്ളി നില്‍കുന്ന അന്യ ചന്തികളിലേക്കാണ്‌ കണ്ണ്‌ അല്ലേ കള്ളാ....

പിന്നെ ഈ വേര്‍ഡ്‌ വെരിഫികേഷന്‍ അതൊന്നൊഴിവാക്കിക്കൂടെ കമന്റടിക്കാന്‍ ഒരു സുഖവുമില്ല

Mr. K# said...

കൊള്ളാം.

krish | കൃഷ് said...

നിയമം പാലിക്കുന്നവര്‍ പോലും പോലീസിനെ വെറുക്കുന്നതിന് ഇതൊക്കെ തന്നെയാണ് കാരണം.

റോഡപകടത്തില്‍ പെട്ട ആരെയെങ്കിലും സഹായിച്ചാല്‍, സഹായിച്ചവന്‍ പിന്നെ പോലീസ് സ്റ്റേഷനിലും കോടതിയിലുമായി സമയം കളയണം. അതുകൊണ്ടല്ലെ, അപകടം കണ്‍‌മുന്നില്‍ കണ്ടിട്ടും പലരും സഹായിക്കാതെ ഒരു നോക്ക് നോക്കി വണ്ടി വിടുന്നത്.

പോലീസും ജനങ്ങളും തമ്മില്‍ നല്ല ബന്ധമുണ്ടായാലേ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനും മറ്റും സഹായകരമാകൂ.
പോലീസിന്റെ ഇത്തരം ചില പ്രവൃത്തികളാണ് സാധാരണ ജനങ്ങളെ പോലീസില്‍ നിന്നും അകത്തുന്നത്.

Jayasree Lakshmy Kumar said...

:"അടയ്ക്കയുമായി വന്ന എനിക്ക്‌ ഇതായിരുന്നു സ്ഥിതിയെങ്കില്‍,ചക്കയുമായിപ്പോയ അവരുടെ അവസ്ഥ എന്തായിരുന്നിരിക്കും!?"

കൊള്ളാം. ഇത് ചിരിപ്പിച്ചു. നല്ല പോസ്റ്റ്

കുഞ്ഞന്‍ said...

ഹഹ..അഹങ്കാരം ആപത്ത് മാത്രമല്ല തരുന്നത് മാനഹാനിയും ധന നഷ്ടവും..!

രസകരമായ പോസ്റ്റ്..!

ഞാന്‍ ഹേനാ രാഹുല്‍... said...

വീട്ടില്‍നിന്നും
ശരീരമൂരി
ഞാന്‍ കാറ്റത്തിടുന്നു
കാമുകനോപ്പം
മൊബൈല്‍ ഫോണ്‍
അളന്നു പോകുന്ന
ദൂരമെത്രയെത്ര
അളന്നൊഴിയുന്ന നുണകളെത്രയെത്ര

ashok said...

nattile oru police karano ,oru officero angine anennu vachu ellavareyum oru pole pazhikaruthu,paranchu kettitile police ellam thendikalilla ennalum chila thendikal undu .athil petta oru thendi avam mash kandathu

ethu entha orkathu,, njangale pole kashtapettu nadine sevikunnavarum police karum undu,motham police kare athishepikaruthu please ....police ennal oru vekthi allla oru group of individual alle oral athil angine annennu vachu ellavarum angine akumo.police nte service ne pattiyum orkuka pls

Sureshkumar Punjhayil said...
This comment has been removed by the author.
Umesh Pilicode said...

:-)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ആശംസകള്‍....

ആൾരൂപൻ said...

ബൈക്കില്ലെന്നു മാത്രമല്ല 100 രൂപ കയ്യിലുണ്ടു താനും. എന്നിട്ടും ഞാനീ ഊടുവഴിയിലൂടെ ഒന്നു പോകാമെന്നു വച്ചു. അതു പക്ഷേ ഈ നിയമത്തെ പേടിച്ചതുകൊണ്ടൊന്നുമല്ല; ആരാണീ ദേഹം എന്നറിയാമല്ലോ എന്നു കരുതി മാത്രം.

ആശംസകൾ.

സുധി അറയ്ക്കൽ said...

സത്യമായ കാര്യം.