Sunday, July 6, 2008

ഗുരു

ഓര്‍മ്മയുടെ താക്കോലുകള്‍
-----------------

ഗുരു

"ആരാണ്‌ ഗുരു?"-മൊഹമ്മദ്‌ നവാസ്‌ ചോദിച്ചു.
"ഉഴുത്‌ മറിച്ച്‌ പാകമായ നിലത്ത്‌ പാകമായ വിത്ത്‌ വിതക്കുന്നവന്‍"-രാമേശ്വര്‍ ഉത്തരം നല്‍കിയത്‌ പക്ഷെ നവാസിന്‌ തൃപ്തി നല്‍കിയില്ല.

അവര്‍ അങ്ങിനെയായിരുന്നു.
കൊയ്തൊഴിഞ്ഞ പാടത്ത്‌,സായാഹ്ന സൂര്യണ്റ്റെ ശോണിമയിലൂടെ നക്ഷത്രങ്ങള്‍ സ്വപ്നങ്ങളുടെ മിഴിച്ചെപ്പ്‌ തുറക്കുന്നതെങ്ങിനെയെന്ന്‌ കാത്ത്‌ കിടക്കുമ്പോള്‍;ചിലപ്പോഴൊക്കെ ഇതുപോലെ,എവിടെ നിന്നൊക്കെയോ കേട്ട 'മഹാന്‍മാരുടെ ചൊല്ലുകള്‍' ഗഹനമായ നിശ്ശബ്ദതയെ കീറിമുറിച്ച്‌ ചിതറിവീഴും!

"മനസ്സിലായില്ല!"-തണ്റ്റെ ജിഞ്ജാസ നവാസ്‌ മറച്ചുവെച്ചില്ല.

സാഗരം പോലെ പരന്നുകിടക്കുന്ന അറിവുകള്‍ മുഴുവന്‍ ചികഞ്ഞ്‌ മറുപടിപറയാന്‍ ഒരുജന്‍മം പോരാ എന്നറിയാവുന്നതുകൊണ്ട്‌;'തങ്ങളില്‍ അമര്‍ന്നിരിക്കുന്ന അറിവുകളുടെ ശരിവെക്കല്‍'മാത്രമാണ്‌ വായനയും പഠനങ്ങളും അനുഭവങ്ങളും എന്ന അനിഷേധ്യമായ സത്യതില്‍ വിശ്വസിക്കുന്ന രാമേശ്വര്‍,തണ്റ്റെ യുക്തിക്കുചേര്‍ന്ന വിശദീകരണം നല്‍കാന്‍ തീരുമാനിച്ചു.വിവേകാനാന്ദസാഹിത്യസംഗ്രഹത്തില്‍ പ്രദിപത്തിയുണ്ടായിരുന്ന രാമേശ്വറിന്‌,തണ്റ്റെ യുക്തിയില്‍ തെളിഞ്ഞകാര്യങ്ങള്‍ പ്രകടിപ്പിക്കുന്നതിന്‌ യാതൊരുവിധ വിശ്വാസക്കുറവും അനുഭവപ്പെട്ടിരുന്നില്ല.

"ജീവിത സംഘര്‍ഷങ്ങളില്‍പെട്ടുഴറുന്ന ഒരുവന്ന്‌,രക്ഷനേടാന്‍,അവനനുയോജ്യമായ ഒരു മാര്‍ഗ്ഗം പറഞ്ഞുകൊടുക്കാന്‍ കഴിയുന്നവന്‍ ആരോ അവനാണ്‌ ഗുരു-എന്ന്‌ ലളിതമായി പറയാം"
"അപ്പോള്‍,നമ്മള്‍ക്ക്‌ അടിസ്ഥാന വിദ്യഭാസവും ബിരുദവും മറ്റും നേടാന്‍ സഹായിച്ച അധ്യാപകര്‍ ഗുരുക്കന്‍മാരല്ലെ?"-സ്വാഭാവികമായ ഒരു സംശയംതന്നെയാണ്‌ നവാസ്‌ ഉന്നയിച്ചത്‌
"നല്ലത്‌;അതുകൊണ്ടാണ്‌ 'പാകമായ നിലത്ത്‌' എന്ന്‌ ഞാന്‍ ഊന്നിപറഞ്ഞത്‌"-രാമേശ്വര്‍ തുടര്‍ന്നു
"നമ്മുടെ വിദ്യഭ്യാസ രീതി നിര്‍ബന്ധിതമാണ്‌;ആവശ്യമുള്ളതും ഇല്ലാത്തതും നാം പഠിക്കുന്നു;അവയില്‍ പലതും ജീവിതത്തില്‍ ഉപയോഗയോഗ്യമാകുന്നത്‌ വിരളം;പലതും നമുക്ക്‌ ആവശ്യമുള്ള സമയത്തല്ല നേടുന്നത്‌,അല്ലെങ്കില്‍ ആ അറിവുകള്‍ സ്വായത്തമാക്കാന്‍ നാം അന്ന്‌ പ്രാപ്ത്തരായിരുന്നില്ല എന്നതാണ്‌ ആ അറിവുകളുടെ ഉപയോഗശൂന്യതക്ക്‌ നിതാനം"-രാമേശ്വര്‍ ഇത്രകൂടി പറഞ്ഞു

"നമ്മുടെ അധ്യാപകരില്‍ ഗുരുക്കന്‍മരുണ്ടാവാം;പക്ഷെ അത്‌ ആപേക്ഷികമാണ്‌"

നിശ്ശബ്ദമായ ചിലനിമിഷങ്ങള്‍ക്കു ശേഷം നവാസ്‌ സംസാരിച്ചു.

"അപ്പോള്‍ ഗുരു ആരാണെന്ന്‌ സ്വയം കണ്ടുപിടിക്കേണ്ടതാണ്‌;മാത്രമല്ല,ഒരാളുടെ ജീവിതകാലം മുഴുവന്‍ പരിശോധിക്കേണ്ടതായും വരും"
"തീര്‍ച്ചയായും അതെ;നമ്മള്‍ നമ്മുടെ ജീവിതത്തെ ഗഹനമായി പരിശോധിക്കേണ്ടതുണ്ട്‌ പലതും അറിയാന്‍"-രാമേശ്വര്‍ നവാസിനോട്‌ യോജിച്ചുകൊണ്ട്‌ പറഞ്ഞു.
"രാമേശ്വറിണ്റ്റെ ഒര്‍മ്മയിലുള്ള ഗുരു ആരാണ്‌?"-നവാസ്‌ ചോദിച്ചു.
"ഡോ.ചന്ദ്രന്‍,പിന്നെ 'വിവേകാനന്ദ സാഹിത്യവും'"-രാമേശ്വര്‍ അത്‌ പറയാന്‍ ഒട്ടും സമയമെടുത്തില്ല.
"ആര്‌,നമ്മുടെ ഹോമിയോ ഡോക്ടര്‍ ചന്ദ്രേട്ടനോ?!"-നവാസ്‌ അല്‍പം അത്ഭുതംകലര്‍ന്ന സ്വരത്തോടെ ചോദിച്ചു
"അതെ,പക്ഷെ നിണ്റ്റെ ആകാംക്ഷ അടക്കാനുള്ള വിശദീകരണം ഞാന്‍ തരാം"-നവാസിണ്റ്റെ അത്ഭുതാവസ്ഥ മനസ്സിലാക്കിയ രാമേശ്വര്‍ പറഞ്ഞു
"പക്ഷെ,സര്‍വ്വകലാശാലാ ബിരുദവും ബിരുദാനന്തരബിരുദങ്ങളും കൈവശമുള്ള രാമേശ്വറിങ്ങനെ?!... "-രാമേശ്വര്‍ പറയുന്നത്‌ ഉള്‍ക്കൊള്ളാനാവാതെ,നവാസ്‌ അര്‍ദ്ധോക്തിയില്‍ നിറുത്തി
"നവാസ്‌,നീ പറയുന്നത്‌ ശരിയാണ്‌;ആദരണീയരും ബഹുമാന്യരും സ്നേഹസമ്പന്നരുമായ ഏറെ അധ്യാപകരെ എന്നെന്നുമോര്‍ക്കാനായി എനിക്കുണ്ട്‌;സര്‍വ്വകലാശാലാ ബിരുദം തന്നേയാണ്‌ ഇന്നെനിക്ക്‌ ഉപജീവനമാര്‍ഗ്ഗത്തിന്‌ തുണയായിരിക്കുന്നതും"-രാമേശ്വര്‍ ഒന്നുനിറുത്തി/ അല്‍പ്പസമയത്തെ മൌനത്തിനു ശേഷം രാമേശ്വര്‍ തുടര്‍ന്നു


"പക്ഷെ,എണ്റ്റെ ആല്‍ത്മവിശ്വാസപൂരിതമായാ ഈ നിലനില്‍പ്പിന്‌ ഞാന്‍ ചന്ദ്രേട്ടനോട്‌ കടപ്പെട്ടിരിക്കുന്നു"-രാമേശ്വര്‍ തണ്റ്റെ കഥ പറയാന്‍ തുടങ്ങി.

"നവാസ്‌,അന്ന്‌ പ്രണയപരാജയമ്മൂലം കര്‍മ്മവും ചിന്താശേഷിയും നഷ്ടപെട്ട്‌ ജീവച്ഛവമായി അലയുമ്പോള്‍,ഇടവഴിയില്‍ വെച്ച്‌ കണ്ട എന്നെ കൂട്ടികൊണ്ട്‌പോയി,ചുരുക്കം ചില വാക്കുകളിലൂടെ എനിക്ക്‌ തന്ന ഉപദേശങ്ങളും ധ്യാനത്തിണ്റ്റെ സൂത്രങ്ങളുമാണ്‌ ഞാന്‍ എന്താണ്‌ എന്ന്‌ എന്നെ ബോധ്യപെടുത്തിയത്‌;എനിക്ക്‌ ജീവിക്കാനുള്ള പ്രേരണതന്നത്‌"
രാമേശ്വര്‍ കൂട്ടിച്ചേര്‍ത്തു:
അദ്ദേഹം അന്ന്‌ പറഞ്ഞതിങ്ങനേയാണ്‌:
"പ്രണയം സത്യമാണെങ്കില്‍,എവിടെ പൂട്ടിയിട്ടാലും മനസ്സുരുകി കാത്തിരുന്നാല്‍ കമിതാക്കാളില്‍ ആര്‍ക്കും സ്ഥൈര്യമുള്ള ഹ്രുദയത്തോടെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല;ചങ്ങലകള്‍ പൊട്ടിച്ച്‌ ഭ്രാന്തമായി അവള്‍/അവന്‍ ഓടിവരും"

"അദ്ദേഹത്തിണ്റ്റെ ഉള്ളംകൈയ്യില്‍ എണ്റ്റെ കരം ചേര്‍ത്ത്‌ വെച്ച്‌ പറയുമ്പോള്‍,അതൊക്കെ സത്യമാകും എന്ന പ്രതീക്ഷയേക്കാള്‍ കൂടുതല്‍ എണ്റ്റെ മനസ്സിണ്റ്റെ ശക്തി തിരിച്ച്‌ കിട്ടുംവരെ ഊര്‍ജ്ജസ്വലനാക്കി നിറുത്തുക എന്നുള്ളതായിരുന്നു എന്ന്‌ പിന്നീടെനിക്ക്‌ മനസ്സിലായി;എന്തായാലും അദ്ദേഹം പറഞ്ഞുതന്ന ധ്യാനരീതി ഇന്നും ഞാന്‍ തുടരുന്നു"

നവാസിണ്റ്റെ സംശയം തീര്‍ന്നിരിക്കാമെന്ന്‌ രാമേശ്വര്‍ ചിന്തിച്ചു.ഏറെനേരം അവിടെ നിശ്ശബ്ദതമാത്രം തളംക്കെട്ടിനിന്നു.ഉത്തരധ്രുവത്തിലൊരു നക്ഷത്രം മിന്നിതിളങ്ങുന്നത്‌ രാമേശ്വര്‍ കണ്ടു.

"നവാസ്‌,നമ്മുടെ സ്വപ്നത്തിണ്റ്റെ ആദ്യതാരത്തിളക്കം ഞാന്‍ കാണുന്നു;നീ കാണുന്നുണ്ടോ?"
"ഊം.... ;അല്ല രാമേശ്വര്‍ ഡോക്ടര്‍ ഗുരുവായത്‌ എങ്ങിനെ എന്ന്‌ എനിക്ക്‌ മനസ്സിലായി;പക്ഷെ,ഒരു പുസ്തകം?"
"അത്‌ എണ്റ്റെ ഒരു വിശ്വാസമാണ്‌ നവാസ്‌"
"വിശ്വാസം?!"
"അതെ;കാരണം എണ്റ്റെ ബിരുദപഠനത്തിണ്റ്റെ ആദ്യവര്‍ഷത്തിലെപ്പോഴൊ ആണ്‌,കോഴിക്കോട്ടെ ഒരു 'ഫുട്‌ പാത്ത്‌'കച്ചവടക്കാരനില്‍ നിന്നും ആ പുസ്തകം വാങ്ങിയത്‌.അന്ന്‌ പുസ്തകത്തിണ്റ്റെ കനവും വിലക്കുറവും മാത്രമായിരുന്നു മനസ്സില്‍.വര്‍ഷങ്ങളോളം അതെണ്റ്റെ അലമാരിയിലിരുന്നു;വെറുതെ.പലതവണ വായിക്കാന്‍ ശ്രമിച്ചെങ്കിലും അത്‌ ഉള്‍ക്കൊള്ളാന്‍ എനിക്കായില്ല"-
രാമേശ്വര്‍ തണ്റ്റെ ഓര്‍മ്മകളേ നവാസിനു മനസ്സിലാകുന്നരീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചു.

"ഏകാന്ത ഭീകരമായ രീതിയില്‍ എന്നെ പിടികൂടിയിരുന്ന വേളയില്‍,മറ്റൊന്നും കൂടെയില്ലാതിരുന്ന ദിവസങ്ങളിലാണ്‌ വിവേകാനന്ദ സാഹിത്യം വെറുതെ മറിച്ചു തുടങ്ങിയത്‌;വളരെ അരോചകമായിരുന്നു തുടക്കമെങ്കിലും,എപ്പൊഴൊ അതെണ്റ്റെ ഹൃദയത്തെ കീഴടക്കി;ഇന്ന്‌ എണ്റ്റെ ആത്മമിത്രമാണ്‌ ആ പുസ്ഥകം"
"നവാസ്‌,എണ്റ്റെ ആത്മ സംഘര്‍ഷങ്ങളില്‍ എനിക്കാശ്രയിക്കാന്‍ വിവേകാനന്ദസാഹിത്യസംഗ്രഹത്തോളം മറ്റൊന്നില്ല"-രാമേശ്വര്‍ നിര്‍ത്തി.

നവാസ്‌ നിശ്ശബ്ദനായിരുന്നു
ഒരുപക്ഷെ അവന്‍ തണ്റ്റെ ഗുരു ആരായിരുന്നു എന്ന്‌ ചിന്തിക്കയാവാം എന്ന്‌ രാമേശ്വര്‍ ആശ്വസിക്കാന്‍ ശ്രമിച്ചു.
ആകാശം നക്ഷത്രങ്ങളാല്‍ നിറഞ്ഞു.അന്നത്തെ സ്വപ്നങ്ങള്‍ക്ക്‌ തെളിമക്കൂടുമെന്ന്‌ രാമേശ്വര്‍ വിജാരിച്ചു.

"കടലില്‍ ഉല്ലാസയാത്ര നടത്തുന്നവനോട്‌ മരത്തോണിയില്‍ കയറുന്നോ എന്ന്‌ ചോദിച്ചാല്‍ പുച്ഛരസത്തോടെ ചിരിക്കും;എന്നാല്‍ മുങ്ങിതാഴാന്‍ തുടങ്ങുന്നവോനോടാണെങ്കിലൊ,അവന്‍ ആര്‍ഥിയോടെ അള്ളിപ്പിടിക്കും,ശരിയ്യാണ്‌ മുങ്ങിത്താഴാന്‍ തുടങ്ങുന്നവന്‌ കച്ചിത്തുരുമ്പ്‌ നീട്ടുന്നവന്‍ തന്നെ യഥാര്‍ത്ഥ ഗുരു"-മൊഹമ്മദ്‌ നവാസ്‌ ആത്മഗതം പോലെ പറഞ്ഞു

"ഹ..ഹ..ഹ..ഹ.."-രാമേശ്വര്‍ പൊട്ടിച്ചിരിച്ചു.

No comments: