ഡാ രതീഷേ വെറുതെ ഇരുന്നു ബോര് അടിക്കുന്നു എന്താ ചെയ്യുക, നമ്മക്ക് ഞണ്ട് പിടിക്കാന്‍ പോയാലോ? പക്ഷെ അതിനു അമ്പു വില്ലും ഇല്ലല്ലോ? അതൊക്കെ നമ്മക്ക് സംഘടിപ്പിക്കാം, നിന്റെ പക്കല്‍ പഴയ കൊട ഉണ്ടോടാ...... പിന്നെ ഒട്ടും താമസിച്ചില്ല, ആദ്യം പഴയ ഒരു കൊട സംഘടിപ്പിച്ചു. അതിന്റെ ഇല്ലി (കമ്പി) എടുത്തു ഒരു വശം കല്ലിലുരച്ചു മുനയുള്ള അമ്പ് ഉണ്ടാക്കി. പിന്നെ ഒരു ചെറിയ ജാതി (തേക്ക്) കൊമ്പ് കൊത്തിയെടുത്ത് വില്ലും ഉണ്ടാക്കി. നമ്മള് കൈപ്പാട് (കൃഷി ചെയ്യുന്ന ചതുപ്പു നിലം) ലക്ഷ്യമാക്കി നടന്നു. പോകുന്ന വഴിക്കു ഒരു പ്ലാസ്റ്റിക് സഞ്ചി എടുത്തു അരക്കിറുക്കി (അരയില്‍ ഇറുക്കി, അല്ലാതെ അരകിറുക്കൊന്നുമില്ല). വീട്ടില്‍ നിന്നും വെള്ളം കോരാന്‍ വന്ന നാരായണി വലിയമ്മ (ഞണ്ട് പിടുത്തത്തില്‍ നമ്മുടെ ഗുരുക്കളായ രാജു മാഷിന്റെ അമ്മ) പറഞ്ഞു "എടാ നമ്മക്കും രണ്ടു ഞണ്ടിനെ തരണേ..." ഏറ്റെന്നു പറഞ്ഞു യാത്ര തുടന്നു.ഇന്നു ഞണ്ട് കിട്ടിയില്ലെങ്കില്‍ ആകെ ചമ്മും, വലിയ വീരവാദമൊക്കെ ഇളക്കി വരുന്നതാണെന്ന് എന്ന് ഞാന്‍ കൂട്ടുകാരോട് പറഞ്ഞു, അതുകൊണ്ട് ഞണ്ടു പിടിച്ചേ പറ്റൂ..... അപ്പൊ നമ്മുടെ സംഘത്തിലുള്ള കൂട്ടുകാരെ പരിചയപ്പെടേണ്ടെ. മമ്മൂട്ടി (രതീഷ് ), ഞണ്ട് പിടുത്തത്തില്‍ ഡോക്ട്രറേറ്റ് എടുത്തവനാ അവന്. ആയുധം ഒന്നും ഇല്ലെങ്കിലും ഇവന് വെറും കൈകൊണ്ട് ഞണ്ട് പിടിക്കും, അത്ര വിദഗ്ധനാണവന്‍. അപ്പാച്ചി (രജീഷ്) ഉന്നത്തിന്റെ (നോട്ടം) ആശാനാണ്. പണ്ടൊരിക്കല്‍ ഞണ്ടൊന്നും കിട്ടാതെ വന്നപ്പോള്‍ അമ്പു എയ്തു ചൂട്ടാച്ചിയെ(കണ്ടലുകളുടെ ഇടയില്‍ ധാരളം കാണാം ഈ മത്യത്തെ) പിടിച്ചവനാണവന്‍. ഡപ്പി (പ്രവീണ്‍), പൊടീഷ് (പ്രജി), ഉപ്പായി(സതീശ്) പിന്നെ ഞാനും. ഞങ്ങളുടെ നാട്ടില്‍ എല്ലാവര്ക്കും ഇക്കിട്ടപ്പേരുണ്ട് (കുറ്റപ്പേര്).


അത് പഴയ കഥ, ഇപ്പൊ ഞാന്‍ കൈകൊണ്ട് തന്നെ ഞണ്ടിന്റെ കാല് പൊട്ടിച്ചു ഹീറോ ആയി.

പെട്ടെന്ന് ഉപ്പായി വെള്ളത്തില്‍ പൊക്കിള കണ്ടിട്ട് ഉച്ചത്തില്‍ പറഞ്ഞു, വാടാ വാടാ അവിടെ ഞണ്ട് ഉണ്ട് എന്നാണു തോന്നുന്നത്. അപ്പാച്ചി വെള്ളത്തില്‍ ഇറങ്ങി അങ്ങോട്ട് പോയതും "അയ്യോ" എന്ന് പറഞ്ഞു ചുമരിലെറിഞ്ഞ റബ്ബര്‍ പന്തു പോലെ ഇരട്ടി സ്പീഡില്‍ തിരിച്ചു വന്നു പറഞ്ഞു. "അത് പാമ്പ് ആടാ". കേട്ട പാതി കേള്‍ക്കാത്തപാതി എല്ലാവരും ഓടി. ഈ അക്കിടി പലപ്പോഴും എനിക്കും പറ്റിയിട്ടുണ്ട്, പാമ്പും ഞണ്ടിനെ പോലെ തന്നെ പൊക്കിള ഉണ്ടാക്കും. എല്ലാവരും പല വഴിക്കായി നടന്നു, ഇടക്കൊക്കെ ദൂരെ മറ്റുള്ളവരുടെ ഒച്ചപ്പാട് കേള്‍ക്കുന്നുണ്ടായിരുന്നു. ഓരോ ഞണ്ടിനെ കിട്ടുമ്പോഴും പൊടീഷിനാവേശം കൂടി. ഇരുട്ടു ആകാറായപ്പോഴേക്കും എല്ലാവരും കരക്ക് എത്തി. ഭാഗ്യത്തിന് കുറെ ഞണ്ട് കിട്ടിയിരുന്നു.