
"
നോക്കൂ ഉമ്മീ!,
"പപ്പ ബ്രാസിന്റെ വലിയ ഒരു ഫ്ലവര്‍ വേസ് കൊണ്ടു വന്നിരിക്കുന്നു!"
മോള് വലിയ വായില്‍ വിളിച്ചു പറഞ്ഞു.
എനിക്കു ചിരി വന്നു.
കോളാമ്പി കണ്ടിട്ടാണവള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്. കുറച്ചു കൂടി കാലം കഴിഞ്ഞാല്‍ പിന്നെ ഉരലിനേയും ഉലക്കയേയും കുന്താണിയേയും ഇവരൊക്കെ എന്തായിട്ടാവും കരുതുക?.
"മോളേ ഇതെന്താണെന്നു നിനക്കറിയുമോ? ഇതാണ് കോളാമ്പി. നീ കരുതിയ പോലെ ഇതൊരു പൂവു വെക്കുന്ന പാത്രമല്ല".
"പപ്പാ ഇതെവിടെ നിന്നാ ഈ ഒരു ആന്റിക് കിട്ടിയത്?"
"തറവാട്ടിലെ തട്ടുമ്പുറത്തു നിന്നും".
"മിനു ആന്റിക്കു തറവാട്ടിലെ തട്ടുമ്പുറത്തു നിന്നും കിട്ടിയ പഴയ ഉപ്പു മാങ്ങാ ഭരണിയും ഓട്ടു കിണ്ടിയും തൂക്കു വിളക്കുമൊക്കെ തുത്ത് തുടച്ച് പോളീഷ് ചെയ്തും പെയ്ന്റടിച്ചും അവരുടെ പുതിയ വീട്ടിന്റെ ഷോക്കേസില്‍ വെച്ചിരിക്കുന്നു. നമുക്കും ഇത് പോളീഷു ചെയ്ത് ഇന്റീരിയര്‍ ഡക്കറേഷന് ഉപയോഗിക്കാല്ലെ പപ്പാ..".
അവള് അതെന്റെ കയ്യില്‍നിന്നും ബലമായി വാങ്ങി.
"പഴയ കാലത്തു ഇത്തരം വെറ്റിലക്കോളാമ്പികള്‍ മിക്കവാറും എല്ലാ വീടുകളിലും ഉണ്ടായിരുന്നു. ആഘോഷങ്ങളിലും, ആണ്ടറുതികളിലും പ്രത്യേകിച്ച് കല്ല്യാണത്തിനും, കുറിക്കല്ല്യാണത്തിനും ഇത്തരം കോളാമ്പികള്‍ അത്യാവശ്യവും അതേ സമയം ആര്‍ഭാടവുമായിരുന്നു.. സ്വീകരണ പന്തലില്‍ വെറ്റിലയും, അടക്കയും, ചുണ്ണാമ്പു ചെപ്പും, പൊകലത്തുണ്ടുകളും അലങ്കരിച്ചു വെച്ച തിളങ്ങുന്ന പിച്ചളത്താലം, വീട്ടിയില്‍ തീര്‍ത്ത കടഞ്ഞ കാലുള്ള വട്ടമേശക്കു മുകളിലും, പുളിയിട്ടു തേച്ചു മിനുക്കിയ ഇങ്ങനത്തെ കോളാമ്പികള്‍ ആഢ്യത്തോടെ മേശക്കു കീഴെയും ഇരിക്കുന്നതു കണ്ടാല്‍ തീരെ മുറുക്കാത്തവര്‍ പോലും ആദ്യമായി മുറുക്കാന്‍ തുടങ്ങും".
"യൂ മീന്‍ 'മുറുക്കല്‍' ബൈ സ്പാനര്‍ ഓര് എലന്‍ കീ ?". മകള്‍ക്കു 'മുറുക്കല്‍' എന്ന പദത്തിന്റെ നാനാര്‍ത്ഥത്തില്‍ ആശയക്കുഴപ്പമായി.
"നോ, ഞാന്‍ പറഞ്ഞ മുറുക്കല്‍ വെറ്റിലയും അടക്കയും പുകയിലയും ചുണ്ണാമ്പും വായിലിട്ട് ചവച്ച് ലഹരി നുകരുന്നതാണ്" .
"വെറ്റില മുറുക്കിനു ശേഷം കാരണവന്മാര് തുപ്പാന്‍ ഉപയോഗിച്ചിരുന്ന പാത്രമാണ് ഇത് വെറ്റിലക്കോളാമ്പി".
"അയ്യേ! ഇതില്‍ തുപ്പിയിരുന്നതാണോ?"
അവള് അറപ്പു തോന്നി കൈയുടെ പിടിത്തം വിട്ടപ്പോള്‍ കോളാമ്പി വലിയ ശബ്ദത്തോടെ ഗ്രാനേറ്റ് തറയില്‍ വീണു. ശബ്ദം കേട്ട് അടുക്കളയില്‍ നിന്ന് ഭാര്യ ഓടിക്കിതച്ചു വന്നു.
ഒച്ച കേട്ട് എല്ലാരും പേടിച്ചുവെങ്കിലും ഭാഗ്യത്തിന്ന് കോളാമ്പിക്കും ഗ്രാനേറ്റിനും കേടൊന്നും പറ്റിയില്ല.
എന്റെ കണ്ണിലേക്കു നോക്കി മോളു കുറ്റബോധത്തൊടെ പറഞ്ഞു. "സോറി. പപ്പാ, നമുക്കിതു വേണ്ട, പപ്പയിതു തറവാട്ടിലെ തട്ടിമ്പുറത്തു തന്നെ തിരിച്ചു കൊണ്ടു പോയി വെച്ചോളൂ".
"വേണം, ഇതില്‍ ഒരിക്കലും ആരും തുപ്പിയിട്ടില്ല. തുപ്പാന്‍ വല്ല്യുപ്പ സമ്മതിച്ചിട്ടില്ല. ഇത് വല്ല്യുപ്പന്റെ ഒരു സെന്റ്റിമെന്ടല് സ്റ്റഫായിരുന്നു, എങ്കിലും നിന്റെ മാനസീക സംതൃപ്തിക്കുവേണ്ടി നമുക്ക് ഇത് നന്നായി സ്റ്റെറിലൈസ് ചെയ്തതിന്നു പോളീഷും ചെയ്ത് കോപ്പര്‍ ആര്‍ട്ടു നടത്തി, വിസിറ്റേര്‍സ് റൂമില്‍ വെക്കാം. ഇതില്‍ ഡ്രൈ ഫ്ലവര്‍ അറേന്‍ജു ചെയ്യാം. ഇതു കാണുമ്പോള്‍ ഞാന്‍ വല്ല്യുപ്പാനെ കുറിച്ചും വല്ല്യുപ്പാന്റെ ധീരതയെ കുറിച്ചും ഓര്‍ക്കും".
ഞാന്‍ ഓര്‍മ്മയുടെ ഭാണ്ഡമഴിക്കാനുള്ള പുറപ്പാടാണെന്നു അവള്‍ക്കു മനസിലായി, അവള് അനിയനെ ഉല്‍സാഹത്തോട വിളിച്ചു. "ശാബൂ ഓടി വാ... പപ്പ സ്വീറ്റ് മെമ്മറീസിന്റെ കെട്ടു തുറക്കുന്നു. കേള്‍ക്കാന്‍ രസമുണ്ടാവും".
അവന് ഇന്റര്‍നെറ്റ് ഡിസ്കണക്ട് ചെയ്ത് വന്നു സോഫയില്‍ തിക്കിത്തെരക്കിയിരുന്നു.
"ഈ കേളാമ്പി വല്ലുപ്പ വാങ്ങിയതല്ല, മറിച്ച് വല്ലുപ്പാക്കു ഒരു സമ്മാനം കിട്ടിയതാണ്.
ഒരു പിഞ്ചു കുഞ്ഞിന്റെ ജീവന് രക്ഷിച്ചതിന്ന്. ആ കുഞ്ഞിന്റെ അമ്മ സ്നേഹത്തോടെ കൊടുത്തത്".
"പടിഞ്ഞാറ്റുമ്മുറിയിലെ ഒരു വലിയ നമ്പൂതിരി ഇല്ലത്തിന്റെ കുടുംബകുളത്തില്‍ അസംഖ്യം മീനുണ്ടെന്നും അതു പിടിക്കാന്‍ അവിടത്തെ കാരണവര്‍ നമ്പൂതിരി ആരെയും അനുവദിക്കില്ലെന്നും വല്ല്യുപ്പ ആരില്‍ നിന്നോ കേട്ടറിഞ്ഞു".
എന്നാലതൊന്നു കാണണമെന്നായി വല്ല്യുപ്പ. ആദ്യം നേര്‍വഴിക്കു പോയി അനുവാദം ചോദിക്കുക. കിട്ടിയില്ലങ്കില്‍ രാത്രിയില്‍ പോയി ഒളിച്ചു പിടിക്കുക തന്നെ. വല്ലാത്ത തന്റേടമായിരുന്നു വല്ല്യുപ്പാക്ക്.
പിറ്റേന്നു വീശുവലയും കൊണ്ട് വല്ല്യുപ്പ നേരെ നമ്പൂരിയില്ലത്തെത്തി. ഒരു കൂസലുമില്ലാതെ പടിപ്പുര തള്ളിത്തുറന്ന് ഇല്ലത്തിന്റെ തിരുമുറ്റത്തെത്തിയ വല്ല്യുപ്പാനെ കണ്ട് വല്ല്യ നമ്പൂതിരി നീട്ടി മൂളി.
"ഊം... ?".
വല്ല്യുപ്പ കൂസലില്ലാതെ ചോദിച്ചു. "തറവാട്ടു കുളത്തില്‍ മീനുകള്‍ പെരുകീട്ടുണ്ടെന്നു കേട്ടു. വെലക്കു കൊടുക്കോന്നറിയാനാ"
"ഹാജ്യാരേ!, താന്‍ മേത്തനാണന്നതു മറന്നു പോയോ?. താന്‍ മീന്‍ പിടിച്ചാല്‍ എന്റെ കുളം അശുദ്ധാവുന്നറീല്ല്യേ . നമുക്ക് ഇശ്ശിരി അയിത്തോം ശുദ്ധീംണ്ട്. മേലാല്‍ മീന്‍ കൂന് എന്നും പറഞ്ഞ് ഈ വഴിക്ക് കണ്ടു പോകരുത്. തനിക്ക് തടി വെണശ്ശാല്‍ വേഗം പോകാം".
പെട്ടന്നാണ് കുളത്തില്‍ നിന്ന് ഒരാത്തോലമ്മയുടെ നിലവിളി കേട്ടത്. "ഓടി വരണേ, എന്റെ ഉണ്ണി വെള്ളത്തില്‍ വീണേ! ആരെങ്കിലും രക്ഷിക്കണേ!"
ഇല്ലത്തെ എല്ലാ നമ്പൂരിമാരും അന്തര്‍ജ്ജനങ്ങളും കുളക്കരയിലേക്കു കുതിച്ചു. വലയും വല്ലവും താഴെയിട്ട് വല്ല്യുപ്പയും അങ്ങോട്ടോടി.
കഴുത്തെറ്റം വെള്ളത്തില്‍ കാലു മുഴുവന്‍ ചളിയില്‍ പൂണ്ട് കുടുങ്ങിയ, ആത്തോലമ്മ തൊട്ടടുത്ത് മുങ്ങിപ്പൊങ്ങുന്ന സ്വന്തം മകനെ രക്ഷിക്കാനാവതെ അലമുറയിടുകയാണ്.
ഓടി വന്ന നമ്പൂരിമാരല്ലാം വലിയ കുളത്തിലെ നിലയില്ലാവെള്ളത്തില്‍ ഇറങ്ങാന്‍ ധൈര്യമില്ലാതെ കരയില്‍ നിന്ന് ഈ കാഴ്ച കാണുന്നു.
ഇതു കണ്ട് കലി കേറിയ വല്ല്യുപ്പ വല്ല്യ നമ്പൂരിയോടു ചോദിച്ചു "അയിത്തായിച്ചാലും വേണ്ടൂലാ ഞാന്‍ ചാടി കുഞ്ഞിനെ രക്ഷിക്കാന്‍ പോകാ".
മറുപടിക്കായി കാത്തു നില്ക്കതെ പടവിലൂടെ കുളത്തിലിറങ്ങി. കുഞ്ഞ് ഇനി പൊങ്ങി വരാന്‍ കഴിയാത്ത വിധം കുളത്തിന്റെ അടിത്തട്ടിലേക്കു താഴ്ന്നു പോയിരിക്കുന്നു. കാലു നിലത്തു തൊടതെ ഊളിയിട്ടു ചെന്ന് കുഞ്ഞിനെ വാരിയെടുത്ത് തിരിച്ചു നീന്തി കരയിലെത്തിച്ചു.
വീണ്ടും നീന്തി ചെന്ന് ചളിയില്‍ നിന്ന് കാലു പറിച്ചെടുത്തു കുഞ്ഞിന്റെ അമ്മയേയും രക്ഷിച്ചു.
കുഞ്ഞ് ഒരുപാടു വെള്ളം കുടിച്ചിരുന്നു. ഉണ്ണിയെ ഉരലില്‍ കമഴ്ത്തി കിടത്തി ഉരല് അങ്ങോട്ടും ഇങ്ങോട്ടും ഉരുട്ടി, വയറ്റിലെ വെള്ളവും, സ്വന്തം വായ വെച്ച് വലിച്ച് കുഞ്ഞിന്റെ മൂക്കിലെ ചളിയും പുറത്തെടുത്ത്, വല്ല്യുപ്പ തന്നെ ഉണ്ണിക്ക് പ്രഥമ ശുശ്രൂഷ നല്കി..
അപ്പോഴാരും അയിത്തത്തെ കുറിച്ച് ഓര്‍ത്തതു പോലുമില്ല.
ഉണ്ണി കണ്ണു തുറന്ന് അമ്മേ എന്നു വിളിച്ചപ്പോള്‍ ഉണ്ണിയുടെ അമ്മ സന്തോഷം കൊണ്ട് വല്ല്യുപ്പാന്റെ കാലില്‍ വീണു. അയിത്തം പേടിച്ച് വല്ല്യുപ്പ കാലു പിറകിലേക്കു വലിച്ചു.
വല്ല്യ നമ്പൂരി പറഞ്ഞു "ഏതായാലും കുളം അശുദ്ധമായി, ശുദ്ധികലശം നടത്തണം. അതിന്നു മുമ്പു ഹാജ്യാരു വേണച്ച്യാ മീന്‍ പിടിച്ചോളൂ?".
വല്ല്യുപ്പ പറഞ്ഞു
"എനിക്ക് നിങ്ങടെ മീനും വേണ്ട ഒരു കൂനും വേണ്ട. ആദ്യമായി നിങ്ങളെ ഖല്‍ബിലും കുളത്തിന്റെ അടിയിലും ഊറിക്കിടക്കുന്ന ആ ചളി ഒന്ന് വാരിക്കളയാന്‍ നോക്ക്?.
വല തലയില്‍ ബാലന്‍സു ചെയ്തു ഒരു കയ്യില്‍ വല്ലമടുത്ത് വല്ല്യുപ്പ തിരിച്ചു നടക്കാന്‍ നേരം ആത്തോലമ്മ മുമ്പില്‍ നിന്ന് കണ്ണീരൊലിപ്പിച്ചു കൈകൂപ്പി നിന്നു പറഞ്ഞു.
"നിങ്ങള്‍ എന്റെ കുഞ്ഞിന്റെ രക്ഷകനാണ്. മണ്ണാര്ശാലയില് നാഗദൈവങ്ങള്‍ക്കു ഉരുളി കമഴ്ത്തി, കാലങ്ങള്‍ക്കു ശേഷം ദൈവങ്ങള്‍ എനിക്കു തന്ന മോനാണ് എന്റെ പൊന്നുണ്ണി. നിങ്ങള്‍ക്ക് ഞാനെന്തെങ്കിലും സമ്മാനിച്ചില്ലങ്കില്‍ എനിക്കു പിന്നീട് സമാധാനം കിട്ടില്ല".
"നിങ്ങള്‍ എന്തെങ്കിലും സ്വീകരിച്ചേ പറ്റൂ."
വല്ല്യുപ്പ പറഞ്ഞു.
"അങ്ങനെയെങ്കില്‍ നിങ്ങളുടെ മാത്രം സ്വത്തില്‍ നിന്ന്, എന്റെ കാലിയായ ഈ ഒറ്റകയ്യിലൊതുങ്ങുന്ന എന്തു തന്നാലും ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കും".
അകത്തേക്കുപോയ ആത്തോലമ്മ തിരിച്ചു വന്നപ്പോള്‍ അവരുടെ കയ്യില്‍ വീടുകാഴ്ചക്ക് ഓഹരിയായി കിട്ടിയ തീരെ ഉപയോഗിച്ചിട്ടില്ലാത്ത സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള ഈ കോളാമ്പി.
അന്നുച്ചക്കു കറിവെക്കാന്‍ മീനും കാത്തിരുന്ന വല്ല്യുമ്മ കണ്ടത് ജേതാവിനെപ്പോലെ കോളാമ്പി തൂക്കിപ്പിടിച്ച് കാലിയായ വല്ലവും നനയാത്ത വലയുമായി വരുന്ന വല്ല്യുപ്പാനെയാണ്.
വടക്കന്‍പാട്ടിലെ ചേകവനെപ്പോല നെഞ്ചു വിരിച്ചു നിന്ന് വല്ല്യുപ്പ അക്കഥ ആദ്യം പറഞ്ഞത് വല്ല്യുമ്മയോട്.
അന്നു മുതല്‍ ആ വീരകഥ അഭികഥനമായും അനുകഥനമായും (Direct & Indirect speach) ഞങ്ങള്‍ പലതവണ കേള്‍ക്കാന്‍ തുടങ്ങി.
ഞങ്ങളില്‍ നിന്ന് ഞങ്ങളുടെ കൂട്ടുകാരും പിന്നെ നാട്ടുകാരെല്ലാവരും അതറിഞ്ഞു.
വീട്ടില്‍ അതിഥികള്‍ ആരെങ്കിലും വന്നാല്‍ സമയം വൈകുന്നതറിയാതെ വല്ല്യുപ്പാന്റെ ആ വീരകഥ ആസ്വദിച്ചു ലയിച്ചിരിക്കുമ്പോള്‍ വല്ല്യുമ്മാക്ക് അടുക്കളയില്‍ ചായയും പലഹാരവും ഉണ്ടാക്കാന്‍ ഇഷ്ടം പോലെ സമയം കിട്ടും. അതിഥികള്‍ ആദ്യമായി വന്നവരാണെങ്കില്‍ സംഭാഷണം ഒരു വധമായി തേന്നുകയേ ഇല്ല.
ആദ്യമൊക്കെ ആ വീരസ്യം കേള്‍ക്കുന്നത് ഞങ്ങള്‍ക്കൊരു ഹരമായിരുന്നു. പക്ഷേ പിന്നീട് അതു കേട്ടു കേട്ട് ഞങ്ങള്‍ക്കു മടുപ്പായി.
കാലം കടന്നു പോകവേ ഞങ്ങളൊക്കെ ഞങ്ങള്‍ക്കു മാത്രം മനസ്സിലാവുന്ന ഭാഷ സംസാരിക്കാന്‍ തുടങ്ങിയതോടെ വല്യുപ്പ ഞങ്ങളുടെ സംഭാഷണത്തില്‍ നിന്ന് അകന്നു നിന്നു.
ഡിമിനിഷിംഗ് മാര്‍ജിനല്‍ യൂട്ടിലിറ്റി തിയറിയും, വൈവയും, നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ടും ഒന്നും വല്ല്യുപ്പാക്ക് മനസ്സിലാക്കാനായില്ല. അല്ലങ്കില്‍ മനസ്സിലാക്കി കൊടുക്കാന്‍ ഞങ്ങള്‍ ആരും ശ്രമിച്ചതുമില്ല.
ഒറ്റപ്പെടുന്നുവെന്ന തോന്നലുണ്ടായപ്പോള്‍ ശ്രദ്ധ നേടിയെടുക്കാന്‍ വല്യുപ്പ അല്‍പ്പസ്വല്‍പ്പം വാശി കാണിക്കാന്‍ തുടങ്ങി. വീട്ടില്‍ വന്നു കയറുന്നവരേടെക്കെ കോളാമ്പിയുടെ കഥ പറയാന്‍ നാടകീയമായി അവസരമുണ്ടാക്കി. കോളാമ്പി തേച്ചു മിനുക്കിയതു ശരിയായില്ലന്നും പറഞ്ഞ് മുറ്റം അടിച്ചു വാരാന്‍ വരുന്ന മുണ്ടിയുമായി എന്നും വഴക്കിട്ടു പ്രായാധിക്യം പ്രകടമാക്കി.
കോലായിലെ വല്ല്യുപ്പാന്റെ ചാരുകസേരക്കടുത്തു വെച്ച കോളാമ്പിയില്‍ തുപ്പാനാരെങ്കിലും ചെന്നാല്‍ ചീത്ത പറഞ്ഞ് ഓടിക്കും.
വല്ല്യുപ്പ പുറത്തെവിടെയെങ്കിലും പോയി തിരിച്ചു വരുമ്പോള്‍ കോലായില്‍ ആ കോളാമ്പി കണ്ടില്ലങ്കില്‍ അന്നാര്‍ക്കും ഉറക്കമുണ്ടാവില്ല.
വല്ല്യുപ്പാന്റെ കാലു തട്ടി അബദ്ധത്താലെങ്ങാനും കോളാമ്പി തറയില്‍ വീണാല്‍
"ആരാ ഈ കോളാമ്പി നടക്കുന്ന വഴിയില്‍ വെച്ചത്?"
എന്നു ചോദിച്ചാവും ചീത്ത പറച്ചില് തുടങ്ങുക. എന്നാല്‍ ഞങ്ങളിലാരെങ്കിലുടേയും കാലു തട്ടിയിട്ടാണ് അതു താഴെ വീണതെങ്കില്‍ ചീത്ത പറച്ചില് ഇങ്ങനെയാവും
"ഇത്ര വലിയ ഒരു സാധനം വെട്ടത്തിലിരുന്നിട്ട് കണ്ടില്ലേ?,
കണ്ണു തുറന്നൊന്ന് കീഴെ നോക്കിയാലെന്താ?".
"പപ്പാ.."
മോളു ഇടക്കു കേറി ഒരു വിളി.
"വണ്‍ സെക്കന്റ്. വണ്‍ ക്വസ്റ്റ്യന്‍",
"വല്ല്യുപ്പ ഒരിക്കും മുറുക്കിയിരുന്നില്ല, മാത്രമല്ല മുറുക്കിയിരുന്നവരെയൊന്നും കോളാമ്പി ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നതുമില്ല. പിന്നെ എന്തിനാണത് എപ്പോഴും ചാരുകസേരക്കടുത്ത് സൂക്ഷിച്ചത് ?".
"ഇന്റലിജന്റ് ക്വസ്റ്റ്യന്‍!. ഭാര്യ മോള്‍ക്കൊരു സപ്പോര്‍ട്ടു കൊടുത്തു.
ഉത്തരം ഇതാണ് "ഹി ഹാസ് എ സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ റ്റു ബിഗിന് ഹിസ് സ്റ്റോറി, ആരെങ്കിലും കോളാമ്പിയെ കുറിച്ച് ചോദിക്കുകയോ, വെറുതെ ഒന്ന് നോക്കുകയോ ചെയ്താല്‍ ആ കഥ പറയാനുള്ള ഊര്‍ജം കിട്ടും. ആ ഊര്‍ജം കിട്ടാനാണ് കോളാമ്പി എപ്പോഴും ചാരുകസേരക്കടുത്ത് സൂക്ഷിച്ചത്".
"നൗ ക്ലിയര്‍?". ഞാന്‍ ചോദിച്ചു.
മോള് തലകുലുക്കി സമ്മതിച്ചു.
വല്ല്യുപ്പ അദ്ധ്വാനിച്ചു കൊണ്ടുവരാന്‍ അപ്രാപ്തനാവുകയും ഞങ്ങള്‍ സ്വന്തമായി അതിന് പ്രാപ്തരാവുകയും ചെയ്തപ്പോള്‍ ഞങ്ങളുടെ ശബ്ദത്തിന് വല്യുപ്പാന്റെ ശബ്ദത്തെക്കാള്‍ കനം കൂടി.
പിന്നെ പിന്നെ 'മുണ്ടി'യും കോളാമ്പി തേച്ചു മിനുക്കാതായി. കൂലി കൊടുക്കുന്നോരാരും അവളോട് അതേക്കുറിച്ച് ചോദിക്കാതെയുമായി. ക്ലാവു പിടിച്ച കോളാമ്പി എല്ലാരും വന്നു കയറുമ്പോള്‍ ആദ്യം കാണുന്ന ഒരശ്രീകരമായി കോലായില്‍ അനുഭവപ്പെട്ടു.
ഡിഗ്രി ഫൈനല്‍ ഇയറിന് ഫ്രന്‍സിനെ എല്ലാരെയും വീട്ടിലേക്കു ക്ഷണിച്ച് ഒരു ട്രീറ്റ് കൊടുത്ത ദിവസമാണ് ആ അശ്രീകരം ഞാന്‍ തട്ടിമ്പുറത്തെ മൂലയിലേക്കു വലിച്ചെറിഞ്ഞത്.
കോളാമ്പി കാണാതായപ്പോള്‍ വല്ല്യുപ്പ വല്ലാതെ വിഷമിച്ചിരുന്നു. അന്ന് വല്ല്യുപ്പ ഏല്ലാരോടും വഴക്കുണ്ടാക്കി. പിന്നെ അതു കാഴ്ചപ്പുറത്തു നിന്നും മറഞ്ഞപ്പോള്‍ വല്ല്യുപ്പയും കോളാമ്പിപുരാണം മറന്നിട്ടോ എന്തൊ പിന്നെ അധികം ആരോടും മിണ്ടാതായി. ആ മൗനത്തിനു ശേഷം പിന്നെ വല്ല്യുപ്പാന്റെ മരണം മാത്രമാണോര്‍മ്മ.
പിന്നെ ഇന്ന് തറവാട്ടിലെ തട്ടുമ്പുറം വൃത്തിയാക്കുമ്പോഴാണ് ഞാനതു വീണ്ടും കാണുന്നത്.
വല്ല്യുപ്പാനോട് ചെയ്ത തെറ്റിനു പ്രായശ്ചിത്തമായി ഞാനാ കോളാമ്പി നാന്നായി പോളീഷു ചെയതു. കോപ്പര്‍ പെയ്ന്റു കൊണ്ടു കലാപരമായി അലങ്കരിച്ച് ഡ്രൈ ഫ്ലവര്‍ നിറച്ച് എന്റെ പുതിയ വീടിന്റെ വിസിറ്റേര്‍സ് റൂമില്‍ വെച്ചു.
CHAP എന്നു ചുരുക്കി വിളിക്കുന്ന ചാലഞ്ച് ഹാന്‍ഡ്ഷേക്ക് ഓഥന്ഡിക്കേഷന് പ്രോട്ടോക്കാളിനെക്കുറിച്ചും സൈബര്‍ സ്പേസിനെ കുറിച്ചും മക്കള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍, അവര്‍ക്കൊപ്പമെത്താനാവാതെ ഞാന്‍ വിഷമിക്കുന്നു.
അപ്പോള്‍ അവസരത്തിലും അനവസരത്തിലും ഒരു കഥ പറയാന്‍ ഞാന്‍ നാടകീയമായി പഴുതുണ്ടാക്കുന്നു.
എനിക്കു സ്വന്തമായി പ്രത്യേകം വീരസ്യങ്ങളൊന്നും പറയാനില്ലാത്ത നാളില്‍ വീട്ടില്‍ വന്നു കയറുന്നവരേടെക്കെ വല്ല്യുപ്പാന്റെ കോളാമ്പിയുടെ പിന്നിലെ വീരകഥ ഇത്തിരി കൊഴുപ്പുകൂട്ടി ഞാന്‍ പറഞ്ഞു തുടങ്ങി.
കഥ പറയാനുള്ള കഴിവില്‍ എന്റെ അകത്തിത്തിരി അഹമുണ്ടെന്ന് എന്റെ ഭാര്യയും ഈയിടെ കുറ്റം പറയാന്‍ തുടങ്ങിയിട്ടുണ്ട്. എന്റെ ഈ കഥ പറച്ചില് മക്കള്‍ക്കു മടുപ്പുണ്ടാക്കുന്നുവെന്ന് അവരുടെ മുഖം കണ്ടാലറിയാം അധികം താമസിയാതെ ഈ ബ്രാസിന്റെ ഫ്ലവര്‍ വേസ് ഏതെങ്കിലും തട്ടിന് പുറത്തേക്കു പുതിയ തലമുറ വലിച്ചെറിയും. അതു വരെ ഞാനെന്റെ വീരസ്യം പറയല്‍ തുടരട്ടെ!.
http://tkkareem.blogspot.com/