Wednesday, May 30, 2007

വേര്‍പാടിനിടയിലൊരു കൂടിക്കാഴ്ച

ചില പ്രണയങ്ങള്‍ - പ്രത്യേകിച്ചും മറക്കാനാകാത്ത പ്രണയങ്ങള്‍ - ഒരു ഗതികേടാണ് ...!
എത്ര ഒഴിഞ്ഞു മാറിയാലും, പരസ്പരം പിരിയാന്‍ തീരുമാനിച്ചാലും, പിരിഞ്ഞു കഴിഞ്ഞാലും, പ്രണയത്തിന്റെ ആ ഗതികേട് നമ്മെ വീണ്ടും പ്രണയത്തിലേക്ക് അടുപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും!

-----------------------------------------------------------------------------------------------
ചിതറിക്കിടക്കുന്നാ കനവിന്റെ നൂലിഴകള്‍
നിനവാല്‍ തകരാതെ കാത്തു ഞാന്‍ വെയ്ക്കവേ,
കാലങ്ങള്‍ക്കപ്പുറം കണ്ടുമുട്ടി നാം
മാസങ്ങള്‍ വര്‍ഷങ്ങള്‍ എത്രയെന്നറിയാതെ.

നേര്‍ത്തൊരു മൌനത്തിന്‍ വല്‍മീകം പൂകി നാം
പരിചിതമല്ലാത്ത ചലനങ്ങള്‍ തുടരവേ,
നിനയാതെ കാഴ്ചകള്‍ കോര്‍ത്തപ്പോളെന്‍ മനം
കണ്‍കള്‍ മറയ്ക്കുവാന്‍ കാരണം തിരയവേ,
ഇനിയും ഉറങ്ങാത്ത പ്രണയത്തിന്‍ ഗതികേട്
നീ പോലും കേള്‍ക്കാതെ സംശയം ചോദിപ്പൂ-

“മറവിതന്‍ കല്ലറയ്ക്കുള്ളില്‍ പുതയ്ക്കാതെ
നീയെന്നെയെന്തിനായ് ഹൃദയത്തില്‍ വെയ്ക്കുന്നു?“


കരളുകള്‍ പിടയുന്ന വേദനയോര്‍ക്കാതെ,
നീ പോലും കേള്‍ക്കാതെ മറുപടി നല്‍കുന്നു-

“എത്ര വര്‍ഷങ്ങള്‍ മാറിമറഞ്ഞാലും (ഇപ്പോഴും)
എത്ര മനോഹരമാണവള്‍തന്‍ പ്രണയം
കൊല്ലങ്ങള്‍ മാത്രകളാക്കുമാ മോഹത്തെ
വെറുതെ ഞാനെന്തിനു തീര്‍ത്തും മറക്കണം?

[കേള്‍ക്കാത്ത വാക്കുകള്‍ക്കുണ്ടോ അര്‍ത്ഥങ്ങള്‍?
പറയാത്ത ആഗ്രഹങ്ങള്‍ക്കുണ്ടോ അവസാനം?!]

Earlier published at http://chinthukal.blogspot.com/2007/05/blog-post_21.html

Tuesday, May 29, 2007

അങ്ങിനെ ബ്ലോഗ് കൃതികള്‍ പ്രസ്സിലേക്ക്.....

പ്രിയരെ,



നമ്മുടെ ചിരകാലമോഹമായ ബ്ലോഗ് ഡൈജസ്റ്റ് ഒടുവില്‍ യാഥര്‍ത്ഥ്യമാവുന്നു. നാം ഇവിടെ ചര്‍ച്ച ചെയ്ത വിഷയം ഇപ്പോള്‍ ബൂലോഗം കൈനീട്ടി സ്വീകരിച്ചിരിക്കുന്നു. അതെ കുറിച്ചുള്ള ചര്‍ച്ച ഇവിടെ നടക്കുന്നു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങളും, സംശയങ്ങള്‍ക്കുള്ള മറുപടിയും ഇവിടെ ഉണ്ട്. ഈ ചര്‍ച്ചകളിലും ഭാവി പരീപാടികളിലും എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.

Monday, May 28, 2007

"ആത്മഹത്യ ചെയ്യു.....ആത്മവിശ്വാസം നേടൂ..."

"ആത്മഹത്യ ചെയ്യു.....ആത്മവിശ്വാസം നേടൂ..."

ഈശ്വരവിശ്വാസം...ക്ഷേത്രദര്‍ശനം...ആചാരങ്ങള്‍...
ജോതിഷം...സംഖ്യാശാസ്ത്രം...മന്ത്രവാദം...
എന്തുമായികൊള്ളട്ടെ,അവ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ടോ... ?എങ്കില്‍ നാമെന്തിനു അവയെ നിഷേധിക്കണം?!
അവ പാലിക്കുന്നതില്‍ എന്തിനു ലജ്ജിക്കണം;ഭയപെടണം;മറച്ചുവെക്കണം??

"നിണ്റ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ"-
മാനവരാശി മുഴുവന്‍ വിശ്വസിക്കേണ്ട ക്രിസ്തുവചനം!

...ഒരു ലക്ഷ്യവുമില്ലാതെ ജീവിക്കുന്നതിനേക്കാള്‍ നല്ലത്‌ മോശമായ ഒരു ലക്ഷ്യമെങ്കിലും ഉണ്ടായിരിക്കുന്നതാണു...
യുവത്വത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഒരിക്കല്‍ വിവേകാനന്ദന്‍ പറഞ്ഞു।
പരസ്പരപൂരകങ്ങളായ ഈ രണ്ടു വാക്യങ്ങളും,ഇന്നത്തെ സമൂഹം-ആത്മവിശ്വസം നഷ്ടമായ സമൂഹം-1000 ആവര്‍ത്തിയെങ്കിലും ദിനേന ചൊല്ലേണ്ടതുണ്ട്‌;
ജീവിതം ഒരു കയറില്‍ തൂങ്ങിയാടാതിരിക്കാനെങ്കിലും!!!

"നിണ്റ്റെ മനസ്സിനേയും ശരീരത്തേയും ഉജ്ജീവിപ്പിക്കുന്നതെന്തും നല്ലതെന്നും,അവയെ നിര്‍ജ്ജീവിപ്പിക്കുന്നതെന്തും കെട്ടതെന്നും കരുതികൊള്‍ക"-
സ്വന്തം വിശ്വസങ്ങളെന്തുതന്നേയായിരുന്നാലും,അവ നമ്മുടെ കര്‍മ്മത്തേയും ആത്മബലത്തേയും വര്‍ദ്ധിപ്പിക്കുന്നുവെങ്കില്‍ അതുമായി സദൈര്യം മുന്നോട്ടു പോവുക
(കര്‍മ്മഫലമെന്തുതന്നെയായിരുന്നാലും അതിണ്റ്റെ 100% ഉത്തരവാദിത്വവും മറ്റാര്‍ക്കും നിട്ടുകൊടുക്കാതിരിക്കുക)
-എന്ന ഗീതാ വാക്യവും ജീവിതതെ അതിണ്റ്റെ പൂര്‍ണ അര്‍ത്ഥത്തോടുകൂടി അറിയാനും അനുഭവിക്കാനും ഉള്‍ക്കൊള്ളാനും വേണ്ടിയുള്ളതാണു।

ആത്മഹത്യ ചെയ്യുന്നവര്‍ ധീരരാണു!
യദാര്‍ഥ ദൈര്യശാലികള്‍!!!
പക്ഷേ,അവര്‍തന്നേയാണു ഈ ഭൂമിയിലെ യദാര്‍ഥ സ്വാര്‍ത്ഥരും അത്യാഗ്രഹികളും!!!സുഖത്ര്‍ഷ്ണയുള്ളവര്‍;
സുഖം മാത്രം കാംക്ഷിക്കുന്നവര്‍!
സ്വന്തം സുഖം നഷ്ടപ്പെടുന്നു എന്ന ഭീതിയുടലെടുക്കുമ്പോള്‍,
ജീവിതത്തില്‍നിന്നും ഒളിച്ചോടുന്നവര്‍!
ഈശ്വരന്‍ അവര്‍ക്കുനല്‍കിയിട്ടുള്ള അസാമാന്യ ധീരത ജീവിതത്തില്‍ തിരിച്ചറിയാതെപോകുന്നവര്‍!

ആത്മഹത്യചെയ്യാന്‍ ഒരുങ്ങുന്നവരോട്‌.....
മരണം തിരഞ്ഞെടുക്കുന്നതിനുമുമ്പ്‌,ഒരുകാര്യമെങ്കിലും ചെയ്യുക...
"നീ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്ന്‌, ചുരുങ്ങിയത്‌ 75 വര്‍ഷമെങ്കിലും മറ്റുള്ളവര്‍ ഓര്‍ക്കാന്‍ എന്തെകിലും ഒന്ന്‌..."എന്നിട്ട്‌ വീരചരമം പ്രാപിക്കൂ...!!!

നാം നമുക്കുമാത്രമായി ജീവിതം ഒതുക്കുമ്പോള്‍ ആതമഹത്യ എന്ന ഭീകരന്‍ നമ്മെ എളുപ്പം പിടിക്കൂടും।
ആത്മഹത്യചെയ്യതിരിക്കുവാന്‍ 10001 മാര്‍ഗ്ഗങ്ങളുണ്ട്‌!!!

പ്രണയപരാജയം;
കടംകയറി മാനം നഷ്ടമായി എന്നുതോന്നുക,
എല്ലാവരും ഒറ്റപെടുത്തി എന്നുതോന്നുക...
അങ്ങിനെ 10000 കാരണങ്ങള്‍ ആത്മഹത്യചെയ്യുന്നവരുടെ മുന്നിലുണ്ടാവാം....

പക്ഷേ പരാജയം സമ്മതിക്കുന്നതിനു മുമ്പ്‌ പ്രതികാരം ചെയ്യുക!

ജീവന്‍ കളയാന്‍ തീരുമാനിച്ചവനു എന്തും ചെയ്യാം!!!

ഒന്നുകില്‍ എന്തും ചെയ്യാനുള്ള ആ അവസരം ശരിക്കും ഉപയോഗിക്കുക അല്ലെങ്കില്‍,
ഉപേക്ഷിക്കാന്‍ തീരുമാനിച്ച ജീവിതം മറ്റുള്ളവര്‍ക്ക്‌ ദാനമായ്‌ നല്‍കുക...
എന്നിട്ട്‌ സസന്തോഷം ആത്മഹത്യ ചെയ്യൂ...
നിങ്ങളെ എല്ലാവരും എല്ലാകാലത്തും ഓര്‍ക്കും,തീര്‍ച്ച।

നമുക്ക്‌ ഒന്നിച്ചിരുന്ന് ചിന്തിക്കാം....
എങ്ങിനേ ആത്മവിശ്വാസം നേടാം...
നമ്മുടെ ഒട്ടും വിലയില്ലെന്നു തോന്നുന്ന ഒരഭിപ്രായം,ഒരു പക്ഷെ,ഈ ലോകത്തെ തന്നെ മാറ്റിമറിച്ചേക്കാം....

വരൂ...ചിന്തകള്‍ പങ്കുവെക്കൂ...


പരിസ്ഥിതിപ്രവര്‍ത്തനം

മാമാങ്കങ്ങളുടെ മടിത്തട്ടില്‍‌ ജെസിബികള്‍‌ വാള്‍പ്പയറ്റുനടത്തുന്നതു കണ്ടു മടുത്ത പൊതുജനത്തിന് അതൊരു പുതുമ തന്നെയായിരുന്നു; ആസ്ഥാന പരിസ്ഥിതിപ്രേമികള്‍ക്ക് പ്രത്യേകിച്ചും. എന്തൊരു ചങ്കുറപ്പ്; എന്തൊരു വീക്ഷണം!

ആ കുഗ്രാമത്തില്‍‌ അങ്ങനെയൊരു നീക്കം അവിശ്വസനീയമായിരുന്നു. കേരളത്തിലെ ധാരാളം പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും ഒത്തുചേര്‍ന്ന അപൂര്‍വ്വ സംഗമം. മണല്‍‌ മാഫിയയ്ക്കെതിരായ കരുത്തുറ്റ ചുവടുവയ്പ്പ്. എല്ലാപേരുടെയും അഭിനന്ദനങ്ങള്‍‌ ഏറ്റുവാങ്ങി അഭിമാനത്തോടെ നില്‍ക്കുന്നു, സംഘാടകന്‍‌ നാരായണന്‍കുട്ടി. വന്‍‌തോക്കുകള്‍‌ കണ്ണടച്ചപ്പോള്‍‌, സ്വന്തം നാടിനെയും പുഴയെയും രക്ഷിക്കുവാനായി മുന്നിട്ടിറങ്ങിയ ആ ചെറുപ്പക്കാരനെ എല്ലാപേരും അഭിനന്ദനങ്ങളാല്‍‌ മൂടി. അധികം വിദ്യാഭ്യാസമില്ലാത്ത നാരായണന്‍കുട്ടി, എത്ര ആവേശത്തോടെയാണ് മണല്‍‌ മാഫിയയ്ക്കെതിരെ ആഞ്ഞടിക്കുന്നത്.

പറഞ്ഞുവന്നപ്പോള്‍‌ ആവേശം മൂത്ത് അദ്ദേഹം ഇത്രയുംകൂടി പറഞ്ഞു:
"മണല്‍‌ വാര്ണത് പോട്ടേന്നെക്കാം... പക്ഷെ, അവര്ക്ക് അത് പോരല്ലോ... അവറ്റങ്ങള്‍ക്ക് ഓള് കുളിക്കിണേന്റെ ഫോട്ടോ എടുത്തേ പറ്റുള്ളുത്രെ! അങ്ങനെയിപ്പോ അവറ്റെ വെറുതെ വിടണ്ടാന്ന് ഞാനങ്ങ്ട് തീരുമാനിച്ചു."

Sunday, May 27, 2007

മഴയിലൂടെ-അവന്‍

പുറത്തു ശക്തിയായി മഴപെയ്യുന്നുണ്ടായിരുന്നൂ..അടിവസ്ത്രങ്ങള്‍ വിരിച്ചിട്ട ജനലഴികളില്‍ പറ്റിചേര്‍ന്നു‌ കിടക്കുന്ന വലിയതുളകള്‍ നിറഞ്ഞ കൊതുകുവലകള്‍ക്കിടയിലൂടെ മിന്നലുകള്‍ ചുവരുകളില്‍ വെളിച്ചം തെറിപ്പിച്ച്‌ മുറിയില്‍ കുറച്ച്‌ നേരം തങ്ങിക്കിടന്നു... പിന്നാലെ ദിക്ക്‌ വിറപ്പിച്ചുള്ള ഇടിമുഴക്കവും.

കൂട്ടിയിട്ടിരിക്കുന്ന കുപ്പായക്കൂമ്പാരങ്ങള്‍ മുറിയാകെ വീര്‍പ്പുമുട്ടിക്കുന്നുണ്ട്‌. മൊബൈലില്‍ നിന്നും എഫ്‌.എം റേഡിയോ ജനപ്രിയ കന്നടഗാനം പൊഴിക്കുന്നു..

മഴയുടെ പാട്ട്‌ കേള്‍ക്കാം..റേഡിയോ ഓഫാക്കി..

വായിച്ച്‌ കൊണ്ടിരിക്കുന്ന പൗലോ കോയ്‌ലയുടെ ബെസ്റ്റ്‌സെല്ലര്‍ 'ദി വിച്ച്‌ ഒഫ്‌ പോര്‍റ്റൊബെല്ലോ' യില്‍ നിന്നും അടയാളപ്പെടുത്തിയ താളുകളെ മറച്ച്‌ കളഞ്ഞു മാറാലകള്‍ നിറഞ്ഞ ഫാനിന്റെ ഇതളുകള്‍ക്കിടയിലൂടെ ഉറക്കം കണ്ണിലേക്ക്‌ തറഞ്ഞുകയറി..

എത്ര നേരം ഉറങ്ങി എന്നറിയില്ല മഴയും, ഫാനും വേഗതകൂടി തിമര്‍ക്കുന്നൂ..

ഡോര്‍ബെല്ലിന്റെ അലോസരപ്പെടുത്തുന്ന ശബ്ദം കേട്ടാണുണര്‍ന്നെത്‌..അസമയത്തുള്ള ഉറക്കമാണെങ്കില്‍ കൂടിയും, മുറിച്ചു തുണ്ടമാക്കപ്പെട്ട സ്വപ്നങ്ങള്‍ കൂടിച്ചേരുന്നതിനു മുന്‍പെ നഷ്ടപ്പെട്ട്‌ പോയതിന്റെ വിഷമത്തോടെ വാതില്‍ തുറന്നു..

അവനാണു...., ഈയടുത്തായി ഇതവന്റെ പതിവാണു..എന്നും വൈകുന്നേരം പൂവുമായി വരും..

അവന്റെ പ്ലാസ്റ്റിക്‌ ബേസിനില്‍ ശേഷിച്ച രണ്ട്‌ മുഴം മാല ഇവിടെ തന്നവന്‍ തിരിച്ച്‌ പോകും. കയ്യില്‍ തടയുന്ന പത്തു രൂപ നോട്‌ കൊടുത്ത്‌ രണ്ട്‌ മുഴം മാലയും വാങ്ങി എന്തു ചെയ്യണം എന്നറിയാതെ അകത്തേക്ക്‌ പോവുന്നതും ഇപ്പോള്‍ പതിവായിരിക്കുന്നു.മുറിയില്‍ പൂവിട്ട്‌ പൂജിക്കാന്‍ ദൈവങ്ങളുടെ ചിത്രങ്ങളില്ല, മുടിയില്‍ ചൂടിക്കൊടുത്ത്‌ മുടിപ്പൂവിന്റെയും, മുടിയിഴയുടെയും സുഗന്ധം ആസ്വദിച്ച്‌ കെട്ടിപ്പിടിച്ച്‌ കിടന്നുറങ്ങാനാണെങ്കില്‍ കൂടെ ഭാര്യയും ഇല്ല...

അവിവാഹിതനും, ഈശ്വരവിശ്വാസിയല്ലാത്തവനുമായ ഒരുവനു പൂവില്‍ക്കാന്‍ വരുന്നവനോടുള്ള സ്വാഭാവികമായ അരിശം തുടക്കത്തില്‍ അവനോട്‌ തോന്നിയിരുന്നു..അത്‌ പിന്നെ അനുകമ്പയായി, ഒരു ഔദാര്യത്തിനു വേണ്ടി പൂ വാങ്ങിത്തുടങ്ങി. മുറിയില്‍ ഇരുള്‍ വീണ ഒരു കോണില്‍ ആണിയടിച്ച്‌ തൂക്കിയിരിക്കുന്ന കണ്ണാടിയില്‍ ചാര്‍ത്തിയിടും..പിന്നെ, സ്വയം പ്രതിബിംബങ്ങളെ നോക്കി രസിക്കും.

"സാര്‍ ഇന്നേക്ക്‌ മൂന്നു മുഴം ബാലന്‍സിരുക്ക്‌ നീങ്ക ഒരു ഫിഫ്റ്റീന്‍ റുപ്പീസ്‌ കൊടുങ്കോ.." അവന്‍ പറഞ്ഞു.

"എനിക്കു പൂവേ വേണ്ട..നീ വേറെയാര്‍ക്കെങ്കിലും കൊടുക്ക്‌.." ഈ പരിപാടി ഇന്നത്തോടേ നിര്‍ത്തിയേക്കാം, മനസ്സിലോര്‍ത്തു കൊണ്ട്‌ ഞാന്‍ പറഞ്ഞു..

"സാര്‍ പ്ലീസ്‌ സാര്‍..അപ്പടിയെല്ലാമെ പേസാത്‌..നീങ്ക മൂന്നുമുഴം വാങ്ങുങ്കോ.."

"അതൊന്നും വേണ്ട..എനിക്കിതാവിശ്യമില്ല.. "

"പ്ലീസ്‌ സാര്‍.."അവന്റെ കണ്ണുകളിലെ ദൈന്യത ..എന്റെ സെന്റിമെന്റ്സ്‌ അവന്‍ ചൂഷണം ചെയ്യുകയാണോ എന്നു തോന്നിപ്പോവുന്നു...

മഴ നനഞ്ഞതുകൊണ്ടാവണം, മൊട്ടയടിച്ച, കുറ്റിമുടികള്‍ വളര്‍ന്നു വരുന്ന അവന്റെ തലയിലൂടെ ഒഴുകിയിറങ്ങിയ മഴവെള്ളപ്പാച്ചിലില്‍ നെറ്റിയില്‍ നിറഞ്ഞു കിടക്കുന്ന ഭസ്മക്കൂട്ടം കൂതിര്‍ന്നു മുഖമാകെ പടര്‍ന്നിട്ടുണ്ട്‌..

"ഇന്തു മളൈ ജാസ്തി .." അവന്‍ സ്വയം പറഞ്ഞു..ആദ്യം വരുമ്പോള്‍ കന്നടമാത്രം സംസാരിച്ചിരുന്നുള്ളു അവന്‍. ഇപ്പോ എല്ലാ ഭാഷകളും കൂട്ടിക്കുഴച്ച്‌ സംസാരിക്കും.

പലതവണ, പലയിടങ്ങളിലായി ഇവനെ കാണാറുണ്ട്‌..പത്രം വില്‍ക്കുന്നവനായി, ബസ്സുകള്‍ തുടച്ച്‌ വൃത്തിയാക്കി ഗണേശചിത്രങ്ങളില്‍ മാലചാര്‍ത്തികൊടുക്കുന്നവനായി, ഇടത്തരം റെസ്റ്റോറണ്ടുകളില്‍ എച്ചില്‍ പാത്രം പെറുക്കി തീന്‍ മേശകളിലെ എല്ലിന്‍ കഷ്ണങ്ങളെ തുടച്ച്‌ മാറ്റുന്നവനായി..മൂത്രം മണക്കുന്ന വഴിയ്യൊരങ്ങളില്‍ വേശ്യകള്‍ നിറയുന്ന സന്ധ്യാനേരങ്ങളില്‍ കടല വറുത്ത്‌ വില്‍ക്കുന്നവനായി..അങ്ങിനെ പല പല വേഷങ്ങളില്‍...

അവന്‍ മൂന്നു മുഴം മാല മുറിച്ച്‌ നല്‍കി..കൊടുത്ത കാശും വാങ്ങി സൂചിത്തുള വീണു അരിപ്പപോലായ കുട നിവര്‍ത്തി, കൊതുക്‌ കൂത്താടികള്‍ പെറ്റുപെരുകിയ, മഴവെള്ളവും അഴുക്കുവെള്ളവും ഇണചേര്‍ന്നിരിക്കുന്ന വെള്ളക്കെട്ടുകളില്‍ കാലെറിഞ്ഞു നടന്നു നീങ്ങി..

അകത്ത്‌, മുറിയിലേക്ക്‌ മിന്നലിന്റെ കടക്കണ്ണിലൂടെ മഴച്ചീളുകള്‍ നുഴഞ്ഞു കയറുന്നുണ്ടായിരുന്നു....

Saturday, May 26, 2007

നാളെ നാളെ നാളെ...

നാളെ ഞങള്‍ കാണുന്നു.. നിങളും കൂടന്നെ.. 9846782356 ഇല്‍ ഗുണാളനെ കിട്ടും ഒന്നു വിളിച്ചാല്‍ ഫുള്‍ ഡീറ്റയിത്സും കിട്ടും..

വെന്യൂ: ഓര്‍ബിറ്റ് റിവോള്‍വിങ് റെസ്റ്റാറന്റ്, രാജാജി റോഡ് (അബാദ് പ്ലാസയില്‍ നിന്നും കെ എസ് ആര്‍ ട്ടീ സിക്ക് പോകുന്ന വഴി)കൊച്ചി
സമയം: 3 പി യെം
പരിപാടികള്‍: പറയൂലാ...


ഒന്നു വാ ന്നേ...

Thursday, May 17, 2007

അമേരിക്കന്‍ രാഷ്ട്രീയവും അച്ചായനും

പൂച്ചക്കെന്നാ പൊന്നുരുക്കുന്നടത്ത് കാര്യം എന്ന് ചോദിച്ചാലും അച്ചായന്മാരുടെ പറുദീസയായ അമേരിക്കേലെ രാഷ്ട്രീയ തെരെഞ്ഞെടുപ്പ് "ഫ”യങ്കരമാണ്. ലോക സംസ്ഥാപനാര്‍ത്ഥം അമേരിക്ക വാഴുന്ന ബുഷീശ്വരന്റെ കനാന്‍രാജ്യത്ത് അടുത്തതായി വരുവാന്‍ പോവുന്ന തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്തികളുടെ കഥയാണ് ഇവിടെ പറയാന്‍ പോവുന്നെ.

അമേരിക്കയിലെ മലയാളികളുടെ കേന്ദ്രമായ ഷിക്കാഗോയുടെ(ഇല്ലിനോയി) സെനറ്റര്‍ ആയ ബരാക്ക് ഹുസൈന്‍ ഒബാമയാണ് ഈ കഥയിലെ നായകന്‍. പേര്‍ കേട്ടപ്പോളേ സായിപ്പ് ഒന്ന് ഞെട്ടി. പിന്നെ തിരക്കിയപ്പഴാ ഒബാമ മുസ്ലീം അല്ല എന്നും നല്ല 916 ക്രിസ്ത്യാനിയാണെന്നും അറിഞ്ഞത്.(അമേരിക്കന്‍ സായിപ്പിന് 9/11 കഴിഞ്ഞേപ്പിന്നെ ഇസ്ലാം മത വിശ്വാസികളെ പേടി ആന്നല്ലോ) അത് കഴിഞ്ഞ് ഒബാമച്ചായന്റെ പടം കണ്ടതോടെ സായിപ്പ് ഇങ്ങനെ പറഞ്ഞു ഊറിച്ചിരിച്ചു.

“ടാ ഉവ്വേ! കറമ്പാ നീ ജയിച്ചത് തന്നേ.“

പക്ഷെ അതൊന്നും വക വെക്കാതെ ഞാന്‍ ജയിക്കും എന്നാ ഒബാമച്ചായന്‍ പറയുന്നെ. (ഈ ചാക്കോച്ചായന്‍ ഈ അച്ചായന്റെ ഒരു ഫാന്‍ ആണേലും കൂടുതല്‍ ആള്‍ പുള്ളിടെ കൂടെ ഇല്ലെന്ന് പുള്ളിക്കും അറിയാം പക്ഷെ പൊറത്ത് പറയത്തില്ല.(ഡി.ഐ.സിയുടെ അവസ്ഥയാ!) എന്നാലും അമേരിക്കക്ക് നല്ലത് വരണമെങ്കില്‍ ഇയാള്‍ ഫരണത്തില്‍ കേറണം എന്നാ എന്റെ അഫിപ്രായം)

അങ്ങനെ ഇരിക്കുമ്പം തോന്നി സായിപ്പിന് നമ്മടെ ക്ലിണ്ടന്‍ അച്ചായന്റെ അച്ചായത്തിയെ കറമ്പനെതിരായിട്ട് നിറുത്താവല്ലോ എന്ന്. അതാവുമ്പം അമ്മച്ചിക്ക് വേണ്ട സഹായം ക്ലിണ്ടനച്ചായന്‍ ചെയ് തോളും എന്ന്. അമ്മച്ചിയാന്നേ പണ്ട് വെള്ളവീട്ടില്‍(വൈറ്റ്‌ഹൌസ്) ഇരുന്നപ്പഴേ അഹങ്കാരിയായിരുന്നു എന്നാ ചില സായിപ്പും മദാമ്മേം പറയുന്നെ. പക്ഷെ അച്ചായന്റെ അഫിപ്രായത്തില്‍ അത് അവരുടെ നല്ല ജീവിതം കണ്ട് അസൂയ കൂടിയ സായിപ്പും മദാമ്മേം ആന്നെന്നാ.(അമേരിക്കേലും കുശുമ്പോ! അതെ കുശുമ്പും ഒണ്ട് പരദൂഷണോം ഒണ്ട് പക്ഷെ നമ്മടെ നാട്ടിലെപ്പോലെ മതില്‍ക്കെട്ടില്‍ ചാരി നിന്നല്ല ഹൈട്ടെക്ക് ആയി ഈമെയിലേലും ഐഎമ്മേലും ഒക്കെ ആന്നെന്നേ ഒള്ളു)

പക്ഷെ സ്ഥാനാര്‍ത്തി ആയേപ്പിന്നെ പണ്ട് പത്മജ ചെയ്ത നമ്പര് തന്നെ അമ്മച്ചീം എറക്കി. ഏത് നമ്പരാന്നല്ലേ. വെറും സിമ്പിള്‍ ആളായി മാറുന്ന നമ്പര്. അതേറ്റോ എന്ന് ഇനി കണ്ട‍റിയണം. അമ്മച്ചിക്ക് അതിനേക്കാള്‍ വലിയ ഒരു പ്രശ്നം ആണ് അടുത്തത്. ചില സായ്‌വിനും മദാമ്മക്കും കറമ്പനേം മുസ്ലീമിനേക്കാളും വെറുപ്പാണ് സ്ത്രീകളെ.(ഞെട്ടണ്ട നമ്മടെ നാട്ടിലേതിനേക്കാ കഷ്ടമാ അവിടെ) ഇനിയിപ്പം എന്നാ ചെയ്യും അവര്?

കളി കണ്ടറിയാന്‍ ഈ കലാശക്കൊട്ട് കാണാന്‍ ഒന്നരക്കൊല്ലം കൂടി കാത്തിരിക്കണം. എന്നാന്നേലും അച്ചായനു വോട്ടില്ലത്തോണ്ട് സമാധാനം ഒണ്ട്.

Wednesday, May 16, 2007

ഒരു ചക്ക കടത്ത്‌

ഒരു വേനലവധിക്കാലം.പറമ്പില്‍ ചക്കയും മാങ്ങയും വിളയുന്ന കാലം.ഞങ്ങള്‍ താമസിക്കുന്ന പറമ്പിന്‌ പുറമെ വേറെ രണ്ട്‌ പറമ്പുകള്‍ കൂടി ഞങ്ങള്‍ക്കുണ്ടായിരുന്നു. അവ രണ്ടും രണ്ട്‌ ദിശയില്‍ അല്‍പം അകലെയായിരുന്നു.അവയില്‍ വലിയപറമ്പിനെ അത്തിക്കോടെന്നും ചെറുതിനെ മാന്ത്രികച്ചോല എന്നും വിളിച്ചിരുന്നു.

വേനലവധിക്കാലത്ത്‌ എനിക്കും അനിയനുമുള്ള പ്രധാന പണി ആഴ്ചയിലൊരിക്കല്‍ ഈ പറമ്പുകളില്‍ പോയി അവിടെയുള്ള സസ്യ- വൃക്ഷലതാദികളുടെ സുഖവിവരങ്ങള്‍ ബാപ്പയെ അറിയിക്കുക എന്നതായിരുന്നു.ഞങ്ങള്‍ക്കിഷ്ടപ്പെട്ട പണി ആയതുകൊണ്ടല്ല, ബാപ്പയുടെ ഓര്‍ഡര്‍ ആയിരുന്നു ഈ പണിയുടെ പിന്നിലെ രഹസ്യം.ഒറ്റപ്പെട്ട പറമ്പായതിനാല്‍ അത്തിക്കോട്‌ പോകാന്‍ ഞങ്ങള്‍ക്ക്‌ പേടിയാണ്‌.അതിനാല്‍ അമ്മാവന്റെയും മൂത്താപ്പമാരുടെയും മക്കളെ പലതും പറഞ്ഞ്‌ ഒപ്പം കൂട്ടും - മാങ്ങയുണ്ടാകും , പറങ്കിമാങ്ങയുണ്ടാകും , തെച്ചിക്കായയുണ്ടാകും കാഞ്ഞിരക്കുരുവുണ്ടാകും തുടങ്ങീ 'വമ്പന്‍' ഓഫറുകളില്‍ കുരുങ്ങി അവര്‍ ഞങ്ങളുടെ കൂടെ കൂടും.മിക്കവാറും ഏറ്റവും മിനിമം ഓഫറായ തെച്ചിക്കായയും തിന്ന് തിരിച്ച്‌ പോരും.

അങ്ങിനെ ഇരിക്കെ ഒരു ദിവസം ബാപ്പയുടെ മാര്‍ച്ചിംഗ്‌ ഓര്‍ഡര്‍ കിട്ടി - അത്തിക്കോട്‌ പോയി ചക്ക , മാങ്ങ , തേങ്ങ എന്നിവയുടെ സെന്‍സസ്‌ എടുത്ത്‌ വരണം. മൂത്ത ചക്കയോ വാഴക്കുലയോ ഉണ്ടെങ്കില്‍ വെട്ടിക്കൊണ്ട്‌വരികയും വേണം. ( മൂപ്പ്‌ നോക്കാന്‍ അറിയാത്ത ഞങ്ങള്‍ രണ്ട്‌ മൂപ്പന്മാര്‍ കഥകഴിച്ച വാഴക്കുലകളുടെ എണ്ണം ഉമ്മാക്കേ അറിയൂ )

ഹൈക്കമാണ്ട്‌ ഓര്‍ഡര്‍ പ്രകാരം ഞങ്ങള്‍ രണ്ട്‌ പേരും അത്തിക്കോട്ടേക്ക്‌ പുറപ്പെട്ടു.അന്ന് ഞങ്ങളുടെ ഓഫറില്‍ അമ്മാവന്റെയും മൂത്താപ്പമാരുടെയും മക്കളാരും തന്നെ വീണില്ല.അതിനാല്‍ ഞങ്ങള്‍ രണ്ട്‌പേരായി തന്നെ അത്തിക്കോട്ടെത്തി.

തേങ്ങയുടെയും മാങ്ങയുടെയും കണക്കെടുപ്പ്‌ കഴിഞ്ഞ്‌ ഞങ്ങള്‍ വരിക്കപ്ലാവിന്റെ അടുത്തെത്തി.അതാ നില്‍ക്കുന്നു , കാഴ്ചയില്‍ മുഴുത്ത ഒരു വമ്പന്‍ ചക്ക.കാഴ്ചയില്‍ വലിയവനായതിനാല്‍ മൂപ്പെത്തിയിരിക്കും എന്ന ധാരണയില്‍ ഞങ്ങള്‍ അവന്റെ ഞെട്ടിക്ക്‌ കല്ലുകൊണ്ടിടിച്ച്‌ ഇടിച്ച്‌ അവനെ താഴെ ഇട്ടു.

താഴെ വീണ ചക്കയില്‍ നിന്നും വെള്ള നിറത്തിലുള്ള 'ചോര' ഇറ്റുവീണു കൊണ്ടിരുന്നു.ഇനി ഇവനെ വീട്ടിലെത്തിക്കണമല്ലോ ? മൂത്തവനായ ഞാന്‍ ചക്ക പൊക്കാന്‍ ശ്രമിച്ചു. തറനിരപ്പില്‍ നിന്നും അല്‍പം പൊങ്ങിയപ്പോഴേക്കും ചക്കമുള്ള്‌ കൊണ്ട്‌ കൈ വേദനിച്ചതിനാല്‍ ഞാന്‍ ചക്ക താഴെ ഇട്ടു.അടുത്തതായി അനിയനും ഒരു ശ്രമം നടത്തി സമ്പൂര്‍ണ്ണ പരാജയം സമ്മതിച്ചു.

നിലത്തിട്ട ചക്കയെ , ഒരു കിലോീമീറ്ററോളം അകലെയുള്ള വീട്ടില്‍ ഇനി എങ്ങനെ എത്തിക്കും എന്നാലോചിച്ച്‌ ഞങ്ങള്‍ക്ക്‌ കരച്ചില്‍ വന്നു.ചക്ക അവിടെതന്നെ ഉപേക്ഷിച്ചുപോയാല്‍ ആ വിവരം എങ്ങനെയെങ്കിലും ബാപ്പ അറിഞ്ഞാല്‍ കിട്ടുന്ന അടിയോര്‍ത്ത്‌ ഞങ്ങള്‍ ചിന്താമഗ്നരായി ഇരുന്നു. പെട്ടെന്ന് എന്റെ തലയില്‍ ബള്‍ബ്‌ മിന്നി.ഞാന്‍ അനിയനോട്‌ പറഞ്ഞു.

"നിന്റെ തുണി അഴിക്ക്‌....നമുക്ക്‌ ചക്ക അതില്‍ പൊതിഞ്ഞ്‌ രണ്ട്‌ പേരും രണ്ടറ്റം പിടിച്ച്‌ കൊണ്ടുപോകാം...."

"നല്ല ഐഡിയ...പക്ഷേ ചക്ക ഇക്കാക്കയുടെ തുണിയില്‍ പൊതിഞ്ഞാല്‍ മതി...;'

"അവസാനമായി നീ കുത്തിയപ്പോളാ ചക്ക വീണത്‌...അതുകൊണ്ട്‌ നിന്റെ തുണിയില്‍ പൊതിയണം..." ഞാനും വിട്ടില്ല

"ഇക്കാക്ക എടുക്കും എന്ന് കരുതിയാ ഞാന്‍ ചക്ക ഇട്ടത്‌....അതുകൊണ്ട്‌ ഇക്കാക്കയുടെ തുണിയില്‍ തന്നെ പൊതിയണം..." അവനും വിട്ടില്ല.

"ഛെ...ഛെ...ഇക്കാക്കയുടെ തുണി അഴിച്ചാല്‍ ...?? ഈ ഷഡ്ഡിയും ഇട്ട്‌ ചക്കയും കൊണ്ട്‌ ഇക്കാക്ക അങ്ങാടിയിലൂടെ പോകേണ്ടി വരില്ലേ? നീ ചെറുതായതിനാല്‍ നിനക്ക്‌ ഷഡ്ഡിയിട്ട്‌ റോട്ടിലൂടെ നടക്കാം....നിന്റെ പുതിയ ഷഡ്ഡി എല്ലാവരും കാണുകയും ചെയ്യും..." ഞാന്‍ ഒരു നമ്പറിറക്കി.

"പക്ഷേ....ഞാന്‍ പഴയ ഷഡ്ഡിയാ ഇട്ടിരിക്കുന്നത്‌....ഇക്കാക്കയുടെ സൂത്രം എന്റെ അടുത്ത്‌ വേണ്ടാ....ഇക്കാക്ക ഷഡ്ഡി ഇട്ടിട്ടില്ല എന്ന് എനിക്കറിയാം...!!!അതുകൊണ്ട്‌ ഇപ്രാവശ്യം ചക്ക എന്റെ തുണിയില്‍ തന്നെ പൊതിയാം...അടുത്ത പ്രാവശ്യം ഇക്കാക്കയുടെ തുണിയില്‍ തന്നെ പൊതിയണം..."

"ആ...സമ്മതിച്ചു " ഞാന്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു.

ശേഷം അവന്റെ തുണി അഴിച്ച്‌ നിലത്ത്‌ വിരിച്ച്‌ ചക്ക അതിലേക്ക്‌ ഉരുട്ടിക്കയറ്റി.ഒരറ്റം അവനും മറ്റേ അറ്റം ഞാനും ചുരുട്ടിപ്പിടിച്ചു.അങ്ങിനെ ചക്കയും കൊണ്ട്‌ ഞങ്ങള്‍ വീട്ടിലേക്ക്‌ തിരിച്ചു.വഴിയില്‍ പലരും ഞങ്ങളെ കൗതുകത്തോടെ നോക്കുന്നത്‌ ഞങ്ങള്‍ അറിഞ്ഞതേ ഇല്ല.വീട്ടിലെത്തിയപ്പോഴേക്കും ചക്കയുടെ പശയും ചക്കമുള്ളും കൊണ്ട്‌ തുണി അകാലചരമം പ്രാപിച്ചിരുന്നു.

Monday, May 14, 2007

കൊച്ചിയില്‍ ഒരു കൂടിക്കാഴ്ച്ച...!

പ്രീയപ്പെട്ട ബ്ലോഗരേ..,
നമ്മള്‍ മലയാള ഭാഷക്കായ് നീക്കി വെച്ചിരിക്കുന്ന വിടരുന്ന മൊട്ടുകള്‍ ഒരു പടി കൂടേ മുന്‍പോട്ട് പോകുവാനായി നിങളുടെ സഹകരണം തേടുന്നു. വരുന്ന ആഴ്ച്ച ഒരു ബ്ലോഗ് മീറ്റ് കൊച്ചിയില്‍ വെച്ചു നടത്താന്‍ ആലോചിക്കുകയാണ്... ഇത് വിടരുന്ന മൊട്ടുകളിലെ ആംഗങള്‍ക്കായി മാത്രമല്ല.. പക്ഷെ കൊച്ചിയിലെ മീറ്റില്‍ പങ്കെടുക്കാന്‍ തയ്യാറുള്ള എല്ലാവര്‍ക്കും വേണ്ടിയാണ്...

ബ്ലോഗ് എന്ന ആശയം മറ്റുള്ളവരിലേക്ക് പകരുവാന്‍ നമ്മള്‍ വിചാരിച്ചാല്‍ പറ്റുകയില്ലേ? അതിന് നിങള്‍ തരുന്ന ആശയം ആയിരിക്കും നമ്മളുടെ പ്രയാണതിന്റെ ഗതി നിയന്ത്രിക്കുക...

നേരത്തെ ഗുണാളനും, കണ്ണൂരാനും ആയി ഉള്ള ഓണ്‍ ലൈന്‍ കൂടിക്കാഴ്ച്ചയില്‍ ഉരുത്തിരിഞു വന്ന ആശയങളില്‍ ഒന്ന് കോളേജുകള്‍ കേന്ദ്രീകരിച്ച് സെമിനാറുകളും, മറ്റും നടത്തി ലാന്‍ഗ്വേജ്, വിദ്യാര്‍ത്ഥി സമൂഹത്തെ ബ്ലോഗുകളിലേക്ക് ആകര്‍ഷിക്കുക എന്നതായിരുന്നു..

നിങളില്‍ നിന്നും കൂടുതല്‍ ആശയങളും നിര്‍ദ്ദേശങളും പ്രതീക്ഷിക്കുന്നു.

Saturday, May 12, 2007

ആരാണു നീ... ?

ആരാണു നീ... ?

ആരോതുറന്നിട്ട നിന്‍-
ഓര്‍മ്മതന്‍ വാതായനങ്ങളില്
‍ഞാണറ്റ പട്ടം പോലെ
പാറും മനസ്സിണ്റ്റെ
സ്വപ്നതല്‍പങ്ങളില്‍,
നീര്‍കുമിളയെങ്കിലും
ജീവിതത്തിണ്റ്റെ
അമരത്വമാശിച്ചുനിശ്ചലം നീ നില്‍ക്കേ,
മാമ്പൂമണം പേറി,
കുയില്‍പ്പാട്ടുമൂളി
നിന്നരികെവന്നതും
കാര്‍ക്കൂന്തലുലച്ചതും
പൂമേനിയാകേസുഗന്ധം പകര്‍ന്നതും,

ശയ്യാഗ്രുഹത്തിണ്റ്റെ
ജാലകചില്ലില്‍
തലതല്ലിയാര്‍ത്തലച്ചകലേ മറഞ്ഞതും
ഞാനായിരുന്നെന്നു,
തിരയുക തിരയുക
പിന്നാമ്പുറങ്ങളില്‍,നിഴലായ്‌-
ചിന്തകളകലും മുന്‍പേ...

Thursday, May 10, 2007

മകന്‍ അമ്മയെ ശപിക്കാമോ ?



ഞാന്‍ മൂന്നിലോ നാലിലോ പഡിക്കുന്ന കാലം. എന്റെ അമ്മ ഗര്‍ഭിണിയായിരുന്നു. ഒരു കുഞ്ഞനിയനെ കിട്ടുന്ന സന്തോഷത്തിലായിരുന്നു ഞാന്‍. ഒരു ദിവസ്‌ അം ഞാനും എന്റെ അമ്മയും കൂടി കടയിലേക്കും അതുവഴി അമ്പലത്തിലേക്കും പോയി. അമ്മ എന്തോ വാങ്ങുവാനായി ഒരു ലേഡീസ്‌ ഐറ്റങ്ങള്‍ വില്‍ക്കുന്ന കടയില്‍ കയറി. അവിടെ വെച്ച്‌ ഞാന്‍ എന്തോ ഒരു കളിപാട്ടം കാണുകയും അതു വാങ്ങി തരണമെന്നു ആവശ്യപ്പെടുകയും ചെയ്തു. അതു വളരെ വിലയുള്ളതായിരുന്നു.അതു വാങ്ങിതരുവാനായി അമ്മയുടെ കയ്യില്‍ പണമില്ലായിരുന്നതു കൊണ്ടാണോ എന്നെനിക്കറിയില്ല എനിക്കതു വാങ്ങിച്ചു തന്നില്ല.

മോഹിച്ച സാധനം കിട്ടാഞ്ഞതിനാല്‍ എനിക്കു വളരെ ദുഖം തോന്നി.ഞാന്‍ കരയുവാന്‍ തുടങ്ങി.അതിനു ശേഷം ആ കടയുടെ മുമ്പില്‍ തന്നെ ഒരു ക്ഷേത്രമുണ്ട്‌. ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ഒരു കൃഷ്ണ ക്ഷേത്രം. ആ ക്ഷേത്രത്തില്‍ തന്നെ ഞങ്ങളുടെ കുടുംബ ദൈവമായ ബ്രഹ്മരക്ഷസ്സ്‌ എന്ന ഒരു പ്രതിഷ്ധയുമുണ്ട്‌.

ഞങ്ങളുടെ കുടുംബത്തിനു വലിയ വിശ്വാസമാണ്‍ അവിടെ.ബ്രഹ്മരക്ഷസ്സിനുമുമ്പില്‍ പ്രാര്‍ഥിച്ചു നില്‍ക്കുമ്പോള്‍ ഞാന്‍ പറഞ്ഞു. “ ദൈവമേ അമ്മക്കു ദോഷം കൊടുക്കണേ ” ( ആ രീതിയിലെന്തോ ആണ്‍ പറഞ്ഞതു. അതെന്തെന്നു ഞാന്‍ ഇപ്പോള്‍ കൃത്യമായി ഓര്‍ക്കുന്നുല്ല ) അതേ സമയം തന്നെ അമ്മ എന്നെ ശാസിക്കുകയും അടിക്കുകയും ചെയ്തു.

രണ്ടുമൂന്നാഴ്ചകള്‍ക്കു ശേഷം അമ്മ ഒരു ദിവസം കടയില്‍ പോയ സമയത്ത്‌ റോഡരികില്‍ എവിടെയോ തെന്നി വീണു. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ അമ്മയ്ക്കു ചെറിയ വയറുവേദനയെ തുടര്‍ന്ന് ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ഒരു ആശുപത്രിയില്‍ കൊണ്ടുപോയി. അവര്‍ അവിടെ നിന്നും മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. അന്നേരം അമ്മ 7 മാസം ഗര്‍ബിണിയാണ്‍.

അവിടെ വെച്ച്‌ സിസേറിയന്‍ ചെയ്തു . ആണ്‍കുട്ടിയ്‌ . ഞാന്‍ കുഞ്ഞിന്റെ തലയുടെ ഒരു ഭാഗം മാത്രമേ കണ്ടിരുന്നുള്ളു. നിറയെ മുടിയുണ്ടായിരുന്നതായി എനിക്കോര്‍മ്മയുണ്ട്‌. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുഞ്ഞിനെ കുറച്ചു ദിവസത്തേക്കു ഇങ്ക്യുബേറ്ററില്‍ വെക്കാനായി കൊണ്ടുപോയി.

അതും കഴിഞ്ഞ്‌ രണ്ടു ദിവസം കഴിഞ്ഞു. ഞാന്‍ വീട്ടില്‍ എന്റെ അമ്മൂമ്മയുടെ കൂടെ ഇരിക്കുകയാണ്‍. പുറത്ത്‌ ഒരു അമ്പാസഡര്‍ കാര്‍ വന്നു നിന്നു. അതില്‍ നിന്നും അമ്മ കരഞ്ഞു കൊണ്ടിറങ്ങി വരുന്നു. ഞാന്‍ ചോദിച്ചു, കുഞ്ഞെവിടെ ? അമ്മ : അമ്മക്കു ശാപം കിട്ടിയെടാ … നീയല്ലെ അങ്ങനെ പറഞ്ഞത്‌ … എന്നു പറഞ്ഞു കൊണ്ട്‌ അമ്മ വീട്ടിലേക്കു നടന്നു കയറി.ഞാന്‍ വീടിന്റെ മുകളില്‍ കയറിയിരുന്ന് ഒത്തിരി നേരം കരഞ്ഞു. പിന്നീട്‌ പതിയെ ആ സംഭവം ഞങ്ങളുടെ മനസ്സില്‍ നിന്നും മാഞ്ഞു മാഞ്ഞു പോയി. കുഞ്ഞിന്റെ ബോഡി വീട്ടിലേക്കു കൊണ്ടുവന്നിരുന്നില്ല. അത്‌ എന്തു ചെയ്തു എന്നും എനിക്കറിയില്ല. ആ സംഭവത്തെകുറിച്ചു എന്റെ അമ്മ എന്നോട്‌ ഇതുവരെ ഒന്നും ചോദിച്ചിട്ടുമില്ല. എങ്കിലും ഞാന്‍ കാരണമാണോ അങ്ങനെയൊക്കെ സംഭവിച്ചത്‌. ഇപ്പോള്‍ എനിക്കു 6 വയസ്സുള്ള ഒരു അനിയനും ഉണ്ട്‌. ഞങ്ങള്‍ സുഖമായി ജീവിക്കുന്നു.

അന്യന്‍‌റ്റെ ഭാര്യ അഥവാ പരിണാമം


“ഹലോ”
“ഹലോ”
“ആ വിനയേട്ടാ, സുധിയാണ്. എന്തൊക്കെയുണ്ട് വിശേഷം? ഹൌ ആര്‍ യൂ?”
“ഞാനോ...? ഗ്രേറ്റ്!”
“ഇപ്പൊ ലക്ഷ്മി എന്നെ വിളിച്ചിരുന്നു.”
“ങ്ഹും”
“ഇന്നു രാവിലെ സൂര്യേച്ചി ലക്ഷ്മിയെ വിളിച്ചിരുന്നൂത്രേ.”
“ങ്ഹും”
“അവര്‍ ഒരുപാട് നേരം സംസാരിച്ചു. അവസാനം സൂര്യേച്ചി കുറേ കരഞ്ഞു.”
“ങ്ഹും”
“വിനയേട്ടാ, എന്താ പ്രശ്നം?”
“എന്ത് പ്രശ്നം?”
“എന്താ വിനയേട്ടന്റെ പ്രശ്നം?”
“എനിക്കെന്തു പ്രശ്നം?”
“കഴിഞ്ഞ ആഴ്ച കണ്ടപ്പോഴും ചോദിക്കണമെന്നു വിചാരിച്ചു. കുറെ നാളായി ഞാനും ശ്രദ്ധിക്കുന്നു. വിനയേട്ടന്‍ ആകെ മാറിയിരിക്കുന്നു. ജോലി ചെയ്യുന്നത്, സംസാരിക്കുന്നത്, നടക്കുന്നത്, ചിന്തിക്കുന്നത്.... എല്ലാം, എല്ലാം പഴയ വിനയേട്ടനെ പോലെ അല്ല. എന്തു പറ്റി, വിനയേട്ടാ? എനി പ്രോബ്ലം?“
“എന്തു പറ്റാന്‍? എനിക്കൊന്നും പറ്റിയില്ല.”
“ആരോടാ വിനയേട്ടാ പറയുന്നത്? എത്ര കാലമായി ഞാന്‍ വിനയേട്ടനെ കാണാന്‍ തുടങ്ങിയിട്ട്?”
“എത്ര കാലമായി?”
“ഇനി അതും ഞാന്‍ പറയണോ?”
“വേണ്ട.”
“പിന്നെ, എന്താ വിനയേട്ടന്റെ മനസ്സില്? ഇത്രയ്ക്കും മാറാന്‍ മാത്രം എന്താ സംഭവിച്ചത്? ലക്ഷ്മി പറഞ്ഞു സൂര്യേച്ചിയുടെ മുഖത്തു നോക്കി സംസാരിച്ചിട്ട് ആഴ്ചകളായി എന്ന്. എന്താ ഇതിനൊക്കെ അര്‍ത്ഥം? എന്താ സൂര്യേച്ചിയോട് സംസാരിക്കാന്‍ വിനയേട്ടന് ഇത്ര ഫോര്‍മാലിറ്റി? ”
“അന്യന്റെ ഭാര്യയോട് അധികം സംസാരിക്കുന്നതു ശരിയല്ലല്ലോ?”
“അന്യന്റെ .... അന്യന്റെ ഭാര്യയോ?.... സൂര്യേച്ചി...സൂര്യേച്ചി എങ്ങിനെയാ വിനയേട്ടന് അന്യന്റെ ഭാര്യയാകുന്നത്?”
“അത്... അത്....”
“എന്താ വിനയേട്ടാ... എന്തായാലും എന്നോട് പറയൂ...”
“അവളെങ്ങനെ അന്യന്റെ ഭാര്യയല്ലാതിരിക്കും?”
“എന്ത് ???”
“ഇപ്പോള്‍ എനിക്ക് ഞാന്‍ തികച്ചും അന്യനാണ്... പിന്നെ അവളെങ്ങിനെ അന്യന്റെ ഭാര്യയാവാതിരിക്കും!!!”

വിനയേട്ടന്‍ ഫോണ്‍ വെച്ചത് സുധിയറിഞ്ഞു.

കളിയോ കാര്യമോ എന്ന് തിരിച്ചറിയാനാവാത്ത ആ വാ‍ചകത്തിന്റെ അര്‍ത്ഥാനര്‍ത്ഥങ്ങള്‍ സുധി തിരയവേ, മറുവശത്ത്, ചേതനകളുടെ ഈ പരിണാമഘട്ടത്തിലും, വര്‍ഷങ്ങളായി ഉണര്‍ന്നിരിക്കുന്ന മോണിട്ടറിലെ ലക്ഷക്കണക്കിനു വരികളിലായി കിടക്കുന്ന ചലനമറ്റ കോഡുകളുടെ ഇടയിലൂടെ വിനയന്റെ ജീവസ്സുറ്റ കണ്ണുകള്‍ യാന്ത്രികമായി സഞ്ചരിച്ചു കൊണ്ടേയിരുന്നു.

Tuesday, May 8, 2007

"Better You Program"_ “മനസ്സിന്റെ ശക്തി നിങ്ങളുടെ ഉള്ളീല്‍ത്തന്നെ”


എന്താണ് NLP?
മാനസികപിരിമുറുക്കങ്ങളുടെ പറുദീസയാണ് ഇന്ന് മനുഷ്യമനസ്സുകള്‍. ജോലിയില്‍,വീടുകളില്‍,പഠന വിഷയങ്ങളില്‍,ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മനുഷന്‍ പിരിമുറുക്കങ്ങള്‍ക്ക് അടിമയാണ്. ഈ പിരിമുറുക്കങ്ങളുടെ അനന്തരഫലമായിട്ടാണ് ന‍മ്മുടെ ശരീരം, പലതരം രോഗങ്ങള്‍ക്ക് അടിമപ്പെടുന്നത്. എന്നാല്‍ ഈ പിരിമുറുക്കങ്ങള്‍ക്കു കാരണം ചിട്ടയില്ലാത്ത നമ്മുടെ ജീവിതരീതികളും, മന‍സ്സിനും ശരീരത്തിനും നമ്മള്‍ നല്‍കാത്ത വിശ്രമത്തിന്റെ അനന്തരഫലങ്ങളാണ് എന്ന് നാം മനസ്സിലാക്കുമ്പോഴേക്കും‍,സമയം അതിക്രമിച്ചിരിക്കും. നിങ്ങളാരായിരുന്നാലും,വിദ്യാര്‍ദ്ഥിയോ, വീട്ടമ്മയോ, സഥാനമാനങ്ങളുള്ള ഒരു എക്സിക്യൂട്ടീവോ ആയിക്കൊള്ളട്ടെ,മാനസികമായി നിങ്ങള്‍ അസ്വസ്ഥനായിരിക്കാം. അതു മന‍സ്സിലാക്കുകയും,നിങ്ങളുടെ ആന്തരികമയി കഴിവുകളെ വികസിപ്പിക്കാനും, അതിനു നിങ്ങള്‍ തന്നെ പരിഹാരങ്ങള്‍ കണ്ടുപ്ടിക്കാനും,ഉതകുന്ന രീതികളും പ്രഭാഷണങ്ങള്‍ ഉള്‍ക്കോള്ളിച്ചുകൊണ്ടുള്ള ഒരു പഠനരീതിയാണ് NLP. നമ്മുടെ അനുഭവങ്ങള്‍, അതു നമ്മുടെ നാഡിവ്യൂഹത്തിലൂടെ സ്വീകരിച്ചു,അതു നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ (കാണുക,കേള്‍ക്കുക,സ്പര്‍ശിക്കുക, മണക്കുക,രുചിക്കുക‍) കടന്നു പൊയി, നമ്മുടെ മസ്തിഷ്ക്കം മന‍സ്സിലാക്കുകയും ചെയ്യുന്ന രീതിയാണ്, ആശയവിനിമ്യമായി,നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ ഭാഷാ ശാസ്തഞന്‍മാര്‍ ഇതിനെ ഒരു സമാനമായ രീതിയില്‍ സാധാരണ ഭാഷയായി വിവര്‍ത്തനം ചെയ്യുന്നു. നമ്മുടെ നാഡീവ്യൂഹത്തിലൂടെ,കിട്ടുന്നു വിവരങ്ങളേയും, വിവരണങ്ങളെയും, നമ്മുക്ക് ഏറ്റവും പ്രയോജനപ്രദമായ രീതിയില്‍ പരുവപ്പെടുത്തിയെടുക്കും എന്നതാണ് NLP ചെയ്യുന്നത്. നമ്മുടെ പ്രതികരണസ്വഭാവത്തെ എറ്റവും പ്രവര്‍ത്തികമായ രീതിയില്‍ വാര്‍ത്തെടുക്കുക എന്ന തത്വം ആണ് നാം ഡോക്ടറുടെ ക്ലാസ്സുകളിലൂടെ മനസ്സിലാക്കുന്നത്.


എങ്ങിനെയാണ് NLP നമ്മുക്ക് പ്രയോജനപ്പെടുന്നത്?


ഡോ.ഏബ്രഹാം സ്വന്തമായി രൂപപ്പെടുത്തിയെടുത്ത ക്രമാനുസൃതമായ,രീതിയാണ് ഇവിടെ അദ്ദേഹം പഠിപ്പിക്കുന്നത്. NLP പോലെയുള്ള പല മനശാസ്ത്ര പഠനങ്ങളെ ആസ്പദമാക്കി, ആശയാധിഷ്ടിതമായ ഒരു രീതിയാണ്,ഡോക്ടര്‍, വികസിപ്പിച്ചെടുത്തിരിക്കുന്നത്. "Better You" ഇതാണ് ഈ പാഠ്യപദ്ധതിയുടെ പേര്. നമ്മുടെ മനസ്സിനെ കൂടുതല്‍ മനസ്സിലാക്കുകയും, അതു വഴി , ശക്തമായ ചില ഏടുകള്‍ തിര‍ഞ്ഞുപിടിക്കുകയും, എന്നാല്‍ ബലഹീനമായ പല സ്വഭാവരീതികളെയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.‍നമ്മുടെ ഉള്ളിലുള്ള സ്വന്തം കഴിവുകളെത്തന്നെ വ്യക്തിപരമായ ആശയവിനിമയത്തിനായി ഊര്‍ജ്ജസ്വലീകരിക്കുക.സ്വന്തം മന‍സ്സിലും , മറ്റുള്ളവരുടെ മനസ്സിലും നടക്കുന്ന ചിന്തകളെക്കുറിച്ച് നിങ്ങള്‍ മന‍സ്സിലാക്കാന്‍ മിനക്കെടാറുണ്ടോ? ഇല്ലെങ്കില്‍ അങ്ങനെയുള്ള ഒരവസ്ഥയില്‍ നിങ്ങളുടെ മനസ്സില്‍ അന്തര്‍മുഖിയായിട്ടിരിക്കുന്ന ശക്തികളെ ഉപയോഗിച്ച്, നിങ്ങള്‍ക്കു തന്നെ ഒരു ‘positive' ഊര്‍ജ്ജം ഉലല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ മനസ്സ് നിങ്ങള്‍ക്കു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നു.

'Better You' ജീവിതത്തില്‍ പ്രായോഗികമാക്കുന്നതിലൂടെ നമ്മളെക്കുറിച്ച് മറ്റുള്ളവരുടെ ചിന്താഗതി എങ്ങനെ വ്യത്യസ്ഥമാകും?

ആശയവിനിമയം, പ്രത്യേകിച്ച് വ്യക്തമായതും സ്പഷ്ടമായതുമായ സംസാരം, ബുന്ധിയുള്ളതും, പറയുന്ന വിഷയത്തില്‍ പ്രാവിണ്യം ഉള്ളതുമായിട്ടുള്ള ആളാണ് എന്ന തോന്നല്‍, കേള്‍വിക്കാരനില്‍ തോന്നിപ്പിക്കുന്നു. ഇതു പോലെ വിശദമായ ഒരു ആശയവിനിമയം ഇന്നു നമ്മുടെയില്‍ ഇല്ല എന്നു തന്നെ പറയാം.

കുടുംബബന്ധങ്ങളെ കെട്ടുറപ്പുള്ളതാക്കാന്‍ എത്രമാത്രം ഈ പഠനങ്ങള്‍‍ ഉപകരിക്കും?

ആശയവിനിമയത്തിന്റെ വാതില്‍ നാം തുറക്കുമ്പോള്‍,രക്ഷിതാക്കള്‍ക്കു,മക്കളെയും, അവര്‍ക്കു തിരിച്ചും, മനസ്സിലാക്കനുള്ള ഒരു അവസരമാണ്. രക്ഷിതാക്കളുടെ നിലയില്‍ നിന്നിറങ്ങി, മക്കളോട്, അവരുടെ കൂട്ടുകാരുടെ നിലയില്‍ പെരുമാറിയാല്‍, പല സംഗതികളും തുറന്നു സംസാരിക്കാന്‍, മക്കള്‍ മുന്‍കൈ എടുക്കുന്നു. പഴയകാലം പോയി എന്നു തന്നെ പറയാം. പല തരത്തിലുള്ള ആള്‍ക്കാരെയും സംഭവങ്ങളും വിദ്യര്‍ഥികളായ,അവരുടെ മുന്നില്‍ക്കൂടി കടന്നു പോകുന്നു, അതു വേര്‍തിരിച്ച‍രിച്ചറിയാനും, മനസ്സിലാക്കാനുമുള്ള കഴിവ് മാതാപിതാക്കളില്‍ നിന്നാണ് കിട്ടേണ്ടത്.


തൊഴില്‍പരമായ മേഘലകളില്‍ ശേഭിക്കാ‍ന്‍‍ ഈ പഠനങ്ങള്‍ എത്രമാത്രം സഹായിക്കും?


തൊഴില്‍ മേഘലയില്‍ തന്റെ ലക്ഷയങ്ങള്‍ എന്തൊക്കെയാണെന്ന് തീരുമാനിക്കനുള്ള ഒരു സന്തുലിതമായ മാനസികാവസ്ഥ ഉണ്ടാകുന്നു. പെരുമാറ്റത്തിലുള്ള സൌമ്യതയും, കാര്യക്ഷമമായുള്ള തീരുമനങ്ങള്‍ എടുക്കാനുള്ള ഏകാഗ്രമായ മനസ്സിനെ വാര്‍ത്തെടുക്കുവാനും നമ്മുക്ക് സാധിക്കുന്നു. പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ‍മാനസിക സംഘര്‍ഷങ്ങള്‍ക്ക് അടിമപ്പെടാതെ, കുശാഗ്രബുദ്ധിയോടുകൂടിയും സമാധാനപരമായ ഒരു മാനസികാവഥയില്‍ കര്യങ്ങള്‍ തീരുമാനിക്കനുള്ള,കഴിവ് നമ്മളിള്‍‍ ഉണ്ടാകുന്നു. മറ്റുള്ള സഹപ്രവര്‍ത്തകരെ പഠിക്കാനും മനസ്സിലാക്കനും ഉള്ള ഒരു കൂര്‍മ്മബുദ്ധി ഉണ്ടാകുന്നു.


മറ്റുള്ള 'positive mind-study'കളില്‍ നിന്ന് ഇത് എത്രമാത്രം വ്യത്യസ്ഥമാണ്?


ഇവിടെയുള്ള പഠനരീതികളില്‍ കൂടുതലും ആശയവിനികയത്തില്‍ അധിഷ്ടിതമാണ്. സന്തുലിതമായ മാത്രുകാനുസൃതമായ ഒരു മനസ്സിനു മാത്രമേ ഫലവത്തായ ഒരു ആശയനിനിമയം നടത്താന്‍ സാധിക്കയുള്ളു. ഗുണകരമായ ചിന്താഗതികള്‍ ഉണ്ടാക്കുന്ന ഒരു മാനസികാവസ്ഥ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഡോക്ടരുടെ പഠനത്തിന്റെ അടിസ്ഥാനം. “ Better You" എന്ന പ്രോഗ്രമിലൂടെ‍ Dr.ഏബ്രഹാം നമ്മുടെ മനസ്സിനെയും അതിന്റെ ചിന്താഗതിയെയും ആണ് ക്രമീകരിക്കുന്നത്. നമ്മുടെ തന്നെ മനസ്സില്‍,നാം മന‍സ്സിലാക്കതെ കിടക്കുന്ന ഒരു “നമ്മെ”ത്തന്നെ മന‍സ്സിലാക്കാന്‍ ഇത് ഉപകരിക്കുന്നു.


"Better You" പ്രോഗ്രം തിരുവനവന്തപുരത്ത്


ജൂണ്‍ രണ്ടാം വാരത്തില്‍,തിരുവന്തപുരത്ത്,രണ്ടുദിവസത്തെ ക്ലസ്സുകള്‍,Dr.ഏബ്രഹാം‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. താല്പര്യം ഉള്ളവര്‍ ഡോക്ടറെ നേരിട്ടോ,ഓര്‍ക്കുട്ട് പേജുകള്‍ വഴി ,അദ്ദേഹത്തോട് സംസാരിക്കവുന്നതാണ്.


Dr.A.ഏബ്രഹാം എന്ന വ്യക്തിയെക്കുറിച്ച് ഒരു മുഖവുര


ഡോക്ടര്‍.ഏ.ഏബ്രഹാം, 1946-ല്‍ ജനിച്ചു. അദ്ദേഹം വര്‍ഷങ്ങള്‍ ലെഡനില്‍,പ്രാക്റ്റീസ് ചെയ്തതിനു ശേഷം,ലെ‍ഡന്‍ വിട്ട്,ഭാരതത്തില്‍ എത്തി. ഇന്ത്യകൂടാതെ,പല വിദേശരാജ്യങ്ങളിലും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. ഈ സഞ്ചാരത്തിനിടെ വൈദ്യശാസ്ത്രത്തിലും, മനശ്ശാസ്ത്രത്തിലും, പ്രഗല്‍ഭരായ മറ്റുപല വ്യക്തികളുമായും അടുത്ത് ഇടപഴകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും, സമാധാനപരമായ പെരുമാറ്റവും അദ്ദേഹത്തിന്റെ മുതല്‍ക്കുട്ടായിരുന്നു. മാനസികമായും, ആത്മീയമായും മസുഷ്യന്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന പിരിമുറുക്കങ്ങളില്‍ നിന്ന്,അവരെ പൂര്‍ണ്ണമായും എങ്ങനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാം എന്ന ലക്ഷ്യപ്രാപ്തിക്കായി,അദ്ദേഹം തന്റേതായ ഒരു ശൈലി വാര്‍ത്തെടുത്തിരിക്കുന്നു. കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം തന്റെ തൊഴിലധിഷ്ടിത പഠനങ്ങള്‍ക്കും, പ്രവര്‍ത്തനങ്ങള്‍ക്കുമായി, തിരുവനന്തപുത്തു താമസമാക്കി, NLPയും‍‍ മനശാസ്ത്രപഠനവും തുടര്‍ന്നു. ഒരു സര്‍ട്ടിഫൈഡ് NLP പ്രാക്റ്റീഷണര്‍ ആണ് അദ്ദേഹം.


Dr.ഏബ്രഹാമിന്റെ കാഴ്ച്ചപ്പാട്


കേരളത്തില്‍,സ്കൂളുകളിളിലും, കോളേജുകളിലും,ഉന്നതമായ പല സ്ഥലങ്ങളിലായിയും, ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും,പഴയതെങ്കിലും,കേരളത്തില്‍ പുതുതായി പ്രാചാരത്തില്‍ വന്നു കൊണ്ടിരിക്കുന്നതുമായ, ഈ പുതിയ മാനസിക സമീപനത്തെപ്പറ്റി, അദ്ദേഹം കൂടുതല്‍ പ്രചരിപ്പിക്കുകയുണ്ടായി.ദുബായ്, ഒമാന്‍,എന്നിങ്ങനെ പല ഗള്‍ഫ് നാടുകളില്‍,ആഴ്ച്ചകള്‍ നീണ്ടുനില്‍ക്കുന്ന,ക്ലാസ്സുകള്‍,വിദ്യാര്‍ഥികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും വേണ്ടി,Dr.ഏബ്രഹാം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടില്‍ ഇന്നത്തെ പിരിമുറുക്കങ്ങള്‍ ഓഫ്ഫിസുകളില്‍ ജോലി ചെയ്യുന്ന, പ്രവാസികളായവരില്‍ കൂടുതലായി കണ്ടുവരുന്നു. നാട്ടില്‍ നിന്ന് ബന്ധപ്പെട്ടവരെയും സ്വന്തക്കാരെയും വിട്ടകന്നാണ് പലരും ജീവിക്കുന്നത്. ഈ ഒരു വസ്തുതന്നെ മാനസികമായി വളരെ നമ്മെ തളര്‍ത്തുന്നു,കൂടെ ആവശ്യങ്ങളുടെയും ഉത്തരവാദിത്വങ്ങളുടെയും ഒരു നീണ്ട പട്ടികതന്നെയുണ്ടാവാം. ഇതിന്റെ പരിണിത ഫലമാണ്, പ്രായത്തിനതിതമായി നാം അനുഭവിക്കുന്ന, ശാരീരിക അസ്വാസ്ത്യങ്ങളും, അസുഖങ്ങളും. ഗര്‍ഫ് ജീവിതരീതികളെയും, ചൂടും കാറ്റും പൊടിയും, A/C,യുടെ പേരിലും‍ പഴിചാരുമ്പോള്‍,നാം നമ്മോടു തന്നെ ചെയ്യുന്ന മാനസിക ദുഷ്ടതകള്‍ നമ്മള്‍ അറിയുന്നില്ല . ഇതു പറഞ്ഞു മന‍സ്സിലാക്കിത്തരുന്ന ഒരു സാധരണ പ്രകൃയയാണ് ഡോക്ടറുടെ ശൈലി. “പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ്, നിങ്ങളുടേ ഉള്ളില്‍ത്തന്നെയുണ്ട്”,NPL എന്ന പഠനത്തിലൂടെ , കഴിവതും ആള്‍‍ക്കാര്‍ക്ക് ഈ തത്വം ‍മനസ്സിലാക്കിക്കൊടുക്കുക,എന്നതായിരുന്നു അദ്ദേഹത്തിനെ ആദര്‍ശവും ജീവിതലക്ഷ്യവും .


മുഖം മന‍സ്സിന്റെ കണ്ണാടിയാണ്


മനുഷ്യന്റെ മനസ്സ്‌,പെരുമാറ്റം എന്നിവയെ പ്രതിപാദിക്കുന്ന പ്രായോഗികവുമായ വിജ്ഞാന മേഖലയാണ്‌ മനഃശാസ്ത്രം. വ്യക്തിയുടെ ദൈനംദിന ജീവിതപ്രശ്നങ്ങളും മാനസിക അസ്വാസ്ത്യങ്ങളുമുള്‍പ്പെടെ പല മേഖലകളില്‍ മനഃശാസ്ത്രം വിരല്‍ ചൂണ്ടുന്നു. മനുഷ്യന്റെ പ്രകൃതങ്ങളേയും പെരുമാറ്റങ്ങളേയും കൃത്യമായ പഠനത്തിനു വിധേയമാക്കി വിശദീകരിക്കുനതില്‍ മനഃശാസ്ത്രം ഇതര ശാസ്ത്രങ്ങളെക്കാള്‍ വളരെ മുന്നിലാണ്‌. ഏതൊരു ശാഖയേയും പോലെ മനഃശാസ്ത്രത്തിനും,പല‍ ‍വിജ്ഞാന മേഖലകളുമായി കൈകോര്‍‌‍ക്കേണ്ടി വന്നിട്ടുണ്ടെന്നതും,ഒരു വസ്തുതയാണ്‌. ഉദാഹരണത്തിന്‌ മനഃശാസ്ത്രം നാഡീശാസ്ത്രത്തില്‍ നിന്നും ഏറെ ഭിന്നമാണ്‌. പ്രാചീന ഗ്രീക്ക്‌ ഭാഷയിലെ "ആത്മാവ്‌" (soul) എന്നര്‍ത്ഥമുള്ള "സൈക്ക്‌"(psyche),"പഠനം"എന്നര്‍ത്ഥമുള്ള "ഓളജി" (ology) എന്നീ വാക്കുകളില്‍ നിന്നാണ്‌ സൈക്കോളജി(മനഃശാസ്ത്രം) എന്ന പദമുണ്ടായത്‌. ഇതത്രെയും മനശാസ്ത്രത്തെപ്പറ്റി ഗ്രന്ധങ്ങളില്‍ പ്രദിപാദിച്ചിരിക്കുന്ന വസ്തുതകള്‍ ആണ്. എന്നാല്‍ ഈ പഠനങ്ങളില്‍ നിന്നും വ്യത്യസ്ഥമായതും എന്നാല്‍ ഇതിനു സമാനമായി പോകുന്നതുമായ,ഒരു പഠനമേഖലയാണ് എന്‍.എല്‍.പി (NLP-Neuro Linguistic Programming).

കള്ളകടത്ത്

ദേഹമാസകലം മുറിഞ്ഞിരുന്നു......ശ്വാസം കിട്ടാന്‍ ഞാന്‍ വളരെ ബുദ്ധിമുട്ടുന്നുണ്ട്....കണ്ണുകള്‍ പതിയെ തുറക്കാന്‍ ശ്രമിച്ചെങ്കിലും ഉച്ചയുടെ പാരമ്യത്തില്‍ നില്‍ക്കുന്ന സൂര്യന്‍ എന്നെ അനുവദിച്ചില്ല.ഇപ്പോള്‍ ഞാനും ചുറ്റുപാടും നിശബ്ദം.എന്തിനു വേണ്ടി..ആര്‍ക്ക് വേണ്ടി..ഇതു ചെയ്തു..മനസ്സ് എന്നോട് ചോദിക്കുന്നുണ്ട്.കാതില്‍ നിലനിന്നിരുന്ന മൂളള്‍ ഒരു ആരുടെയൊ വിളികള്‍ക്ക് വഴിമാറി.... ആ ശനിയാഴ്ച് ഞാനെന്ന 7)0 ക്ലാസ്സ് കാരന് തികച്ചും സാധാരണമായിരുന്നു.എഴുന്നേറ്റ് ചായകുടിച്ചു പേപ്പറും വായിച്ച് നിര്‍വികാരനായ് ഇരുന്ന എന്നോട് അപ്പന്‍ വന്നു പറഞ്ഞു “ഞങള്‍ ത്രിശ്ശുര്‍ വരെ പൊവ്വാണ്...ഇവിടെ ആരുമില്ല...കണ്ടോടത്ത് പൊയ് കറങ്ങി നടക്കരുത്...പിന്നെ മരിയ അപ്പറത്ത് ടുട്ടൂവിന്റെ കൂടെ കളിക്കാന്‍ പോയ്ക്കാണ്..“ നിര്‍ത്തിയതും “തല്ല് പിടിക്കാതെ ഇരുന്നോളൊ” എന്ന് അമ്മ കൂട്ടിച്ചേര്‍ത്തു.പള്ളിയിലെ രൂപക്കൂട്ടിലെ ഉണ്ണീശോയെ പോലെ നിഷ്കളങ്കനായ് ഞാന്‍ തലയാട്ടി. പക്ഷെ മനസ്സിലാകെ കടുത്ത നിരാശയായിരുന്നു..കാരണം ഇന്നലെ വളരെ ബുദ്ധിമുട്ടിയാണ് ബിനോയിയോട് പറഞ്ഞ് ഇന്നു നടക്കുന്ന 7Aയും 7Dയും തമ്മിലുള്ള ലോകക്കപ്പ് പന്ത് കളിയില്‍ സ്ഥാനം നേടിയത്.പിന്നെ ഒന്നാലോചിച്ചപ്പൊ ..ഞാന്‍ കളിച്ചിട്ട് വലിയ കാര്യമൊന്നുമില്ല ..പിന്നെ എന്റെ രൂപത്തിന്റെ ഭീകരതകൊണ്ടും..അമ്മ ഞങ്ങളുടെ സ്ക്കൂളില്‍ പടിപ്പിക്കുന്നതു കൊണ്ടും ഗോളി ഒഴികെ മറ്റേത് സ്ഥാനത്തേക്കും എന്നെ പരീക്ഷിച്ചിരുന്നു. അപ്പൊഴാണ് മനോരമയിലെ ആ വാര്‍ത്ത എന്നെ ആകര്‍ഷിച്ചത്...”കള്ളകടത്ത് സംഘം പോലീസ് വല പൊട്ടിച്ചൂ”...മൊത്തം വായിച്ചപ്പൊള്‍ സംഭവം എനിക്കങ്ങ് ക്ഷ പിടിച്ചു...പിന്നെ അതാലോചിച്ചൊരു 10-15 നിമിഷം ഇങ്ങനെ ഇരുന്നു..ഈ സംഭവത്തിലേക്ക് കഴിഞ്ഞയാഴ്ച് കണ്ട “രാജാവിന്റെ മകന്‍” സിനിമയിലെ രംഗങ്ങള്‍ കൂടി എഡിറ്റ് ചെയ്ത് മോഹന്‍ലാലിന് പകരം എന്നെ കേറ്റിയപ്പൊള്‍ ഞാനൊന്നു അടിമുടി വിറച്ചു.പിന്നെ ആലൊചിച്ചപ്പോ വീട്ടിലാരും ഇല്ലാത്തത് കൊണ്ട് കള്ളകടത്തിന് ഇതില്‍ മികച്ച് ഒരവസരം ഇല്ലെന്നു മനസിലാക്കിയ ഞാന്‍ വേഗം എഴുന്നേറ്റ് മുറിയില്‍ പോയ് ആകെയുള്ള കറുത്ത പാന്റും അങ്കില്‍ ഗള്‍ഫില്‍ നിന്നു കൊണ്ട് വന്ന “ഹാപ്പി” എന്നെഴുതിയ ടി-ഷര്‍ട്ടും എടുത്തിട്ട് ഇന്‍ഷര്‍ട്ട് ചെയ്ത് എനിക്ക് സാധിക്കാവുന്ന മുഴുവന്‍ ക്രൂരതയും മുഖത്തോട്ട് ആവാഹിച്ച് കണ്ണാടിയില്‍ നോക്കി നിര്‍വ്രുതിയടഞ്ഞു. കൊള്ളാം...മനസ്സിലല്ല ..തെല്ലുറക്കെ തന്നെ ഞാന്‍ പറഞ്ഞു. പിന്നെ മനസ്സില്‍ കടത്താന്‍ പറ്റിയ സാധനങ്ങളുടെ ലിസ്റ്റ് എടുത്തപ്പോള്‍ ആദ്യം വന്നത് സ്വര്‍ണ്ണം...പിന്നെ കള്ളനോട്ട്...എങ്കില്‍ പിന്നെ രണ്ടുമായ്കൊട്ടെ എന്നു വിചാരിച്ചു.പതിയെ പണ്ട് സ്കൂളില്‍ പൊകാന്‍ വാങ്ങിതന്ന അലുമിനിയ പെട്ടി എടുത്ത് പൊടി തട്ടി അതില്‍ കുറച്ചു ഗോള്‍ഡ്..അതായത് വീട് പണിക്ക് വാങ്ങിയ വിജാഗിരി അടക്കി വച്ചു.പിന്നെ നോട്ട് ബുക്ക് പൊതിയാന്‍ വാങ്ങി തന്ന ബ്രൌണ്‍ പേപ്പര്‍ മുറിച്ച് ഏകദേശം നൂറിന്റെ നോട്ടിന്റെ വലുപ്പത്തില്‍ മുറിച്ച് പെട്ടിയില്‍ അടുക്കി...പിന്നെ അപ്പാപ്പന്‍ കഴിഞ്ഞ താഴെക്കാട് മുത്തപ്പന്റെ പെരുന്നാളിനു വാങ്ങി തന്ന “Desert Eagle Pistol“ അതായത് കേപ്പ് വച്ച് പൊട്ടിക്കുന്ന കറുത്ത തോക്ക് എടുത്ത് പാന്റിന്റെ പുറകില്‍ തിരുകി(നുണയാണ്...അന്ന് ഞാന്‍ കമ്മീഷണറും ഏകലവ്യനും കണ്ടിരുന്നില്ല).അന്നാദ്യമായ് ഒരു കൈയുറയും വിഗ്ഗും പിന്നെ കൌബൊയ് തൊപ്പിയും ഇല്ലാത്തതിന്റെ വിഷമം ഞാനറിഞ്ഞു.അവസാ‍ന ഒരുക്കമായ് ഒരിക്കല്‍ കൂടി കണ്ണാടിയില്‍ നോക്കി ക്രൂരത ഒട്ടും മുഖത്ത് നിന്ന് ചോര്‍ന്ന് പോയിട്ടില്ലെന്ന് ഉറപ്പ് വരുത്തി പറമ്പിലോട്ട് ക്ഷമിക്കണം ...ഈജിപ്റ്റിലെ പുകയിലക്കാടുകളിലേക്ക് ഇറങ്ങി.അങ്ങനെ ആദ്യമായ് എന്റെ സ്വന്തം വീട്ടില്‍ നിന്ന് ഞാന്‍ പതുങ്ങി പതുങ്ങി പുറത്തോട്ടെറെങ്ങി. കുറേ നേരം ജാതിമരങ്ങളുടെ ഇടയിലൂടെ പതുങ്ങി നടന്നപ്പോല്‍ മനസിലായ് കള്ളകടത്തില്‍ സാഹസികതക്കാണ് പ്രാഥമികസ്ഥാനം എന്ന് മനസിലായ്.അതാ കാണുന്നു...ഈജിപ്റ്റിലെ അമേരിക്കന്‍ കാര്യാലയം i mean...വിറകും പണിസാധനങ്ങളും സൂക്ഷിക്കുന്ന വീടിനോട് ചേര്‍ന്നുള്ള ഒരു ഷെഡ്. ഒരു വിഹഘ വീക്ഷണത്തിലൂടെ മുകളില്‍ കൂടെയുള്ള ആക്രമണമാണ് സുരക്ഷിതമെന്ന് എനിക്ക് മനസിലായ്. പാതാളകരണ്ടി കയറില്‍ കെട്ടി മുകളിലേക്ക് എറിഞ്ഞ് പിടിപ്പിച്ച് വലിഞ്ഞ് കയറാമെന്ന് ചിന്തിച്ചെങ്കിലും ഷെഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന ആത്തചക്ക മരം സ്വതവേ മടിയനായ എന്നെ വഴിതിരിച്ച് വിട്ടു.പതിയെ അടുത്തെങ്ങും ആരുമില്ലെന്നു ഉറപ്പ് വരുത്തി ആത്തമരത്തില്‍ വലിഞ്ഞു കയരുമ്പോഴും എന്റെ ഒരു കൈ പിസ്റ്റലിന്റെ ട്രിഗ്ഗറില്‍ അമര്‍ന്നിരുന്നു...കാ‍രണം പെട്ടെന്നൊള്ളൊരു ആക്രമണം ഞാന്‍ പ്രതീക്ഷിച്ചിരുന്നു.അങ്ങനെ ഞാന്‍ വിജയശ്രീലാളിതനായ് മുകളിലെത്തി. എന്തായാലും വളരെ ബുദ്ധിമുട്ടി കയറിയതല്ലെ..2 ആത്തചക്ക ഫിനിഷ് ചെയ്തെക്കാം ...അങ്ങനെ ആ ഇറ്റാലിയന്‍ പിസ്സാ കഴിച്ചിരിക്കുംബോഴാണ് അമേരിക്കന്‍ കാര്യാലയവും എന്റെ വീടും തമ്മിലുള്ള ഒരു 5 അടി ഗ്യാപ്പ് ശ്രദ്ധയില്‍ പെട്ടെത്.ഈ 5 അടി ഗ്യാപ്പ് ഭൂമിയില്‍ നിന്ന് നോക്കുംബോള്‍ എന്നെ പലപ്പോഴും ആകര്‍ഷിച്ചിട്ടുള്ളതാണ്......ആര്‍ക്ക് കണ്ടാലും ഒന്ന് ചാടികടക്കാന്‍ തോന്നിക്കുന്ന മോഹിപ്പിക്കുന്ന ഒരു 5 അടി ദൂരം........സാഹസികത തെളിയിക്കാന്‍ ഇതില്‍പരം ഒന്നുമില്ല്ല എന്നുറപ്പിച്ച ഞാന്‍ 5 അടി ദൂരത്തെ വിശകലനം ചെയ്ത് ഒരു 10 അടി പിറകോട്ട് നടന്ന് ശ്രീശാന്തിനെപ്പോലെ മുഖം പരമാവധി കൂര്‍പ്പിച്ച് ഷെഡിന്റെ അരികിലോട്ട് ഓടി.....അരികിലെത്തിയതും മനസ്സിന്റെ highlight window യില്‍ എന്റെ ശവപ്പെട്ടി കണ്ടപ്പൊള്‍ ഒരു ഭിത്തിയിലിടിച്ച പോലെ ഞാന്‍ നിന്നു.മൂന്ന് വട്ടം കൂടി ശ്രമിച്ചെങ്കിലും ഫലം തഥൈവ.ഈ നയഗ്ര വെള്ളചാട്ടം ഞാനെങ്ങിനെ മറികടക്കും എന്റെ കുരിശുമുത്തപ്പാ...കൊരട്ടിമുത്തി... രണ്ടു പേരും പുതിയ ഐഡിയ നേരെ എന്റെ തലയിലേക്കെറിഞ്ഞു.ഓ എന്ത് മനൊഹരമായ ആശയം...ഒരു പാലം നിര്‍മ്മിക്കുക നടന്നു അപ്പുറത്തേക്ക് കടക്കുക.പക്ഷെ എന്തു വച്ച് പാലം പണിയും...താഴോട്ട് നോക്കിയപ്പോല്‍ 2 പച്ച തെങ്ങിന്‍പ്പട്ട കിടക്കുന്നുണ്ട്...പക്ഷെ എങ്ങനെ എടുക്കും.... അതാ വരുന്നു...എന്നെക്കാള്‍ 7 വയസ്സിളയതാണെങ്കിലും അതിന്റെ ബഹുമാനമോ..എന്തിന് എന്നെക്കാള്‍ 7 വയസ്സ് കൂടുതാലണെന്നും കരുതുന്ന പെങ്ങള്‍...അവളൊട് പട്ട എടുത്ത് തരാന്‍ പറഞ്ഞാലോ...പറഞ്ഞാല്‍ എന്തായലും കേക്കില്ല...ഭീഷണി അതു വിലപോവുകയെ ഇല്ല...പിന്നെ അനുനയം...അതെ നടക്കൂ..എന്തായാലും ഒരു കള്ളകടത്തുകാരനായ് പോയില്ലേ? ചേട്ടാ..ഒരു ആത്തചക്ക പൊട്ടിച്ച് തരോ?? ഹ ഹാ...തേടിയ തെങ്ങിന്‍പട്ട കാലില്‍ ചുറ്റി...എന്തിന് പറയുന്നു 4 ആത്തചക്കക്ക് വിലപേശി 2 തെങ്ങിന്‍പട്ട മുകളിലെത്തി....എന്തായാലും സഹായിച്ചതല്ലെ..എന്റെ അതിസാഹസികമാ‍യ പ്രകടനം കാണാന്‍ അവളെയും ക്ഷണിച്ചു. അവളാണെങ്കില്‍ എന്റെ പ്രകടനം ക്ലോസ് റേഞ്ചില്‍ കാണാന്‍ നേരെ വീടിന്റെ ടെറസ്സില്‍ ഉപവിഷ്ടയായ്. പിന്നെ ഞാന്‍ സമയം കളയാതെ പട്ടകള്‍ രണ്ടും കൂട്ടിവച്ചു പാലം റെഡിയാക്കി.വലത് കാല്‍ എടുത്ത് വച്ചമര്‍ത്തി ബലം പരിശോധിച്ചപ്പോള്‍ നടന്ന് അതിലൂടെ കടക്കാനാകില്ലെന്ന യാതാര്‍ഥ്യം ഞാന്‍ മനസ്സിലാക്കി...പിന്നെ ഇരുന്നിഴഞ്ഞ് കടക്കാനായ് ശ്രമം..ഇതിനിടെ ഞാന്‍ പേടിച്ച് എന്റെ മുഖം നവരസങ്ങളിലൂടെ കടന്ന് പോകുന്നത് ഞാനറിഞ്ഞു. ദേ വരുന്ന് അനിയത്തിയുടെ പ്രോത്സാഹന ചോദ്യം...”പട്ടെമേ കൂടെ നടക്കാന്‍ എന്തോരം നേരം വേണം?”..ഈ ചോദ്യം എന്നിലെ കള്ളകടത്ത് കാരന്റെ അഭിമാനത്തെ പിടിച്ചുലച്ചു...പിന്നെ ഒന്നും നോക്കിയില്ല്ല..നേരെ പട്ടയില്‍ ഇരുന്നിഴഞ്ഞ് മുന്നോട്ട്.....ശ്ശ് ശ് ...ക്ക് ക് ര്‍ ര് ...എല്ലാം പൂര്‍ത്തിയായ്...രക്ഷപെടാന്‍ ഇനിയൊന്നും ചെയ്യാനില്ല...ഇരുന്ന് ഇരുപ്പില്‍ തന്നെ പട്ടയൊട് കൂടെ ഇടത്തോട്ട് ചെരിഞ്ഞു..ഞാന്‍ കണ്ണുകള്‍ അടച്ചു...കൈകാലുകള്‍ എവിടെയോ ഉരയ്യുന്നു... ഫ്ലാഷ് ബാക്ക് പൂര്‍ണ്ണം..... വെള്ളം വേണമെന്നുണ്ട്..ശബ്ദം പുറത്ത് വരുന്നില്ല.. സ്ഥലകാലം ഏകദേശം പിടികിട്ടിത്തുടങ്ങി...അമ്മ മക്കള്‍ ഞങ്ങളോടുള്ളത്തിനേക്കാള്‍ സ്നേഹവും പരിപാലനയും കൊടുത്ത് വളര്‍ത്തിയിരുന്ന തക്കാളി,വഴുതന,പാവല്‍..മുതലായവയുടെ മുകളിലോട്ട് ആയിരുന്ന് ഈയുള്ളവന്റെ ക്രാഷ് ലാന്റിങ്ങ്....ഭാഗ്യമെന്ന് പറയട്ടെ ഒരു പുല്‍ക്കൊടി പോലും എന്റെ ഉഴുത്‌മറക്കലില്‍ നിന്ന് രക്ഷപെട്ടിട്ടില്ല.പതിയെ ഞെരുങ്ങി ഞാനെഴുന്നേറ്റിരുന്നു..അടഞിരുന്ന ചെവിയിലൂടെ പതിയെ ഒരു കൂവലിന്റെയും..കൈയടിയുടെയും ശബ്ദതരം‌ഗങ്ങള്‍ അരിച്ചിറങ്ങി.....ഞാന്‍ പതിയെ മുകളിലോട്ട് നോക്കി...വായുവിലൂടെ പറന്നിറങ്ങിയ സ്വന്തം ചേട്ടന്റെ സാഹസികതെയെ മനം മറന്ന് അഭിനന്ദിക്കുന്ന പെങ്ങള്‍...തികഞ്ഞ ദേഷ്യവും വേദനയും അതിലേറെ കടുത്ത നിരാശയും മൂലം എന്റെ മുഖം വലിഞ്ഞ്‌മുറുകി.. തെല്ലുറക്കെ തന്നെ ഞാന്‍ വാവിട്ട് കരഞ്ഞു......പൊട്ടി..പൊട്ടി കരഞ്ഞു... പരാജിതനായ ഒരു കള്ളകടത്തുകാരന്റെ വിലാപം..... *വിരിയമിട്ട്:ചിത്രകഥകളിലും കാര്‍ട്ടൂണുകളിലും അടികിട്ടുമ്പോഴും മറിഞ്ഞ് വീഴുമ്പോഴും തലക്ക് ചുറ്റും നക്ഷത്രങ്ങള്‍ വരക്കുന്നത് ഭംഗിക്കല്ല എന്നു മനസ്സിലായ്...

Monday, May 7, 2007

ചിന്തകള്‍.. ഇവ പെയ്തൊഴിയുന്നില്ല...

ബഹാറോം ഫൂല്‍ ബര്‍സാവോ.. മെരാ മെഹബൂബ് ആയാ ഹൈ... മെരാ മെഹബൂബ് ആയാ ഹൈ..
മൊഹമ്മദ് റാഫിയുടെ ശബ്ദം കേട്ടാണ് ഞാന്‍ മയക്കതില്‍ അമര്‍ന്നത്.. ഇടയ്ക്കെപ്പോഴോ , റേഡിയോ മിര്‍ച്ചി 98.3, സക്ക ഹോട്ട് മഗാ.. കേട്ടാണ് ഞെട്ടിയുണര്‍ന്നത്..
ഇന്നലത്തെ ഹാങോവര്‍ മാറിയിരുന്നില്ല... പീറ്റര്‍ സ്കോട്ട് തലയില്‍ എവിടേയോ ഇരുന്നു മൂളുന്നു... തലയ്ക്കെവിടെയോ അടി കിട്ടിയപോലെ... ഇന്നലെ തുടങിയത് ബര്‍ട്ടണില്‍ ആയിരുന്നു.. എപ്പോഴോ പീറ്ററില്‍ കൈ വെച്ചു... ഒരാഴ്ച്ചയായി ഷേവ് ചെറ്യ്തിട്ട്.. അപ്പുറത്ത് എന്തൊക്കയോ ബഹളം കേള്‍ക്കുന്നു... ആ ബംഗാളികള്‍ ആയിരിക്കും.. ചുമ്മാ പുറത്തെല്ലാം ഇറങിയാലോ?
ഷര്‍ട്ട് ഇട്ടിറങിയതെ ഒള്ളു.. വീട്ടുടമസ്ഥന്‍ മുന്‍പില്‍ നില്‍ക്കുന്നു.. സലാം പറഞു ഒഴിഞു മാറി.. നിന്നാല്‍ കന്നഡയില്‍ എന്തെങ്കിലും പറയും.. ഇപ്പോഴത്തെ മൂഡിനു ശരിയാവില്ലാ.. എല്ലാം തെറിയായേ തോന്നൂ.. ഒരു പായ്ക്കറ്റ് പാലും വാങി തിരികെയെത്തിയപ്പോള്‍ ആണ് കണ്ടത് ഉടമസ്ഥന്റെ വീട്ടിലെ പിള്ളാരു സെറ്റ് കുറചു മിഠായിക്കായി അടി കൂടുന്നു... ഒരു മാതിരി ആദിവാസികള്‍ അച്ചപ്പം കണ്ട പോലെ.. പാല് തിളയ്ക്കാന്‍ വെച്ചപ്പോഴാണ് സാറയെ ഓര്‍ത്തത്..

സാറ.. അവള്‍ കമ്പനിയിലെ അവിഭാജ്യ ഘടകം തന്നെ ആയിരുന്നു.. കോപ്പര്‍ ബ്രൌണ്‍ തലമുടിയും, ഡയമണ്ട് മൂക്കുകുത്തിയും ഉള്ള ആന്‍ഗ്ലൊ ഇന്ത്യന്‍.. മുംബൈ ബ്രാഞ്ചില്‍ നിന്നും സ്ഥലം മാറി വന്നവളാണിവള്‍.. ഇന്‍ഗ്ലീഷ് റിഫ്രഷര്‍ ക്ലാസ്സില്‍ വി എന്നു പറയുമ്പോള്‍, ലുക് ആന്‍ഡ് ഡൂ ലൈക്ക് ദിസ്... ബൈറ്റ് ദി ലോവര്‍ ലിപ്സ് ആന്‍ഡ് സേ വീ എന്നാണവള്‍ എന്നോട് പറഞത്.. ഐ കാണ്ട് ഡൂ ദാറ്റ് ഹിയര്‍ മാം.. എവിരി വണ്‍ ഈസ് ലുക്കിങ്, ആന്‍ഡ് ഹൌ കാന്‍ ഐ ബൈറ്റ് യുവര്‍ ലിപ്സ് എന്ന് തിരിച്ചു ചോദിച്ചത് അവള്‍ക്ക് വളരെ ഇഷ്ട്ടമായി.. അന്ന് മുതല്‍ ഞങള്‍ അടുത്തു.. ബ്ലൂട്ടൂത്ത് ഫോണില്‍ ഹെല്ലോ ബട്ടര്‍ഫ്ലൈ,(അവള്‍ക്ക് ആ പേര് വളരെ ഇഷ്ട്ടമായിരുന്നു.. അതിനാല്‍ അവള്‍ ബ്ലൂട്ടൂത്ത് പ്രൊഫൈലില്‍ പോലും ആ പേരാണ് യൂസ് ചെയ്തത്..) എന്ന മെസ്സേജിലൂടെ ഞങളുടെ ബന്ധം വളര്‍ന്നു.. ഞാ‍യറാഴ്ച്ചകള്‍ ഫ്യൂഷനും റാപ്പും റമ്മും നിറഞ styxഉം, Jcubezഉം, എനിഗ്മയും...

അവളുടെ മടിയില്‍ തലവെച്ചുറങിയ രാത്രികള്‍, എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.. ഞങള്‍ തമ്മില്‍ ഇഷ്ട്ടത്തില്‍‍ ആയിരുന്നില്ല.. കൊളീഗസ് മാത്രവുമായിരുന്നുമില്ല.. അവസാനം ഒരു ദിവസം പെട്ടന്ന് മറഞ അവളേ തിരക്കാത്ത സ്ഥലങളില്ല.. മെയിലുകള്‍ക്ക് റിപ്ലൈ ഇടാന്‍ പോലും അവള്‍ മിനക്കെട്ടില്ല... കുക്കിങ് ഗ്യാസിന്റെ രൂക്ഷ ഗന്ധം എന്നെ സാറയുടെ ചിന്തകളില്‍ നിന്നും അകറ്റി.. പാല് മുഴുവന്‍ തിളച്ച് പോയിരിക്കുന്നു.. അടുപ്പും കെട്ടു.. ഈ ചിന്തകള്‍ക്ക് ഒരവസാനമില്ലേ?

അന്ന് ആദ്യമായ് നിന്നെ കണ്ടപ്പോള്‍ തോന്നിയത് കൌതുകം ആയിരുന്നു... എന്നാണ് അത് സ്നേഹമായതെന്നറിയില്ല... എപ്പോഴോ മൊട്ടിട്ടാ ആ സ്നേഹം പ്രണയത്തിന് വഴിമാറി അത് എന്റെ മാത്രം വികാരം ആയിരുന്നു എന്ന് ഞാന്‍ അറിഞപ്പോഴേക്കും വൈകി, ഒരു വൈമനസ്യത്തോടെ ആണെങ്കിലും ഞാന്‍ അത് അംഗീകരിച്ചു.. എന്റെ പ്രണയം നിരാകരിച്ചതില്‍ എനിക്ക് നിന്നോട് വിദ്വേഷം ഇല്ല.. നിനക്കായ് ഞാന്‍ കാത്തിരിക്കാം.. ഇനിയുള്ള ജന്മത്തിലെങ്കിലും ഒന്നാകാന്‍...

ഏപ്രില്‍ മാസത്തെ മത്സരഫലങ്ങള്‍

www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച ബ്ലോഗ്പോസ്റ്റുകള്‍ക്കുള്ള ഏപ്രില്‍ മാസത്തെ മത്സരത്തില്‍ സമ്മാനം ലഭിച്ച ബ്ലോഗുകള്‍ അറിയാന്‍ ഇവിടെ ഞെക്കുക.............. ഇട്ടിമാളുവിന്റെ പേയിംഗ് ഗസ്റ്റ് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ വിവരവും ഏവരെയും അറിയിക്കട്ടെ.
ഇത്തവണ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏതെങ്കിലും 2 പുസ്തകങ്ങള്‍ www.mobchannel.com bookstoreല്‍ നിന്നും വിജയികള്‍ക്കു ലഭിക്കുന്നതാണ്. വിശാലമനസ്ക്കന്റെ കൊടകരപുരാണവും, നിര്‍മ്മലയുടെ നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി ഉള്‍പ്പെടെ വിവിധ അവാര്‍ഡുകള്‍ നേടിയ പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളും‍ ഇവിടെ ലഭ്യമാണ്. ജനകീയ ചാനലായ www.mobchannel.com ന്റെ ആദ്യ സംരഭമായ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറിലൂടെ ആവശ്യപ്പെടുന്ന പുസ്തകങ്ങള്‍ ഇന്ത്യയിലെവിടെയും ലഭിക്കുന്നതാണ്.....

വിടരുന്നമൊട്ടുകള്‍ നടത്തി വരുന്ന മികച്ച ബ്ലോഗ് കണ്ടെത്താനുള്ള മത്സരം പുതിയൊരു രീതി അവലംബിക്കുകയാണ്. വായനക്കാര്‍ തന്നെ വോട്ടിങ്ങിലൂടെ മികച്ച ബ്ലോഗ് കണ്ടെത്തുന്നത് മത്സരത്തെ കൂടുതല്‍ ജനകീയവല്‍ക്കരിക്കുമെന്ന് വിശ്വസിക്കാം. ഇതിനായി www.mobchannel.com സന്ദര്‍ശിക്കുക. ഇതിനുള്ള സൌകര്യം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളതായി www.mobchannel.com അറിയിച്ചിട്ടുണ്ട്. എല്ലാ മാസവും 4ആം തീയതി വരെ ലഭിക്കുന്ന വോട്ടുകള്‍ക്കനുസൃതമായിരിക്കും വിജയികളെ പ്രഖ്യാപിക്കുക.

മെയ് മാസത്തെ മത്സരത്തിനായി എന്‍ട്രികള്‍ പോസ്റ്റ് ചെയ്തു തുടങ്ങുക...

Wednesday, May 2, 2007

വിജയികളെ കണ്ടെത്താന്‍ നിങ്ങള്‍ക്കവസരം

www.mobchannel.com ന്റെ സഹകരണത്തോടെ വിടരുന്നമൊട്ടുകള്‍ നടത്തി വരുന്ന മികച്ച ബ്ലോഗ് കണ്ടെത്താനുള്ള മത്സരം പുതിയൊരു രീതി അവലംബിക്കുകയാണ്. വായനക്കാര്‍ തന്നെ വോട്ടിങ്ങിലൂടെ മികച്ച ബ്ലോഗ് കണ്ടെത്തുന്നത് മത്സരത്തെ കൂടുതല്‍ ജനകീയവല്‍ക്കരിക്കുമെന്ന് വിശ്വസിക്കാം. ഇതിനായി www.mobchannel.com സന്ദര്‍ശിക്കുക. ഇതിനുള്ള സൌകര്യം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളതായി www.mobchannel.com അറിയിച്ചിട്ടുണ്ട്. എല്ലാ മാസവും 4ആം തീയതി വരെ ലഭിക്കുന്ന വോട്ടുകള്‍ക്കനുസൃതമായിരിക്കും വിജയികളെ പ്രഖ്യാപിക്കുക. ഓരോ മാസവും ഇനി മത്സരത്തെക്കുറിച്ച് പ്രത്യേക അറിയിപ്പുണ്ടായിരിക്കുന്നതല്ല. വിടരുന്നമൊട്ടുകള്‍ മികച്ച പോസ്റ്റുകളുടെ ഒരു സമാഹാരമായിരിക്കാന്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാം, ഒപ്പം ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കുന്ന ഈ സംരഭത്തിനു എല്ലാവിധ പിന്തുണയും നമുക്ക് നല്‍കാം.