Wednesday, April 30, 2008

ആകാശമില്ലാത്ത പറവകള്‍

ആകാശമില്ലാത്ത പറവകള്‍

വേപ്പുമരത്തെക്കുറിച്ചു പറയുമ്പോഴെല്ലാം അമ്മയുടെ കണ്ണുകളില്‍ ഒരു ഗ്രാമം പ്രകാശിച്ചു നില്‍ക്കുമായിരുന്നു .താനൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു ഗ്രാമം.അവിടെ നടവഴികള്‍ക്കിരുവശവും തഴച്ചു വളര്‍ന്ന വേപ്പ് മരങ്ങള്‍.അവയ്ക്കു ചുവട്ടില്‍ മാ‍വിലത്തോരണങ്ങള്‍ക്കിടയില്‍ മഞ്ഞള്‍ പൂശിയിരിക്കുന്ന അമ്മ ദൈവങ്ങള്‍.
“എല്ലാം തന്നതവരാണ്”.അമ്മ പറയും“ഈ ശരീരോം ഈജീവനും” ഒടുവില്‍ ഒരു കുസൃതിയോടെ അഛനെ
നോക്കിക്കൊണ്ട് അമ്മ പറയും “പിന്നെ നിന്റെ അഛനേയും”
അമ്മ അത് പറയുമ്പോള്‍ അഛന്റെ കണ്ണുകളിലും പൂത്തിരികള്‍ തെളിയും.അതുകൊണ്ടാണ് ടീച്ചര്‍ ഏത് മരം വേണമെന്ന് ചോദിച്ചപ്പോള്‍ വേപ്പ് എന്ന് വേഗം ഉതരം പറയാന്‍ അവന് കഴിഞ്ഞത്.
രാമു എന്ന പേരിന് നേരെ ടീച്ചര്‍ വേപ്പ് എന്ന് മനോഹരമായ കൈയക്ഷരത്തില്‍ എഴുതിയത് കണ്ടപ്പോള്‍ അവന് സമാധാനമായി .അവധി കഴിഞ്ഞ് വരുമ്പോള്‍ എല്ലാവര്‍ക്കും വൃക്ഷത്തൈകള്‍ തരും.ടീ‍ച്ചര്‍ ഉറപ്പ് നല്‍കി.
നല്ല മഴയുള്ള ഒരു ദിവസമാണ് സ്കൂള്‍ തുറന്നത്.അവധി തീരുന്ന കാര്യം മഴ ഇത്ര കൃത്യമായി അറിയുന്നതെങ്ങിനെയാണവോ?രാമു അത്ഭുതപ്പെട്ടു.പുതിയ ഉടുപ്പും പുസ്തകവുമെല്ലാം നനയും.എന്നാലും അവന് മഴയോട്
ദ്വേഷ്യമൊന്നും തോന്നിയില്ല.അവന്റെ മരം വളരാന്‍ മഴ വേണ്ടേ?
ശ്രദ്ധിച്ച് വളര്‍ത്തണം.തൈകള്‍ വിതരണം ചെയ്യാന്‍ വന്ന മന്ത്രി കുട്ടികളോട് പറഞ്ഞു.മരം വളരുമ്പോള്‍ പക്ഷികള്‍ അതില്‍ ചേക്കേറാന്‍ വരും.അതങ്ങനെ ഒരു ലോകമായി മാറും.ഒരു മരം വളര്‍ത്തുമ്പോള്‍ നിങ്ങളൊരു ലോകത്തെയാണ്വളര്‍ത്തുന്നത്.
അതെനിക്കറിയാം.തനിക്ക് കിട്ടിയ വേപ്പിന്‍ തൈ മാറോടണച്ചു കൊണ്ട് രാമു സ്വയം പറഞ്ഞു.ഇതെന്റെ അമ്മയുടെ സ്വപ്നങ്ങളിലെവിടേയോ ബാക്കിയുള്ള ഒരു ലോകമാണ്.
മുറ്റത്തോട് ചേര്‍ന്ന് ഒരു കുഴിയെടുത്ത് രാമു വേപ്പിന്തൈ നട്ടു.
“അതാണ് നല്ല സ്ഥലം” അമ്മ പറഞ്ഞു.”വേപ്പിന്റെ ഇലകളില്‍ തട്ടി വരുന്ന കാറ്റ് തട്ടിയാല്‍ ഒരു സൂക്കേടും വരില്ല.എല്ലാ ദിവസവും രാവിലെ രാമു അതിനെ ചെന്നു നോക്കും;മഴയാണെങ്കിലും ഒരു തുള്ളി വെള്ളം കുഞ്ഞിലകളിലേക്ക് കുടഞ്ഞ് തെറിപ്പിക്കും.താനിവിടെയുണ്ടെന്നതിനോട് പറയുന്നത് പോലെ.
വേപ്പിന്‍ പുതിയ ഇല വിരിഞ്ഞ ദിവസം അവന്‍ ഡയറിയിലെഴുതി
“അവന്‍ എന്നെ നോക്കി ചിരിക്കുന്നു”
കര്‍ക്കിടകം കറുത്ത് നിന്ന ദിവസങ്ങളില്‍ അവന്‍ വേപ്പ്മരത്തോട് സ്വകാര്യം പറഞ്ഞു.
പേടിക്കേണ്ട കേട്ടൊ;ഈ മഴ വേഗം മാറും.പിന്നെ വെയിള്‍ വരും .ഓണം വരും അപ്പോള്‍ നമുക്കൊരുമിച്ച് പൂക്കളം ഒരുക്കമല്ലൊ.കാര്യം മനസ്സിലായതു പോലെ വേപ്പ് നനഞ്ഞ ചില്ലകളാട്ടി സമ്മതമറിയിച്ചു.
മഴക്കാലം കഴിയ്മ്പോഴേക്കും ആ വേപ്പ് ചെടി അവന്റെ മുട്ടോളം വളര്‍ന്നിരുന്നു.
“അവന്‍ ഒരു സുന്ദരനാണ്”.രാമു ഡയറിയിലെഴുതി.
“ഇലകള്‍ക്ക് തിളങ്ങുന്ന പച്ച നിറം.മെലിഞ്ഞതെങ്കിലും കരുത്തുള്ള ഉടല്‍.ഒരു ദിവസം ഇവന്‍ ഈ വീടിനോളം വലുതാവും.അന്ന് ആ തണല്‍ നല്‍കുന്ന തണുപ്പില്‍ എന്റെ ഉച്ചകള്‍
സ്വപ്നങ്ങള്‍ കൊണ്ട് നിറയും”
മഴക്കാലത്തിനു യാത്രയയപ്പ് നല്‍കാന്‍ മഞ്ഞിന്‍ പാളികള്‍ ആട്ടിന്‍പറ്റങ്ങളെപ്പോലെ ചക്രവാളമിറങ്ങി വന്നു.രാമു മുടങ്ങാതെ വേപ്പിന് വെള്ളം കോരി.
വേനല്‍ തുടങ്ങിയപ്പോള്‍ രണ്ട്മൂന്നിലകള്‍ കൊഴിഞ്ഞു,പകരം ഒരു പാട് പുതിയ ഇലകള്‍വന്നു.രാമുവിന് സന്തോഷമായി.
പക്ഷേ ആ ചെറിയ കോളനിയിലെ കൊച്ചു മനുഷ്യരുടെ ജീവിതത്തിന് മുക
ളിലേക്ക് ഒരു നിഴല്‍ വളരാന്‍ തുടങ്ങിയത് പെട്ടെന്നായിരുന്നു.അഛനും അയല്‍ക്കാരും ചേര്‍ന്ന്
ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ ആദ്യമൊന്നും രാമുവിന് മനസ്സിലായില്ല.
ഒടുവില്‍ അമ്മയാണ്‍ അവനോടത് പറഞ്ഞത്.
“നമുക്കീ വീടൊഴിഞ്ഞ് പോവേണ്ടി വരും മോനേ”
പോവ്വേ? നമ്മളെങ്ങോട്ട് പോവും അമ്മേ?
അതമ്മക്കുമറിയില്ല.
അതേ ചോദ്യം അമ്മ അയല്‍ക്കാരോട് ചോദിച്ചു.അവര്‍ക്കുമറിയില്ല പക്ഷേ പോവേണ്ടി വരുമെന്ന കാര്യം എല്ലവര്‍ക്കും തീര്‍ച്ചയായിരുന്നു.കടലിനക്കരെ നിന്നും വലിയ കമ്പനിക്കാര്‍ വരുന്നു അവരിവിടെ വ്യവസായം തുടങ്ങും.ഒരു വ്യവസ്ഥ മാത്രം.കമ്പനിക്കാര്‍ക്ക് ആവശ്യമുള്ള സ്ഥലം സര്‍ക്കാര്‍ കൊടുക്കണം.അവിടേക്ക് റോഡുണ്ടാക്കാനും സ്ഥലം വേണം അതിനാണ് ഇപ്പോള്‍ കോളനിയിലുള്ളവരേ ഒഴിപ്പിക്കുന്നത്.
വലിയ കമ്പനി വന്നാല്‍ നമുക്കൊക്കെ അവിടെ ജോലി കിട്ടുമോ?അഛന്‍ ആരോടൊക്കേയോ ചോദിച്ചു. അതിന് വലിയ പഠിത്തം വേണം.അങ്ങനെയാണത്രെ ആളുകള്‍ പറയുന്നത്.
“നമുക്ക് ഭൂമി തരുമായിരിക്കും”അഛന്‍ അമ്മയെ ആശ്വസിപ്പിച്ചു.
“എവിടായിരിക്കും”?അമ്മചോദിച്ചു.
“അതറിയില്ല”അഛന്‍ നിസ്സംഗനായി മറുപടി നല്‍കി.
“ചിലപ്പോള്‍ കടപ്പുറത്തായിരിക്കും”
അതു കേട്ടപ്പോള്‍ രാമുവിന് പരിഭ്രമമായി.കടക്കരയിലെ ഉപ്പു കാറ്റ് ആ വേപ്പ് മരത്തെ കൊന്ന് കളഞ്ഞാലോ?
നീ പേടീക്കേണ്ട .രാമു അതിനോട് പറഞ്ഞു.എവിടേയോ ജനിച്ച നീ ഇവിടെ എത്തിയില്ലേ.ഇനി നമ്മള്‍ ഒരു പുതിയ വീട്ടിലേക്ക് പോവും അവിടേയും ഞാന്‍ നിന്നെ പൊന്ന് പോലെ നോക്കും.
ദിവസങ്ങള്‍ കടന്ന് പോയി; കാര്യങ്ങള്‍ ഒരു തീരുമാനത്തിലും എത്തിയില്ല.എല്ലാവര്‍ക്കും ആധിയും സംശയങ്ങളും വര്‍ദ്ധിച്ചു കൊണ്ടിരുന്നു.ഒടുവില്‍ ഒരു ദിവസം കോട്ടും സൂട്ടുമിട്ട ഉദ്യോഗസ്ഥ്ന്മാര്‍ കോളനിയിലെത്തി.
സ്വന്തം പേരില്‍ ഭൂമിയുള്ളവര്‍ക്കെല്ലാം നാളെ പുതിയ സ്ഥലം കിട്ടും. അവര്‍ അറിയിച്ചു.
അഛന്‍ വച്ചു നീട്ടിയ കടലാസുകള്‍ നോക്കി അവരിലൊരാള്‍ ലേശം പരിഹാസത്തോടെ പറഞ്ഞു.
“ ഈ ഭൂമി നിങ്ങളുടേതാണെന്ന് ആര് പറഞ്ഞു?ഇത് സര്‍ക്കാര്‍ ഭൂമിയാണ്”.
തലയില്‍ ഇടി വീണതു പോലെ അഛന്‍ മണ്ണില്‍ തളര്‍ന്നിരുന്നു.
“അപ്പോള്‍ ഞങ്ങള്‍ക്ക്.....”അഛന്‍ വിറക്കുന്ന സ്വരത്തിലാണ് ചോദിച്ചത്.
ഇല്ല;നിങ്ങള്‍ക്ക് ഭൂമി കിട്ടില്ല. അയാള്‍ തീര്‍ത്തു പറഞ്ഞു.ഈ വീടിന് ഞങ്ങളൊരു വില നിശ്ചയിക്കും.അത് വാങ്ങി നിങ്ങള്‍ ഇവിടെ നിന്നൊഴിയണം.
“ഇല്ലെങ്കില്‍.....”അഛന്‍ അത് ചോദിച്ചത് വല്ലതെ കനത്ത സ്വരത്തിലായിരുന്നു.
ഒഴിഞ്ഞില്ലെങ്കില്‍ അവര്‍ ഒഴിപ്പിക്കും.റോഡിനപ്പുറം നില്‍ക്കുന്ന പോലീസുകാരെ ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു.
“ഇല്ലാ;പകരം ഭൂമി കിട്ടാതെ ആര് വന്നാലും ഞങ്ങള്‍ ഒഴിഞ്ഞു തരില്ല.”
അഛന്‍ കാലടികള്‍ അമര്‍ത്തിച്ചവിട്ടി വരാന്തയിലേക്ക് നടന്നു കയറി. അമ്മയും രാമുവും അദ്ദേഹത്തെ പിന്തുടര്‍ന്നു.
രാമു അഛന്റെ കണ്ണുകളിലേക്ക് നോക്കി.അവിടെ കനലെരിയുന്നതവന്‍ കണ്ടു.
“അഛാ”അവന്‍ പതുക്കെ വിളിച്ചു.
“ഈ ഭൂമി സര്‍ക്കാറിന്റേത് ആണെങ്കില്‍ നമ്മുടീതും കൂടിയല്ലേ.സര്‍ക്കാര്‍ നമ്മുടേത് ആണെന്ന് ഞ്ങ്ങടെ ടീച്ചര്‍ പറയാറുണ്ടല്ലൊ”
അഛന്‍ അവനെ ചേര്‍ത്തു പിടിച്ചു.വിറക്കുന്ന ചുണ്ടുകള്‍ കൊണ്ട് മൂര്‍ധാവില്‍ ഉമ്മ വച്ചു.
“നമുക്ക് ഒന്നുമില്ലെടാ മോനേ,ഒന്നുമില്ല.ഭൂമീമില്ല ആകാശോം ഇല്ല.”
നമുക്ക് തിരിച്ചു പോവാം.അമ്മ പറഞ്ഞു.നമ്മടെ നാട്ടിലേക്ക്.
“ഇല്ല അഛന്‍ തീര്‍ത്തു പറഞ്ഞു.അവിടെയും നമുക്കൊരു പിടി മണ്ണില്ലല്ലോ,സ്വന്തമെന്നു കരുതിയ ഈമണ്ണില്‍ കിടന്ന് നമുക്ക് ചാവാം”
രാമു മുറ്റത്തിറങ്ങി.സാവധാനം വേപ്പിന്‍ തൈ പറിച്ച് കുപ്പയത്തിനുള്ളില്‍ നെഞ്ചോട് ചേര്‍ത്ത് വച്ചു.ഇല്ല നിന്നെ
ഞാനാര്‍ക്കും കൊടുക്കില്ല.സര്‍ക്കാരിനും,കമ്പനിക്കാര്‍ക്കും ആര്‍ക്കും കൊടുക്കില്ല.
നിനച്ചിരിക്കാത്ത നേരത്താണ് യന്ത്രങ്ങള്‍ വീട്ടിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.നീളന്‍ കഴുത്തുകളുള്ള ലോഹ വ്യാളികള്‍.
അവര്‍ ചുമരില്‍ ആഞ്ഞു കുത്തിയപ്പോള്‍ ഉത്തരവും ഓടുകളും ഉതിര്‍ന്നു വീണു.അമ്മ ഉറക്കെ നിലവിളിച്ചു.
നെഞ്ചോട് ചേര്‍ന്നിരുന്ന വേപ്പിന്‍ തൈ രാമുവിനോട് ദയനീയമായി ചോദിച്ചു.ഇനി ഞാന്‍ എവീ‍ടെ വളരും?
അകലെയിരുന്ന് ഭരണാധികാരി പറഞ്ഞു.
വികസനം വരാന്‍ എല്ലാവരും ത്യാഗങ്ങള്‍ സഹിക്കേണ്ടി വരും.















.

Monday, April 21, 2008

വെളിച്ചം തേടി.........




ഇരുളെന്റെ മുന്നില്‍ പൂത്തുലഞ്ഞു


വെട്ടം വാടിക്കുഴഞ്ഞു വീഴ്കെ..


തിമിരം കടിച്ചു പറിച്ച കണ്‍കള്‍


കുഴിയിലാണ്ടു പിടഞ്ഞീടുന്നു..


നിലാവിന്‍ താഴ്വരയ്ക്കപ്പുറത്തു


ആരെന്നെ പേര്‍ ചൊല്ലി വിളിച്ചിടുന്നു..??


കണ്‍ചിമ്മി നിന്നൊരു താരമോതി


“ഊന്നാന്‍ വടിയിനി വേണ്ടയെന്നു..”


പാപമാറാപ്പിന്റെ ഭാരമെന്നെ


മണ്ണിലേക്കങ്ങോട്ടമര്‍ത്തുന്നുവോ...


നിഴലിനെ മാത്രം കൂട്ടു ചേര്‍ത്തു


കടക്കുവാനിനിയെത്ര വൈതരണികള്‍..??


അന്യന്റെ വിയര്‍പ്പ് മൊരിച്ചെടുത്ത


അപ്പങ്ങളൊന്നുമേ ബാക്കിയില്ല..


നൊമ്പരക്കിണറിന്നാഴങ്ങള്‍ താണ്ടിക്കവര്‍ന്നെടുത്ത


കണ്ണുനീര്‍ തെളിവെള്ളം തീര്‍ന്നുപോയി...


കൊഴുപ്പിന്റെ പാളികള്‍ മറച്ചുവയ്ക്കും


വിശപ്പിന്റെ ആര്‍ത്തിക്കരത്തില്‍ നിന്നും...


ദാഹം മുറുകുന്ന നേരങ്ങളില്‍


എന്‍ മുറിവുകളെല്ലാം ചുരത്തിയേക്കും...


“വള്ളിയെപ്പോലെ പടര്‍ന്നു നീയും


പിന്നിലേക്കെന്നെ വലിച്ചീടല്ലേ...”


കെട്ടുപാടുകളെല്ലാം വലിച്ചെറികെ


നിഴലെന്നില്‍ നിന്നുമടര്‍ന്നുപോയി..


അടര്‍ന്നൊരാക്കഷ്ണം തിരഞ്ഞുപോകെ

എന്നുള്‍പ്പൂക്കളാരോ പറിച്ചെടുത്തു...


ഓട്ടേറെ നിഴലുകള്‍ കൂടി വന്നു


എന്നെയെടുത്തങ്ങു മഞ്ചലേറ്റി


മരണപ്പെട്ടിയിലാഴ്ത്തി‍ മുദ്രവച്ചു...


മണ്ണിലേക്കങ്ങലിഞ്ഞു ചേഴ്കെ


കണ്ണുമടച്ചു ഞാന്‍ പുഞ്ചിരിച്ചു..


“വെളിച്ചത്തിലേക്കിനി ദൂരമല്പം..”


Saturday, April 19, 2008

പറക്കുന്ന മനുഷ്യരും പറക്കാത്ത മനുഷ്യരും

മനുഷ്യര്‍ രണ്ടു തരമുണ്ടു പറക്കുന്ന മനുഷ്യരും പറക്കാത്ത മനുഷ്യരും. രണ്ടു തരം എന്നതു തരം തിരിക്കലിന്റെ പരിമിതി ആണു എന്നു വേണമെങ്കില്‍ വാദിക്കാം അതു അവിടെ നിക്കട്ടെ...പറക്കല്‍ എന്നതു ശാരീരികമായ ഒരു ആവശ്യമല്ല. ഉദ്ദാഹരണത്തിനു കൊറ്റിക്കു കാലുകളുമുണ്ടു , കൊറ്റിയുടെ ജീവിതത്തിന്റെ നല്ലൊരു ശതമാനം കാലുകുത്തിയാണു കഴിച്ചു കൂട്ടുന്നതു. എന്നിട്ടും കൊറ്റി പറക്കുന്നു .. പറക്കുന്ന നിമിഷം കൊറ്റി പറക്കാനാഗ്രഹിക്കുന്നു , എന്നാല്‍ നടക്കുന്ന നിമിഷം കൊറ്റി പറക്കലിനേ വിടുതല്‍ ചെയ്യുകയാണു , അല്ലാതെ നടക്കാന്‍ ആഗ്രഹിക്കുകയല്ല.. വയലില്‍ പരലുകളെ ചികയുന്ന ഒറ്റയാന്‍ കൊറ്റി രഘുവിന്റെ ചിന്തകളേ ഉണര്‍ത്തി.. ചിറകുകള്‍ പറക്കലിനേ സഹായിക്കുകയാണു അല്ലാതേ ചിറകുകളുണ്ടായതു കൊണ്ടല്ല കൊറ്റി പറക്കുന്നതു..

ഇനി പറക്കുന്ന മനുഷ്യരേ എടുക്കാം , മനുഷ്യര്‍ പറക്കുന്നില്ല എന്നു വേണമെങ്കിലും വാദിക്കാം അതും അവിടെ നിക്കട്ടെ. കാരണം പറക്കുന്ന ഒരു മനുഷ്യനേ കാണുന്നിടം വരയേ ആ വാദത്തിനു നിലനില്‍പുള്ളൂ. രഘു പല തവണ പറന്നിട്ടുണ്ടു.... അതു ഒരു തരം വിഭ്രാത്മക്മായ അനുഭവം ആണു. ആരും അധികം സഞ്ചരിക്കാത്ത ചരലുകള്‍ നിരന്നു വരണ്ട പഞ്ചായത്തു പാതയില്‍ , മറ്റാരും ശ്രദ്ധിക്കാനില്ലാത്തപ്പോള്‍... അങ്ങനെയുള്ള അവസരത്തില്‍ പറക്കാനുള്ള ആഗ്രഹം വിതുമ്പി വരികയായീ, അവിടെ ചിറകുകളുടെ ആവശ്യമില്ല, കാരണം ചിറകുകള്‍ സഹായികള്‍ മാത്രമാണു, ആഗ്രഹം കരുത്തുറ്റതാണെങ്കില്‍ സഹായികളുടെ ആവശ്യം ഇല്ല.. ഭാരം നഷ്ടപ്പെട്ട ശരീരം ഉയരുകയായീ... ഇലക്റ്റ്രിക്‌ കമ്പികള്‍ ഒരു ശല്യമാണു ... ഒരു തവണ ഒരു കാക്കയെ മുട്ടാതിരിക്കാന്‍ ശ്രദ്ധിച്ചപ്പോള്‍ തീര്‍ന്നു എന്നു കരുതി...

ചിലപ്പോള്‍ അസ്വാഭികമായ പലതും പറക്കലില്‍ കണ്ടുമുട്ടാറുണ്ടു.. ശവങ്ങള്‍ പലപ്പോഴും ഒഴുകി നടക്കുകയാണു, ഗംഗാ നദിയുടെ കൈവഴികല്‍ പലതും കെട്ടുപിണഞ്ഞു ആകാശത്തിലേക്കു ചേരുന്നു. പലപ്പോഴും അയാളെ അതു ഭയപ്പെടുത്താറുണ്ട്‌.. ആലിന്റേ വേരുകള്‍ കണക്കേ .. നദിയുടെ കരങ്ങള്‍ ആകശാത്തില്‍ വേരൂന്നി വളരുന്നു.. മകര മല്‍സ്യങ്ങള്‍ ശവങ്ങളേ പലപ്പോഴും ഉണര്‍ത്തി .... ഹരിദ്വാറിലൊരിക്കലാണു അയാള്‍ സരസ്വതിയേ കണ്ടുമുട്ടിയതു , അവളും അയാളേപ്പോലെ പറക്കുന്ന തിരക്കിലായിരുന്നു..അവളേ കണ്ടുമുട്ടുന്നതു വരേ അയാള്‍ സംശയത്തിലാരുന്നു .. താന്‍ മാത്രമേ പറക്കുന്നുള്ളോ .. പിന്നെയുള്ളതു ശവങ്ങളും ...

കാമുകനുമായീ പിണങ്ങിയാണൂ അവളുടെ വരവു... രവിയേ അവള്‍ ആദ്യം പരിചയപ്പെടുത്തിയില്ല , വെറുതേ പറക്കാനിറങ്ങി എന്നാണു അവള്‍ പറഞ്ഞതു.. തണുപ്പുറഞ്ഞു നില്‍ക്കുന്ന ഈ കൊച്ചു വെളുപ്പാന്‍ കാലത്തു അവള്‍ എന്തിനു നടക്കാനിറങ്ങണം.... അയാള്‍ സംശയാലുവായീ... നിങ്ങള്‍ എന്റെ രവിയേട്ടനേ കണ്ടുവോ, രവിയേ താനറിയില്ല.., വാരണാസിയില്‍ രവിയേ അറിയാത്തവര്‍ ശവങ്ങള്‍ മാത്രമേയുണ്ടാവൂ അവള്‍ പിറുപിറുത്തു.. അതാ അവിടെ അവള്‍ കൈ ചൂണ്ടി....അയാള്‍ ജന്മങ്ങളേ യാത്ര അയക്കുന്ന തിരക്കിലാണു ...

അന്നു വൈകുന്നേരം ആലിന്റെ ചുവട്ടില്‍ ഉറങ്ങവേ , വിസ്മയകരമായ ചില സത്യങ്ങള്‍ കൂടി അയാള്‍ തിരിച്ചറിഞ്ഞു , മനുഷ്യരില്‍ ഏറിയകൂറും പറക്കുന്നവരാണു.. പകല്‍ നടക്കുന്നവരായീ ഭാവിക്കുന്ന പലരും രാത്രിയില്‍ ആലിന്റേ കൊമ്പില്‍ ആണു അന്തിയുറക്കം... തനിക്കു മുമ്പേ എന്നും നടക്കാനിറങ്ങുന്ന ദാമു അതാ തന്നേ നോക്കി ചിരിക്കുന്നു .. തിണ്ണയില്‍ ആരോ ഉപേക്ഷിച്ചു പോയ ദിനപത്രം .. നവ ദമ്പതികള്‍ ഗംഗോത്രിയില്‍ വീണു മരിച്ചു... സംഗീതയുടെയും രവിയുടെയും ഛായ .. ഛായ മാത്രമേയുള്ളൂ , കാരണം അല്‍പം മുമ്പാണല്ലോ താന്‍ അവരേ കണ്ടുമുട്ടിയതു.. അതാ അമ്മ ചോറുമായീ ആലിന്‍ കൊമ്പില്‍ അയാള്‍ക്കു പറക്കാന്‍ വീണ്ടും ആഗ്രഹമായീ...

Thursday, April 17, 2008

ഒരു സ്വവര്ഗഗ പ്രേമിയുടെ കണ്ടെത്തലുകള്‍..........

ഒരു സ്വവര്ഗഗ പ്രേമിയുടെ കണ്ടെത്തലുകള്‍..........
ഇപ്പോള്‍ എനിക്കു സാധിക്കുംആത്മഹത്യയേക്കുറിച്ചു ചിന്തിക്കുന്നവരുടെ ഗന്ധം തിരിച്ചറിയുവാന്‍ഞാന്‍ ആത്മഹത്യയെക്കുറിച്ചു വളരെ അധികം സംസാരിക്കുന്നു എന്നുഅമ്മ പറഞ്ഞു അവര്‍ക്ക് അതു തീരെ ഇഷ്ടപ്പെടുന്നില്ല എന്നുംപക്ഷെ എന്നിലേക്കുള്ള അവന്റെ കടന്നു വരവു ഞാന്‍ കരുതിയാല്‍ പോലുംഎനിക്കു പ്രതിരോധിക്കുവാന്‍ സാധിക്കുകയില്ലഅതുകൊണ്ടുആത്മഹത്യ ചെയ്യുന്നതും അതിനെക്കുറിച്ചു സംസാരിക്കുന്നതും ചിന്തിക്കുന്നതുംസ്വപ്നം കാണുന്നതും കുറ്റകരമല്ലാത്ത ആ തിരസ്ക്ര്തരുടെ ദ്വീപിലേക്കുഞാന്‍ നാടുകടത്തപ്പെടുകയാണ്.ഇപ്പോള്‍ എനിക്കു മനസ്സിലാക്കുവാന്‍ സാധിക്കുംഎന്തുകൊണ്ടാണ് നീ മണിക്കൂറുകളോളം വികാരരഹിതനായ്ടി വി യിലെക്ക് ഉറ്റുനോക്കികൊണ്ടിരിക്കുന്നത്പ്രതിഷേധത്തിന്റെ ഒരു മുരള്‍ച്ചപ്പോലും ഇല്ലാതെഇന്നു ഞാന്‍ ഇവിടെ കണ്ടെടുക്കുന്ന അക്ഷരങ്ങള്‍ക്കുഞാന്‍ പ്രണയിച്ചിരുന്ന അഥവാ നിന്നെ ഓര്‍മ്മിപ്പിച്ചിരുന്നഅച്ചടിയുടെ ആ പുഴുക്ക മണം എന്നന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു..എങ്കിലും നീ അറിയുകഇലക്ട്രിസിറ്റി ലഭിക്കാതിരുന്ന നഗരത്തിലെ ഒരു ഇരുണ്ട മൂലയില്‍ആരോ ആരുടേയോ അക്ഷരങ്ങള്‍ക്കായി ചുറ്റുപാടും പരതുന്നു...ഇപ്പോള്‍ എനിക്കു മനസ്സിലാക്കുവാന്‍ സാധിക്കുംഎന്തുകൊണ്ടാണ് ആ ജനക്കൂട്ടങ്ങള്‍ അവന്റെ പ്രഭാഷണങ്ങളേക്കാളേറെസിനിമാ പോസ്റ്ററുകളിലേക്കും ക്രിക്കറ്റിലേക്കും ശ്രദ്ധിക്കുന്നതു എന്ന്എന്റെ നഗരത്തിന്റെ രാത്രിയുടെ ഓരോ വെളിച്ചവുംഅവ്നെ അവഗണിക്കുന്നു....(നീ ഭാഗ്യവതിയാണ് നിനക്ക് ഇരുട്ട് ,ശൂന്യത തുടങ്ങിയവ പുതിയതായി സ്രിഷ്ടിക്കേണ്ടതില്ലല്ലോ)ഇപ്പോള്‍ എനിക്കു മനസ്സിലാക്കുവാനാകുംഎന്തുകൊണ്ടാ‍ണു അവള്‍ എന്നെ പിന്തുടരുന്നുണ്ടായിരുന്നത്പലപ്പോഴും ഞാന്‍ മാത്രം കാണ്‍കെ അവളുടേ വെളുത്ത ചിറകുകള്‍ വിടര്‍ത്തികൊണ്ട്(ഞാന്‍ കൂടെക്കൂട്ടാറുള്ള ആ ചുവപ്പന്‍ ഉറുംബിനെപ്പോലെഎത്ര പ്രാവശ്യം ഞാന്‍ നഷ്ടപ്പെടുത്തിയാലും വീണ്ടും വീണ്ടുംഎന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവന്‍ എന്നില്‍ തന്നെ വന്നടിയുംമിക്കവാറും അവന്‍ കണ്ടെടുക്കപ്പെടാറ് എന്റെ ഇടതു നെഞ്ചിനോടു ചേര്‍ന്നായിരുന്നു...അവളേപ്പൊലെ.............................................................)ഇപ്പോള്‍ എനിക്കു മനസ്സിലാക്കുവാന്‍ സാധിക്കുംഎന്തുകൊണ്ടായിരുന്നു അവര്‍ അവളെ സ്വകാര്യതനഷ്ടപ്പെട്ടഒരു എസ് റ്റി ഡി ബൂത്തായി സങ്കല്‍പ്പിച്ചിരുന്നത്ഉപയോഗത്തിനു ശേഷം അവര്‍ അവളെ ഉപേക്ഷ്ക്കുകയായിരുന്നുക്രിത്യമായ ബില്ലിങ് നടത്തികൊണ്ട്നിന്നെ മൂന്നാം ക്ലാസില്‍ പ്രണയിച്ചത്രയും ആഴ്ത്തില്‍ ഗാഡമായിഎനിക്കിന്നു പ്രണയിക്കുവാന്‍ സാധിക്കുന്നില്ല എന്നു ഞാന്‍ കുറ്റസമ്മതം നടത്തുന്നു....ഇപ്പോള്‍ എനിക്കു മനസ്സിലാക്കുവാന്‍ സാധിക്കുംഎന്തുകൊണ്ടായിരുന്നു നീ അന്നു സബ് വേയില്‍ വച്ചു (മറ്റൊരു പുരുഷന്‍ കൂടെ ഉണ്ടായിട്ടു കൂടി)എനിക്കു നേരെ പുന്‍ച്ചിരിച്ചത്ഇതിന്റെ പേരില്‍ എന്റെ ഒരുരാത്രിയുടെ ഉറക്കം പോലും കളയുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ലമറിച്ചു നമ്മള്‍ ഒരുമിച്ചു കുരിശിലേറിയ ആ നിമിഷത്തെഓര്‍ത്തു നീ വേവലാതിപ്പെടുന്നതാണ്............എനിക്ക്....എനിക്ക് ഇതുവരെ മനസ്സിലാക്കുവാന്‍ സാധിക്കാതിരുന്നത്നിന്നെ ഒരു നിമിഷം വെറുത്തതു കൊണ്ടു മാത്രംഞാന്‍ എങ്ങിനെ ഒരു സ്വവര്‍ഗഗപ്രേമിയായിപ്പോയി എന്നുമാത്രമാണ്പുകയില മണം ഒരിക്കലും വിട്ടുമാറാത്ത ചുണ്ടുകളെമുദ്രാവാക്യം പരഞ്ഞു ദ്രവിച്ച പല്ലുകളെ ഞാന്‍ പ്രണയപൂര്‍വം നോക്കിയത്........അവന്റെ കല്ലറക്കു മുകളില്‍ അവന്റെ ചുംബനത്തെ കുറിച്ചു എഴുതിനിറച്ചതുഒട്ടും മനസ്സിലായിട്ടില്ല എനിക്ക്.........

Thursday, April 10, 2008

പെണ്‍കുട്ടിളും ആണ്‍കുട്ടിളും ഒരുമിച്ചിരുന്നാല്‍ എന്താണു പ്രശ്നം?


താഴ്ന്ന ക്ലാസ് മുതല്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തണമെന്നും,ലിംഗവ്യറ്റ്യാസമില്ലാതെ പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുകയും ചെയ്യണമെന്ന കെ.ഇ .ആര്‍ ലെ നിര്‍ദേശത്തിനെതിരെയാണല്ലൊ വിവിധ കോണുകളില്‍നിന്നും ഏറ്റവുമധികം എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നത്. യത്ഥാര്‍തത്തില്‍ഇതിലെന്താണിത്ര അപകടം എന്നു മനസിലാവുന്നില്ല.കപടമായ നമ്മുടെ സദാചാര ബോധമല്ലെ ഇത്തരം എതിര്‍പ്പുകല്‍ക്ക് കാരണം?



ആണ്‍കുട്ടികളുടേയു,പെങ്കുട്ടികളുടേയും പേര് ഹാജര്‍ പട്ടികയില്‍ ഇടകലര്‍ത്തിയെഴുതിയാല്‍ പോലും ലൈംഗിക അരാജകത്വംമുണ്ടാവുമെന്നാണ് നമ്മുടെ ചില മതസംഘടനാ വക്താക്കള്‍ പറഞ്ഞത്. ആണ്‍പെണ്‍കുട്ടികളെ ചെറുപ്പം മുതല്‍ ഒന്നിച്ചിരുത്തിയാല്‍ എന്ത് കുഴപ്പമാണ്സംഭവിക്കുക.ഇന്ന് നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കുറേയേറെ പ്രശ്നങ്ങള്‍ക്കെങ്കിലും ഇങ്ങനെയൊരു തീരുമാനമുണ്ടായാല്‍ ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്.ആണ്‍ പെണ്‍ കുട്ടികളെ ചെറുപ്പം മുതലേ തൊട്ടുകൂടെന്നും മിണ്ടികൂടേന്നുമൊക്കെയുള്ള രീതിയില്‍ വളര്‍ത്തുന്നതു ഗുണത്തേക്കാളേറെ ദോഷമല്ലെ ഉണ്ടാക്കുക.ഇന്നു നമ്മുടെ നാട്ടില്‍ ബസ്സ് യാത്രാവേളകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തന്നെനോക്കൂ.ഒരേ സീറ്റില്‍ സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്നു യാത്ര ചെയ്യുന്ന മറ്റു സംസ്ഥാനങ്ങളേക്കാള്‍ പ്രശ്നങ്ങള്‍ കൂടുതലല്ലെ നമ്മുടെ നാട്ടില്‍? സ്ത്രീയുടെ മുഖം പോലുംകാണുന്നതിനു വിലക്കുള്ള രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്ക്ക് ‍ വ ല്ല കുറവുമുണ്ടോ?




പെണ്‍കുട്ടിയെ,സ്ത്രീയെ നമ്മുടെ സമൂഹം എങ്ങിനെ കാണുന്നു എന്നതല്ലെയത്ഥാര്‍ത്ത പ്രശ്നം. സ്ത്രീയെ ഒരു വ്യക്തി എന്ന നിലയില്‍ അംഗീകരിക്കാനും ബഹുമാനിക്കാനും ഇന്നും നമ്മള്‍ പഠിച്ചിട്ടില്ല.അതൊരു കുറച്ചിലായി സമൂഹം കാണുന്നു.കുട്ടികളാവുമ്പോള്‍ പോലും സംസാരിക്കാനോ ഒരുമിച്ചിരിക്കാനോ പാടില്ലാ എന്നൊക്കെപറയുന്നത് സ്ത്രീയെ ലൈംഗികമായ ആവശ്യത്തിനുള്ള ഒരുപകരണം മാത്രമായികാണുന്നതുകൊണ്ടു ഉണ്ടാവുന്നതല്ലെ.പുരുഷനും,സ്ത്രീയും പരസ്പ്പരം ബഹുമാനുക്കുന്ന വ്യക്തിത്വങ്ങള്‍അംഗീകരിക്കുന്ന പുതിയൊരു തലമുറ വളര്‍ന്നു വരുന്നതിനു വിദ്യാഭ്യാസ രീതിയിലെഇത്തരം മാറ്റങ്ങള്‍ ഗുണകരമാവുമെന്ന് നമുക്കാശിക്കാം

Tuesday, April 8, 2008

പുതിയ ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കാന്‍

ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കാന്‍ “വിടരുന്ന മൊട്ടുകള്“ കൂട്ടായ്മ ബ്ലോഗില്‍ സാഹിത്യ മത്സരങ്ങള്‍ നടത്തിയത് ബ്ലോഗര്‍മാര്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നുണ്ടാവുമല്ലൊ. നിരവധി പുതിയ ബ്ലോഗര്‍മാര്‍ ബൂലോകത്തേക്ക് കടന്നു വരുന്നു, വന്ന അതേ വേഗത്തില്‍ അപ്രത്യക്ഷരാവുകയും ചെയ്യുന്നു. അവര്‍ക്കാവശ്യമായ പ്രോത്സാഹനം ലഭിക്കുന്നില്ലെന്നതാണ് ഇതിനു കാരണമെന്ന് വിടരുന്ന മൊട്ടുകള്‍ കൂട്ടായ്മ വിശ്വസിക്കുന്നു.



നവ ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കാന്‍ വിടരുന്ന മൊട്ടുകള്‍ ചെറിയൊരു മത്സരം സംഘടിപ്പിക്കുന്നു. നവ ബ്ലോഗര്‍മാര്‍ക്കു വേണ്ടിയുള്ളതാണ് ഈ മത്സരം. നവ ബ്ലോഗര്‍‍ എന്നതു കൊണ്ടു ഉദ്ദേശിക്കുന്നത് ഒരു വര്‍ഷത്തിനകം ബ്ലോഗ് തുടങ്ങിയവരെയാണ്. 2007 ഏപ്രില്‍ മാസത്തിനു ശേഷം ബ്ലോഗു തുടങ്ങിയവര്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം.


മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന നവബ്ലോഗര്‍മാര്‍ വിടരുന്നമൊട്ടുകള്‍ ബ്ലോഗില്‍ ചേരുന്നതിനായി ഒരു ഇ മെയില്‍ vidarunnamottukal@gmail.com എന്ന വിലാസത്തില്‍ അയക്കുക. മെയില്‍ കിട്ടിയാല്‍ അവര്‍ക്ക് ഈ ബ്ലോഗില്‍ നിന്നും ഇന്‍‌വിറ്റേഷന്‍ ലഭിക്കും. അതു സ്വീകരിച്ച് ഈ ബ്ലോഗില്‍ തങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കുക. കവിത, കഥ, ലേഖനം, ഫോട്ടോ അങ്ങിനെ എന്തും പ്രസിദ്ധീകരിക്കാം. രചനകള്‍ മൌലികമായിരിക്കണം. വിജയിക്ക് http://www.smartneeds.com/ ല്‍ ലഭ്യമായിട്ടുള്ള ബ്ലോഗര്‍മാ‍രുടെ പുസ്തകങ്ങളില്‍ നിന്നും ഒരെണ്ണം സമ്മാനമായി ലഭിക്കും.



വിടരുന്ന മൊട്ടുകളില്‍ രചനകള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള അവസാന തീയ്യതി ഏപ്രില്‍ 30 ആണ്.



നവബ്ലോഗര്‍മാരെ തയ്യാറാകൂ, മത്സരത്തിനായി... മടിച്ചൂ നില്‍ക്കാതെ കടന്നു വരൂ...