Sunday, June 26, 2022

കാഴ്ചയ്ക്കുമപ്പുറം ജീവിതങ്ങള്‍ ചിലപ്പോള്‍ ഇങ്ങനെയൊക്കെ..

 


ടവകക്കാരുടെ സംശയവര്‍ത്തമാനങ്ങള്‍ക്കിടയിലൂടെ ജോസഫ്‌ അച്ചന്റെ മേടയുടെ പടി കയറി നിര്‍ത്താതെയുള്ള നടപ്പിന്റെ വേവലാതികള്‍ക്കിടയിലും നല്ലൊരു ഇടയനായി ബൈബിളിലെ വചനങ്ങള്‍ ഉരുവിട്ട്‌ പ്രാര്‍ത്ഥനയിലായിരുന്നു. കൈ വിരലുകള്‍ക്കിടയിലൂടെ കൊന്തമണികള്‍ താഴേക്ക്‌ ഊര്‍ന്നുകൊണ്ടിരുന്നു ഇപ്പോഴും ഒന്നുമറിയാത്ത മനസ്സോടെ ജോസഫ്‌ അച്ചനുമുന്നില്‍ സ്തുതി പറഞ്ഞു.


      പള്ളിമുറ്റം ഇടവകയായി. പലതരം ഒച്ചകള്‍ ആധിപിടിച്ച മനസ്സുകള്‍ മുകളില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന പള്ളിമണി നോക്കി മിണ്ടാതെ നിന്നു.

     ഏലിക്കുട്ടി കര്‍ത്താവിന്‌ മുന്നില്‍ മുട്ടുകാലില്‍ നിന്നു.ജപമാലയിലെ ഈശോയെ നെഞ്ചോട്‌ ചേര്‍ത്തു, മനഃമുരുകി പ്രാര്‍ത്ഥിച്ചു. ചങ്കിലെ മിടിപ്പ്‌ മുത്തുമാലയില്‍ മുട്ടികൊണ്ടിരുന്നു.

      "കര്‍ത്താവേ..ഇതെങ്ങാനം അച്ചായനറിഞ്ഞാ..പിന്നെ ചത്താ മതിയായിരുന്നു." പതം പറഞ്ഞ വാക്കുകള്‍ക്കുള്ളില്‍ ചങ്കില്‍ എരിഞ്ഞ വേവുണ്ടായിരുന്നു. കരച്ചിലിനും പ്രാര്‍ത്ഥനയ്ക്കുമിടയ്ക്ക്‌ കൈയൂങ്ങി നെഞ്ചിന്‌ ഒരിടി വച്ചു കൊടുത്തു ഏലിക്കുട്ടി. ആ നേരം അവള്‍ക്ക്‌ പിന്നിലെ ഫോണ്‍ വിളിച്ചു.

      "ഏലിയേ....ഇത്‌ ഞാനാടീ ..നിയെവിടാ ന്റെ.. പൊന്നേ..."

       അത്‌ ഫെര്‍ണ്ടാസായിരുന്നു. അയാളുടെ ശബ്ദം ദാഹിച്ചതു പോലെയെങ്കിലും വാക്കുകളില്‍ നിറയെ ഏലിക്കുട്ടിയോടുള്ള പ്രണയമായിരുന്നു.അവള്‍ ഫെര്‍ണ്ടാസിണ്റ്റെ സ്നേഹത്തിലേക്ക്‌ വിളികേട്ടു.

      "എന്നാ..ഏലിയേ..കേള്‍ക്കുന്നതൊക്കെ... ഏനി ഞാനെങ്ങനെ ആലിസിന്റെ മുഖത്ത്‌ നോക്കും നീ പറ." ഒറ്റപ്പെടുത്തിയ വാക്കുകളായിരുന്നു ഏലിക്കുട്ടിയെ പൊള്ളിച്ചത്‌. ആ തകര്‍ച്ചയില്‍ അവളുടെ ജീവിതവും സ്വപ്നങ്ങളുമുണ്ടായിരുന്നു.

        "ഒക്കെ തകര്‍ത്തിട്ട്‌ ഒരു പുണ്യാളന്‍ , എന്നാത്തിനായിരുന്നു ..ചതിയനാ നിങ്ങള്‌..വിശ്വസിക്കാന്‍ കൊള്ളരുതാത്തോന്‍.ഇനി ഞാനെങ്ങനെ ന്റെ പിള്ളേരടപ്പനുമായി എടവകയിലൂടെ നടക്കുമെന്റെശോയേ...."

         പിന്നിട്‌ ഏലിക്കുട്ടിയുടെ ശബ്ദം കരച്ചിലായിരുന്നു. ഭര്‍ത്താവ്‌ ശവപ്പെട്ടി കച്ചവടക്കാരന്‍ ഒരു ചാക്കോയും രണ്ടും,മൂന്നും വയസ്സ്‌ പ്രായമുള്ള മക്കളുമൊത്തൊരു ജീവിതമായിരുന്നു ഏലിക്കുട്ടിയുടേത്‌. ഇടയ്ക്‌ അവളുടെ ഏകാന്തതയെ സമ്പന്നമാക്കി ഫെര്‍ണാണ്ടസും.ആ ജീവിതങ്ങളുടെ സമാധാനങ്ങളിലേക്കാണ്‌ ഫെര്‍ണാണ്ടസ്‌ ഫോണ്‍ കോളായെത്തിയത്‌.കേട്ടത്‌ പലവീടുകളിലേയും ഒതുക്കി പിടിച്ച മനസ്സുകളായി.ഫോണിലെ സംസാരങ്ങള്‍ക്ക്‌ പിന്നില്‍ സംശയത്തിന്റെ നോട്ടങ്ങള്‍ .

        വര്‍ത്തമാനത്തിന്റെ വാതയാനം തുറന്ന പൌലോസിനെ ചുറ്റിപ്പിടിച്ചത്‌ മുഖങ്ങളായിരുന്നു. എത്രയെന്നും ആരെന്നും തിരിച്ചറിയാന്‍ കഴിയാത്ത വേവലാതിയ്ക്കുള്ളില്‍ പൌലോസ്‌ മുറിയ്ക്കുള്ളില്‍ ചുറ്റി നടന്നു, കരങ്ങളുയര്‍ത്തി ഉടയവനെ വിളിച്ചു. വിശുദ്ധവസ്ത്രമണിഞ്ഞ്‌ പറന്നിറങ്ങുന്ന മാലഖമാരുടെ കാഴ്ച പൌലോസിന്‌ നഷ്ടം വരുന്നതായി തോന്നിച്ചു.

പഴയ ജീവിതം ഉപേക്ഷിച്ച്‌ ആത്മിയതയില്‍ മനസ്സ്‌ തറച്ച്‌ ബാക്കി ജീവിതം കാരുണ്യമാക്കി പകരുകയായിരുന്നു പൌലോസ്‌. അല്‍പം മനഃശാന്തി തേടി പൌലോസ്‌ മത്തായി സുവിശേഷം പത്താം അദ്ധ്യായം തുറന്നു.

       " മനുഷ്യരുടെ മുന്നില്‍ എന്നെ ഏറ്റു പറയുന്ന ഏവനേയും സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്‌ മുന്നില്‍ ഞാനും ഏറ്റു പറയും. എന്നെ തള്ളി പറയുന്നവനയോ..എന്റെ പിതാവിന്‌ മുന്നില്‍ ഞാനും തള്ളി പറയും." സുവിശേഷ വരികള്‍ക്കിടയിലൂടെ പൌലോസ്‌ ഒറ്റപ്പെട്ട്‌ നടന്നു.

       നഗരത്തില്‍ ഇണ്റ്റര്‍നെറ്റ്‌ കഫേ നടത്തിരുന്ന സുമുഖനായ ചെറുപ്പക്കരനായിരുന്നു പൌലോസ്‌. നീണ്ട്‌,മെലിഞ്ഞ്‌ മനോഹര കൈവിരലുകളുള്ള പെണ്‍കുട്ടികളുടെ സൌന്ദര്യം അയാളുടെ കണ്ണുകള്‍ കുടിച്ചു. തുടര്‍ന്ന്‌ പൌലോസിന്റെ രാവുകള്‍ക്ക്‌ ഓരോ സുന്ദരികളുടെ പേരുകളായിരുന്നു.ഇടയ്ക്‌ എപ്പോഴോ അയാളുടെ മനസ്സ്‌ പ്രാര്‍ത്ഥനയുടെ നേരുകളിലേക്ക്‌ മുട്ടുകുത്തി. അങ്ങനെ, കഫേ പൂട്ടി വെള്ളവസ്ത്രം ധരിച്ച്‌ ഇടവകയില്‍ പ്രബോധനം പഠിപ്പിച്ചു.

      അവിടേക്ക്‌, അന്നയും,സൂസിയും,ക്ളാരയുമെത്തിയത്‌ പൌലോസിനെ തേടിയായിരുന്നു. അവര്‍ ചങ്കെരിഞ്ഞ്‌ പൌലോസിനോട്‌ പറഞ്ഞു. "ഞങ്ങടെ ജീവിതം തുടങ്ങീട്ടെ ഒള്ളായിരുന്നു, ആ സ്നേഹമായിരുന്നു,സന്തോഷമായിരുന്നു പൌലോസേ ..നിങ്ങള്‍ തട്ടിയെറിഞ്ഞെ...."ശ്വാസം കുടുങ്ങി നിന്നു പോയ സൂസി ഭര്‍ത്താവിനെക്കുറിച്ച്‌ ഓര്‍ത്തു പോയി.കോര, ബാങ്ക്‌ ഉദ്യോഗസ്ഥനും സുന്ദരനും സല്‍ സ്വഭാവിയുമായിരുന്നു.അയാള്‍ പാലില്‍ നാട്ടു വൈദ്യം ചേര്‍ത്തു കുടിച്ച്‌ രാത്രിയിലെ ശ്വാസതടസ്സവും കിതപ്പും നിയന്ത്രിച്ചിരുന്നു.ഭര്‍ത്താവിന്റെ വരവിലേക്ക്‌ ഒരു ചിരിയുമായി കാത്തുനിന്ന സൂസി ഒരു പിടച്ചിലോടെയാണ്‌ ആ വാര്‍ത്തയിലേക്ക്‌ വീണത്‌.പിന്നെ തുടരെ ഫോണ്‍ കറക്കിക്കറക്കി അന്നയേയും സൂസിയേയും ഒപ്പം കൂട്ടി.പൌലോസിന്റെ കഫേയിലെ കണ്ടുമുട്ടലാകണം അവരെ സുഹൃത്തുക്കളാക്കി തീര്‍ത്തത്‌.സൂസിയുടെ നെഞ്ചിടിപ്പിനേക്കാള്‍ ശക്തമായിരുന്നു അന്നയുടെ വാക്കുകള്‍. "ഇറക്കി വിട്ടാ മറ്റെവിടെയും പോകാതെ ഞാനിങ്ങട്‌ വരും അതുറപ്പാ..എന്റെ ഈ വിരലുകളില്‍ നിങ്ങള്‍ മുത്തം വയ്ക്കുമായിരുന്നില്ലേ..കൊതിയോടെ നാവില്‍ വയ്ക്കാറില്ലായിരുന്ന്വോ...ഇനി ഞാനിവിടില്ലേ..എപ്പോഴും എവിടെവേണേലും."ക്ളാര കരയുക മാത്രം ചെയ്തു.ഭര്‍ത്താവ്‌ സോളമന്‍ മരിച്ച ഓര്‍മ്മ ദിനത്തിലെ പ്രാര്‍ത്ഥനയുടെ കണ്ണീര്‌ അവളുടെ തൊണ്ടയില്‍ പിടഞ്ഞ്‌ കിടന്നു.

   പള്ളിമണിയ്ക്‌ കീഴെ ജനങ്ങള്‍ നിറഞ്ഞുകൊണ്ടിരുന്നു..പലകത്തട്ടില്‍ പ്രാവുകള്‍ കുറുകി. അച്ചന്‍ കുരിശ്‌ വരച്ചു. മനസ്സ്‌ നൊന്ത്‌ കര്‍ത്താവിനെ വിളിച്ചു. ഒന്നുമറിയാത്തവരെപ്പോലെ ക്രൂശിച്ച്‌ കുരിശില്‍ തറച്ച ക്രിസ്തുവിന്റെ മുഖം അച്ചനു മുന്നില്‍ നിറഞ്ഞു.

     "എന്റെ കുരിശുമേല്‍ കര്‍ത്താവേ..ഇതെന്നാ മറിമായം.എന്റെ തടിപ്പണി ജീവിതത്തീ ഇതാദ്യാച്ചോ..." തടിപ്പണിക്കാരന്‍ ചാണ്ടിമാപ്പിളയുടെ പേടി, പിന്നെ മൌനമായിരുന്നു.

      പള്ളിമുറ്റത്ത്‌ ആളുകള്‍ കൂട്ടം കൂടി ആലോചനയിലാണ്ടു. അവരുടെയെല്ലാം തീരുമാനങ്ങളില്‍ ഭിന്നിപ്പില്ലാത്ത സ്വരത്തിന്റെ ശക്തിയുണ്ടായിരുന്നു.അവര്‍ ഊഹിച്ചു.ചിലര്‍ വാതുപറഞ്ഞു വാശിപിടിച്ചു.

    "ഈ പറയുവാന്ന്‌ വച്ചാ..അതിപ്പേ്പ്പാ എങ്ങനാന്റെ.. കറിയാച്ചോ... എന്നാ.അറിഞ്ഞിട്ടാ നിങ്ങളീ ചോയിക്കണെ അങ്ങനെ പറയാന്‍ തക്ക അടുക്കും. ക്രമവുമൊന്നുമില്ലന്നേ.. നമ്മടെ ആ കോശി മാപ്പിളല്ലെ..അങ്ങരെടെ സംഭവം കഴിഞ്ഞിട്ടിപ്പോ ആറേഴ്‌ കൊല്ലത്തീ മേലയായില്ലിയോ..എന്നാ വടക്കെ തറയിലെ വര്‍ഗ്ഗീസിണ്റ്റെ കാര്യോ, അത്‌ കഴിഞ്ഞിട്ടിപ്പോ കൊല്ലം ഒന്നല്ലെ ആയുള്ളൂ.. എന്നിട്ടിപ്പോ ഇത്‌ രണ്ടും മുന്‍പും പുറകുമല്ലായിരുന്നോ പറച്ചില്‌. പേര്‌ വിളിച്ച്‌ തുടങ്ങിയാപിന്നെ വീട്ടു പേരും അപ്പന്റെ പേരുമൊക്കെ ഉണ്ടെന്നാ കേക്കണെ..കര്‍ത്താവേ..ഇങ്ങനെ പോയാ..തമ്മീ കൊല്ലാനും മരിക്കാനുമല്ലേ നേരള്ളൂ. "

     ആ പ്രശ്നങ്ങളുടെ നടുവിലേക്കാണ്‌ ജ്വല്ലറിയുടെ മതിലു തുരന്ന്‌ ഉള്ളം കണ്ട പത്രോസിനേയും രാത്രിയ്കൊപ്പം അതിര്‌ തന്റെതാക്കിയ ലോനപ്പന്റെയും കൈക്കുള്ള വിലങ്ങുമായി ഒരു പോലീസ്‌ വാന്‍ ഇടവകയിലേക്ക്‌ എത്തിചേര്‍ന്നത്‌.ലോനപ്പനും പത്രോസും പണ്ടെ അച്ചനു മുന്നില്‍ മുട്ടുകുത്തി സമാധാനവും സമ്പാദ്യങ്ങളുമായി ഇടവകയിലെ പ്രമാണിമാരായി തീര്‍ന്നിരുന്നു. ഇന്ന്‌ നഷ്ടം വന്ന സമാധാനം ചേര്‍ത്തു പിടിച്ചവര്‍ അച്ചന്റെമേടയ്ക്ക്‌ കീഴെ കാത്തിരുന്നു.

          ഇടവകയിലെ വര്‍ത്തമാനങ്ങളില്‍ നിന്നും കുറച്ച്‌ മാറി കടലിലേക്കാഴ്ന്നിറങ്ങി പോകുന്ന മാത്രകയില്‍ പണികഴിപ്പിച്ച ഒരു മുന്തിയ ഹോട്ടലിലെ ബാറിലെ ഇത്തിരി വെളിച്ചത്തിന്‌ കീഴെയിരുന്ന്‌ ജോണ്‍ വര്‍ഗ്ഗീസപ്പോള്‍ ബ്ളൂലേബല്‍ വിസ്കി വെള്ളം പകരാതെ അകത്തേക്കൊഴുക്കി. തൊണ്ടക്കുഴി കത്തി ഒരാളല്‍. ഉള്ളിലെ അണയാത്ത കനലുകളൊക്കയും വീണ്ടും തീയാക്കി മാറ്റുകയായിരുന്നു ജോണ്‍. ഓര്‍മ്മകളുടെ കുഴയലില്‍ ഗ്ളാസിന്റെ വക്കിലേക്ക്‌ കുപ്പി ഒരിക്കലൂടെ മുട്ടിച്ചു ജോണ്‍. ആ നേരം മേശയുമേലെ സെല്‍ഫോണില്‍ വന്നെത്തിയത്‌ ഗ്ളാഡിസ്സായിരുന്നു. -"എന്റെ പ്രിയപ്പെട്ടവളെ " ജോണ്‍ പുന്നാരത്തോടെ ഫോണ്‍ കൈയിലെടുത്തു മുത്തം നല്‍കി. നെഞ്ചോട്‌ ചേര്‍ത്തു. " നിന്നെയോര്‍ത്തോര്‍ത്ത്‌ ദാ..ഞാനിവിടെ തനിച്ച്‌,ഹൊ,വല്ലാതെ ബോറാകുന്നു.നീ എന്റെ കൊതി തീരാത്ത നീര്‍മതളമല്ലെ.. " ഫോണിലൂടെ അവളുടെ ഹൃദയത്തിലേക്ക്‌ ഇറങ്ങി പോകവെ ജോണിനെ കുറുകെ ഗ്ളാഡിസ്‌ പറഞ്ഞു. -" ജോണ്‍.. പ്ളീസ്‌, നിനക്കൊന്നു വരാമോ വേഗം" ഒരാഴ്ചയായപ്പോഴെക്കും നിനക്കവനെ മടുത്തുവോ..ജീവിതമായാല്‍ ഇങ്ങനെ ആസ്വദിച്ചു ആസ്വദിച്ച്‌ ഒരു ദിനം പടേന്നങ്ങ്‌..ഹെണ്റ്റെ കര്‍ത്താവേ... ആര്‍ത്തി പിടിച്ച ഒരു വേട്ട മൃഗത്തെപ്പോലെ ചിന്തകള്‍ അയാള്‍ക്കുള്ളില്‍ തിളച്ചു. ജോണ്‍ പാര്‍ക്കിലെത്തി, കാറിന്റെ ഡോറ്‍ വലിച്ചെറിഞ്ഞ്‌ അവളിലേക്ക്‌ വന്നു. "വരു..നമുക്കേതേലും ഹോട്ടലിന്റെ തണുപ്പിലേക്ക്‌ പോയിരിന്നലോ. " - "വേണ്ട.ജോണ്‍, എന്റെയീ അവസ്ഥയില്‍ നിന്ന്‌ നിനക്കെന്നെയൊന്ന്‌ സഹായിക്കമോ... ഗ്ളാഡിസിന്റെ വാക്കുകളില്‍ കുതിര്‍ന്ന നനവില്‍ തൊട്ട്‌ ജോണ്‍ ചോദിച്ചു. ജോണിന്‌ മറുപടിയായി മനസ്സില്‍ കരുതി വച്ച വാക്കുകള്‍ ഹൃദയത്തിന്‌ മേല്‍ തിളയ്ക്കുന്ന വേവലാതിയുടെ അസ്വസ്തത അവള്‍ക്കുള്ളില്‍ വിതുമ്പലായി. ജോണ്‍ അവളുടെ ചുണ്ടുകളില്‍ നോക്കി കാത്തിരുന്നു. അവള്‍ കരച്ചിലില്‍ കുതിര്‍ന്ന വര്‍ത്തമാനം ജോണിന്റെ കാതുകളിലേക്ക്‌ ഇട്ടു കൊടുത്തു. "ജോണ്‍ നീയെന്നെ കുറ്റപ്പെടുത്തരുത്‌, അലക്സിയുടെ മിന്ന്‌ കഴുത്തിലണിയും മുന്‍പേ എന്റെ ഹൃദയം ശുദ്ധമാക്കണമെന്ന്‌ ഞാനാഗ്രഹിച്ചു നീയും ഞാനുമുള്‍പ്പെട്ടെ എല്ലാം. ഒന്നും മറച്ചില്ല ഞാന്‍, പക്ഷെ അന്ന്‌ ഞാന്‍ ഏറ്റു പറഞ്ഞതൊക്കെ ഒരു പകല്‍ പോലെ ഇടവകക്കാര്‍ക്ക്‌ മുന്നില്‍ വെളിപ്പെടാന്‍ പോണൂന്ന്‌ കേള്‍ക്കുമ്പോ. എനിക്കു വയ്യ..ജോണെ." ഉള്ളിലെ വീര്യമത്രയും കത്തിതീര്‍ന്ന വെളിപ്പാടില്‍ ജോണ്‍ കേട്ടിരുന്നു. കുമ്പസരിച്ച്‌, തലതൊട്ട്‌ പരിശുദ്ധയാക്കപ്പെട്ടിപ്പോ.പറഞ്ഞതെക്കയും ഒരു വെളിപാടു പോലെ, കുമ്പസാരകൂട്‌ സംസാരിക്കുന്നത്രേ. വിശ്വസിക്കില്ല ജോണേ..കാണാണ്ട്‌ ആരുമത്‌ വിശ്വസിക്കില്ല. " കേട്ടതൊന്നും മനസ്സിലാകാത്തവനെ പോലെ ജോണ്‍ തലകുമ്പിട്ടിരുന്നു.നട്ടെല്ലില്‍ നിന്നും ഭയത്തിന്റെ നാവ്‌ മേലെക്ക്‌ കടന്ന്‌ അവന്റെ ഹൃദയത്തില്‍ തൊട്ടു. അവിടെ തെളിഞ്ഞ കുമ്പസാരകൂടിന്റെ വശങ്ങളില്‍ പാപത്തിന്റെ പടം പൊഴിയ്ക്കുന്ന കുറെ ജീവിതങ്ങളും. തെറ്റുകളൊഴിഞ്ഞ്‌ വിശുദ്ധിയുടെ കുരിശ്‌ നെറുകയില്‍ തൊടുവിച്ച വിശ്വാസങ്ങള്‍ക്ക്‌ മേലെ വര്‍ത്തമാനം പടര്‍ന്നു കൊണ്ടിരുന്നു.പലരും ഉള്ളില്‍ പരിശോധകരായി. കണ്ടിറങ്ങിയവരുടെ മനസ്സില്‍ നിറയെ സത്യത്തിന്റയുംെ തകര്‍ന്ന ഹൃദയനോവിന്റെയും നനവുണ്ടായിരുന്നു.ബാക്കിയായവര്‍ ആ കണ്ണുകളിലേയ്ക്ക്‌ മിണ്ടാതെ നിന്നു. രാത്രി. ഇടവകമുറ്റം. ജനങ്ങള്‍. നിലവാവിന്‌ കീഴെ അവര്‍ ഉറങ്ങാതെ കാത്തിരുന്നു.ഉള്ളം നിറയെ പകയുമായി. അവര്‍ക്കിടയില്‍ മൂകസാക്ഷിയായി വികാരിയച്ചന്‍.മിഴികളില്‍ ആകാശവും മനസ്സുനിറച്ച്‌ പ്രാര്‍ത്ഥനയുമായി നിന്നു. ഒറ്റ ദിവസം കൊണ്ട്‌ അന്യമാക്കപ്പെട്ട ജീവിതങ്ങള്‍ക്ക്‌ മേലെ നിലവിളിയുയര്‍ന്നു. പിതൃത്വം ചോദ്യം ചെയ്യപ്പെട്ട മക്കളെ ചേര്‍ത്തു കേഴുന്നവര്‍. താലിയ്ക്‌ മേലെ മറ്റൊരു പുരുഷന്റെ മുഖം ചേര്‍ത്തവര്‍.ചോരകറയുടെ സത്യം കഴുകിയൊഴിഞ്ഞവര്‍. അങ്ങനെയങ്ങനെ ജാലകക്കൂടിലേക്ക്‌ മനസ്സ്‌ ചേര്‍ത്ത വിചാരങ്ങളെല്ലാം കര്‍ത്താവിന്‌ മുന്നില്‍ വച്ചവര്‍ മുട്ടുകുത്തി. 

മനസ്സുകളുടെ ആഴങ്ങളിലെക്ക്‌ മഴ തിമര്‍ത്തു.ആ രാത്രിയ്ക്കുമപ്പുറം ഒരു പകലുണ്ടായി. വീണ്ടും രാത്രികളും പകലുകളുമുണ്ടായിക്കൊണ്ടേയിരുന്നു. മരണത്തിന്റെ വിളര്‍ച്ചകളില്‍ മഴ പതിയിരുന്നു. മഴയൊഴിഞ്ഞ പകല്‍.വെയില്‍ നരച്ചു.കാറ്റില്‍ ജീവന്റെ ഒച്ചയക്കം.അടക്കിയ കരച്ചില്‍.ഭയം തിരയുന്ന കണ്ണുകള്‍ ചിതറിപ്പോയ ജീവിതങ്ങള്‍ക്ക്‌ സാക്ഷ്യം നിന്നു. കാഴ്ചയുടെ ദിക്ക്‌ അവസാനിക്കുന്നിടത്ത്‌, മണ്ണിലേക്ക്‌ ആഴ്‌ന്നു പോയ ഒരു കുമ്പസാരകൂട്‌. സത്യങ്ങള്‍ പെയ്‌തൊഴിഞ്ഞ കൂടിന്‌ കീഴെ മരണം വലിച്ച്‌ കൊണ്ടുപോയ ഒരു ജീവിതം.ആയുസിണ്റ്റെ ഒടുക്കത്തെ പിടച്ചിലെപ്പോഴോ ഹൃദയത്തിലേക്ക്‌ ചേര്‍ത്തു വച്ച ആ കൈയ്ക്കുള്ളില്‍ പൊട്ടിപ്പോയ ജപമലയില്‍ കുടുങ്ങി കര്‍ത്താവ്‌. ബാക്കി കൊന്തമണികള്‍ കുമ്പസാരകൂടിന്റെ ജാലകപഴുതിലൂടെ ഒന്നൊന്നായി ഊര്‍ന്ന്‌ അയാളുടെ നെറുകയിലേക്ക്‌ അങ്ങനെയങ്ങനെ...


No comments: