Monday, June 2, 2008

ഓര്‍മ്മയുടെ താക്കോലുകള്‍-ഒരു സ്ത്രീ

ഓര്‍മ്മയുടെ താക്കോലുകള്‍
ഒരു സ്ത്രീ

ജൂണ്‍ ഒന്ന്‌,ഞായറാഴ്ച;
സമയം വൈകീട്ട്‌ അഞ്ചര.

രാഘവന്‍,അടുത്തദിവസം നടക്കാനുള്ള പഞ്ചായത്ത്‌ മീറ്റിങ്ങിലേക്കുള്ള അജണ്ട തയ്യാറാക്കുന്ന തിരക്കിലായിരുന്നു;മുറ്റത്ത്‌ ചില കുട്ടികള്‍ കളിക്കുന്നതൊഴിച്ചാല്‍ മറ്റാരുമുണ്ടായിരുന്നില്ല വീട്ടില്‍.

അയാള്‍ തണ്റ്റെ ജോലിയില്‍ പൂര്‍ണ്ണമായും മുഴുകി

ഇടക്കെപ്പൊഴോ ആലോചനയിലാണ്ട്‌ ശിരസ്സുയര്‍ത്തിയപ്പോള്‍ ഫോണ്‍ ശബ്ദിക്കുന്നുണ്ടോയെന്ന്‌ അയാള്‍ക്ക്‌ സംശയം തോന്നി….
ശരിയാണ്‌;വീട്ടിലെ ഫോണ്‍ അകത്ത്‌ നിന്നും നിറുത്താതെ കലപില കൂട്ടികൊണ്ടിരിക്കുന്നു.

അയാള്‍ ഫോണ്‍ എടുത്തു :”ഹലോ;രാഘവനാണ്‌,ആരാ… “
“ആ ബീനയെ ഒന്നു വിളിക്ക്യോ… “,അങ്ങേതലയ്ക്കല്‍ ഒരു സ്ത്രീ ശബ്ദം
”ഒന്ന്‌ വെയ്റ്റ്‌ ചെയ്യൂട്ടോ;ഇപ്പൊ വിളിക്കാം”
അയാള്‍ ഫോണ്‍ കട്ട്‌ ചെയ്യാതെ ഉമ്മറത്ത്‌ വന്ന്‌ ബീനയെ വിളിച്ചു:
“ബീനേ…ബീനെ…ബീനയ്ക്ക്‌ ഫോണ്‍..”, എന്നിട്ട്‌ അയാള്‍ തണ്റ്റെ പണി തുടര്‍ന്നു.

ബീന ഓടിവരുന്നതും അകത്തേക്ക്‌ കയറുന്നതും അയാള്‍ കണ്ടു
ഒരു മിനിറ്റ്‌ തികച്ച്‌ കഴിയും മുമ്പെ ബീന ഇറങ്ങി ഓടുന്നു,വാവിട്ട്‌ നിലവിളിച്ചുകൊണ്ട്‌…..
“ബീനെ..എന്തുപറ്റി.. ?!”,ഇരുന്നിടത്തുനിന്ന്‌ എഴുനേല്‍ക്കാതെ തന്നെ രാഘവന്‍ ചോദിച്ചു
പക്ഷെ ഉച്ചത്തിലുള്ള നിലവിളി മാത്രമായിരുന്നു മറുപടി….

അല്‍പ്പനേരം ചിന്തിച്ചിരുന്ന്‌ അയാള്‍ എഴുന്നേറ്റ്‌ മുറ്റത്തേക്കിറങ്ങി;അപ്പോഴേക്കും അവിടെ ആള്‍ക്കാര്‍ കൂടാന്‍ തുടങ്ങിയിരുന്നു

ചിലര്‍ ബീനയുടെ വീട്ടിലേക്ക്‌ ഓടുന്നു
മറ്റുചിലര്‍ രാഘവണ്റ്റെ വീട്ടിലേക്കും അയാളേയും മാറിമാറി നോക്കുന്നു
അവരുടെ കണ്ണുകളിലെ സംശയത്തിണ്റ്റെ ആഴം കണ്ടപ്പോള്‍,രാഘവണ്റ്റെ ഉള്ളൊന്ന്‌ പിടഞ്ഞു… ?

അയാള്‍ പടിക്കലേക്ക്‌ കയറിചെന്നു….

“തങ്കേട്ത്ത്യേ….ബീനയ്കെന്താ പറ്റ്യേ…. “,അയാള്‍ ബീനയുടെ അമ്മായിയമ്മയോട്‌ ഉറക്കെ വിളിച്ചുചോദിച്ചു
“അത്‌…ബീനടെ ചേച്ചീടെ കുട്ടി മരിച്ചു.. “,അവര്‍ തുടര്‍ന്നു
“വിളിച്ച്‌ പറഞ്ഞ ആള്‍ക്കാര്‍ നന്ന്‌…ഇങ്ങനത്തെ ആള്‍ക്കാരോടൊക്കെ ഇത്തരം കാര്യങ്ങള്‍ പറയാന്‍ പാട്ണ്ടാ…എന്തേങ്കിലും കേള്‍ക്കുമ്പളക്കും ബോധമ്പോണ പാര്‍ട്ട്യാളാ… “

അതെന്തായാലും രാഘവന്‍ തിരിച്ചു പോന്നു;ആശ്വാസത്തോടെ…

അവിടെ നിലവിളി അലമുറയായിട്ടുണ്ടായിരുന്നു….
ബീനയും കുട്ടികളും എല്ലാവരും കരച്ചിലോട്‌ കരച്ചില്‍;പോരാത്തതിന്‌ നാട്ടുകാരുടെ വിശദവിസ്ഥാരങ്ങളും…
ചിലര്‍ ഫോണ്‍ വിളിക്കാന്‍ ഓടുന്നു….
മറ്റുചിലര്‍ വണ്ടി വിളിക്കാന്‍ ഓടുന്നു…
വേറേ ചിലര്‍ ബീനയുടെ ഭര്‍ത്താവിനെ വിളിക്കാന്‍ ഓടുന്നു…
ആകെ ബഹളമയം…..

ഇതിനിടയില്‍ കുമരനെല്ലൂര്‍ക്ക്‌ പോകാനുള്ള തയ്യാറെടുപ്പോടെ അണിഞ്ഞൊരുങ്ങി ബീന,വീണ്ടും രാഘവണ്റ്റെ വീട്ടിലെത്തി

“ഏട്ത്ത്യമ്മാ…ആ നീട്ടിചെയിനൊന്നു തരോ …. “

ബീന രാഘവണ്റ്റെ ഏട്ത്തിയുടെ മാലയും വാങ്ങി തിരിച്ചു നടന്നു
അപ്പോഴും ബീനയുടെ മുഖം കര്‍ക്കിടകമാനം പോലെ ഘനീഭവിച്ചിരുന്നു

കര്‍ക്കിടകത്തിലെ പേമാരി ഇന്ന്‌ മരണവീട്ടില്‍ പെയ്ത്ത്‌ തുടങ്ങും എന്ന്‌ ചിന്തിച്ച്‌,
രാഘവന്‍ തണ്റ്റെ ജോലിപോലും മറന്ന്‌ തരിച്ചിരുന്നു… ?!!!

1 comment:

മുസാഫിര്‍ said...

എഴുത്ത് നന്നായിരിക്കുന്നു.അവസാനം ഒന്നു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ നന്നായേനേ എന്നു തോന്നി.